OVS - Latest NewsOVS-Kerala News

ആരാധനാലയങ്ങൾ മതനിരപേക്ഷത നിലനിർത്തുന്ന കേന്ദ്രങ്ങൾ: മന്ത്രി കെ. രാജു

കാട്ടൂർ :- ആരാധനാലയങ്ങൾ മതനിരപേക്ഷത നിലനിർത്തുന്ന സാംസ്കാരിക കേന്ദ്രങ്ങളാണെന്ന് മന്ത്രി കെ. രാജു. സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി തൃതീയ സുവർണജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനും ആത്മീയവും ഭൗതികവുമായ സമത്വത്തെ ഭരണഘടനാപരമായി പുനരാവിഷ്കരിക്കുവാൻ ദേവാലയങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂബിലി ആഘോഷങ്ങൾ മാനുഷിക തലത്തിലുള്ള യഥാർഥ സ്ഥാനപ്പെടുത്തലാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഡോ. ജോഷ്വ മാർ നിക്കോദീമോസ് അധ്യക്ഷത വഹിച്ചു.

‘ഗ്ലോറിയ 150’ ഭവനങ്ങളുടെ താക്കോൽദാനം ആന്റോ ആന്റണി എംപി നിർവഹിച്ചു. രാജു ഏബ്രഹാം എംഎൽഎ, മലങ്കര അസോസിയേഷൻ സെക്രട്ടറി ഡോ. ജോർജ് ജോസഫ്, വികാരി ഫാ. ഗീവർഗീസ് പൊന്നോല, റവ. ഫാ. കെ.എ. ചെറിയാൻ, റവ. ഫാ. ഐവൻ ജോസഫ് ഗീവർഗീസ്, ജനറൽ കൺവീനർ എം.ജെ. ഗീവർഗീസ് മഠത്തിലേത്ത്, ട്രസ്റ്റി മത്തായിക്കുട്ടി എം.എ. മനാട്ട്, സി.പി. തോമസ് ചാണത്രയിൽ എന്നിവർ പ്രസംഗിച്ചു. പരിശുദ്ധ ബാവായുടെ സ്നേഹസ്പർശം പദ്ധതിയിലേക്ക് ഇടവകയുടെ നേതൃത്വത്തിൽ സമാഹരിച്ച ജീവകാരുണ്യസമാഹാരം സമർപ്പണവും നടത്തി.