OVS - ArticlesOVS - Latest News

ജ. കെ. റ്റി. തോമസിന്‍റെ ചര്‍ച്ച് ആക്ട് ലേഖനവും മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും

സമീപകാലത്ത് കേരളത്തിലെ ചില കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഒരാവശ്യമാണ് കേരളാ ചര്‍ച്ച് ആക്ട് ഉടന്‍ പാസാക്കി നടപ്പാക്കണമെന്ന്. 2018 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയോടെ 1934-ലെ മലങ്കര സഭാ ഭരണഘടനയ്ക്ക് വിധേയരാവേണ്ടിവന്ന ചിലര്‍ അതില്‍നിന്നും രക്ഷനേടുവാനാണ് ഈ ആവശ്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. തുടര്‍ന്ന് റോമന്‍ കത്തോലിക്കാ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടു വിവാദവും ചിലര്‍ക്ക് ഈ വാദമുയര്‍ത്താന്‍ പ്രേരണ നല്‍കി. ഇതിനെല്ലാം തൊടുകുറിചാര്‍ത്തി ജസ്റ്റീസ് കെ. റ്റി. തോമസ് തന്‍റെ ഒരു ഗ്രന്ഥത്തില്‍ ചര്‍ച്ച് ആക്ടിനെ ന്യായീകരിച്ച് എഴുതിയത് കേരളശബ്ദം വാരിക വാര്‍ത്തയാക്കി. (22 ഏപ്രില്‍ 2018) ഇതൊക്കെ അനേകരുടെ മനസില്‍ സംശയങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

വിവാദ ആക്ടിന്റെ ഉള്ളടക്കത്തിലേയ്ക്കു കടക്കുന്നതിനു മുമ്പ് അതിന്റെ ചരിത്രം ഒന്നു പരിശോധിക്കാം. 2006 ഒക്‌ടോബര്‍ 14-നു കോട്ടയത്തു ചേര്‍ന്ന ഒരു യോഗമാണ് ഇത്തരം ഒരു നിയമം ഉണ്ടാക്കണമെന്നു തിരുമാനിച്ചതും കരടു രൂപരേഖ ഉണ്ടാക്കി ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായുള്ള നിയമോപദേശ സമതിയ്ക്ക് അയച്ചുകൊടുത്തതും. ജ. കൃഷണയ്യര്‍ ഈ ശുപാര്‍ശകള്‍ ബില്ലിന്‍റെ രൂപത്തിലാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചു. (https://osaana.blogspot.in/2018/04/blog-post.html) റോമന്‍ കത്തോലിക്കര്‍ മാത്രം പങ്കെടുത്ത പ്രസ്തുത യോഗം ഉത്ഘാടനം ചെയ്തത് ജസ്റ്റീസ് കെ. റ്റി. തോമസ്!

വഖഫ് ആക്ടിന്റെയും ഗുരദ്വാരാ ആക്ടിന്റെയും ചുവടുപിടിച്ചാണന്നു അവകാശപ്പെടുന്ന കേരളാ ചര്‍ച്ച് ആക്ട് യഥാര്‍ത്ഥത്തില്‍ പരേതനായ ജോസഫ് പുലിക്കുന്നേലിന്റെ മാനസപുത്രനാണ്. ഓശന മാസികയില്‍ (ജനുവരി 2007) അദ്ദേഹം എഴുതിയ പള്ളിനിയമത്തിന്റെ ആവശ്യകത എന്ന ദീര്‍ഘമായ ലേഖനത്തില്‍ ഇതിനെക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുകയും പ്രസ്തുത നിയമത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യ സംവിധാനം ഒട്ടുമില്ലാത്ത റോമന്‍ കത്തോലിക്കാ സഭയുടെ ആഭ്യന്തര ഭരണപരിഷ്‌ക്കാരത്തിനുവേണ്ടി പടപൊരുതിക്കൊണ്ടിരുന്ന ഒരു കൂട്ടം, സ്വന്തം സഭയില്‍ വരുത്താനുദ്ദേശിച്ച ലൗകീകഭരണ സംവിധാനത്തെ കേരളത്തിലെ മുഴുവന്‍ ക്രിസ്ത്യാനികള്‍ക്കും ബാധകമാവുന്ന ഒന്നാക്കി അവതരിപ്പിച്ചു സര്‍ക്കാരിനെക്കൊണ്ടു നടപ്പാക്കാനുള്ള വളഞ്ഞവഴിയിലെ ശ്രമമായിരുന്നു ഇത് എന്ന് ആരോപിച്ചാലും തെറ്റില്ല.

ഇന്ത്യയിലെ ജനങ്ങളെല്ലാം നിയമത്തിനു അധീനരാവേണ്ടതാണന്നു ജസ്റ്റീസ് കെ. റ്റി. തോമസ് രേഖപ്പെടുത്തുന്നു. അതോടൊപ്പം കേരളശബ്ദം റിപ്പോര്‍ട്ട് അനുസരിച്ച്, …ഇന്ന് ഇന്ത്യയിലെ ഇതര മതവിഭാഗങ്ങളിലേയും സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കപ്പെടുന്നത് രാഷ്ട്രത്തിലെ നിയമം അനുസരിച്ചാണ്. എന്നാല്‍ കഷ്ടമെന്നു പറയട്ടെ, ക്രൈസ്തവസഭകളുടെ സമ്പത്ത് ഭരിക്കപ്പെടുന്നത് രാഷ്ട്രനിയമത്തിനു വിധേയമായിട്ടില്ല… ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ നിയമവിധേയ സമൂഹമല്ല എന്ന ഗുരുതരമായ ആരോപണമാണ് ജസ്റ്റീസ് കെ. റ്റി. തോമസ് ഉന്നയിക്കുന്നത്. അതിന്റെ ന്യായാന്യായങ്ങളിലേയ്ക്കു കടക്കുംമുമ്പ് ഇതര സമുദായങ്ങളുടെ മതസ്ഥാപനനിയമത്തിന്‍റെ പശ്ചാത്തലം ഒന്നു പരിശോധിക്കാം.

മുസ്ലീം മതസ്ഥാപനങ്ങളുടെ വസ്തുക്കളാണ് വഖഫ് എന്നു വിവക്ഷിക്കുന്നത്. മുഗളരുടേയും ഇതര മുസ്ലീം ഭരണാധികാരികളുടേയും ഭരണകാലത്ത് അവര്‍ക്കായിരുന്നു വഖഫ് വസ്തുക്കളുടെ ഭരണാധികാരം. പ്രാദേശികമായി അവര്‍ നിയമിക്കുന്ന ഖാസിമാര്‍ക്കായിരുന്നു ഭരണച്ചുമതല. പില്‍ക്കാലത്ത് വഖഫ് വസ്തുക്കള്‍ വ്യക്തികളുടെ കൈകളിലൊതുങ്ങുകയും അന്യാധീനപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വഖഫ് ബോര്‍ഡുകള്‍ രൂപികരിച്ചത്. ഇന്ന് കേരളത്തിലെ മിക്ക മുസ്ലീംപള്ളികളും വഖഫ് ബോര്‍ഡിന്‍റെ നിയന്ത്രണത്തില്‍ വരുന്നവയല്ല എന്നാണറിവ്. സുന്നി, ഷിയാ വിഭാഗങ്ങളുടെ വഖഫുകളെപ്പറ്റി നിയമത്തില്‍ പരാമര്‍ശനം ഉണ്ടെങ്കിലും മുജാഹുദീന്‍ പോലുള്ളവയെപ്പറ്റി അത് നിശബ്ദത പാലിക്കുകയാണ്.

മഹാരാജാ രജ്ഞിത്ത് സിംഗിന്റെ കാലശേഷം സിഖ് ഗുരുദ്വാരകളുടെ ഭരണം മഹന്ത്കള്‍ എന്ന ഒരുപറ്റം ബ്രാഹ്മണര്‍ കയ്യടക്കി. സിഖുകാര്‍ക്കിടയില്‍ ഇതിനെതിരെ പ്രതിഷേധം ആഞ്ഞടിച്ചു. ബബര്‍ അകാലി പ്രസ്ഥാനത്തിന്‍റെ പ്രാഥമിക ലക്ഷ്യം പോലും മഹന്തുക്കളില്‍നിന്ന് ഗുരദ്വാരകള്‍ മോചിപ്പിക്കുക എന്നതായിരുന്നു. ഇവരുടെ പ്രതിഷേധത്തിന്‍റെ ഫലമായാണ് 1922-ല്‍ സിഖ് ഗുരുദ്വാരാ ആക്ട് നിലവില്‍ വന്നത്.

ഇന്ത്യ മുഴുവനെടുത്താല്‍ത്തന്നെ ഏതാണ്ട് ക്രിസ്ത്യാനികള്‍ക്കൊപ്പം ജനസംഖ്യ വരുന്ന ബുദ്ധ-ജൈന ദേവസ്ഥാനങ്ങളുടെ ഭരണം നിയന്ത്രിക്കുന്ന നിയമങ്ങളൊന്നും സര്‍ക്കാര്‍ പാസാക്കിയിട്ടില്ല. പാര്‍സികള്‍, യഹൂദര്‍, ബഹായികള്‍ എന്നീ അതിന്യൂനപക്ഷ മതങ്ങള്‍ക്കും പ്രത്യേകം നിയമങ്ങളില്ല. അതായത്, ക്രിസ്ത്യാനികള്‍ ഒഴികെയുള്ള ഇന്ത്യന്‍ മതങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ നിര്‍മ്മിച്ച നിയമങ്ങളുണ്ടെന്നുള്ള അവകാശവാദം തികച്ചും വ്യാജം.

തിരുവിതാംകൂറിലെ ക്ഷേത്ര ഭരണത്തെ നിയന്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചത് വേലുത്തമ്പി ദളവയാണ്. ഭാഗികമായി മാത്രമേ അദ്ദേഹം അതില്‍ വിജയിച്ചൊള്ളു. പിന്നീട് റീജന്റ് മഹാറാണി ഗൗരി ലക്ഷ്മിഭായിയുടെ കാലത്ത് ക്ഷേത്രങ്ങളെ സര്‍ക്കാര്‍ തിരുവിതാംകൂര്‍ നിയന്ത്രണത്തിലാക്കി. എന്നാല്‍ എല്ലാ ക്ഷേത്രങ്ങളും ഈ സംവിധാനത്തില്‍ ഉള്‍പ്പെട്ടില്ല. കോട്ടയം ജില്ലയില്‍ മാത്രം വന്‍ക്ഷേത്രങ്ങളായ കുമാരനല്ലൂര്‍, കിടങ്ങൂര്‍, വെന്നിമല ഇവയൊക്കെ ഊരാണ്മകളായി തുടര്‍ന്നു. തിരുവാര്‍പ്പ് സ്വാമിയാര്‍ മഠം വക അരീപ്പറമ്പ് – അമയന്നൂര്‍ – മറ്റക്കര ദേവസ്വം ഇന്നും അതേ നിലയില്‍ തുടരുന്നു. തിരുവിതാംകൂറിനോ, തിരുവിതാംകൂറില്‍ ലയിച്ച രാജ്യങ്ങള്‍ക്കോ, ഇടപ്രഭുക്കള്‍ക്കോ ഉടമസ്ഥതയോ കോയ്മയോ ഉണ്ടായിരുന്ന ക്ഷേത്രങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ദുര്‍ഭരണത്തിനു പേരുകേട്ട ചില ഊരാണ്മ ദേവസ്വങ്ങളും ഇവയില്‍ ഉള്‍പ്പെട്ടതായി പറയുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യാനന്തരം കേരളത്തിലെ ഇത്തരം ക്ഷേത്രങ്ങള്‍ വിവിധ ദേവസ്വം ബോര്‍ഡുകളുടെ കീഴിലാക്കി നിയമ നിര്‍മ്മാണം നടത്തി. എങ്കില്‍പ്പോലും എല്ലാ ക്ഷേത്രങ്ങളും ഇവയുടെ പരിധിയില്‍ വരില്ല. വരണമെന്നു വ്യവസ്ഥയുമില്ല. എന്‍.എസ്.എസ്. കരയോഗം, പ്രാദേശിക ട്രസ്റ്റുകള്‍, കുടുംബങ്ങള്‍ മുതലായവയ്ക്ക് ഉടമസ്ഥാവകാശമുള്ള ക്ഷേത്രങ്ങള്‍ ഇന്നുമുണ്ട്. ആറ്റുകാല്‍, ചക്കുളത്തുകാവ് ഇവ നല്ല ഉദാഹരണങ്ങളാണ്. എസ്.എന്‍.ഡി.പി. യോഗം വക ക്ഷേത്രങ്ങള്‍ വേറെ.

ഇവയൊക്കെ വ്യക്തമാക്കുന്നത് കേരളത്തിലെ ഇതര മതസ്ഥാപനങ്ങളെ സമഗ്രമായി നിയന്ത്രിക്കുന്ന നിയമങ്ങളൊന്നും നിലവിലില്ല എന്നുതന്നെയാണ്. അതിനാല്‍ ക്രിസ്ത്യാനികള്‍ മാത്രം നിയമത്തിനു പുറത്താണ് എന്ന കെ. റ്റി. തോമസിന്‍റെ വാദം നിലനില്‍ക്കില്ല. ഇന്ത്യന്‍ നിയമത്തിന്റെ പരിധിയില്‍ തന്നെയാണ് എല്ലാ ക്രിസ്ത്യന്‍ – ക്രിസ്ത്യന്‍ ഇതര മതസ്ഥാപനങ്ങളും. അതു പിന്നാലെ വ്യക്തമാക്കാം.

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ ബ്രിട്ടീഷ് സര്‍ക്കാരിന്റെയും അവരുടെ പ്രതിനിധികളായി ആംഗ്ലിക്കന്‍ മിഷണറിമാരുടെയും ഭരണ നിയന്ത്രണത്തിലാക്കാന്‍ ഒരു ശ്രമം നൂറ്റാണ്ടുമുമ്പ് നടന്നിരുന്നു. 1835-ല്‍ കല്‍ക്കട്ടായിലെ ആംഗ്ലിക്കന്‍ ബിഷപ്പ് ഡാനിയേല്‍ വിത്സന്‍, മലങ്കര മെത്രാപ്പോലീത്താ ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ് നാലാമനു സമര്‍പ്പിച്ച അഞ്ചു നിര്‍ദേശങ്ങളില്‍ ...രണ്ടാമത, മലങ്കര ഇടവകയിലെ പള്ളികളുടെ കണക്കു കേട്ട, കണക്കിന്‍റെ ഒരു പ്രതി ബ്രിട്ടിഷ റസിഡെണ്ടിന്‍റെ പരിശോധനയ്ക്ക് വെണ്ടി അയക്കേണ്ടാതാകുന്നു എന്നും... എന്നുണ്ട്. ഇതിനുള്ള മറുപടി, 1836 മകരം 5-നു മാവേലിക്കര ചേര്‍ന്ന മലങ്കര പള്ളിയോഗം ...ഇവിടെയും മറ്റു ദിക്കുകളിലും ഉള്ള അന്യമതക്കാരുടെ പള്ളികളിലും നടന്നുവരുന്നപ്രകാരം നമ്മുടെ പള്ളികളിലെ കണക്ക് നമ്മുടെ മേല്‍പട്ടക്കാരെ കേള്‍പ്പിക്കത്തക്കവണ്ണം ശട്ടം കെട്ടി നടന്നുവരുന്നതിന്‍വണ്ണം അല്ലാതെ വ്യത്യാസമായിട്ടു നടക്കുന്നതിനും നടത്തുന്നതിനും നമുക്ക് അധികാരവും സമ്മതവും ഇല്ല... എന്നാണ് ഐകകണ്‌ഠ്യേന നല്‍കിയത്.

തികച്ചും ജനാധിപത്യപരമായി എടുത്ത ഈ തീരുമാനത്തില്‍നിന്നും ഒഴിഞ്ഞുമാറാന്‍ കേരളത്തിലെ ഓര്‍ത്തഡോക്‌സ് – മാര്‍ത്തോമാ – മലബാര്‍ സ്വതന്ത്ര സുറിയാനി സഭകള്‍ക്ക് സാദ്ധ്യമല്ല. കാരണം മാര്‍ത്തോമാ സഭ അന്നു ജന്മമെടുത്തിട്ടില്ല. മലങ്കര മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ മാവേലിക്കര യോഗത്തില്‍ തൊഴിയൂരിന്റെ മെത്രാനും സന്നിഹിതനായിരുന്നു. ഇന്ത്യന്‍ നിയമത്തിന്റെ സീമകളെ ലംഘിക്കാതെ ഇതേ രീതിയിലാണ് ഇന്നും ഈ സഭകളില്‍ ലൗകീക ഭരണം നടക്കുന്നതും.

ജനാധിപത്യം, ഭരണപരമായ സുതാര്യത എന്നിവയാണ് ചര്‍ച്ച് ആക്ട് എന്ന ഇത്തരമൊരു നീക്കത്തിനു ചുക്കാന്‍ പിടിച്ചവര്‍ ലക്ഷ്യമിട്ടിരുന്നത്. മേമ്പൊടിക്കുപോലും ജനാധിപത്യമില്ലാത്ത റോമന്‍ കത്തോലിക്കാ പശ്ചാത്തലത്തില്‍നിന്നും വന്നവര്‍ക്ക് അത് അനിവാര്യമായ ഒരാവശ്യമായിരുന്നു. ആ സഭയ്ക്കുള്ളില്‍നിന്നുകൊണ്ട് ജനാധിപത്യം സ്ഥാപിച്ചെടുക്കുക അസംഭാവ്യമാണന്ന് അവര്‍ക്കു ബോദ്ധ്യമുണ്ടായിരുന്നു. ഇത്തരുണത്തില്‍ സഭയെ പൗരോഹിത്യാധികാരത്തില്‍നിന്നും മോചിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സിഖ്, മുസ്ലിം സമുദായങ്ങളുടെ കാര്യത്തിന്‍ നിയമനിര്‍മ്മാണത്തിലൂടെ ഈ ലക്ഷ്യം സാധിച്ചു എന്ന് ജോസഫ് പുലിക്കുന്നേല്‍ പ്രസ്തുത ലേഖനത്തില്‍ സൂചിപ്പിക്കുന്നത് ഈ വസ്തുതയാണ്.

മലങ്കര നസ്രാണികളുടെ പുരാതനമായ ഭരണക്രമം തികച്ചും ജനാധിപത്യത്തില്‍ അധിഷ്ഠിതമാണ്. പള്ളിയോഗത്തിലും മലങ്കരപള്ളിയോഗത്തിലുമായിരുന്നു ആത്മീയവും ലൗകീകവുമായ യഥാര്‍ത്ഥ പരമാധികാരം കുടികൊണ്ടിരുന്നത്. ഈ ജനാധിപത്യം നിലവിലുണ്ടായിരുന്നതിനാലാണ് ലൗകീകമായും ധനപരമായും സര്‍വശക്തനായ ഗോവയിലെ പോര്‍ട്ടുഗീസ് ഗവര്‍ണറും റോമന്‍ കത്തോലിക്കാ ആര്‍ച്ചുബിഷപ്പുമായ അലക്‌സിസ് ദ മനേസിസിന് അവൈദികര്‍ പങ്കെടുത്താല്‍ ഏതു സുന്നഹദോസും അസാധുവാകുമെന്ന റോമന്‍ കത്തോലിക്കാ സഭയുടെ കാനോന്‍ നിയമത്തിനു കടകവിരുദ്ധമായി അവര്‍ക്കു ഭൂരിപക്ഷമുള്ള ഉദയംപേരൂര്‍ സുന്നഹദോസ് വിളിച്ചുകൂട്ടേണ്ടിവന്നത്. ഈ ജനാധിപത്യം നിലനിര്‍ത്താന്‍കൂടിയാണ് 1653-ല്‍ മലങ്കര പള്ളിയോഗം റോമന്‍ കത്തോലിക്കാ ബന്ധം വിശ്ചേദിക്കാന്‍ തീരുമാനിച്ചതും ഐതിഹാസികമായ കൂനന്‍കുരിശുസത്യം നടത്തിയതും. രണ്ടുലക്ഷത്തില്‍ നാനൂറുകുറെ നസ്രാണികള്‍ എടുത്ത ആ തീരുമാനം അട്ടിമറിച്ച് 1663-ല്‍ റോമാസഭയിലെ മെത്രാനായ പറമ്പില്‍ ചാണ്ടിയുടെ ചതിയുടെ പിമ്പേ പോയി സ്വന്തം സ്വാതന്ത്ര്യവും വ്യക്തിത്വവും തീറെഴുതിയവരാണ് ഇന്ന് നഷ്ടസൗഭാഗ്യങ്ങളോര്‍ത്തു കേഴുന്നത്!

ഇന്ന് കേരളത്തിലെ റോമന്‍ കത്തോലിക്കാ രൂപതകള്‍ ഒഴികെ പ്രധാന എപ്പിസ്‌ക്കോപ്പല്‍ സഭകളായ ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മാ, സി.എസ്.ഐ. ഇവ മാത്രമല്ല, ചെറിയ സഭകളായ പൗരസ്ത്യ കല്‍ദായ സഭയും മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുംവരെ തികച്ചും ജനാധിപത്യപരമായി ആണ് ഭരിക്കപ്പെടുന്നത്. അവര്‍ സഭാദ്ധ്യക്ഷനേയും മെത്രാന്മാരെയും തിരഞ്ഞെടുക്കുന്നതുപോലും ജനാധിപത്യ മാര്‍ഗ്ഗത്തിലാണ്. ഈ സഭകള്‍ക്കൊക്കെ വ്യക്തമായ ഭരണക്രമങ്ങളുമുണ്ട്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാര്യമെടുക്കാം. നിര്‍ദ്ദേശിത ആക്ടില്‍ വിഭാവനം ചെയ്യുന്നതുപോലെ ഇടവക, ഭദ്രാസനം, സഭ എന്ന ത്രിതല ജനാധിപത്യ സംവിധാനമാണ് മലങ്കരസഭയില്‍ നിലവിലുള്ളത്. തിരഞ്ഞെടുപ്പുകള്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന അവൈദിക കൈക്കാരനാണ് വികാരിയോടൊപ്പം പള്ളി സ്വത്തുക്കളുടെ കൂട്ടു ട്രസ്റ്റി. പള്ളിപ്പണം കൈകാര്യം ചെയ്യുന്നതും കൈക്കാരനാണ്. വ്യക്തമായ ബജറ്റും, കണക്കും ഓഡിറ്റിംഗുമുണ്ട്. പൊതുയോഗത്തില്‍ ഇവ പാസാക്കുകയും വേണം. പള്ളിവക സ്ഥാവര-ജംഗമ വസ്തുക്കള്‍ വില്‍ക്കുകയോ പണയപ്പെടുത്തുകയോ ചെയ്യണമെങ്കില്‍ പൊതുയോഗത്തിന്‍റെ സമ്മതം വേണം. സമാനമായ സംവിധാനങ്ങളാണ് മുകള്‍ തട്ടുകളിലും നിലനില്‍ക്കുന്നത്. ഇവയൊക്കെ പ്രാബല്യത്തിലായത് വെറും കീഴ്‌വഴക്കങ്ങളുടെ അടിസ്ഥാനത്തിലല്ല. 1934-ല്‍ മലങ്കര അസോസിയേഷന്‍ ജനാധിപത്യപരമായും വ്യവസ്ഥാപിതവുമായി പാസാക്കിയെ ലിഖിത സഭാ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്.

ഭദ്രാസന-സഭാ തലങ്ങളിലാവട്ടെ ഒന്നിനു രണ്ട് എന്ന അനുപാതത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വൈദീക-അവൈദീക കമ്മറ്റികള്‍ക്കാണ് ഭരണാധികാരം. മലങ്കര മെത്രാപ്പോലീത്തായോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ഒരു കത്തനാരും അവൈദീകനും കൂട്ടു ട്രസ്റ്റിമാരാണ്. ഇതിലൊക്കെ ഉപരിയായ ജനാധിപത്യം നിര്‍ദ്ദേശിത ആക്ടിലുണ്ടോ? മാര്‍ത്തോമ്മാ, സി.എസ്.ഐ. മുതലായ സഭകളിലും സമാനമായ രീതിയില്‍ പ്രാബല്യത്തില്‍വന്ന ജനാധിപത്യ ഭരണക്രമങ്ങളാണ് നിലനില്‍ക്കുന്നത്.

പുതുക്കിയ ആദായ നികുതി നിയമപ്രകാരം എല്ലാ മതസ്ഥാപനങ്ങളും ആദായനികുതി രജിസ്റ്റ്രേഷന്‍ എടുക്കുകയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കണക്കുകള്‍ നിശ്ചിതകാലവധിക്കുള്ളില്‍ സമര്‍പ്പിക്കുകയും വേണം. ഈ സഭകളൊക്കെ കൃത്യമായി ഇവ ചെയ്യുന്നുമുണ്ട്. ഇതില്‍പ്പരം എന്തു സുതാര്യതയാണ് പ്രതീക്ഷിക്കുന്നത്? എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി. മുതലായവയും ഇതൊക്കെ നിശ്ചിത നിയമങ്ങള്‍ക്കു കീഴില്‍ ചെയ്യാന്‍ ബാദ്ധ്യസ്ഥരാണ്; ചെയ്യുന്നുമുണ്ട്.

ഇന്ന് മതസംഘടനകള്‍ക്ക് രജിസ്റ്റ്രേഷന്‍ കൂടാതെ കേരളത്തില്‍ നിലനില്‍ക്കാന്‍ സാദ്ധ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മതപരമായി നടത്തപ്പെടുന്ന വിവാഹങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം എന്ന നിയമമാണ് കാരണം. വ്യപസ്ഥാപിതമല്ലാത്ത ഒരു സഭ/സാമുദായിക സംഘടനയുടെ വിവാഹ സര്‍ട്ടിഫിക്കേറ്റ് എപ്പോള്‍ വെണമെങ്കിലും നിഷേധിക്കപ്പെടാം.

നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ടിന് വഖഫ് ആക്ടുമായും ഗുരദ്വാരാ ആക്ടുമായും അടിസ്ഥാനപരമായ ഒരു വിത്യാസമുണ്ട്. അന്യാധിനപ്പെട്ട ദേവസ്ഥാന സ്വത്തുക്കള്‍ തിരിച്ചുപിടിക്കാനോ ക്രമനുസൃതം ഭരിക്കുവാനോ ആ മതങ്ങള്‍ക്ക് ഒരു നിയമസംഹിത നിലവിലില്ലായിരുന്ന സാഹചര്യത്തിലാണ് ടി നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. അതും സംസ്ഥാന സര്‍ക്കാരല്ല കേന്ദ്ര സര്‍ക്കാരാണ് നിയമം നിര്‍മ്മിച്ചത്. ദേവസ്വം ബോര്‍ഡുകളുടെ കാര്യവും വിഭിന്നമല്ല. സംസ്ഥാന വഖഫ്, ദേവസ്വം ബോര്‍ഡുകള്‍ സംസ്ഥാന സര്‍ക്കാര്‍ രൂപികരിക്കുമ്പോള്‍ സിഖുകാരുടെ ശിരോമണി ഗുരുദ്വാരാ പ്രബന്ധക് കമ്മറ്റിയിലേയ്ക്ക് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് തിരഞ്ഞെടുക്കുകയാണ്. ഇതേ സംവിധാനമാണ് മലങ്കരസഭയ്ക്കുമുള്ളത്. പിന്നെന്തിനു പുതിയൊരു ആക്ട്?

ക്രിസ്ത്യന്‍ സഭകള്‍ക്ക് ഭരണഘടനകള്‍ ഉണ്ടായത് പില്‍ക്കാലത്ത് ആണെങ്കിലും അവയ്ക്ക് മുമ്പുമുതലെ വ്യക്തവും വ്യവസ്ഥാപിതവുമായ ഭരണസംവിധാനം നിലവിലുണ്ടായിരുന്നു. ആ ഭരണസംവിധാനത്തിന്‍റെ പിന്‍ബലത്തിലാണ് അവ സ്വന്തം ഭരണഘടനകള്‍ രൂപപ്പെടുത്തിയത്. അതേ സംവിധാനത്തിന്‍റെ ശക്തിമൂലം അവരുടെ സ്വത്തുക്കള്‍ കാര്യമായി അന്യാധീനപ്പെട്ടുമില്ല. അത്തരം ഭരണഘടനകളൊക്കെ നിര്‍ദ്ദിഷ്ട അധികാരികളുടെ മുമ്പില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മലങ്കരസഭാ ഭരണഘടന ഒരിടത്തും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതു സത്യമാണ്. പക്ഷേ അതു രജിസ്റ്റര്‍ ചെയ്യേണ്ടതില്ല എന്നു ബഹു. ഇന്ത്യന്‍ സുപ്രീംകോടതി വ്യക്തമാക്കിയ സ്ഥിതിക്കു അത്തരമൊരു വാദത്തിനു ഇനി എവിടെയും പ്രസക്തിയില്ല.

ഈ സഭകളുടെയൊക്കെ ഭരണഘടനകളും അതനുസരിച്ചുള്ള നടപടികളും ഇന്ത്യയിലെ സിവില്‍ കോടതികളുടെ പരിധിക്കു വിധേയമാണ്. വിവിധ സഭകളുടെ അത്തരം അനേകം കേസുകള്‍ വിവിധ കോടതികള്‍ കൈകാര്യം ചെയ്തുവരുന്നുമുണ്ട്. മലങ്കരസഭയിലെ കേസുകളുടെ ബാഹുല്യംമൂലം പള്ളിക്കോടതി എന്നറിയപ്പെടുന്ന പ്രത്യേക കോടതി രൂപീകരിച്ച ചരിത്രവും ജുഡീഷറിക്കുണ്ട്. പിന്നെവിടെയാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍ നിയമരഹിതസമൂഹമാകുന്നത്?

ഇന്ത്യയിലെ ഏതൊരു പ്രസ്ഥാനത്തിന്‍റെയും ഭരണസംവിധാനം ദുര്‍ബലമോ സ്വാഭാവിക നീതിക്കു വിരുദ്ധമായ പ്രവര്‍ത്തന ശൈലി വച്ചുപുലര്‍ത്തുന്നതോ ആയാല്‍ സിവില്‍ പ്രൊസീജിയര്‍ കോഡ് 90-ാം വകുപ്പനുസരിച്ച് അതിനൊരു ഭരണക്രമം രൂപീകരിച്ചു നല്‍കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് കോടതിയെ സമീപിക്കാം. പക്ഷേ സ്‌കീം സ്യൂട്ട് എന്നു പൊതുവെ പറയപ്പെടുന്ന ഇത്തരം നിയമനിര്‍മ്മാണത്തിനുള്ള അധികാരം സര്‍ക്കാരിനല്ല കോടതിക്കാണുള്ളത്. അതിനു ബന്ധപ്പെട്ട കക്ഷികള്‍ കോടതിയില്‍ അപേക്ഷയും മാതൃകാ ഭരണസംവിധാനത്തിന്‍റെ രൂപരേഖയും നല്‍കണം. അവ കൂടാതെ ഏകപക്ഷിയമായി അപ്രകാരം ചെയ്യാന്‍ കോടതിക്കാവില്ല. കേരളാ ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ടിന്റെ സൂത്രധാരകനായ ജോസഫ് പുലിക്കുന്നേലും ഇത്തരം നിയമങ്ങളുടെ അന്തിമ അധികാരം കോടതിയില്‍ നിക്ഷിപ്തമാണന്നു മുകളില്‍ പറഞ്ഞ ലേഖനത്തില്‍ പരോക്ഷമായി സമ്മതിക്കുന്നുണ്ട്.

ഇനി അത്തരം ഏതെങ്കിലും സ്ഥാപനത്തിന്‍റെ ഭരണക്രമത്തേപ്പറ്റി തര്‍ക്കമുണ്ടാവുകയോ ദൈനംദിനഭരണം അസാദ്ധ്യമാവുകയോ ചെയ്താല്‍ കോടതിക്ക് റിസീവരെ നിയമിക്കാനുള്ള അധികാരമുണ്ട്. പക്ഷേ അതു തികച്ചും താല്‍ക്കാലികമായ ഒരു സംവിധാനം മാത്രമാണ്. ഭരണസംവിധാനം ഏതെന്ന് തീര്‍ച്ച വരികയോ പ്രശ്‌നം അവസാനിക്കുകയോ ബന്ധപ്പെട്ട കക്ഷികള്‍ ആവശ്യപ്പെടുകയോ ചെയ്യുമ്പോള്‍ വ്യവസ്ഥാപിത സ്ഥാനികള്‍ക്ക് റിസീവര്‍ അധികാരം ഒഴിഞ്ഞു കൊടുക്കണം എന്നാണ് നിയമം. കേരളത്തിലെ ഒരു പ്രമുഖ മുസ്ലീം തീര്‍ത്ഥാടനകേന്ദ്രം ദശാബ്ദങ്ങളായി റിസീവര്‍ ഭരണത്തിലാണന്ന ഉദാഹരണം മറുവാദമായി ചിലര്‍ ചൂണ്ടിക്കാട്ടിയേക്കാം. പക്ഷേ അതിന്റെ ഭരണാധികാരികളായ ജുമാഅത്തിലെ രണ്ടു മുത്തവല്ലി കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഇതുവരെ തീരാത്തതാണ് റിസീവര്‍ ഭരണം അവസാനിക്കാത്തതിന്‍റെ കാരണം. മലങ്കരസഭയുടെ വിഷയത്തില്‍ ഇത്തരം നീക്കം അസാദ്ധ്യമാണ്. അവയുടെ ഭരണക്രമം – 1934-ലെ സഭാ ഭരണഘടന – എല്ലാ ഇടവകപ്പള്ളികള്‍ക്കും ബാധകമാണന്നു സുപ്രീംകോടതി വ്യക്തമാക്കിയ സ്ഥിതിക്ക് നിലവിലുള്ള റിസീവര്‍ ഭരണങ്ങള്‍ നീട്ടാനോ പുതുതായി ഏര്‍പ്പെടുത്താനോ ഇനി സാദ്ധ്യമല്ല.

ചുരുക്കത്തില്‍, ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ എന്തു നിയമനിര്‍മ്മാണം നടത്തിയാലും അത് മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കു ബാധകമാവില്ല. മലങ്കര സഭയ്ക്കു മാത്രമല്ല, വ്യവസ്ഥാപിത ഭരണനിര്‍വഹണ സംവിധാനമുള്ള ഒരു സഭയ്ക്കും ബാധകമാവാന്‍ സാദ്ധ്യതയില്ല. പിന്നെന്തിനു ഇതു ഇപ്പോള്‍ കുത്തിപൊക്കുന്നു എന്ന ചോദ്യം അവശേഷിക്കുന്നു.

ഇനി കേരള സര്‍ക്കാര്‍ ഇത്തരമൊരു നിയമം പാസാക്കിയാല്‍ത്തന്നെ അതിന്‍റെ നിയമപരമായ നിലനില്പ് തികച്ചും സംശയാസ്പദമാണ്. കാരണം കേരള നിയമസഭ പാസാക്കുന്ന ഒരു നിയമത്തിന്‍റെ അധികാരപരിധി ഈ സംസ്ഥാനത്തു മാത്രമാണ്. കേരളത്തിലെ മിക്ക സഭകളുടേയും – പലപ്പോഴും ഭദ്രാസനങ്ങളുടേയും – അധികാരപരിധി ഇതര സംസ്ഥാനങ്ങളിലും വ്യാപിച്ചു കിടക്കുന്നു. അവിടൊന്നും കേരള സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനു സാധുതയില്ല. ചുരുക്കത്തില്‍, ഒരേ സഭയിലും – ഒരേ ഭദ്രാസനത്തിലും – ഇരട്ടനീതി എന്ന ഗൗരവമായ നിയമപ്രശ്‌നം ഉയര്‍ന്നുവരും. ഇതിനു നിയമദൃഷ്ട്യാ നിലനില്‍പ്പില്ല. ആത്യന്തികമായി ഈ വിഷയത്തില്‍ അവസാന വാക്ക് ഇന്ത്യന്‍ സുപ്രീം കോടതിയുടേതാകും.

പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമനെ അബ്ദുള്ളാ പാത്രിയര്‍ക്കീസ് മുടക്കിയത് സാധുവാണന്നും അദ്ദേഹം മലങ്കര മെത്രാപ്പോലീത്താ അല്ലന്നും അതിനാല്‍ വട്ടിപ്പണത്തില്‍ അദ്ദേഹത്തിനു അവകാശം ഇല്ലന്നും ഉള്ള തിരുവിതാംകൂര്‍ ഹൈക്കോടതിയിലെ കുപ്രസിദ്ധമായ ജ. വീരരാഘവയ്യര്‍ വിധിയേപ്പറ്റി 1923 മാര്‍ച്ച് 29 – 1098 മീനം 16 – വ്യാഴാഴ്ച മലയാള മനോരമയില്‍ പത്രാധിപര്‍ കെ. സി. മാമ്മന്‍ മാപ്പിള പേരുവെച്ചെഴുതിയ മുഖപ്രസംഗത്തിലെ ഒരു ഭാഗം ഇവിടെ പ്രസക്തമാണ്. …കൊച്ചി ഹൈക്കോടതി വിധിപ്രകാരം ന്യായമായ മലങ്കര മെത്രാപ്പോലീത്താ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായാണെന്ന് തീര്‍ച്ചയായിട്ടുണ്ട്. അതിനാല്‍ കൊച്ചിക്കാര്‍ ആ പണം തങ്ങളുടെ ന്യായമായ മെത്രാപ്പോലീത്തായിക്ക് കൊടുക്കേണ്ടതാണെന്നൊരു ഹര്‍ജിയും നോട്ടീസും ബ്രിട്ടീഷ് റസിഡണ്ടിനും മദ്രാസ് ഗവണ്മെന്റിനും കൊടുക്കേണ്ടതാണ്. കൊച്ചിയില്‍ വേറൊരു കേസ് കൊടുത്ത് അവിടെയും തിരുവിതാംകൂറിലെപ്പോലെ ഒരു വിധി സമ്പാദിക്കാന്‍ ശ്രമിക്കട്ടെ… അതായത്, തിരുവിതാംകൂര്‍ ഹൈക്കോടതിയുടെ വിധി തിരുവിതാംകൂറില്‍ മാത്രമാണ് ബാധകം. കൊച്ചി രാജ്യത്ത് അതു ബാധകമല്ല. മലങ്കര മെത്രാപ്പോലീത്തായുടെ അധികാരസീമയില്‍ കൊച്ചി രാജ്യവുമുണ്ട്. അവിടുത്തെ നസ്രാണികള്‍ക്കും ആ കേസിലെ വിവാദവിഷങ്ങളായ വിട്ടിപ്പണം, പഴയ സെമിനാരി ഇവമേല്‍ അവകാശമുണ്ട്. ഈ പശ്ചാത്തലത്തിലാണ് മാമ്മന്‍ മാപ്പിള മേല്‍പ്പറഞ്ഞ വെല്ലുവിളി ഉയര്‍ത്തിയത്. അതേ മാനദണ്ഡത്തില്‍ ഇതിനു സമാനമായി കേരളത്തിലെ സഭകളുടെ ഭരണത്തില്‍ ന്യായമായ അവകാശമുള്ള ഇതര സംസ്ഥാനക്കാര്‍ കോടതിയെ സമീപിച്ചാല്‍ നിര്‍ദ്ദേശിത ആക്ട് എവിടെയെത്തും? തീര്‍ച്ചയായും സുപ്രീംകോടതിയില്‍!

കേരളാ ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ട് നടപ്പാക്കുന്നതുവഴി 1934-ലെ മലങ്കരസഭാ ഭരണഘടന ഒഴിവാക്കാനാകുമെന്ന ചിലരുടെ കണക്കുകൂട്ടല്‍ വെറും വ്യാമോഹം മാത്രമാണ്. 1958, 1995, 2017 വര്‍ഷങ്ങളില്‍ വ്യത്യസ്ഥ വിധികളിലൂടെ സുപ്രീം കോടതി അംഗീകരിച്ച്, 2002-ല്‍ സുപ്രീം കോടതിതന്നെ ഭേദഗതി ചെയ്ത്, 2018-ല്‍ എല്ലാ ഇടവകപള്ളികള്‍ക്കും ബാധകമാണന്നു വിധിച്ച സഭാ ഭരണഘടന അട്ടിമറിക്കുന്ന ഒരു നിയമനിര്‍മ്മാണവും നിലനില്‍ക്കില്ല. കാരണം സുപ്രീംകോടതി വിധിയെ മറികടക്കാന്‍ നിയമനിര്‍മ്മാണത്തിലൂടെ സാദ്ധ്യമല്ല എന്നതുതന്നെ. ഈ വസ്തുത, 2018-ല്‍ കരുണാ, കണ്ണൂര്‍ മെഡിക്കല്‍ കോളേജു പ്രവേശനവുമായി ബന്ധപ്പെട്ട് കേരളാ നിയമസഭ പാസാക്കിയ ബില്‍ റദ്ദുചെയ്തുകൊണ്ട് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

റോമന്‍ കത്തോലിക്കാ സഭയില്‍ ഇല്ലാത്ത ജനാധിപത്യം റോം കനിയാതെ സര്‍ക്കാരിനു നിയമനിര്‍മ്മാണത്തിലൂടെ അടിച്ചേല്പിക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ ഭരണഘടനയിലെ എത്ര വകുപ്പുകള്‍ വളച്ചൊടിച്ചു വ്യാഖ്യാനിച്ചാലും അത് അസാദ്ധ്യമാണ്. നിയമം നിര്‍മ്മിച്ചശേഷം ഒരു ഹിതപരിശോധന നടത്തി ഭൂരിപക്ഷം റോമന്‍ കത്തോലിക്കര്‍ നിര്‍ദ്ദിഷ്ട ബില്ലിലെ ജനാധിപത്യത്തിനു പ്രതികൂലമായി വോട്ടു ചെയ്താല്‍ പിന്നീടതു നടപ്പാക്കുന്നത് മൗലികാവകാശ ലംഘനമാകും. ധാര്‍മ്മികമായും ഇന്ത്യയിലെ സര്‍ക്കാരുകള്‍ക്ക് ഇത് സാദ്ധ്യമല്ല. കാരണം, ദശാബ്ദങ്ങളുടെ ചരിത്രവും ആയിരക്കണക്കിനു അനുയായികളും കോടിക്കണക്കിനു വരുമാനവും ഉള്ള ഇന്ത്യയിലെ ചില മതതീവൃവാദി സംഘടനകള്‍ക്ക് സ്വന്തം ഭരണഘടനയോ രജിസ്റ്റ്രേഷനോ ജനാധിപത്യമോ കണക്കോ കേട്ടുകേഴ്‌വി പോലുമില്ല. അവയ്ക്കു ഇന്ത്യയില്‍ ബഹുമാന്യമായി നിലനില്‍ക്കാമെങ്കില്‍ റോമന്‍ കത്തോലിക്കാ സഭയ്ക്കും നിലനില്‍ക്കാം. അവര്‍ ഇന്ത്യന്‍ ധനകാര്യനിയമങ്ങള്‍ പാലിക്കുന്നിടത്തോളം കാലം.

മറിച്ച്, ആള്‍ദൈവ സ്വഭാവമുള്ള ചില തീവൃ പൊട്ടസ്റ്റന്റ് കള്‍ട്ടുകള്‍ ദശാംശമടക്കം കണക്കും കൈകാര്യവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ്. അവരെ നിയമത്തിന്‍റെ വഴിയില്‍ കൊണ്ടുവരാന്‍ പുതിയൊരു ചര്‍ച്ച് ആക്ടിന്‍റെ ആവശ്യമില്ല. നിലവിലുള്ള വരുമാനനികുതി നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കിയാല്‍ മതി.

നിര്‍ദ്ദേശിത ചര്‍ച്ച് ആക്ട് പ്രകാരം കേരളത്തിലെ ക്രൈസ്തവ സ്ഥാപനങ്ങളുടെ രജിസ്റ്റ്രേഷനും പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു കമ്മീഷണറെ സര്‍ക്കാര്‍ നിയമിക്കണം. കമ്മീഷണര്‍ എന്നു പറയുമ്പോള്‍ വിപുലമായ ഒരു ഓഫീസ് സംവിധാനവും അതോടൊപ്പം തീര്‍ച്ചയായും ഉണ്ടാവും. യാത്രപ്പടി വേറെയും. ഇതിനായി ഓരോ അടിസ്ഥാന യൂണിറ്റും (ഇടവക) സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിശ്ചിത തുക പ്രതിവര്‍ഷം അടയ്ക്കണം. രണ്ടോ മൂന്നോ കുടുംബങ്ങള്‍ മാത്രമുള്ള ഇടവകള്‍ വ്യവസ്ഥാപിത സഭകള്‍ക്കും, അല്പാംഗങ്ങളുള്ള പെന്തക്കോസ്തു സഭകളും ഉണ്ടന്നുള്ള യാഥാര്‍ത്ഥ്യം മനസിലാക്കണം. അവരും ഈ പ്രതിവര്‍ഷ ഫീസ് അടയ്ക്കാന്‍ ബാദ്ധ്യസ്ഥരാണ്. സര്‍ക്കാരിന്‍റെ അധിക വിഭവസമാഹരണത്തിനു ഓരോ ബജറ്റിലും ഈ തുക ഉയരാം എന്നു കൂടി ചിന്തിക്കുക. നിര്‍ദ്ദിഷ്ട കമ്മീഷണര്‍ സ്വാഭാവികമായും ഒരു ഐ.ഏ.എസ്.കാരന്‍ ആയിരിക്കും. അദ്ദേഹത്തിന്‍റെ മതം ഏതെന്നു ആക്ട് നിഷ്‌കര്‍ഷിക്കുന്നില്ല. സമാനമായ ഇതര സംവിധാനങ്ങളില്‍ കമ്മീഷണര്‍ അതേ മതത്തില്‍പെട്ട ആളായിരിക്കണമെന്ന കീഴ്‌വഴക്കം നിലവിലുണ്ട്. ഇനി കമ്മീഷണര്‍ ക്രിസ്ത്യാനി ആയാലും ഫലമൊന്നുമില്ല. കേരളത്തിലെ നൂറുകണക്കിനു ക്രിസ്ത്യന്‍ അവാന്തരവിഭാഗങ്ങളുടെയെല്ലാം ആചാരാനുഷ്ടാനങ്ങള്‍ പഠിച്ച് അവയനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ഒരു കമ്മീഷണര്‍ക്കും സാദ്ധ്യമല്ല.

ഒരു സമൂഹത്തിന്‍റെ പ്രാദേശികമായ മതസംസ്‌കൃതി മനസിലാക്കുക അപരര്‍ക്ക് ബുദ്ധിമുട്ടാണ്. അതിനാലാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ദേവസ്വങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ആദ്യകാലത്ത് ചെങ്ങന്നൂര്‍ ദേവിയുടെ തൃപ്പൂത്താറാട്ടിന് ചിലവു നിഷേധിച്ചത്. സ്വാതി തിരുനാള്‍ മഹാരാജാവിന്‍റെ മതപരമായ ചിലവുകള്‍ റസിഡന്റ് കല്ലന്‍ അനുവദിക്കാതിരുന്നതുമൂലമുണ്ടായ ബൂദ്ധിമുട്ടുകള്‍ ചരിത്രം പഠിച്ചവര്‍ക്കറിയാം. സമീപകാലത്ത് ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തില്‍ സുപ്രംകോടതി നിയോഗിച്ച അമിക്യൂസ്‌ക്യൂറി ഏകപക്ഷീയമായി വരുത്തിയ ആചാരവ്യതിയാനങ്ങള്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ ഇന്നും സജീവമാണ്.

നാളെ ആരു കമ്മീഷണറാകുമെന്നു യാതൊരു വ്യവസ്ഥയുമില്ല. അങ്ങിനെ എത്തുന്ന വ്യക്തി മാരാമണ്‍ കണ്‍വന്‍ഷനോ, ഇടപ്പള്ളി പെരുന്നാളിനോ പരുമല/മഞ്ഞനിക്കര തീര്‍ത്ഥാടനത്തിനോ തടയിട്ടാലും അത്ഭുതപ്പെടാനില്ല. കേരളാ പോലീസ് അക്കാഡമിയില്‍ തന്‍റെ വ്യക്തിപരമായ താല്പര്യമനുസരിച്ച് ഭക്ഷണം നിയന്ത്രിച്ച സിവില്‍ സര്‍വീസുകാരനെതിരെ ഒരു ചെറുവിരല്‍ അനക്കിപ്പോലും ചോദ്യം ചെയ്യാനാവാത്ത സര്‍ക്കാര്‍ അവിടെയും നിഷ്‌ക്രിയമായിരിക്കും. അതു മുതലെടുക്കാന്‍ പോകുന്നത് മറ്റുചിലരും.

ഇനി നിര്‍ദ്ദേശിത കേരളാ ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ടിന്‍റെ ചരിത്രം കൂടി പരിശോധിക്കാം. തികച്ചും രസാവഹമാണത്. ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായി അന്നത്തെ സര്‍ക്കാര്‍ നിയോഗിച്ച നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ 2008-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ ഭാഗമാണ് പ്രസ്തുത നിര്‍ദ്ദിഷ്ട ആക്ട്. പത്തംഗങ്ങളുണ്ടായിരുന്ന കമ്മീഷന്‍റെ ഘടന പരിശോധിച്ചാലറിയാം കേരള ക്രൈസ്തവ സഭകളുടെ ജനാധിപത്യ സംവിധാനത്തെക്കുറിച്ച് അറിവുള്ള ആരെങ്കിലും അതില്‍ ഉണ്ടായിരുന്നോ എന്ന്! നിലവിലുള്ള 29 നിയമങ്ങള്‍ ഭേദഗതി ചെയ്യാനും പുതുതായി 66 നിയമങ്ങള്‍ നിര്‍മ്മിക്കാനുമാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. പുതിയ 66 നിയമനിര്‍മ്മാണങ്ങളില്‍ 62-മതായി ചേര്‍ത്തിരിക്കുന്നതാണ് കേരളാ ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ട്. അതേവര്‍ഷം ഓഗസ്റ്റില്‍ പ്രസ്തുത റിപ്പോര്‍ട്ടിനെപ്പറ്റി മാതൃഭൂമി ദിനപ്പത്രത്തില്‍വന്ന വാര്‍ത്തയെ അവലംബമാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരപരിധിക്കു പുറത്തുള്ള, ബഹുഭാര്യത്വത്തെക്കുറിച്ചുള്ള മുസ്ലിം വ്യക്തിനിയമം, ദയാവധം, മൂന്നാമത്തെ കുട്ടിമുതല്‍ ആനുകൂല്യങ്ങളുടെ നിഷേധം മുതലായ വിപ്ലവകരമായ നിയമനിര്‍മ്മാണത്തിനും കേരളാ സര്‍ക്കാരിനോടു മേല്പടി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്! അതുകൊണ്ടുകൂടിയാവാം ഇത് സുഖമായി ഷെല്‍ഫിലുറങ്ങിയത്!

ഈ യാഥാര്‍ത്ഥ്യമൊന്നും മനസിലാക്കാനാവാത്ത നിയമനിരക്ഷരന്‍ അല്ല മുന്‍ സുപ്രീംകോടതി ജഡ്ജിയും പദ്മഭൂഷണ്‍ ജേതാവുമായ ജസ്റ്റീസ് കെ. റ്റി. തോമസ്. അദ്ദേഹം ഉള്‍പ്പെട്ടു നില്‍ക്കുന്ന മാര്‍ത്തോമ്മാ സഭയില്‍ നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ട് വിഭാവനം ചെയ്യുന്ന ത്രിതല ജനാധിപത്യ സംവിധാനം ഫലപ്രദമായി നിലവിലുണ്ടുതാനും. ഈ സാഹചര്യത്തില്‍ നാടോടുമ്പോള്‍ കുറുകെ ഓടി മാദ്ധ്യമശ്രദ്ധ നേടാനുള്ള യത്‌നമാണോ അദ്ദേഹം ഇപ്പോള്‍ നടത്തുന്നത്? അതോ സ്വാര്‍ത്ഥതാല്പര്യത്തോടെ ഇന്ത്യന്‍ ക്രൈസ്തവര്‍ മുഴുവന്‍ നിയമനിഷേധികളും രാജ്യദ്രോഹികളുമാണ് എന്ന് ചില ഉന്നത അധികാരികളുടെ മുമ്പില്‍ സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയോ? അതോ കേരളാ ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ട് പാസാക്കി ഒരു ഉത്തരേന്ത്യന്‍ കമ്മീഷണറെ വെച്ച് കേരളത്തിലെ മുഖ്യധാരാ ക്രൈസ്തവ സഭകളെ ചവുട്ടിക്കൂട്ടി ഒതുക്കാമെന്ന് ആര്‍ക്കോ നല്‍കുന്ന വാഗ്ദാനമോ? ഇതിനുത്തരം; ഒരു സിനിമാ ഡയലോഗ് കടമെടുത്തു പറഞ്ഞാല്‍; അതിമോഹമാണ് മോനെ ദിനേശാ, അതിമോഹം. നടക്കില്ല; ഇന്ത്യന്‍ ഭരണഘടന അത് അനുവദിക്കുന്നില്ല.

സുപ്രീം കോടതിയുടെ 2017 ജൂലൈ 3 വിധിയോടെ ഭഗ്നാശരായ മുന്‍ യാക്കോബായ വിഭാഗം ജനാധിപത്യപരമായ സ്വയംഭരണം ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ഏക മാര്‍ഗ്ഗം 1934 ഭരണഘടന അംഗീകരിക്കുക എന്നതാണ്. നൂറ്റാണ്ടുകളായി സ്വന്തസ്വത്വത്തിന്‍റെ നഷ്ടബോധം പേറുന്ന ചാണ്ടിമാര്‍ഗ്ഗക്കാരുടെ മുമ്പില്‍ അതിനായുള്ള വഴി, ആ ചതിയുടെ പാരമ്പര്യം ഉപേക്ഷിച്ച് തോമാമാര്‍ഗ്ഗത്തിലേയ്ക്കു മടങ്ങിവരിക എന്നതു മാത്രമാണ്. അല്ലാതെ അപ്രായോഗികമായ കേരളാ ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ട് നടപ്പാകുന്നത് സ്വപ്നംകണ്ടു കഴിഞ്ഞിട്ടു ഇരുകൂട്ടര്‍ക്കും ഒരു കാര്യവുമില്ല. ചിലര്‍ക്ക് വാചകക്കസര്‍ത്തു നടത്തി കുപ്രസിദ്ധി നേടാമെന്നതൊഴികെ!

ഡോ. എം. കുര്യന്‍ തോമസ്
(മലങ്കരസഭാ മാസിക, ജൂലൈ 2018)

ഒരു പുസ്തക പ്രകാശനവും ഇട്ടിച്ചെറിയാ വക്കീലും ചരിത്രത്തിൻ്റെ തനിയാവര്‍ത്തനവും