OVS - Latest NewsOVS-Kerala News

പാത്രിയര്‍ക്കീസ് വിഭാഗം അക്രമം അഴിച്ചുവിടുന്നത് അവസാനിപ്പിക്കണം: ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: മലങ്കരസഭാ തര്‍ക്കത്തില്‍ പള്ളികള്‍ സംരക്ഷിക്കാനെന്ന വ്യാജേന പാത്രിയര്‍ക്കീസ് വിഭാഗം വ്യാപകമായി അക്രമം അഴിച്ചുവിടുന്നത് അവസാനിപ്പിക്കണം. കോതമംഗലം ചെറിയപള്ളി ഇടവകാംഗം മാലില്‍ എം. എം. എബ്രഹാമിനെയും (സാബു) കുടുംബത്തെയും പള്ളികമ്മമറ്റിക്കാര്‍ മര്‍ദ്ദിച്ച് അവശരാക്കിയതാണ് ഓടുവിലത്തെ സംഭവം. പള്ളിയുടെ അവകാശത്തര്‍ക്കത്തെ സംബന്ധിക്കുന്ന കേസില്‍ ഓര്‍ത്തഡോക്‌സ് സഭയോട് സഹകരിച്ചതിനാണ് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. സാബുവും കുടുംബവും ഒരു വിവാഹത്തില്‍ സംബന്ധിക്കുവാനാണ് ഞായറാഴ്ച പള്ളിയില്‍ എത്തിയത്. സ്വന്തം ഇടവകപള്ളിയുടെ മുറ്റത്തുവച്ചാണ് ഒരു കാരണവുമില്ലാതെ നീചമായ മര്‍ദ്ദനം സഹിക്കേണ്ടിവന്നത്. മര്‍ദ്ദനമേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകളോട് സഹകരിക്കുന്നവരെയെല്ലാം പള്ളിയില്‍ നിന്നും പുറത്താക്കുവാനുള്ള ഗൂഢലക്ഷ്യമാണ് ഈ സംഭവത്തിനുപിന്നില്‍. സ്ത്രീകളടക്കം ഒരുകുടുംബത്തെ അനാവശ്യമായി മര്‍ദ്ദിച്ചതില്‍ സഭയുടെ ശക്തമായ പ്രതിക്ഷേദം അറിയിക്കുന്നു.

കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ അധികാരികളോട് ആവശ്യപ്പെടുന്നു. ഓര്‍ത്തഡോക്‌സ് സഭ എന്നും സമാധാനമാണ് ആഗ്രഹിച്ചിട്ടുള്ളത്. എന്നാല്‍ ‘പള്ളികയ്യേറ്റക്കാര്‍‘ എന്ന് മറുഭാഗം സഭയെ മുദ്രകുത്തി സഭാംഗങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത് നിര്‍ഭാഗ്യകരമാണ്. നിയമപരമായി സഭയുടെ നിയന്ത്രണത്തിലായിരിക്കണം എന്ന് കോടതികള്‍ വിധിക്കുന്ന പള്ളികളുടെ ഭരണം ഏറ്റെടുക്കുക മാത്രമാണ് ഓര്‍ത്തഡോക്‌സ് സഭ ചെയ്തിട്ടുള്ളത്. കോടതികള്‍ വിധി പ്രസ്താവിക്കുമ്പോള്‍, പള്ളികള്‍ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് ജനത്തെ ഇളക്കിവിട്ട് ക്രമസമാധാനപ്രശ്‌നമുണ്ടാക്കി, സര്‍ക്കാരിനെയും ഉദ്യാഗസ്ഥരെയും പ്രതിസന്ധിയിലാക്കുവാനാണ് പാത്രിയര്‍ക്കീസ് വിഭാഗം ശ്രമിക്കുന്നത്. കട്ടച്ചിറ പള്ളിയില്‍ ശനിയാഴ്ച അരങ്ങേറിയതും ഇതേ നാടകം തന്നെയാണ്. കോതമംഗലം ചെറിയ പള്ളികേസില്‍ കോടതിച്ചെലവു സഹിതമാണ് പാത്രിയര്‍ക്കീസ് വിഭാഗത്തിൻ്റെ അപ്പീല്‍ സബ് കോടതി തള്ളിയിരിക്കുന്നത്. കോതമംഗലത്ത് പാത്രിയര്‍ക്കീസ് വിഭാത്തിൻ്റെ പട്ടക്കാര്‍ പ്രവേശിക്കുന്നത് വിലക്കിയിരിക്കുകയാണ്. സബ്‌ക്കോടതി വിധിയിന്മേല്‍ സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടു പാത്രിയര്‍ക്കീസ് പക്ഷം നല്‍കിയ പെറ്റീഷനും തള്ളി. വാസ്തവത്തില്‍ ഇപ്പോള്‍ അവിടെ വിഘടിതവിഭാഗം വൈദികര്‍ കിര്‍ബാന അര്‍പ്പിക്കുന്നതു തന്നെ കോടതി അലക്ഷ്യമാണ്. ഇനിയും മേല്‍ കോടതികള്‍ ഉണ്ട് എന്ന് പറയാം. പക്ഷെ കുറെക്കാലം കൂടെ കേസുനടത്താം എന്നല്ലാതെ പ്രയോജനം ഒന്നുമുണ്ടവുകയില്ല. ഈ സത്യം മനസിലാക്കി അക്രമത്തിൻ്റെ മാര്‍ഗം വെടിഞ്ഞ് സമാധാനം പുനസ്ഥാപിക്കുവാന്‍ തയ്യാറാവണം. ഇതുമാത്രമാണ് ശാശ്വതസമാധാനത്തിനുള്ള ഏകമാര്‍ഗം.

ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്
ഓര്‍ത്തഡോക്‌സ് സഭാ വക്താവ്

കോതമംഗലം വെട്ടിത്തറ പള്ളി കേസുകൾ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി പെരുമ്പാവൂർ സബ് കോടതി വിധിച്ചു