OVS - Latest NewsOVS-Kerala News

എല്ലാ സഭാംഗങ്ങൾക്കും ആരാധന സ്വാതന്ത്ര്യമുണ്ട് : ഓർത്തഡോക്സ്‌ സഭ

സഭാംഗങ്ങളായ എല്ലാവര്‍ക്കും സഭയുടെ ദേവാലയങ്ങളില്‍ ആരാധനാ സ്വാതന്ത്ര്യമുണ്ടെന്നും സഭാ തര്‍ക്കം സംബന്ധിച്ച് 2017 ജൂലൈ 3 ന് ബഹു. സുപ്രീംകോടതി പുറപ്പെടുവിച്ച സുവ്യക്തമായ വിധിയെക്കുറിച്ച് ചിന്താക്കുഴപ്പം സൃഷ്ടിക്കാനുളള ഗൂഢശ്രമമാണ് വിഘടിത വിഭാഗം നടത്തുന്നതെന്നും ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. മാതൃഭൂമി ദിനപത്രത്തില്‍ ശ്രീ എബി പി.ജോയിയുടെ പേരില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു സംഘടനയുടെയും സ്ഥാപനത്തിന്‍റെയും ഭരണനിര്‍വ്വഹണത്തിന് വ്യക്തമായ ഭരണഘടന ആവശ്യമാണെന്നിരിക്കെ, ബഹു.സുപ്രീം കോടതി ആവര്‍ത്തിച്ച് അംഗീകരിച്ചിട്ടുളള 1934 ലെ സഭാ ഭരണഘടനയെ ചോദ്യംചെയ്യുന്നത് തികച്ചും ദുരുദ്ദേശ്യപരമാണ്. മുന്‍സിഫ് കോടതികള്‍ മുതല്‍ സുപ്രീം കോടതി വരെ നിരവധി തവണ പരിഗണിച്ച തര്‍ക്കവിഷയങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നു എന്ന വസ്തുത അംഗീകരിക്കാതെ മനപൂര്‍വ്വം സംശയത്തിന്‍റെ പുകമറ സൃഷ്ടിക്കുന്നത് കോടതി അലക്ഷ്യമായി കണക്കാക്കാവുന്നതാണ്.