Departed Spiritual FathersOVS - Latest News

ജീവിതം സംസാരിക്കുന്നു: പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ കാതോലിക്ക ബാവ അനുസ്മരണം.

ജീവിതത്തിൽ ഏറ്റവും അനുഗ്രഹീതമായ നാളുകൾ ഏതായിരുന്നു എന്ന് ചോദിച്ചാൽ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കാതെ പറയാൻ സാധിക്കും അത് മലങ്കരയുടെ താപസ ശ്രേഷ്ഠനായ ഏഴാം കാതോലിക്കാ മോറാൻ മാർ ബസേലിയോസ് മാർത്തോമാ ദിദിമോസ് ബാവയോടൊപ്പം സെക്രട്ടറിയായി കഴിഞ്ഞ രണ്ടര വർഷങ്ങൾ ആയിരുന്നു എന്ന്. പരിശുദ്ധ പിതാവ് നിയുക്ത കാതോലിക്ക ആയിരുന്ന കാലത്തും, സഭയുടെ കാതോലിക്ക ആയി ചുമതല ഏറ്റെടുത്ത സുവർണ്ണ കാലഘട്ടത്തിലും, ഒപ്പം നിൽക്കുവാൻ സാധിച്ചത് വലിയ ദൈവീക കൃപ തന്നെയാണ്. സഭയുടെ പൗരോഹിത്യ സ്ഥാനത്തേക്ക് വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും പോലെ മാതൃകയാക്കാനും, ആരാധനയോടെ നോക്കി കാണാനും ആഗ്രഹിച്ച ആ മഹാനുഭാവനെ ഏറെ അടുത്തറിയാനും ശുശ്രൂഷിക്കാനും, പാത പീഠത്തിൽ ഇരുന്ന് ജീവിത സന്ദേശങ്ങൾ നേരിട്ട് കേട്ട് അറിയാനും സാധിച്ചത് ഇപ്പോഴും മനസ്സ് കുളിർപ്പിക്കുന്ന ഓർമ്മ തന്നെയാണ്.

പൊതുവേ ഗൗരവക്കാരനും കാർക്കശ്യകാരനുമായി എല്ലാവരും കരുതിയിരുന്ന ആ പിതാവിനോട് കൂടെ നിന്നപ്പോഴാണ് ആ മനസ്സിന്റെ നൈർമല്യവും സ്നേഹവും കരുതലും കലയും ഫലിത പ്രിയവും ഒക്കെ മനസ്സിലായത്. പെരുന്നാളുകൾക്ക് പോകുമ്പോൾ പക്ക മേളവും തായമ്പകയും ഒക്കെ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നോക്കി ആസ്വദിച്ച് മേളം കഴിയുന്ന ഉടൻ മേളത്തിന്റെ പ്രധാനിയെ വിളിച്ച് സമ്മാനം കൊടുത്തു അനുഗ്രഹിക്കും.

പ്രാർത്ഥനാ മനുഷ്യൻ
ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടത് എന്ത് ആണെന്ന് ആരെങ്കിലും അദ്ദേഹത്തോട് ചോദിച്ചതായി ഓർമ്മയില്ല. പക്ഷേ എനിക്കറിയാം അങ്ങനെ ഒരു ചോദ്യം ഉണ്ടായാൽ ദിദിമോസ് ബാവ പറയുന്ന ഉത്തരം പ്രാർത്ഥന എന്നാണെന്ന്. അത്രയേറെ പ്രാർത്ഥനയെ അദ്ദേഹം സ്നേഹിച്ചിരുന്നു. യാമപ്രാർത്ഥനകളും രഹസ്യ പ്രാർത്ഥനകളും ഇത്രയേറെ നിഷ്ഠയോടെ നടത്തിയ ഒരു പിതാവ് ഈ നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. രാത്രി നമസ്കാരത്തിന്റെ വരെ പാമ്പാക്കുട ക്രമത്തിലെ രഹസ്യ പ്രാർത്ഥനകളെല്ലാം ചൊല്ലി കുമ്പിട്ട ശേഷം മാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയും നടത്തിയിട്ടേ അദ്ദേഹം ഉറങ്ങുമായിരുന്നുള്ളൂ. രാത്രി സൂത്താറ കഴിഞ്ഞാൽ വിശുദ്ധ കുർബാന കഴിഞ്ഞേ സംസാരിക്കുമായിരുന്നു ഉള്ളൂ. വിശുദ്ധ കുർബാന തീരുന്ന സമയത്തെക്കുറിച്ച് ആരെങ്കിലും ചോദിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അല്പം മുഖം കറുപ്പിച്ച് തീരുമ്പോൾ തീരും എന്ന് മറുപടി പലരോടും പറയുന്നത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. ആരാധനയിൽ യാതൊരു കോംപ്രമൈസിനും അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നിട്ടില്ല. വിശുദ്ധ കുർബാന ചൊല്ലുന്ന പള്ളിയിൽ സന്ധ്യാനമസ്കാരത്തിന് പോകണം എന്ന് നിർബന്ധം ആയിരുന്നു. പരിശുദ്ധ സഭയുടെ പ്രധാന ചുമതല ഏറ്റെടുത്ത ശേഷം ചില ഔദ്യോഗിക കാരണങ്ങളാൽ അതിന് കഴിയാതെ വന്നപ്പോൾ വേദനയോടെ അദ്ദേഹം പറയുമായിരുന്നു “എനിക്ക് അങ്ങനെ ചെയ്തേ ശീലമുള്ളൂ, ശെമ്മാശ്ശൻ അച്ഛനായി കഴിയുമ്പോഴും അങ്ങനെ ചെയ്യാവൂ “എന്ന്.

മലബാറിൽ നിന്നുള്ള ദൂരയാത്രകൾ കഴിഞ്ഞ് ക്ഷീണിച്ച് അവശനായ ചിലപ്പോൾ ദേവലോകത്തോ പത്തനാപുരത്തോ ചെന്ന് ഒന്ന് മയങ്ങിയാൽ എഴുന്നേൽപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ഭക്ഷണം കഴിക്കാനും ഗുളിക കഴിക്കാനും ആയി വിളിച്ചുണർത്താൻ ശ്രമിച്ചാൽ “ശെമ്മാശാ, എന്റെ പ്രായം രോഗം യാത്രാക്ഷീണം ഒന്നും ശെമ്മാശനു അറിയില്ലേ” എന്ന് ചോദിച്ച് ശാസിക്കുമായിരുന്നു. എന്നാൽ കൂടെ നടന്ന് അദ്ദേഹത്തിന്റെ സ്വഭാവം നന്നായി അറിയാവുന്ന ഞങ്ങൾ സെക്രട്ടറിമാർ സ്ഥിരമായി അപ്പോൾ ചെയ്യുന്ന ഒരു കാര്യം ഉണ്ടായിരുന്നു “തിരുമേനി, യാമപ്രാർത്ഥനയ്ക്ക് സമയമായി എന്ന ആഹ്വാനം”. ഈ ഒരു ഒറ്റ ഓർമ്മപ്പെടുത്തൽ മാത്രം മതിയായിരുന്നു എത്ര ക്ഷീണിതൻ ആയാലും അദ്ദേഹത്തിന് ചാടി എഴുന്നേല്ക്കാൻ. പ്രാർത്ഥന എന്നത് അദ്ദേഹത്തിന് കടമയോ നിർബന്ധമോ ആയിരുന്നില്ല ദൈവത്തോടുള്ള പ്രേമം തന്നെയായിരുന്നു. അതുകൊണ്ടാണല്ലോ തൊണ്ണൂറാം വയസ്സിലും മുട്ടുമടക്കി കുമ്പിട്ട് യാമപ്രാർത്ഥനകൾ നടത്തണമെന്ന വാശി.

മികച്ച ഭരണനൈപുണ്യം
മലങ്കര സഭയുടെ പ്രധാന അധ്യക്ഷനായി ചുമതലയേറ്റെടുത്ത പരിശുദ്ധ പിതാവിന്റെ ആരോഗ്യമുള്ള കാലഘട്ടം, സഭയുടെ സുവർണ്ണകാലഘട്ടം ആയിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. തെറ്റായ കാര്യങ്ങളോട് അതെത്ര ഉന്നതനായിരുന്നാലും മുഖംനോക്കാതെ കാർക്കശ്യക്കാരനാകുമായിരുന്നു അദ്ദേഹം. സഭയുടെ ചില പ്രശ്നങ്ങളിൽ വളരെ പ്രകോപനപരമായി വരുന്നവരെ അനുനയത്തിൽ കാര്യം കേൾക്കാനും നയപരമായി അവരെ ഉപദേശിക്കാനും ഉള്ള അദ്ദേഹത്തിന്റെ കഴിവ് അത്ഭുതകരമായിരുന്നു. ചില സന്ദർഭങ്ങളിൽ ചിലർ ആക്രോശവും ആയിട്ടായിരിക്കും വരുന്നത്. അങ്ങനെയുള്ളവരുടെ മുമ്പിൽ ആദ്യമേ പൊട്ടിത്തെറിച്ച് ദേഷ്യത്തോടെ സഗൗരവം നേരിട്ടിട്ടുള്ളതും കണ്ടിട്ടുണ്ട്. അനുനയം കൊണ്ട് ചിലരുടെ അടുക്കൽ കാര്യം ശരിയാവില്ല എന്ന് പൂർണ ബോധത്തോടെ ആയിരുന്നു അത്. ബാവായുടെ ദേഷ്യപ്പെടുന്ന മുഖം കാണുമ്പോൾ പ്രശ്നങ്ങളുമായി വരുന്നവർ പൊടുന്നനവേ ശാന്തരാകുന്നതും, ആ ശാന്തതയിൽ സൗമനസ്യത്തോടെ അവരുടെ പരാതികൾ കേട്ടറിഞ്ഞ ന്യായമായ തീർപ്പ് കൽപ്പിക്കുന്നതും നോക്കി നിന്നിട്ടുണ്ട്.

2006 -ലെ നിയുക്ത കാതോലിക്ക തിരഞ്ഞെടുപ്പ്.
2006 ഒക്ടോബർ ൽ നിയുക്ത കാതോലിക്ക തെരഞ്ഞെടുപ്പിനായി അസോസിയേഷൻ ഡേറ്റ് ഡിക്ലയർ ചെയ്തു കഴിഞ്ഞ ഉടനെ, കോട്ടയം മുനിസിപ്പൽ കോടതിയിൽ ചിലർ സ്റ്റേ ഓർഡറിനായി ഹർജി കൊടുത്തു. അന്ന് ഞങ്ങൾ കോഴിക്കോട് അരമനയിൽ ആയിരുന്നു. സഭയുടെ നിയമ ഉപദേഷ്ടാവ് അഡ്വക്കേറ്റ് കെ എ ജോർജ് ഉൾപ്പെടെ ബാവയോട് സ്റ്റേ ഓർഡർ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ തൽക്കാലം കോട്ടയത്തേക്ക് വരണ്ട, കോഴിക്കോട് അരമനയിലേക്കും ഓർഡർ വരാൻ സാധ്യത ഉള്ളതിനാൽ അവിടെ നിന്നും തൽക്കാലം മാറി നിൽക്കണം എന്ന് ആവശ്യപ്പെട്ടു. “ഒരു കുഴപ്പവും വരികയില്ല ശെമ്മാശാ, ദൈവത്തിന്റെ സഭയെ ദൈവം കാത്തുകൊള്ളും” എന്ന് പറഞ്ഞ് കോട്ടയത്തേക്ക് തന്നെ മുൻകൂട്ടി തീരുമാനിച്ച പ്രോഗ്രാമിന് ആയി അദ്ദേഹം പോകാൻ തയ്യാറായി. എന്നാൽ എനിക്ക് പേടിയായിരുന്നു. കാരണം തിരിച്ച് ദേവലോകത്തേക്ക് ചെന്നാൽ, അഥവാ എന്തെങ്കിലും പ്രശ്നമുണ്ടായാൽ, എല്ലാവരും സെക്രട്ടറിയായ എന്നെയും കുറ്റപ്പെടുത്തും. നല്ല ഉദ്ദേശ്യത്തിന് ആയതുകൊണ്ട് മാത്രം ആദ്യമായി പരിശുദ്ധ ബാവായുടെ മുമ്പിൽ ഒരു കള്ളം പറഞ്ഞു. വയനാട് മേപ്പാടി കോൺവെന്റ് സ്കൂളിന്റെ കെട്ടിട നിർമ്മാണം നടക്കുന്നതിൽ, നിർമ്മാണത്തെക്കുറിച്ച് അത്യാവശ്യമായി ബാവാ തിരുമേനിയുടെ അഭിപ്രായം അറിയാൻ കോൺവെന്റ് സിസ്റ്റേഴ്സ് ആവശ്യപ്പെട്ടതിനാൽ അങ്ങോട്ട് പോയതിനുശേഷം കോട്ടയത്തേക്ക് പോകാമെന്ന്. പത്തനാപുരത്തെയും അതിലെ സ്ഥാപനങ്ങളെയും അത്രയേറെ സ്നേഹിക്കുന്ന തിരുമേനി തന്നെയാണ് കെട്ടിട നിർമ്മാണത്തിന് ആവശ്യമായ സാമ്പത്തിക സഹായവും ചെയ്യുന്നത് എന്നതിനാൽ അങ്ങോട്ട് പോകാൻ തയ്യാറായി. പക്ഷേ അത്ഭുതമെന്നു പറയട്ടെ അന്ന് വൈകുന്നേരം കോട്ടയം മുനിസിപ്പൽ കോടതിയിൽ കൊടുത്ത സ്റ്റേ ഹർജി തള്ളി ഉത്തരവ് ഉണ്ടായി എന്ന സന്തോഷവാർത്തയാണ് ഞങ്ങളെ തേടിയെത്തിയത്. ഇക്കാര്യം ബാവയോട് പറഞ്ഞപ്പോൾ തിരുമേനി വലിയ വികാരം ഒന്നും കാണിക്കാതെ പറഞ്ഞു : “ഞാൻ അപ്പോഴേ പറഞ്ഞില്ലേ ശെമ്മാശ, ഒരു ദോഷവും സഭയ്ക്ക് സംഭവിക്കില്ല എന്ന്, സഭയുടെ കാര്യത്തിൽ അതിന്റെ ഉടമയ്ക്ക് അറിയാം എന്തുവേണമെന്ന് “.

2006-ൽ ആണ് പരി ബാവായ്ക്ക് ആദ്യമായി സ്ട്രോക്ക് ഉണ്ടാകുന്നത്. അന്ന് ഞങ്ങൾ ദേവലോകത്താണ്. ദേവലോകത്തു 4.30-നാണു രാത്രി നമസ്കാരം. ഞങ്ങൾ 4 മണിക്ക് എഴുന്നേൽക്കും. ബാവയുടെ കട്ടിലിനു താഴെ തറയിൽ പായ വിരിച്ചാണ് ഞാൻ കിടക്കുന്നത്. (ബാവായ്ക്ക് പ്രമേഹം ഇടയ്ക്കു താഴുന്നതിനാൽ കൂടെ എപ്പോഴും ഒരാൾ ഉണ്ടാകണം). അന്ന് രാവിലെ 4 മണിക്ക് ഞാൻ എഴുന്നേറ്റ് ബാവ തിരുമേനിയെ വിളിച്ചു. സാധാരണ ഒറ്റ വിളിക്കു തന്നെ നമസ്കാരത്തിന് എഴുന്നേൽക്കുന്ന ആളാണ്. പക്ഷെ അന്ന് പതിവില്ലാത്ത ഒരു തളർച്ച. “എഴുന്നേൽക്കാൻ വയ്യ ശെമ്മാശാ “എന്ന് സ്പഷ്ടമല്ലാത്ത ബാവയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് അപകടം മണത്തു. ഉടൻ മോൻസി ശെമ്മാശനെ വിളിച്ചു. ശെമ്മാശൻ ഉടൻ തന്നെ Dr. റെജിയെ വിളിച്ചു കാര്യം പറഞ്ഞു. സിംപ്റ്റംസ് കേട്ടപ്പോൾ തന്നെ ഡോക്ടർ പറഞ്ഞ് സ്ട്രോക്ക് ആണ്. എത്രയും പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിക്കണം എന്ന്. തിരുമേനിയോടും ഞാൻ പറഞ്ഞു. നമുക്ക് ഉടൻ ആശുപത്രിയിൽ പോകണം എന്ന്. പോകാൻ തയ്യാറാകുമ്പോൾ ബാവാ പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. ” ശെമ്മാശാ നമുക്ക് മുറിയിൽ തന്നെ രാത്രി നമസ്കാരം നടത്തിയിട്ടു പോയാൽ പോരെ” എന്ന്!. നമസ്കാരം വണ്ടിയിൽ നടത്താം. എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തണം എന്ന് ഡോക്ടർ പറഞ്ഞു എന്ന് ഞാൻ അൽപ്പം പിണക്കത്തോടെ പറഞ്ഞപ്പോൾ സമ്മതിച്ചു. ആശുപത്രിയിൽ എത്തിയപ്പോൾ ഒരു വശം ഏകദേശം പൂർണ്ണമായി തന്നെ തളർന്നു പോയിരുന്നു. സ്‌ട്രെച്ചറിൽ കിടത്തിയാണ് ആശുപത്രിയിലേക്ക് എടുത്തത്. ഡോക്ടർമാർ പറഞ്ഞു. കൃത്യ സമയത്തു തന്നെ എത്തിച്ചു. അല്പം താമസിച്ചിരുന്നെങ്കിൽ പ്രയാസമായേനെ എന്ന്. അത്ര സീരിയസ് അസുഖം ഉണ്ടെന്ന് മനസിലായപ്പോഴും ആ മനസിലെ ‘നമസ്കാരം നടത്തണം’ എന്ന ചിന്തയാണ് എന്നെ അത്ഭുതപരതന്ത്രനാക്കിയത്. അൽപ്പം ക്ഷീണം ഉണ്ടായാൽ ഞായറാഴ്ച ആണെങ്കിലും പള്ളിയിൽപോകണ്ട എന്ന് ചിന്തിക്കുന്ന ലോകത്ത് ഇത്ര വ്യത്യസ്തമായ മനുഷ്യനെ കാണാൻ പറ്റുമോ.

നമ്മളെല്ലാം നമസ്കാരത്തിന് പുറമെ, ഭക്ഷണം കഴിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ഒക്കെ പ്രാർത്ഥിക്കാറുണ്ട്. പക്ഷെ എന്ത് ചെയ്യുമ്പോഴും പ്രാർത്ഥിക്കുന്ന ആളായിരുന്നു ദിദിമോസ് ബാവ. കല്പനകളിലും ഫയലുകളിലും ചെക്കുകളിലും ഒപ്പ് വെക്കുന്നതിനു മുൻപ് കുരിശു വരക്കും. കുളിക്കാൻ വെള്ളം എടുത്തു വച്ചാൽ അതിൽ കുരിശു വരച്ചു റൂശ്മാ ചെയ്ത ശേഷമേ കുളിക്കൂ. വെള്ളം കുടിക്കുമ്പോൾ ഗ്ലാസ് എടുത്തു കുരിശു വരക്കും. എന്തിനേറെ ഗുളിക കഴിക്കുമ്പോൾ വരെ ഗുളിക ഇടതു കയ്യിൽ വച്ചു വലതു കൈ കൊണ്ടു റൂശ്മ ചെയ്യുന്നത് കാണുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിലെ ദൈവ ഭക്തിയുടെ ആഴങ്ങൾ വ്യക്തമാകും.

ഉപസംഹാരം
പരിശുദ്ധ ബാവായുടെ മിക്കവാറും പ്രസംഗങ്ങളിൽ ആവർത്തിച്ചു പറയുന്ന ഒരു കാര്യമായിരുന്നു “ജീവനാണോ ജീവിതമാണോ വലുത്; സംശയിക്കേണ്ട ജീവിതം ആവണമെന്ന്.”. ഈ ആഹ്വാനം ഹൃദയത്തിൽ നിന്നായിരുന്നു വന്നിരുന്നത്. അതുകൊണ്ടു തന്നെ ആവണം അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക് ‘ജീവിതം സംസാരിക്കുന്നു ‘ എന്ന് തലക്കെട്ടായി കൊടുത്തത്. ജീവിതം എങ്ങനെയായാലും കുഴപ്പമില്ല ജീവൻ നീട്ടി കിട്ടണം എന്ന ചിന്തയോടെ ജീവിക്കുന്ന മനുഷ്യർക്ക് മുൻപിൽ വലിയൊരു സന്ദേശവും നൽകി തന്റെ നാഥന്റെ സന്നിധാനത്തിലേക്ക് പറന്നുപോയ ആ പരിശുദ്ധ പിതാവിന്റെ ജീവിതം നമുക്ക് എന്നും മാതൃകയാവട്ടെ

ഫാ. കുര്യാക്കോസ് പീറ്റർ
(ലേഖകൻ പരിശുദ്ധ ദിദിമോസ് ബാവായുടെ സെക്രട്ടറിയും ഇപ്പോൾ മലബാർ ഭദ്രാസന സെക്രട്ടറിയും ആണ്)

 

പരിശുദ്ധ ദിദിമോസ് ബാവാ; ഉത്തമ മുനിശ്രേഷ്ഠൻ