OVS - Latest NewsOVS-Kerala News

പുത്തൻകാവ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഓർമപ്പെരുന്നാളിനു കൊടിയേറി

ചെങ്ങന്നൂർ ∙ പുത്തൻകാവ് സെന്‍റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന മെത്രാപ്പൊലീത്തമാരുടെ ഓർമപ്പെരുന്നാളിനു തുടക്കമായി. മലങ്കര സഭയെ നയിച്ച ആറാം മാർത്തോമ്മ (വലിയ മാർ ദിവന്നാസ്യോസ്), എട്ടാം മാർത്തോമ്മ, പുത്തൻകാവിൽ ഗീവർഗിസ് മാർ പീലക്‌സിനോസ് എന്നിവരുടെ സ്മരണാർഥമാണു പെരുന്നാൾ. ആറാം മാർത്തോമ്മയാണു പുത്തൻകാവ് പള്ളി പണികഴിപ്പിച്ചത്.

1931 മുതൽ 1951 വരെ തുമ്പമൺ ഭദ്രാസനാധിപനായി പ്രവർത്തിച്ച പുത്തൻകാവിൽ ഗീവർഗിസ് മാർ പീലക്‌സിനോസിന്‍റെ പ്രാർഥനയും ആരാധനയും സംഗീതസാന്ദ്രമായിരുന്നു. പെരുന്നാൾ ചടങ്ങുകളുടെ ഭാഗമായി ഇന്നു നാലിനു ഗീവർഗീസ് മാർ പീലക്സിനോസ് സ്ഥാപിച്ച ബഥേൽ മാർ ഗ്രിഗോറിയോസ് അരമനപ്പള്ളിയിൽ മാർ പീലക്‌സിനോസ് അനുസ്മരണ പ്രഭാഷണം ഫാ.ഡോ. ടി.ജെ. ജോഷ്വാ നിർവഹിക്കും. തോമസ് മാർ അത്തനാസിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

16 -നു നാലിനു പ്രധാന റാസ ബഥേൽ അരമനപ്പള്ളിയിൽ നിന്നാരംഭിച്ചു കത്തീഡ്രലിൽ എത്തിച്ചേരും. വിവിധ പള്ളികളിൽ നിന്ന് എത്തിച്ചേരുന്ന പദയാത്രകൾക്കു കത്തീഡ്രലിൽ സ്വീകരണം നൽകും. തുടർന്നു തീർഥാടക സംഗമം നടക്കും. 17 നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന. 11 ന് അനുസ്മരണ സമ്മേളനവും ആറാം മാർത്തോമ്മ അവാർഡ് ദാനവും നടക്കും. സമൂഹസദ്യയോടെ പെരുന്നാൾ സമാപിക്കും