OVS - Latest NewsOVS-Exclusive NewsOVS-Kerala News

കോടതി വിധി മാനിക്കാത്തവരുമായി ചർച്ച ഇല്ല; സഭ ആഗ്രഹിക്കുന്നത് ശാശ്വത സമാധാനം: കാതോലിക്കാ ബാവാ

കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ശാശ്വത സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും തർക്കം സംബന്ധിച്ച് സുപ്രീകോടതി വിധിയിൽ വെള്ളം ചേർത്തു ചർച്ചയ്ക്കില്ലെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. 2017 ജൂലൈ മൂന്നിനു സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി സമാധാനം സ്ഥാപിക്കാനുള്ള സുപ്രധാന രേഖയായി കണക്കാക്കണം. വിശ്വാസം നിയമങ്ങൾക്ക് അതീതമാണെന്നു പറയുന്നതു ശരിയല്ല. സംസ്ഥാന സർക്കാരിൽ നിന്ന് ഇതുവരെയുള്ള സമീപനം സ്വാഗതാർഹമാണ്. ഇരുവിഭാഗങ്ങളുടെയും പക്കലുള്ള തെളിവുകളും രേഖകളും പരിശോധിച്ചാണ് വിധി ഉണ്ടായത്. കോടതിയുടെ തീർപ്പ് വിശ്വാസമാണെന്നു നേരത്തേ പറഞ്ഞവർ വിധിയെ എതിർക്കുന്നത് ന്യായമല്ല.

ഇന്ത്യാ രാജ്യത്തിന്‍റെ പരമോന്നത നീതിപീഠത്തിൽ നിന്നും അനവധി വർഷങ്ങൾ നീണ്ട ത്യാഗപൂർണ്ണമായ പോരാട്ടത്തിനും, സഹനങ്ങൾക്കും ശേഷം മലങ്കര സഭയ്‌ക്ക്‌ ലഭിച്ച അനുകൂല വിധിയെ പറ്റി യാക്കോബായ വിഭാഗം നിലപാട് വ്യക്തമാക്കണം. മലങ്കര സഭയ്‌ക്ക്‌ എതിരെ നിയമ പോരാട്ടത്തിന്‍റെ അവസാന തലം വരെ നിയമവ്യവസ്ഥതയിൽ വിശ്വാസം അര്‍പ്പിച്ചു പോരാടി പരാജയപ്പെട്ടത്തിന്‌ ശേഷം ചർച്ചക്കായി മുറ വിളി കൂട്ടുന്നവർ വാസ്തവത്തിൽ സാധാരണ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു വഞ്ചിക്കുകയാണ്. ഇവിടെ കോടതി വിധി ന്യായങ്ങളിൽ വെള്ളം ചേർക്കാൻ മാത്രം ഉദ്ദേശിച്ചുള്ള ഏതെങ്കിലും ചർച്ചയ്ക്ക് യാതൊരു പ്രസക്തിയുമില്ല എന്ന് പരിശുദ്ധ കാതോലിക്കാ ബാവ സഭയുടെ വർക്കിങ് കമ്മിറ്റിക്ക് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ അടിവരയിട്ടു മലങ്കര സഭയുടെ നിലപാട് സുവ്യക്തമാക്കി.

ആദിമ മനുഷ്യരായ ആദമിനും, ഹവയ്ക്കും ഏദൻ തോട്ടത്തിൽ നിയമങ്ങളും, നിയമ ലംഘനങ്ങൾക്കു ശിക്ഷയും കൊടുത്ത സാക്ഷാൽ ദൈവം അതേ പോലെ മോശയിലൂടെ ഇസ്രായേൽ ജനതയ്ക്കായി ലിഖിത നിയമങ്ങളെ തന്നെ കൊടുത്തു വഴി നടത്തി. ഏതു സമൂഹത്തിനും, സംഘടനയ്ക്കും, സഭയ്ക്കും, രാജ്യത്തിനും നിയമവാഴ്ച്ച അനിവാര്യമാണ്. മറുവിഭാഗത്തിൽ നിലനില്‍ക്കുന്ന അവസാന വിശ്വാസിയെ വരെ സ്വീകരിക്കാൻ മലങ്കര സഭ തയ്യാർ ആണ്.  അനധികൃതമായി വാഴിക്കപ്പെട്ട മെത്രാപ്പോലീത്താമാരെയും വൈദീകരെയും സ്വീകരിച്ച് വിശ്വാസത്തെയും പൈതൃകത്തെയും സഭയെയും കളങ്കപെടുത്താൻ സാധിക്കില്ല. അതിനു ചില നടപടി ക്രമങ്ങളും, തീരുമാനം എടുക്കാന്‍ സമിധികളും ഉണ്ട്. സഭാ നിയമങ്ങള്‍ പാലിച്ചേ പ്രവര്‍ത്തിക്കാന്‍ പറ്റൂ. നിയമം ആവശ്യമില്ലായെന്ന് പറയുന്നത് അരാജകത്വം വിളിച്ചു വരുത്തലാണ്. നിയമങ്ങൾ പാലിക്കാതിരിക്കുകയും ചർച്ചകൾ വേണം എന്ന് പറയുന്നതും  ദുരുദ്ദേശപരം. വിധിന്യായത്തിന്‍റെ അടിസ്ഥാനത്തിലേ സമാധാന ശ്രമത്തിന് സാധുതയുള്ളൂ. വിധിന്യായത്തെ ദുർബലപ്പെടുത്തുന്ന രീതിയിൽ പാത്രിയർക്കീസ് ബാവ ഉൾപ്പെടെ ആരുമായും ചർച്ചക്കില്ല.

മലങ്കര സഭ ഒരു ട്രസ്റ്റാണ്. സഭയുടെ സ്വത്തുക്കളും ഇടവകപള്ളികളും എല്ലാം അതിൽ ഉൾപ്പെടും. മലങ്കര സഭ ഭരിക്കപ്പെടേണ്ടത് 1934 -ലെ ഭരണഘടന അനുസരിച്ചാണ്. ഇടവകകളുടെ സ്വത്തുക്കൾ സഭാ കേന്ദ്രം പിടിച്ചടക്കുവാൻ ശ്രമം നടത്തുന്നുവെന്ന പ്രചാരണം സത്യത്തിനു നിരക്കാത്തതാണ്. അനധികൃതമായി ഒരു പള്ളിയും ഒരു സ്ഥാപനവും കൈയടക്കുവാൻ ഓർത്തഡോക്സ് സഭ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല. എന്നാൽ സഭയുടെ പുരാതന സ്വത്തുക്കളൊന്നും കൈയേറാൻ അനുവദിക്കുകയില്ല. അവ സഭയുടെതാണെന്നും ബാവാ പറഞ്ഞു. ഒരു ഭാഗത്തു താൽക്കാലിക നില നിൽപ്പിന് വേണ്ടി 1934 -ലെ മലങ്കര സഭ ഭരണഘടനയെ അനുസരിക്കും എന്ന് കോടതിയിൽ സത്യവാങ്മൂലം കൊടുക്കെയും പിന്നീട് 1934 അനുസരിച്ചു മലങ്കര സഭയുടെ ഇടവക്കൾക്കു തീർപ്പ് കലപ്പിക്കുമ്പോൾ ബഹു. കോടതിയെ പുലഭ്യം പറയുകയും, കോടതിയെ വെല്ലുവിളിക്കുകയും ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിനു അപമാനമാണ്. 

കോടതി വിധികളിൽ കൂടെ മലങ്കര സഭയ്‌ക്ക്‌ അവകാശപെട്ട ദേവാലയങ്ങൾ സഭയോടെ ചേർക്കും. സഭാവിശ്വാസികളുടെ ആത്മീയവും ലൗകികവുമായ ഒരാവശ്യവും സഭ മുടക്കുകയില്ല. ശവസംസ്കാരം തടസ്സപ്പെടുത്തുന്നുവെന്നത് വെറും ആരോപണമാണ്. മരിച്ചവർക്കായുള്ള ചരമ വാർഷികവും പ്രത്യേക പ്രാർഥനകളും ഒന്നും നടത്തുന്നതിനു സഭ തടസ്സം നിൽക്കുന്നില്ല. ഒരോ പള്ളിയിലും നിയമപരമായി അവകാശമുള്ള വൈദികരുടെ നേതൃത്വത്തിലാവണം കർമങ്ങൾ നടത്തേണ്ടത്. അല്ലാതെവരുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത‌െന്ന് ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. സഖറിയാസ് മാർ അപ്രേം എന്നിവർ പറഞ്ഞു

 

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി