OVS - ArticlesOVS - Latest News

തൂക്കിക്കൊടുത്താല്‍ തൂക്കിക്കൊല്ലുമോ? : ഡോ. എം. കുര്യന്‍ തോമസ്

ഇന്നു നിലവിലുള്ള സെറവസ്ട്രിന്‍, യഹൂദ, ബ്രാഹ്മണ, ബുദ്ധ ജൈന, ക്രിസ്ത്യന്‍, ഇസ്ലാം, സിഖ് അടക്കം സകല വേദാധിഷ്ഠിത മതങ്ങളും പൗരസ്ത്യമാണ്. എങ്കിലും പൗരസ്ത്യവും, ലോകത്തിലെ ഏറ്റവും വലതുമായ ക്രിസ്തുമതത്തെ നിയന്ത്രിക്കുന്നത് സ്വന്തമായി ഒരു മതസംഹിതപോലും സൃഷ്ടിക്കാന്‍ കഴിയാത്ത പാശ്ചാത്യരാണന്നതാണ് വിചിത്രം. കൃത്യമായി പറഞ്ഞാല്‍ കൊണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്തെ റോമാസാമ്രാജ്യത്തിനുള്ളിലുള്ള ചില കേന്ദ്രങ്ങളിലെ ഹെലനിക്ക് (ഗ്രീക്കോ-റോമന്‍) സഭാവിജ്ഞാനീയമാണ് ഇന്നും ലോകമെമ്പാടുമുള്ള ക്രിസ്തുമതത്തെ നിയന്ത്രിക്കുന്നത്. www.ovsonline.in

ഭൗതീകമായ നിയന്ത്രണത്തിലുപരി, ആത്മീയ കൊളോണിയലിസം സൃഷ്ടിച്ച ബൗദ്ധിക സ്വാധീനമാണ് ഇന്ന് ലോകമെമ്പാടുമുള്ള സഭകളുടെമേല്‍ നിലനില്‍ക്കുന്നത്. രാഷ്ട്രീയ (Political) കൊളോണിയലിസം അവസാനിച്ചെങ്കിലും ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ പവിത്രതാ സങ്കല്പത്തില്‍ (Concept of Sacredness) അടക്കം ഇന്നും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നത് ഈ ഹെലനിക്ക് ക്രിസ്തുമാര്‍ഗ്ഗമാണ്.

പഴഞ്ഞി പള്ളിയിലെ തുലാഭാര നേര്‍ച്ചയെപ്പറ്റി അക്രൈസ്തവം എന്ന പേരില്‍ സമീപകാലത്ത് ചിലര്‍ നടത്തിയ വിശേഷണങ്ങളും അത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമാണ് ഇത്തരമൊരു കുറിപ്പിന് ആധാരം. ക്രിസ്തുവര്‍ഷം 1500 മുതല്‍ ഇതഃപര്യന്തം നീളുന്ന പാശ്ചാത്യ (ഹെലനിക്ക്) അധിനിവേശത്തിന് ഏറ്റവും പരിമിതമായി മാത്രം സ്വാധീനം ചെലുത്താന്‍ സാധിച്ച നസ്രാണി സമൂഹമാണ് തൃശൂര്‍ ജില്ലയിലെ കുന്നംകുളം-പഴഞ്ഞി ഭാഗത്തുള്ളത്. അതിനാല്‍ത്തന്നെ ആത്മീയ അധിനിവേശത്തിന് തച്ചുടയ്ക്കാനാവാത്ത അനേകം പരമ്പരാഗത ആചാരങ്ങള്‍ ഇന്നും ഈ പ്രദേശങ്ങളില്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്. അവയിലൊന്നാണ് തുലാഭാര വഴിപാട്. www.ovsonline.in

ക്ഷേത്രങ്ങളിലും മറ്റും കൊടുപ്പാന്‍ നിശ്ചയിച്ചിരിക്കുന്നത് എന്നാണ് നേര്‍ച്ച – വഴിപാട് – എന്നതിന്‍റെ അര്‍ത്ഥം. ദേവാലയങ്ങള്‍ക്കു നല്‍കുന്ന വഴിപാടുകള്‍ ക്രിസ്തുമതത്തിനു നിഷിദ്ധമല്ല. നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നേരുകയും നിവര്‍ത്തിക്കുകയും ചെയ്‌വീന്‍ എന്ന ബൈബിള്‍ വചനംതന്നെ (സങ്കീര്‍ത്തനം 76: 11) ഇതു വ്യക്തമാക്കുന്നുണ്ട്. …ആകയാല്‍ നിന്‍റെ വഴിപാട് യാഗപാഠത്തിങ്കല്‍ കൊണ്ടുവരുമ്പോള്‍ സഹോദരനു നിന്‍റെ നേരെ വല്ലും ഉണ്ടെന്ന് അവിടെവെച്ച് ഓര്‍മ്മവന്നാല്‍ നിന്‍റെ വഴിപാട് അവിടെ യാഗപീഠത്തിന്‍റെ മുമ്പില്‍ വെച്ചേച്ച്, ഒന്നമത് ചെന്ന് സഹോദരനോട് നിരന്നുകൊള്‍ക; പിന്നെ വന്ന് നിന്‍റെ വഴിപാട് കഴിക്കുക (മത്തായി 5: 23-24). എന്ന് യേശുക്രിസ്തു പറയുന്നത് നേര്‍ച്ചകളുടെ നിരാകരണമല്ല; മറിച്ച് അതിനാവശ്യമായ മുന്നൊരുക്കത്തേപ്പറ്റി മാത്രമാണ്. എങ്കില്‍പ്പിന്നെ പള്ളിക്കു സമര്‍പ്പിക്കുന്ന ഒരു വഴിപാട് എങ്ങിനെ അക്രൈസ്തവമാകും?

കേരളത്തില്‍ പരക്കെ ഒരാള്‍ സ്വന്തതൂക്കത്തിനു സമം വസ്തുക്കള്‍ ദേവസ്ഥാനത്തിനു നല്‍കുന്ന വഴിപാടാണ് തുലാഭാരം. അത് ധാന്യങ്ങളും ഫലമൂലാദികളും മുതല്‍ സ്വര്‍ണ്ണം വരെ എന്തുമാകാം. പ്രത്യേക പ്രാര്‍ത്ഥനകളോടെ ദേവസ്ഥാനത്തിനു മുമ്പിലുള്ള ത്രാസില്‍ പ്രാര്‍ത്ഥനക്കാരനെ തൂക്കിയാണ് വഴിപാടു നടത്തുക. അതിനുശേഷം ദേവസ്ഥാനത്തെ കര്‍മ്മിയില്‍നിന്നും അനുഗ്രഹം വാങ്ങിയാണ് ചടങ്ങ് അവസാനിപ്പിക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തിലായാലും പഴഞ്ഞി പള്ളിയിലായാലും അടിസ്ഥാനപരമായി ഈ നേര്‍ച്ചയുടെ ചടങ്ങുകള്‍ക്ക് ഭേദമില്ല. തുലാഭാരത്തിലൂടെ ലഭ്യമാകുന്ന നേര്‍ച്ചവസ്തുക്കള്‍ പള്ളിക്കാര്യത്തിലേയ്ക്ക് മുതല്‍കൂട്ടും. www.ovsonline.in

പള്ളിക്കു നേര്‍ച്ച നല്‍കുന്നതോ, തുലാഭാരത്തിനു ഉപയോഗിക്കുന്ന വസ്തുക്കളോ നിഷിദ്ധമല്ലാതിരിക്കെ എങ്ങിനെ തുലാഭാരം നിഷിദ്ധമാകുന്നു എന്ന ചോദ്യത്തിനു അക്രൈസ്തവ വാദികള്‍ക്ക് വ്യക്തമായ ഉത്തരമൊന്നുമില്ല. സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഹെലനിക്ക് ക്രിസ്തുമതത്തിന് അപരിചിതമോ മനസിലാക്കാനാവാത്തതോ ആയ എല്ലാം അക്രൈസ്തവം എന്ന ആത്മീയ കൊളോണിയലിസത്തിന്‍റെ ഉല്പന്നമായ അന്ധവിശ്വാസമാണ് ഈ നിരാകരണത്തിന്‍റെ മൂലകാരണം എന്നു കണ്ടെത്താം. റോമാസാമ്രാജ്യത്തില്‍ പ്രാദേശീക സംസ്‌കൃതികളില്‍ നിന്നും സ്വാംശികരിച്ചു ക്രൈസ്തവമാക്കിയ അനുഷ്ടാനങ്ങള്‍ മാത്രമാണ് ക്രൈസ്തവം എന്നാണ് ഹെലനിക്ക് ക്രിസ്തുമാര്‍ഗ്ഗക്കാരുടെ പൊതു ചിന്താഗതി. അതായത്, പഴയ റോമാ സാമ്രാജ്യത്തിനു പുറത്തുള്ള ക്രിസ്തുമാര്‍ഗ്ഗം വികസിപ്പിച്ചെടുത്ത സാധനാസമ്പ്രദായങ്ങളെ അക്രൈസ്തവവും വേദവിപരീതവുമായി അവര്‍ പരിത്യജിക്കുന്നു. ഈ മനോഭാവമാണ് തുലാഭാരത്തെ നിരാകരിക്കുന്നതിനു പിന്നിലെ ചേതോവികാരം.

തുലാഭാരത്തെ തള്ളിപ്പറയുന്നവര്‍ ഉന്നയിക്കുന്ന കൃത്യതയില്ലാത്ത ചില വാദങ്ങള്‍കൂടി ഇവിടെ പരിശോധിക്കേണ്ടിയിരിക്കുന്നു. ഒന്നാമത്തെ പ്രശ്‌നം സ്വന്ത തൂക്കത്തിനു സമം എന്ന ഒരു മാപകം (Meassure) ഉണ്ടന്ന വിചിത്രവാദമാണ്. പഴയനിയമ കാലംമുതല്‍ വഴിപാടുകള്‍ക്ക് കൃത്യമായ അളവ് ഉണ്ടെന്നതാണ് വാസ്തവം. മോശയുടെ പഞ്ചഗ്രന്ഥങ്ങളില്‍പ്പെട്ട ലേവ്യ പുസ്തകത്തില്‍ ദേവാലയവഴിപാടുകളുടെ കൃത്യമായ അളവുകള്‍ നല്‍കുന്നുണ്ട്. ലേവ്യ പുസ്തകം പന്ത്രാണ്ടാം അദ്ധ്യായത്തില്‍ നിഷ്‌കര്‍ഷിച്ചതുപോലെ യേശുക്രിസ്തുവിനെയും ദേവാലയത്തില്‍ സമര്‍പ്പിക്കുന്നതായും, അതിനു ന്യായപ്രമാണ വിധിപ്രകാരം ഒരു ഇണ കുറുപ്രാവ് അല്ലങ്കില്‍ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങള്‍ ആവശ്യമെന്നും, യേശുക്രിസ്തുവിനു …ന്യായപ്രമാണത്തില്‍ കല്പിച്ചതൊക്കയും നിവര്‍ത്തിച്ചു എന്നു ബൈബിള്‍ പറയുന്നു. (ലൂക്കോസ് 2: 22 – 39) അവിടെയും വഴിപാടിന്‍റെ അളവുകള്‍ പാലിക്കപ്പെടുന്നുണ്ട്. www.ovsonline.in

മോശയുടെ ന്യായപ്രമാണത്തിലെ വഴിപാടുകളും അവയുടെ അളവുകളും യഹോവാ നേരിട്ടു നല്‍കിയവയാണന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്തുമതത്തില്‍ വഴിപാടുകള്‍ക്ക് വ്യക്തമായ ഉപമകങ്ങളൊന്നും നിര്‍ദ്ദേശിച്ചിട്ടില്ല. കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും (മത്തായി 22: 21) എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നതല്ലാതെ മറ്റൊരു പരാമര്‍ശനവും ഇതു സംബന്ധിച്ചു യേശുക്രിസ്തു നടത്തുന്നുമില്ല. സ്വാഭാവികമായും ക്രിസ്തുമതം പ്രചരിച്ച പ്രദേശങ്ങളില്‍ ദേവാലയ വഴിപാടുകളും, അവയ്ക്ക് വ്യക്തമായ അളവുകളും വികസിച്ചുവരും. അത്തരം ക്രൈസ്തവ വഴിപാടുകളില്‍ സുപ്രധാനമായ ഒന്നാണ് ദശാംശം. ഗോത്രപിതാവായ അബ്രഹാം, മഹാപുരോഹിതനായ മല്‍ക്കിസദേക്കിനു തനിക്കുള്ള സര്‍വത്തിനും ദശാംശം കൊടുത്തു എന്നു ബൈബിള്‍ പറയുന്നു (ഉല്പത്തി 14: 18, എബ്രയര്‍ 7: 2). അവിടെയും പത്തിലൊന്ന് എന്ന ഒരു മാപകം ഉണ്ടന്നു മാത്രമല്ല, വഴിപാടു വസ്തുക്കള്‍ ഇന്നതെന്നു പരിമിതപ്പെടുത്തിയിട്ടുമില്ല. www.ovsonline.in

ലഭ്യമായ രേഖകള്‍ അനുസരിച്ച് പതാരം (പതവാരം, പസാരം, ദശാംശം) കൊടുക്കുക എന്നത് കൊളോണിയല്‍ പൂര്‍വകാലം മുതല്‍ നസ്രാണിയുടെ പതിവായിരുന്നു. …മലംകര മിക്കദേശത്തും സ്ത്രീധനം മൊതലില്‍ പത്തിനൊന്ന പള്ളിക്കും പട്ടക്കാര്‍ക്കും ആയിട്ട എടുത്തു കൊടുക്കുമാറുണ്ടന്നതിനെക്കൊണ്ട അനെകം കൊള്ളാകിന്നൊരു മരിയാതി എന്ന ഇ സുനഹദൊസ അനെകരം സുതിച്ചു കൊണ്ടാടുന്നു… എന്നു ഈ പതിവിനെ ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകള്‍ (അഞ്ചാം മൗത്വ, പതിനാറാം കാനോനാ) സാക്ഷിക്കുന്നുണ്ട്.

ദശാംശം ഒരു അളവുകോലാണ്. ഒരു വ്യക്തിയുടെ/കുടുംബത്തിന്‍റെ ഭൗതികമായ ശേഷിയാണ് വരുമാനം. അതിന്‍റെ പത്തിലൊന്ന് പള്ളിക്ക് എന്ന് നിശ്ചയിക്കുന്നത് ഒരു അളവാണ്. അതേപോലെ ഒരു വ്യക്തിയുടെ കായികമായ അളവ്/ശേഷിയുടെ തുല്യം/ഇത്ര ഇരട്ടി എന്നു ഒരു വഴിപാടിനു മാനദണ്ഡം നിശ്ചയിക്കുന്നതാണ് തുലാഭാരം പോലുള്ള നേര്‍ച്ചകള്‍. ദശാംശം ശരിയെങ്കില്‍ തുലാഭാരവും ശരി. തുലാഭാരം പാപമെങ്കില്‍ ദശാംശവും പാപം.

നസ്രാണികള്‍ അങ്ങാടികള്‍ കേന്ദ്രീകരിച്ചുള്ള പണാധിഷ്ടിത വര്‍ത്തകസമൂഹമായിരുന്നപ്പോള്‍ ഉള്ള വഴിപാടുകള്‍ എപ്രകാരമായിരുന്നു എന്നതിനു ഇന്ന് ലഭ്യമായ രേഖകളൊന്നുമില്ല. അങ്ങിനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായയും അത് പണാധിഷ്ഠിതമായിരിക്കും. നസ്രാണി അങ്ങാടികളിലെ ക്രയവിക്രയങ്ങള്‍ക്ക് വില്പനനികുതിപോലെ നിശ്ചിത ശതമാനം പള്ളിഭോഗമായി ശേഖരിച്ചിരുന്നതായി ചില സൂചനകള്‍ ഉണ്ട്. അതു ശരിയാവാനാണ് സാദ്ധ്യത.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തില്‍ പാലക്കുന്നത്തു മാര്‍ മാത്യൂസ് അത്താനാസ്യോസ് പള്ളികളുടെ വരുമാനമായി റിശീസ (തലവരിപ്പണം), കൈമുത്ത്, ഗബിയാസ (ധര്‍മശേഖരം), നദറെ (നേര്‍ച്ചകള്‍), ബുര്‍ക്‌സ (വാഴ്‌വ്) കുര്‍ബാന്‍ (ബലി), പതാരം, ദശാംശം, ഉത്തരപണം മുതലായവ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും (Fr. ഗീവര്‍ഗീസ് ആത്തുങ്കല്‍, മാത്യൂസ് അത്താനാസ്യോസിന്‍റെ കാനോന്‍, (ലേ.), മലങ്കരസഭ മാസിക, ജൂണ്‍ 1972) ഇവ ഏതുകാലത്തു എങ്ങിനെ മലങ്കരയില്‍ നിലവിലിരുന്നു എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

എല്ലാക്കാലത്തും വഴിപാടുകള്‍ക്ക് വ്യക്തമായ അളവുകള്‍ ഉണ്ടായിരുന്നു. അതു ദാനകര്‍ത്താവിന്‍റെ ആത്മസംതൃപ്തി എന്നതിലുപരി ഭരണപരമായ ഒരാവശ്യംകൂടിയായിരുന്നു. മൂന്നുപറ വിത്തുപാട് നിലം എന്നൊക്കെ പള്ളികളടക്കമുള്ള ദേവസ്ഥാനങ്ങള്‍ക്കു വിശ്വാസികള്‍ നല്‍കിയ ഭൂമിദാനങ്ങളുടെ രേഖകള്‍ കാണാനുണ്ട്. 1918-ല്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്താ ഇടവകകളുടെ വരുമാനമാര്‍ഗങ്ങളായി നടവരവ്, പിടിയരി, കെട്ടുതെങ്ങ്, മുളകുകൊടി വരവ് മുതലായവ രേഖപ്പെടുത്തിയിട്ടുണ്ട് (കൊല്ലവര്‍ഷം 1093 കുംഭം 20-ാം തീയതിയിലെ 127-ാം നമ്പര്‍ കല്പന) ഇവയില്‍ കെട്ടുതെങ്ങ്, കുരുമുളകു കൊടി എന്നിവ വ്യക്തമായ മാപകം ഉള്ളതാണ്. തെങ്ങു കൃഷിയുള്ള ഓരോ നസ്രാണിയുടേയും പുരയിടത്തില്‍/കുടുംബത്തില്‍ നിശ്ചിത എണ്ണം തെങ്ങുകള്‍ പള്ളിക്കായി വേര്‍തിരിച്ചിരിക്കും. അവയിലെ ആദായം ദേശത്തുപള്ളിക്കുള്ളതാണ്. അതേപോലെ തന്നെയാണ് കുരുമുളകുകൊടിയും. ആദായത്തില്‍ കാലാനുസൃതമായ ഏറ്റക്കുറച്ചിലുകള്‍ വരാമെങ്കിലും തെങ്ങ്/കുരുമുളകുകൊടി ഇവയുടെ എണ്ണം ക്ലിപ്തമാണ്. മറ്റൊരു വരുമാനമാണ് നെല്‍കൃഷിയുടെ പതവാരം. അവിടെ വിളവിന്‍റെ നിശ്ചിത ശതമാനമാണ് പള്ളിഭോഗമായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നത് എന്നുമാത്രം.

എന്നാല്‍ നടവരവ്, പിടിയരി എന്നിവയുടെ കാര്യം വ്യത്യസ്ഥമാണ്. ഓരോ തവണയും ചോറു വയ്ക്കുവാന്‍ അളന്നെടുക്കുന്ന അരിയില്‍നിന്നും സ്ത്രീകള്‍ ഒരുപിടി അരി വീതം തിരിച്ചുപിടിച്ച് സമ്പാദിക്കുന്നതാണ് പിടിയരി. നിസാരമെന്നു തോന്നുന്ന പിടിയരി വലിയൊരു സമ്പാദ്യമാണന്നു ഭൂരിപക്ഷത്തിനും അറിയില്ല. സാമ്പത്തികശാസ്ത്രത്തിലെ Marginal propensity to save എന്ന സിദ്ധാന്തമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അരിയളക്കുന്ന ഗൃഹനാഥയുടെ കൈവലിപ്പമാണ് ഇതിന്‍റെ അളവ്. അതായത്, ആ വ്യക്തിയുടെ ശരീരമാണ് പിടിയരിയുടെ അളവ് നിര്‍ദ്ധാരണം ചെയ്യുന്നത്. അതേപോലെ തന്നെവേണം തുലാഭാരത്തേയും വീക്ഷിക്കുവാന്‍. ഒരു വ്യക്തി സ്വന്തശരീരഭാരത്തെ മാപകമാക്കി വഴിപാടു നല്‍കുന്നത് എങ്ങിനെ അക്രൈസ്തവമാകും? അതേപോലെ ശാരീരിക അളവുകള്‍ മാപകമാകുന്ന മറ്റൊരു വഴിപാടാണ് ആള്‍നീളം സ്വര്‍ണ്ണം/വെള്ളി നൂല്‍ വഴിപാട്. ഇവിടെ ശരീരഭാരത്തിനു പകരം ദൈര്‍ഘ്യമാണ് അളവുകോലാകുന്നതെന്നു മാത്രം. www.ovsonline.in

പിടിയരിക്കു സമാനമെന്നു വിവക്ഷിക്കാവുന്ന ഒരു വഴിപാടാണ് പിടിപ്പണം. ദാതാവിന്‍റെ കൈകൊണ്ടു വാരിയാല്‍ പിടിയില്‍ ഒതുങ്ങുന്ന നാണയങ്ങള്‍ ദേവാലയത്തില്‍ സമര്‍പ്പിക്കുന്നതിനാണ് പിടിപ്പണം എന്നു പറയുന്നത്. ഇത് ഒന്നോ അതിലധികമോ പിടി ആകാം. അവിടെയും നേര്‍ച്ചക്കാരന്‍റെ ശാരീരീക അളവുകളാണ് മാപകമാകുന്നത്.

നടവരവ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ദേവസ്ഥാനത്തിനു ഭണ്ഡാരം/തളിക ഇവയിലൂടെ ലഭിക്കുന്ന വരുമാനം മാത്രമല്ല; ആദ്യഫലമായി ലഭിക്കുന്ന കാര്‍ഷിക വിഭവങ്ങളും ആടുമാടുകളും ഉള്‍പ്പെടും. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, ഇവയൊക്കെ സ്വമേധദാനങ്ങളാണ്; സഭ ഇവയ്ക്ക് അളവുകോലുകള്‍ വെച്ചിട്ടില്ല. ദാതാവിന്‍റെ വ്യക്തിപരമായ താത്പര്യവും സാമ്പത്തികസ്ഥിതിയും മാത്രമാണ് ഇവയ്ക്ക് മാനദണ്ഡം. കുറച്ചുകൂടി വ്യക്തമാക്കിയാല്‍, നടവരവിന് മാപകം വെക്കുന്നത് വ്യക്തിയാണ്. അതിന്‍റെ അടിസ്ഥാനം വ്യക്തിയുടെ സാമ്പത്തികസ്ഥിതിയുമാണ്. അതേപോലെതന്നെ മറ്റൊരു വഴിപാടിന് തന്‍റെ ശാരീരിക അളവുകള്‍ മാപകമാക്കുന്നതില്‍ എങ്ങിനെ തെറ്റു കാണാനാവും? www.ovsonline.in

ദൈവകല്പിതമായ വഴിപാടുകള്‍ ഒഴിവാക്കിയാല്‍ ഒരു സമൂഹത്തിന്‍റെ പവിത്രതാ സങ്കല്പമാണ് (Concept of Sacredness) ആ സമൂഹത്തിന്‍റെ വഴിപാടുകളെ നിര്‍ണ്ണയിക്കുന്നത്. അതിനാല്‍ അവ ആ ഭൂമികയിലെ എല്ലാ മതങ്ങള്‍ക്കും പൊതുവായിരിക്കും. അത്തരം വഴിപാടുകളെ ഏതെങ്കിലും വ്യവസ്ഥാപിത മതത്തിന്‍റെ മാത്രം സൃഷ്ടിയായി കാണുന്നത് നിരര്‍ത്ഥകമാണ്. അതിന്‍റെ ഏറ്റവും വല്ല ഉദാഹരണമാണ് ദേവസ്ഥാനങ്ങളിലെ ആള്‍രൂപ നേര്‍ച്ച. കേരളത്തിലെ ക്ഷേത്രങ്ങളിലും പള്ളികളിലും പരക്കെ അനുഷ്ഠിച്ചുവരുന്ന ഈ വഴിപാടില്‍ മതചിഹ്നങ്ങളൊന്നുമില്ല. വഴിപാടുകരാന്‍റെ പ്രാര്‍ത്ഥനയ്ക്കനുസൃതമായി സ്വര്‍ണ്ണത്തിലോ വെള്ളിയിലോ പണിത രൂപങ്ങള്‍ (ആള്‍രൂപം, പാമ്പും പുറ്റും, കണ്ണ്, പശുവും കിടാവും മുതലായവ) മാത്രമാണിവ. എന്നാല്‍ ഇത്തരം നേര്‍ച്ചയുടെ മൂലം സ്ഥിതിചെയ്യുന്നത് അങ്ങു പുറകില്‍ ബുദ്ധമതത്തിലാണ്. വിലയേറിയ ലോഹങ്ങളിലോ ചുട്ടെടുത്ത കളിമണ്ണിലോ (ടെറാക്കോട്ട) ഉള്ള രൂപങ്ങള്‍ ആ മതത്തിന്‍റെ ദേവസ്ഥാനങ്ങളില്‍ പരക്കെ വഴിപാടായി നല്‍കിയിരുന്നവയാണ്. ഒരിക്കല്‍ ബുദ്ധവിഹാരമായിരുന്ന ചമ്രവട്ടം ശാസ്താക്ഷേത്രത്തിനു ചുറ്റും ഭാരതപ്പുഴയില്‍ ഇത്തരം ആയിരക്കണക്കിനു രൂപങ്ങള്‍ പുതഞ്ഞു കിടപ്പുണ്ട്. ഒരു ജൈനബസ്തിയുടെ സൂചനകള്‍ നല്‍കുന്ന മലപ്പുറം ജില്ലയിലെ തിരുവേഗപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലും ഇത്തരം കളിമണ്‍ രൂപങ്ങള്‍ കാണാനുണ്ട്.

ഇപ്രകാരം പ്രാദേശികമായി വികസിക്കുന്ന വഴിപാടുകളുടെ വേദശാസ്ത്രമൊക്കെ മതാധിഷ്ഠിതമായി നിര്‍ണ്ണയിക്കുന്നത് പിന്നീടാണ്. പലപ്പോഴും വ്യവസ്ഥാപിത മതസങ്കല്പങ്ങള്‍ക്ക് അവയില്‍ പലതിനേയും വിശദീകരിക്കാനാവില്ല. ഉദാഹരണത്തിന് തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ ക്ഷേത്രത്തിലെ കോഴി നേര്‍ച്ച. പള്ളികളടക്കം പല ദേവസ്ഥാനങ്ങളിലും സമൃദ്ധമായി തലമുടി വളരാന്‍ ഈര്‍ക്കില്‍ ചൂല് വഴിപാടായി നല്‍കുന്നുണ്ട്. ഒരുപക്ഷേ നീണ്ട കാര്‍കൂന്തലിന്‍റെയും ഈര്‍ക്കിലി ചൂലിന്‍റെയും കാഴ്ചയിലുള്ള സമാനതയാവാം ഇത്തരമൊരു നേര്‍ച്ചയ്ക്ക് ഹേതുവായത്. www.ovsonline.in

പലപ്പോഴും നേര്‍ച്ചകള്‍ നിര്‍വഹണപരം (Functional) ആയിരിക്കും. ഉദാഹരണത്തിന് എണ്ണ, ചിരട്ടക്കരി, മെഴുകുതിരി എന്നിവ നസ്രാണി പള്ളികളിള്‍ നിത്യോപയോഗ വസ്തുക്കളാണ്. ഇവ പരക്കെ വഴിപാടു വസ്തുക്കളായി ഉപയോഗിക്കുന്നവയുമാണ്. പലപ്പോഴും പാപപരിഹാരത്തിനായി ഇത്തരം വസ്തുക്കള്‍ നേര്‍ച്ചയായി നല്‍കാന്‍ വൈദീകര്‍ നിര്‍ദ്ദേശിക്കാറുമുണ്ട്. പാലക്കുന്നത്ത് അബ്രഹം മല്പാന്‍ മുതല്‍പേര്‍ കൊല്ലവര്‍ഷം 1012 (1837) ചിങ്ങം 21-നു തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റിനു നസ്രാണികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെപ്പറ്റി നല്‍കിയ പരാതിയില്‍, …ആറാമത് – കുമ്പസാരം ചെയ്യുന്ന ജനങ്ങളോടു തേറ്റത്തിനു ചേര്‍ച്ചയായിരിക്കുന്ന നോന്‍പു, നമസ്‌ക്കാരം മുതലായതുകൊണ്ടു ദോഷപൊറുതി അപേക്ഷിപ്പാന്‍ പറഞ്ഞു നടത്തിക്കണമെന്നു ശുദ്ധമാകപ്പെട്ട ബാവാന്മാര്‍ നിശ്ചയിച്ചിട്ടുള്ളപ്പോള്‍, വെളിച്ചെണ്ണ, കുന്തുരുക്കം, മെഴുകുതിരി മുതലായ വസ്തുക്കള്‍കൊണ്ടു ദോഷപൊറുതി അപേക്ഷിക്കണമെന്നും പറഞ്ഞു നടന്നുവരുന്നത്… എന്നു കാണുന്നത് ഇത്തരം പ്രായോഗികമായ ഒരു സംവിധാനം നിലനിന്നിരുന്നതിന്‍റെ സൂചനയാണ്. ഇവ കൂടാതെതന്നെ ചിരട്ടക്കരി ഉറുമ്പുശല്യത്തിനു പ്രതിവിധിയായി നേര്‍ച്ച നല്‍കുന്നുണ്ട്. പള്ളിവിളക്കിലേയ്ക്ക് എണ്ണ, നസ്രാണികളുടെ ശേഷക്രിയകള്‍ക്കടക്കം അനിവാര്യവും. മുകളില്‍ പരാമര്‍ശിച്ച ഈര്‍ക്കീല്‍ ചൂലിന്‍റെ കാര്യത്തിലും അവയ്ക്ക് പള്ളികളില്‍ നിത്യോപയോഗമുണ്ടെന്നതു ശ്രദ്ധിക്കുക.

ഹെലനിക്ക് ക്രിസ്തുമതത്തോളംതന്നെ പഴക്കമുള്ള ഇന്ത്യന്‍, പേര്‍ഷ്യന്‍, ആഫ്രിക്കന്‍ ക്രിസ്തുമാര്‍ഗ്ഗങ്ങള്‍ പ്രാദേശിക സംസ്‌കൃതിയില്‍നിന്നും സ്വാംശീകരിച്ച് ക്രൈസ്തവമാക്കിയ ആചാരങ്ങളേയും വഴിപാടുകളേയും ഉള്‍ക്കൊള്ളുവാന്‍പോയിട്ട് മനസിലാക്കുവാന്‍പോലും ഹെലനിക്ക് ക്രിസ്തുമതത്തിനു ഇന്നുവരെ സാധിച്ചിട്ടില്ല. എക്കാലത്തും അവര്‍ അവയെ നിരാകരിക്കുകയാണ് ചെയ്തത്. മുകളില്‍ പരാമര്‍ശിച്ച അബ്രഹാം മല്പാന്‍ മുതല്‍പേരുടെ പരാതിയില്‍ നിഴലിക്കുന്നത് ഹെലനിക്ക് ക്രിസ്തുമാര്‍ഗ്ഗത്തിന്‍റെതന്നെ ഭാഗമായ പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതത്തിന്‍റെ കാഴ്ചപ്പാടാണ്. ശക്തമായ യഹൂദസ്വാധീനം ഉള്ള നസ്രാണികള്‍ പാപയാഗത്തെ സുപ്രധാനമായി കരുതുന്ന മോശൈക ന്യായപ്രമാണത്തിനു (ലേവ്യ പുസ്തകം) അനുരൂപമായി പ്രാര്‍ത്ഥനയോടൊപ്പം ഭൗതീക വഴിപാടുകള്‍കൊണ്ടുകൂടി ദോഷപൊറുതി അപേക്ഷിക്കുന്നത് തെറ്റെന്നു വിധിക്കാനാവില്ല.

റോമാ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ട അന്ത്യോഖ്യന്‍ സഭയുടെ മനോഭാവവും വ്യത്യസ്ഥമല്ലായിരുന്നു. അന്ത്യോഖ്യയുടെ ഇഗ്നാത്തിയോസ് പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് 1877 മകരം 15-ന് കൊച്ചീക്കോട്ട പള്ളിയില്‍നിന്നയച്ച കല്പനയില്‍ നിന്നും ഇതു വ്യക്തമാകുന്നുണ്ട്. …ഇപ്രകാരം തന്നെ പഴെ കാലത്തില്‍ നിത്യം ഒരു പ്രാവശ്യം കുറ്റമില്ലാത്ത കുഞ്ഞാടും രക്തമില്ലാത്ത ബലിയും പൂജസ്ഥലത്തില്‍ കാഴ്ച അണച്ചുവന്നു. ഇതിനാല്‍ ബലിയായ കുഞ്ഞാടുകളും, മുട്ടാടുകളും, കാളകളും, ചെങ്ങാലികളും പ്രാവുകളും, കോഴികളും, മുതലായ ജീവജന്തുക്കളെ ബലിയായി ശുദ്ധമാന പള്ളിയിലും അണപ്പാന്‍ ഒരു പ്രകാരവും നമുക്കു ന്യായമില്ല. അവയുടെ നെയ്യും, അവയുടെ നെയ്യ്‌കൊണ്ടുള്ള മെഴുകുതിരികളും ശുദ്ധമാന പള്ളിയില്‍ വിളക്കു കത്തിക്കുയൊ മറ്റു ഏതെങ്കിലും ചെയ്യുന്നതിന് ഒരു പ്രകാരവും ദൈവത്തില്‍ നിന്ന് അധികാരമില്ല… എന്ന പരാമര്‍ശനം സൂചിപ്പിക്കുന്നത് ഈ അസഹിഷ്ണുതയാണ്. ഈ പട്ടികയിലെ ചെങ്ങാലികളും പ്രാവുകളും ഒഴികെ ബാക്കിയെല്ലാം ഇന്നും കാര്‍ഷിക വിഭവങ്ങളായി പള്ളിയില്‍ നേര്‍ച്ച എത്തുന്നതാണ്. ഒരിക്കലും ജന്തുബലി അര്‍പ്പിക്കാത്ത നസ്രാണി ദേവാലയങ്ങളില്‍ മോശയുടെ പഞ്ചഗ്രന്ഥങ്ങളില്‍ പരാമര്‍ശനം പോലുമില്ലാത്ത കോഴിയെവരെ ബലിമൃഗമാക്കി ചിത്രീകരിക്കുന്ന ഈ കല്പന നസ്രാണിയുടെ വഴിപാടു പാരമ്പര്യങ്ങളുടെ പച്ചയായ നിരസനം മാത്രമാണ്. www.ovsonline.in

ദേവസ്ഥാനങ്ങളിലെ വിളക്കുകളില്‍ ക്ഷിരജന്യമായ നെയ്യ് നേര്‍ച്ചയായി ഒഴിക്കുന്നത് പരിപാവനമായ ഒരു കര്‍മ്മമായാണ് കേരളീയ സംസ്‌കൃതി കണക്കാക്കുന്നത്. അപ്രകാരം വിളക്കില്‍ നെയ്യ് ഒഴിക്കുന്ന പള്ളികള്‍ ഇപ്പോഴുമുണ്ട്. ഇന്ത്യയില്‍ ഉത്ഭവിച്ച നെയ്യ് (Ghee) എന്ന വസ്തു സുറിയാനിക്കാരുടെ പ്രാദേശിക സംസ്‌കാരത്തിന് അന്യവും ഒരുപക്ഷേ അജ്ഞാതവുമാണ്. അതിനാല്‍ പത്രോസ് പാത്രിയര്‍ക്കീസ് അതിനെ അക്രൈസ്തവമാക്കി! അത്രമാത്രം.

ക്രിസ്തുവര്‍ഷം 1500-1650 കാലത്ത് നസ്രാണികളുടെ പവിത്രതാ സങ്കല്പത്തെ പൂര്‍ണ്ണമായും തച്ചുടച്ച് പകരം പാശ്ചാത്യ മാതൃക ഏര്‍പ്പെടുത്താനാണ് പോര്‍ട്ടുഗീസ് റോമന്‍ കത്തോലിക്കര്‍ ശ്രമിച്ചത്. ഭാഗികമായി മാത്രം വിജയിച്ച ഈ പാശ്ചാത്യവല്‍ക്കരണത്തില്‍ എത്ര നസ്രാണി വഴിപാടുകള്‍ അസ്തമിച്ചു എന്നതിനു രേഖയൊന്നുമില്ല. പൊതു കേരളീയ സംസ്‌കൃതിയില്‍ നിലനില്‍ക്കുന്ന മുട്ടിന്മേല്‍ നീന്തല്‍, ഉരുളുനേര്‍ച്ച, തീര്‍ത്ഥാട പദയാത്രകള്‍ ഇവയെങ്കിലും പോര്‍ട്ടുഗീസ് അധിനിവേശത്തെ അതിജീവിച്ചവയെന്നു പറയാം. കൊളോണിയല്‍ പൂര്‍വകാലത്ത് കാല്‍നടയായി നസ്രാണികള്‍ മൈലാപ്പൂരിന് തീര്‍ത്ഥയാത്ര നടത്തിയിരുന്നതായി ചില സൂചനകളുണ്ട്. www.ovsonline.in

തുലാഭാരം പള്ളിനടയില്‍വെച്ചു പരസ്യമായി ആണ് നടത്തുന്നത്. അതിനാല്‍ അതിലെ പ്രകടനാത്മകത എതിര്‍ക്കപ്പെടേണ്ടതാണ് എന്നാണ് ചിലരുടെ പക്ഷം. മുന്‍കാലങ്ങളില്‍ മാത്രമല്ല, ഇന്നും ഇത്രയും ഭാരം താങ്ങുന്ന ത്രാസുകള്‍ സുലഭമല്ല എന്ന യാഥാര്‍ത്ഥ്യത്തിലുപരി, തന്‍റെ നേര്‍ച്ച പരസ്യമായോ രഹസ്യമായോ നടത്തേണ്ടത് എന്നു തീരുമാനിക്കുന്നത് ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്ര്യത്തില്‍പ്പെട്ട കാര്യമാണ്. മുത്തുക്കുട, പ്രദക്ഷിണക്കുരിശ് മുതലായവ വാദ്യമേളങ്ങളോടെ അങ്ങാടിചുറ്റി ആഘോഷപൂര്‍വം നടയ്ക്കു വെക്കുന്നവരും ചുരുങ്ങിയമട്ടില്‍ ഏകനായി പള്ളിക്കു ചുറ്റി വഴിപാടു നടത്തുന്നവരുമുണ്ട്. ഇവ രണ്ടിലേയും ശരിതെറ്റുകളുടെ വിചിന്തനത്തിന് പ്രസക്തിയില്ല. ഇനി, ആരെങ്കിലും സ്വന്തവീട്ടില്‍ വെച്ചു തൂക്കി പള്ളിനടയില്‍ വെയ്ക്കുന്ന വിഭവം നിരസിക്കാനാവുമോ?

അവഗണിക്കപ്പെടുന്ന വസ്തുത, തുലാഭാരം നടത്തുന്ന വസ്തുക്കള്‍ – കരിക്ക്, അരി, അടയ്ക്കാ, വാഴപ്പഴം, ശര്‍ക്കര, പഞ്ചസാര മുതലായവ – പള്ളിക്കാര്യത്തില്‍ മുതല്‍ ചേരുന്നവയാണ്. അതേപോലെ തന്നെയാണ് പത്രോസ് പാത്രിയര്‍ക്കീസ് നിരോധിച്ച നസ്രാണിയുടെ കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായ കുഞ്ഞാടുകളും, മുട്ടാടുകളും, കാളകളും, ചെങ്ങാലികളും പ്രാവുകളും, കോഴികളും… തുടങ്ങിയ ജീവികളും. ചെങ്ങാലികളും പ്രാവുകളും, എന്നെങ്കിലും നസ്രാണിയുടെ വഴിപാടുകളില്‍ ഉള്‍പ്പെട്ടതായി രേഖ ഒന്നുമില്ല. അതിനെ പാത്രിയര്‍ക്കീസിന്‍റെ അന്ധമായ അറബിവല്‍ക്കരണത്തിന്‍റെ ഭാഗമായി കണ്ടാല്‍ മതി. www.ovsonline.in

ഉപവാസം ഒരു സ്വയംപീഡനമാണ്. അതുപോലെ തന്നെയാണ് തീര്‍ത്ഥയാത്രയായി നടത്തുന്ന പദയാത്രകളും മുട്ടിന്മേല്‍ നീന്തല്‍, ഉരുളുനേര്‍ച്ച മുതലായവയും. ഇവയൊക്കെ സ്വയം നിശ്ചയിക്കുന്ന വഴിപാടുകളാണ്. അവ മറ്റുള്ളവര്‍ കാണുന്നതോ അറിയുന്നതോ സാധകന് അപ്രസക്തമാണ്. തിരുവല്ലയ്ക്കടുത്ത് ഒരു പള്ളിയില്‍ പെരുന്നാള്‍ പ്രദക്ഷിണത്തോടൊപ്പം തലയില്‍ ഇഷ്ടിക, മണല്‍ചാക്ക് ഇവ ചുമക്കുന്നവരെ ഈ ലേഖകന്‍ കണ്ടിട്ടുണ്ട്. ഇതൊരു നേര്‍ച്ചയാണ്. മുന്‍കാലങ്ങളില്‍ ഇവയ്ക്കുപകരം ചാക്കില്‍കെട്ടിയ ചെളി ആയിരുന്നത്രെ ചുമന്നിരുന്നത്! കിലോമീറ്ററുകള്‍ നീളുന്ന പ്രദക്ഷിണം കഴിയുമ്പോള്‍ ചെളിചുമക്കുന്നവരുടെ കോലം ഒന്നു സങ്കല്പിക്കുക. അങ്ങിനെ സ്വയം അപഹാസ്യരാവുന്നത് ഒരു ഉപാസനയായി കാണുന്നത് തെറ്റെന്ന് എങ്ങിനെ വിധിക്കും?

വഴിയാത്രികര്‍ക്ക് സംഭാരവും പലപ്പോഴും ഭക്ഷണവും നല്‍കുന്നത് പുണ്യകര്‍മ്മമായി കാണുന്ന സംസ്‌കാരമാണ് കേരളത്തിനുള്ളത്. ആ സംസ്‌കാരം കൈയ്യാളുന്ന ഒരു ജനതയായ കേരളീയ സമൂഹത്തിനു, കാല്‍നട തീര്‍ത്ഥാടകര്‍ക്ക്, അതു ശബരിമലയ്‌ക്കോ പരുമലയ്‌ക്കോ ആയാലും, കുടിവെള്ളമോ ലഘുഭക്ഷണമോ നല്‍കുന്നത് ഒരു പുണ്യകര്‍മ്മായി മാത്രമേ പരിഗണിക്കാനാവു. അതിനെ ദൈവനിഷേധം ആയി കാണുന്നവരെ ദൈവനിഷേധികള്‍ എന്നു ആരെങ്കിലും പുഛിച്ചാല്‍ അക്കൂടെ തീര്‍ച്ചയായും ഈ ലേഖകനും കാണും.

ദ്രാവിഡപാരമ്പര്യത്തില്‍ ദൈവോപാസനയില്‍ സ്വയംപീഡനത്തിന് സുപ്രധാന സ്ഥാനമുണ്ട്. ആ പാരമ്പര്യത്തില്‍നിന്നു നസ്രാണികള്‍ ക്രൈസ്തവവല്‍ക്കരിച്ച വഴിപാടുകളെ പുശ്ചിക്കുന്ന ഹെലനിക്ക് സഭകള്‍, കുരിശുമല കയറ്റം, കരിശുചുമക്കല്‍ മുതലായ മറ്റുചില സ്വയംപീഡനങ്ങള്‍ കേരളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയൊക്കെ ദൈവീകവും, നസ്രാണിയുടെ തനത് വഴിപാടുകള്‍ അക്രൈസ്തവും ആയി മുദ്രയടിക്കപ്പെടുന്നത് ആത്മീയ കൊളോണിയലിസത്തിന്‍റെ അനന്തരഫലമാണ്. അവയുടെ പ്രായോക്താക്കള്‍ അത് അറിയുന്നില്ലങ്കിലും. കുറച്ചുകൂടി വ്യക്തമാക്കിയാല്‍, പാശ്ചാത്യാന്ധതയാണ് തുലാഭാരം പോലെയുള്ള തദ്ദേശീയ ഉപാസനാ രീതികളെ അക്രൈസ്തവമായി കാണാന്‍ പ്രേരിപ്പിക്കുന്നത്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയ ഒരു ഫ്രഞ്ച് ഇതിഹാസത്തെ അടിസ്ഥാനമാക്കി കാതറീന്‍ കെന്നിക്കോട്ട് ഡേവിസ് (Katherine Kennicott Davis) എന്ന അമേരിക്കന്‍ ഗാനരചയിതാവ് 1941-ല്‍ രചിച്ച ലോകപ്രസിദ്ധ ക്രിസ്തുമസ് ഗാനമാണ് ദി ലിറ്റില്‍ ഡ്രമ്മര്‍ ബോയി (Carol of the Drum). കിഴക്കുനിന്നെത്തിയ മൂന്നു വിദ്വാന്മാരില്‍ ഒരാളുടെ ക്ഷണപ്രകാരം യേശുക്രിസ്തുവിന്‍റെ ജനനം കാണാനെത്തിയെ ചെണ്ടകൊട്ടുന്ന ഒരു ദരിദ്രബാലന്‍റെ കഥയാണത്. മറ്റുള്ളവരെപ്പോലെ കാഴ്ചവയ്ക്കുവാന്‍ കൈയ്യില്‍ ഒന്നുമില്ലാത്തതിനാല്‍ ദൈവമാതാവിന്‍റെ അനുമതിയോടെ ഉണ്ണിയേശുവിന്‍റെ മുമ്പില്‍ ചെണ്ടകൊട്ടി. ഞാന്‍ എന്‍റെ കഴിവിന്‍റെ പരമാവധി മികച്ചരീതിയില്‍ കൊട്ടി. അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു എന്ന ബാലന്‍റെ ആത്മഗതത്തോടെയാണ് മനോഹരമായ ഈ ഗാനം അവസാനിക്കുന്നത്. മനസോടെ നല്‍കുന്ന വഴിപാടിനു പ്രത്യേക മാനദണ്ഡമൊന്നുമില്ലന്നു സാരം. www.ovsonline.in

ക്രിസ്തുവിന്‍റെ കാലത്തും വഴിപാടുകളോട് ഇത്തരം നിഷേധ മനോഭാവം സ്വീകരിച്ചവരുണ്ട്. പരീശനായ ശീമോന്‍റെ ഭവനത്തില്‍ വെച്ച് യേശുക്രിസ്തുവിനെ പാപാപിനിയായ സ്ത്രീ വിലയേറിയെ തൈലം പൂശിയപ്പോള്‍ ചിലര്‍ അതിനെ പുശ്ചിച്ചതും, അതിനു ക്രിസ്തു നല്‍കിയ മറുപടിയും പ്രസിദ്ധമാണ്. (മത്തായി 26: 6 – 13, മര്‍ക്കോസ് 14: 3 – 9, ലൂക്കോസ് 7: 36- 50) ഈ വിഷയത്തിലും ഇത് പ്രസക്തമാണ്.

നേര്‍ച്ചകളും അവയുടെ ഫലങ്ങളും വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. അതിനാല്‍ത്തന്നെ വഴിപാട് ഇന്ന തരത്തില്‍ മാത്രം നടത്തണം എന്നു നിഷ്‌കര്‍ഷിക്കാനുമാവില്ല. എല്ലാവരും മനസിലാക്കേണ്ട വസ്തുത, ക്രിസ്തുമതം സാര്‍വജനീനമാണ്. അതിന്മേല്‍ ഹെലനിക്ക് സഭകള്‍ക്കു കുത്തകാവകാശമൊന്നുമില്ല. ക്രിസ്തുമാര്‍ഗ്ഗം പിന്തുടരുന്ന മലങ്കര നസ്രാണികള്‍ക്കും പേര്‍ഷ്യാക്കാര്‍ക്കും എത്യോപ്യര്‍ക്കും ഒക്കെ സ്വന്തം ഉപാസനാരീതികള്‍ വികസിപ്പിച്ചെടുക്കാന്‍ അവകാശമുണ്ട്. ഹെലനിക്ക് ക്രിസ്തുമതത്തിന്‍റെ മാനദണ്ഡമുപയോഗിച്ച് അവയെ തെറ്റന്നു ആരും വിധിക്കേണ്ട. ചുരുക്കത്തില്‍; വഴിപാടുകള്‍ തൂക്കിക്കൊടുക്കാന്‍ നസ്രാണിക്ക് അവകാശമുണ്ട്.

(മലങ്കരസഭാ മാസിക. മെയ് 2018)