മാതൃമടിത്തട്ടിൽ 15 ദിവസങ്ങൾ :- ഡെറിൻ രാജു

ഒരു ആരാധനാവർഷത്തിലെ അവസാന നോമ്പിലേക്ക് നാം പ്രവേശിക്കുകയാണ്. ഓഗസ്റ്റ് ഒന്നു മുതൽ പതിനഞ്ച് വരെ ശൂനോയോ നോമ്പ് നാം ആചരിക്കുകയാണ്. കാലങ്ങൾക്കും വംശങ്ങൾക്കും മുമ്പായി പിതാക്കൻമാരിലൂടെയും പ്രവാചകൻമാരിലൂടെയും ഭാഗമായി മാത്രം അറിയപ്പെട്ട ദൈവസാന്നിദ്ധ്യം ആരിൽ നിന്നാണോ ശരീരം ധരിച്ചു മനുഷ്യനായിത്തീർന്നത് ആ ദൈവജനനിയുടെ ഓർമ്മയെ സഭ പ്രത്യേകമായി അനുസ്മരിക്കുന്ന ഒരു കാലമാണിത്. ഹുദായ കാനോൻ അഞ്ചാം അദ്ധ്യായത്തിൽ പറയുന്നത് ദൈവമാതാവിന്‍റെ നോമ്പ് ഓബ് മാസം ഒന്നാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ ആചരിക്കുകയും, പെരുന്നാൾ കൊണ്ടാടിയശേഷം വ്രതം അവസാനിപ്പിക്കുകയും ചെയ്യുന്നു എന്നാണ്. അതിൻപ്രകാരം നമ്മൾ ഓഗസ്റ്റ് 15-ലെ ശൂനോയോ പെരുന്നാളോടുകൂടി നോമ്പ് അവസാനിപ്പിക്കുന്നു.copyright-ovsonline.in

ശൂനോയോ എന്ന വാക്കിനു വാങ്ങിപ്പ് എന്നാണ് നാം സാധാരണഗതിയിൽ അർഥം പറയാറുള്ളത്. Change, Migration, Departure എന്നൊക്കെയും സാമാന്യമായി ഈ വാക്കിനു അർഥം കൊടുക്കാം. വിശ്വാസിയായ ഏതു വ്യക്തിയുടെ മരണത്തിനും വാങ്ങിപ്പ് എന്നു പറയുകയാണ് നമ്മുടെ പാരമ്പര്യം (വാങ്ങിപ്പോയ പിതൃക്കൾക്കും ഭ്രാതാക്കൾക്കും നൽകാശ്വാസം… ക്യംതാ- പ്രഭാത നമസ്കാരം). എങ്കിലും ശൂനോയോ എന്ന വാക്ക് ദൈവമാതാവിന്‍റെ ദേഹവിയോഗത്തോടു ചേർത്താണ് നമ്മൾ പറയാറുള്ളത്.

ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുനാൾ യേരുശലേമിലാണ് ആരംഭിച്ചത്. എ.ഡി 434-ൽ യേരുശലേമിലെ പാരമ്പര്യത്തെ അടിസ്ഥാനമാക്കി ക്രോഡീകരിച്ച അർമീനിയൻ വേദവായനക്രമത്തിൽ ആഗസ്റ്റ് 15 ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാളായി രേഖപ്പെടുത്തിയിരിക്കുന്നു. നിരവധി അപ്പോക്രിഫൽ ഗ്രന്ഥങ്ങളിൽ അഞ്ചാം നൂറ്റാണ്ട് മുതൽ തന്നെ ദൈവമാതാവിന്‍റെ മരണത്തെപ്പറ്റിയുള്ള വിവരണങ്ങൾ പ്രചരിച്ചിരുന്നു. എ.ഡി 600 നോടടുത്ത് മൗറീസ് ചക്രവർത്തി ഒരു വിളംബരത്തിലൂടെ ബൈസാന്റിയൻ സാമ്രാജ്യത്തിലുടനീളം ഈ പെരുനാൾ ആചരിക്കണമെന്നു കൽപന ഇറക്കിയതിനെത്തുടർന്നു ഇതിനു പരക്കെ അംഗീകാരം ലഭിച്ചു. 650-നു ശേഷം റോമിൽ ഈ പെരുനാൾ ആചരിച്ചു തുടങ്ങി. (സഭാ വിജ്ഞാനകോശം)

കാല സമ്പൂർണതയിൽ വചനം ജഡം ധരിച്ചു. ആ വചനം ശരീരം സ്വീകരിച്ചത് കന്യകമറിയാമിൽ നിന്നാണ്. ആ പരിശുദ്ധ അമ്മയുടെ ഓർമ്മ എന്നും സഭയ്ക്കും നമ്മൾ ഓരോരുത്തർക്കും ആനന്ദദായകവും ആ മദ്ധ്യസ്ഥത ഫലദായകവുമാണ്. സാത്താന്‍റെയും മരണത്തിന്‍റെയും അടിമത്വത്തിൽ നിന്നു മനുഷ്യരാശിയെ ഉദ്ധരിച്ച തമ്പുരാൻ, ക്രൂബേൻമാരുടെ തേരിന്‍റെ പ്രഭയെ ഉപേക്ഷിച്ചു സ്വീകരിച്ചത് ആ കന്യകയുടെ നിർമ്മല ഗർഭപാത്രത്തിന്‍റെ ശാന്തതയാണ്.copyright-ovsonline.in

തെർത്തുല്യൻ, ജസ്റ്റിൻ മാർട്ടിയർ, ഐറേനിയോസ് തുടങ്ങി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പിതാക്കൻമാർ തന്നെ പരിശുദ്ധ മാതാവിനെ രണ്ടാം ഹവ്വായായി ചിത്രീകരിച്ച് ആ ഔന്നത്യത്തെ കൃത്യമായി വിശകലനം ചെയ്തവരാണ്. തെർത്തുല്യൻ പറഞ്ഞത് ഹവ്വാ സർപ്പത്തെ വിശ്വസിച്ചു, മറിയാം ഗബ്രിയേലിനെ വിശ്വസിച്ചു. ഒരുവൾ തന്‍റെ വിശ്വാസം മൂലം ഉളവാക്കിയ അബദ്ധത്തെ മറ്റവൾ തന്‍റെ വിശ്വാസം മൂലം ദുരീകരിച്ചു എന്നാണ്. ഐറേനിയോസ് പറയുന്നത് ഒരു കന്യകയുടെ അനുസരണക്കേടിനു പ്രതിവിധിയായി മറ്റൊരു കന്യകയുടെ അനുസരണം ഉണ്ടായി എന്നാണ്. ഈ പിതാക്കൻമാരൊക്കെയും പരിശുദ്ധ മാതാവിന്‍റെ ഔന്നത്യത്തെ കൃത്യമായി വരച്ചുകാട്ടിയവരാണ് എങ്കിലും ഇവിടെയൊക്കെയും അനുസരണം, വിധേയത്വം, വിശ്വസ്തത തുടങ്ങിയ ചിന്തകളാണ് നമുക്ക് ഇവിടെ കാണുവാൻ സാധിക്കുന്നത്. സഹരക്ഷകയെന്നതോ പാപമില്ലാത്തവളായി ജനിച്ചുവെന്നതോ തുടങ്ങിയ പിൽക്കാല റോമൻ കത്തോലിക്കാ പഠിപ്പിക്കലുകളുടെ ലാഞ്ചനപോലും ഇവരുടെ പ്രബോധനങ്ങളിൽ ഇല്ലായെന്നത് പ്രത്യേകം പരിഗണനാർഹങ്ങളാണ്.

1854 -ൽ പീയൂസ് ഒമ്പതാമൻ മാർപാപ്പാ പ്രഖ്യാപിച്ച അമലോത്ഭവ സിദ്ധാന്തം ഇന്നു കത്തോലിക്കാ സഭയുടെ രക്ഷയ്ക്കാവശ്യമുള്ള ഒരു വസ്തുതയായി പരിഗണിക്കപ്പെടുന്നു. പരിശുദ്ധ മാതാവ് പാപമില്ലാത്തവളും സർവ്വ കൃപകളുടെ ഉറവയുമായി ഈ സിദ്ധാന്തം പ്രഖ്യാപിക്കുന്നു. എന്നാൽ ഒരു ഓർത്തഡോക്സ് സഭയും ഈ സിദ്ധാന്തം അംഗീകരിക്കുന്നില്ല. സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ലായെന്ന കർത്താവിന്‍റെ പ്രഖ്യാപനം തന്നെ അമലോത്ഭവ സിദ്ധാന്തത്തെ തള്ളിക്കളയുന്നതാണ്. മാതാവ് സഹരക്ഷകയും പാപമില്ലാത്തവളും സർവകൃപകളുടെയും ഉറവയുമാണെങ്കിൽ മനഷ്യവർഗത്തിന്‍റെ ഉദ്ധാരണവും മാതാവിനു സാദ്ധ്യമാകുമായിരുന്നുവല്ലോ? മനുഷ്യാവതരാത്തിന്‍റെ ആവശ്യം തന്നെ എന്തായിരുന്നു? (പ.കന്യകമറിയാം – പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനി)copyright-ovsonline.in

ദൈവമാതാവിന്‍റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ട് സഭ നോക്കുന്ന പുരാതന നോമ്പാണ് ശൂനോയോ നോമ്പ്. എങ്കിലും അതിന്‍റെ പ്രാധാന്യം ഓരോ വർഷം മുന്നോട്ട് പോകുംതോറും കുറഞ്ഞു വരുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്. എട്ടുനോമ്പെന്ന അകാനോനിക നോമ്പിനെ പതിനഞ്ചുനോമ്പിന്‍റെ മുകളിൽ പ്രതിഷ്ഠിക്കുവാനുള്ള ബോധപൂർവമോ അല്ലാത്തതോ ആയ ശ്രമങ്ങൾ എല്ലാ ഭാഗത്തു നിന്നും ഉണ്ടാകുന്നു. ദൈവമാതാവിന്‍റെ ജനന പെരുന്നാളിനെപ്പറ്റി (കന്നി 8 പെരുന്നാൾ) ഉദയംപേരൂർ സുന്നഹദോസിന്‍റെ കാനോനകളിലും പതിനെട്ടാം നൂറ്റാണ്ടിലെ പഞ്ചാംഗങ്ങളിലും ഒക്കെ പരാമർശങ്ങൾ ഉണ്ടെന്ന വാദത്തെ പൂർണമായും അംഗീകരിക്കുന്നു. (ഡോ. എം. കുര്യൻ തോമസ് മലങ്കരസഭാ മാസിക സെപ്തംബർ 2013). എങ്കിലും പതിനഞ്ച് നോമ്പിനെ മറികടന്നുള്ള എട്ടു നോമ്പാചരണത്തിനു സാധുത ഇല്ല. അത് നമ്മുടെ അടിസ്ഥാന വിശ്വാസത്തിനു നിരക്കുന്നതുമല്ല. പതിനഞ്ച് നോമ്പിനെപ്പറ്റി ഒന്നുമേ പറയാത്ത അച്ചൻമാർ എട്ടുനോമ്പിൽ എട്ടുദിവസവും കുർബാനയുള്ളതിനെപ്പറ്റി പ്രഘോഷിക്കുന്നത് നമ്മുടെ പാരമ്പര്യത്തിനു ചേർന്നതല്ല. പല പാരമ്പര്യങ്ങളിൽ നിന്നും ഇതര മതങ്ങളിൽ നിന്നും കൊള്ളാവുന്ന അംശങ്ങൾ നമ്മൾ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും അതൊന്നും നമ്മുടെ അടിസ്ഥാന വിശ്വാസത്തെ ബാധിക്കുന്നതായിരുന്നില്ല. ദൈവമാതാവിനെ ഓർക്കുവാൻ പിതാക്കൻമാർ നൽകിയ പതിനഞ്ച് ദിവസത്തെ നോമ്പ് നമുക്കുണ്ട്. അന്നു കിട്ടാത്ത അനുഗ്രഹം എട്ടുദിവസത്തെ നോമ്പിൽ കിട്ടുമെന്നു ചിന്തിക്കുന്നതിലെ അപാകത പറഞ്ഞു കൊടുക്കേണ്ട തിരുമേനിമാർ വരെ എട്ടുദിവസവും എട്ടുനോമ്പിൽ കുർബാന ചൊല്ലുവാൻ പള്ളികളിൽ നിന്നു പള്ളികളിലേക്ക് ഓടുന്നതാണ് കാണുന്നത്.

പാശ്ചാത്യ സുറിയാനി വേദശാസ്ത്രത്തെയും ആരാധനയേയും അതിന്‍റെ തനിമയിൽ ഉൾക്കൊള്ളുകയും പരിപാലിക്കുകയും ചെയ്യുന്ന നമ്മൾ വാങ്ങിപ്പിനു പ്രാധാന്യം നൽകാതെ ജനന പെരുനാളിനു പിന്നാലെ ഓടുന്നത് ഖേദകരമാണ്. എട്ടുനോമ്പ് നോക്കുന്നതു തെറ്റാണെന്ന ചിന്തയല്ല ഇവിടെ പങ്കുവെക്കുന്നതു. എത്രയും കൂടുതൽ നോമ്പ് ഉപവാസങ്ങൾ നോക്കുന്നത് നല്ലതു തന്നെയാണ്. എന്നാൽ പതിനഞ്ച് നോമ്പിനെ മറികടന്നു എട്ടുനോമ്പിലേക്ക് പോകുന്നതാണ് ഒഴിവാക്കേണ്ടത്. ആൾക്കൂട്ടാരവങ്ങൾക്ക് അനുസരിച്ച് വിശ്വാസം വ്യാഖ്യാനിക്കുന്നതും ഭേദപ്പെടുത്തുന്നതും അംഗീകരിക്കാവുന്നതല്ല. ദൗർഭാഗ്യവശാൽ ഇപ്പോൾ പലയിടത്തും കാണുന്നതും അതാണ്.

ഡെറിൻ രാജുcopyright-ovsonline.in