OVS - Latest NewsOVS-Kerala News

സ്വത്വബോധത്തിനും സ്വാതന്ത്ര്യത്തിനും വികസനത്തിനും ശമുവേലച്ചന്‍റെ നേതൃത്വം സഹായിച്ചു : വൈദീക ട്രസ്റ്റി

ഭാരതത്തിലെ സഭക്കും വിശിഷ്യാ മലങ്കര സഭക്കും ലോകക്രൈസ്തവസമൂഹത്തിനും ഡോ വി.സി. ശമുവേൽ അച്ചൻ നൽകിയ അതുല്യ മൗലിക സംഭാവനകൾ ലോകവും ചരിത്രവും നിലനിൽക്കുന്ന കാലത്തോളം അനുസ്മരിക്കപ്പെടും. ആഗോളതലത്തിൽ അവയെക്കുറിച്ചു ധാരാളം പഠനങ്ങളും ഗവേഷണങ്ങളും സംവാദങ്ങളും നടക്കുന്നുമുണ്ട്. അവയിൽ പലതും നാമറിയുന്നുപോലുമില്ല: ഡോ വി.സി. ശമുവേൽ അച്ഛന്‍റെ 19-മത്  ഓര്‍മ്മാചരണം പ്രമാണിച്ച്  മാതൃദേവാലയമായ ഓമല്ലൂർ സെന്റ്‌  തോമസ് ഓർത്തഡോൿസ് വലിയ പള്ളിയിൽ നടത്തിയ അനുസ്മരണപ്രഭാഷണത്തിൽ സഭയുടെ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഓ ജോൺ പറഞ്ഞു. വി.കുർബ്ബാനയിലും ധൂപപ്രാർത്ഥനയിലും ഇടവക വികാരി ഫാ.എബി ഏബ്രഹാം, ഫാ.ബെന്യാമിൻ ശങ്കരത്തിൽ, ഫാ.അനീഷ് വര്ഗീസ് എന്നിവര്‍ സഹകാർമികരായിരുന്നു.

എഡി 451-ൽ നടന്ന കല്ക്കദോന്യ സുന്നഹദോസിനെ തുടർന്ന് സഭ വിഭജിക്കപ്പെട്ടു. ബഹുഭൂരിപക്ഷംവരുന്ന റോമൻ കത്തോലിക്കാ സഭ, ഗ്രീക്ക് പാരമ്പര്യത്തിലെ പൗരസ്ത്യ സഭകൾ, ആധുനികകാലഘട്ടങ്ങളിലെ പ്രൊട്ടസ്റ്റന്റ്റ് സഭകൾ എന്നിവ സുന്നഹദോസിനെ സ്വീകരിച്ചു. നമ്മുടെ മലങ്കരയുൾപ്പെടയുള്ള ഓറിയൻറൽ സഭകൾ അതിനെ അംഗീകരിക്കാതെയുമാണ് നിലനിന്നുവന്നത്. ഈ വിവാദങ്ങൾക്കും അനൈക്യത്തിനും പരിഹാരം കണ്ടെത്തുവാൻ സുദീർഘമായ പതിനഞ്ചു നൂറ്റാണ്ടുകൾക്കിടയിൽ ആർക്കും കഴിഞ്ഞതുമില്ല. എന്നാൽ മലങ്കരയുടെ ശമുവേൽ അച്ചനിലൂടെ അതു സംഭവിച്ചു. ദാർശനികവും വേദശാസ്ത്രപരവുമായ വിശ്വാസമർമ്മങ്ങൾ പുനരാഖ്യാനം നൽകി ഇരുകൂട്ടർക്കും സ്വീകാര്യമാക്കി സഭകളെ അനുരഞ്ജിപ്പിക്കുവാനും സാധ്യമായത് അദ്ദേഹത്തിന്‍റെ കഠിനാധ്വാനം മൂലമായിരുന്നു. ഒന്നും രണ്ടും നൂറ്റാണ്ടുകളല്ല, ആയിരത്തിയഞ്ഞൂറു കൊല്ലങ്ങളായി, ക്രിസ്തുവിജ്ഞാനീയത്തിൻറ്റെ പേരിലും അധികാരത്തിൻറ്റെയും രാഷ്ട്രീയ വടംവലികളുടെയും കാരണമായും പരസ്പരം കുറ്റാരോപണം നടത്തിയും പോരടിച്ചും നിലനിന്നുവന്ന ക്രൈസ്തവലോകത്തെ ഐക്യപാതയിലേക്കാനയിപ്പിക്കുവാൻ ലോകത്തു മറ്റാർക്കും സാധിക്കാതെപോയ മഹാസംഭവം തങ്കലിപികളാൽ ചരിത്രത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞു.

അടുത്തകാലംവരെയും നമ്മുടെ പൂർവ്വികർ വിശ്വസിച്ചുവന്നിരുന്നതല്ല ഇന്ത്യൻ സഭയുടെയും നമ്മുടെ മലങ്കര സഭയുടെയും യഥാർഥ ചരിത്രം. വിദേശികൾ പ്രചരിപ്പിച്ചതും, കോടതിവ്യവഹാരങ്ങളിൽ വക്കീലന്മാരെഴുതിവച്ച കുറിപ്പുകളും ആധാരമാക്കി നിർമ്മിച്ചെടുത്ത കെട്ടുകഥകളായിരുന്നു ചരിത്രമെന്ന പേരിൽ വ്യവഹരിച്ചതും, വിശ്വസിച്ചും വിശ്വസിപ്പിച്ചും വന്നത്. ഏതെങ്കിലും വിദേശമേൽക്കോയ്മയുടെ ഔദാര്യത്തിൽ പുനഃപ്രതിഷ്ഠിക്കപ്പെടേണ്ടതല്ല പുരാതനമായ ഒരു സഭയുടെയും വൈദികാദ്ധ്യക്ഷപദവി. നമ്മുടെ ഇന്ത്യൻ സഭയിൽ മാർത്തോമ്മ ശ്ലീഹായുടെ അപ്പോസ്തോലിക പൈതൃകത്തിൽ നൂറ്റാണ്ടുകൾക്കു മുമ്പേ സ്വതവേ ഉണ്ടാകേണ്ടിയിരുന്നതാണ് കാതോലിക്കേറ്റ്. ഈ സത്യം ആരുടേയും പക്ഷംപിടിക്കാതെ, അർത്ഥശങ്കക്കിടയില്ലാതെ വെളിച്ചത്തു കൊണ്ടുവന്നു ധൈര്യപൂർവ്വം പ്രഖ്യാപിച്ചത് ഡോ വി.സി. ശമുവേൽ അച്ചനായിരുന്നു. സഭാചരിത്രത്തിനും വേദശാസ്ത്രത്തിനും കാതോലിക്കേറ്റിനുമുള്ള കാഴ്ചപ്പാടുകൾകൾക്കും സ്ഥാനത്തിനും അവബോധം സൃഷ്ടിച്ചു, മലങ്കരസഭയുടെ സ്വത്വബോധത്തിനും സ്വാതന്ത്ര്യത്തിനും വികസനത്തിനും അദ്ദേഹത്തെപ്പോലെ ബൗദ്ധിക നേതൃത്വം നൽകി ദിശാബോധം വളർത്തിയെടുത്ത മറ്റൊരാളും നമുക്കുണ്ടായിട്ടുമില്ല. സഭയെ നൂതന പന്ഥാവിലേക്കു നയിക്കുവാനും ദിശാബോധം നൽകുവാനും മാർഗ്ഗദർശിയായ അദ്ദേഹം നാം കണ്ടിട്ടുള്ളതിലേക്കും അതിശ്രേഷ്ഠ സഭാപിതാവുമാണ്. മഹാനായ ഈ സഭാപിതാവിന്‍റെ മാതൃകയും സ്മരണയും നിലനിർത്തുവാൻ മലങ്കരസഭ എക്കാലവും കടപ്പെട്ടിരിക്കുന്നു: അദ്ദേഹം കൂട്ടിച്ചേർത്തു.