OVS - Latest NewsOVS-Kerala News

വിധിക്ക് പിന്നാലെ വീര്‍പ്പുമുട്ടുന്ന ബാവ കക്ഷിയെ വലച്ചു ആഭ്യന്തര കലഹം ; ആസ്ഥാനത്ത് കുത്തിയിരുപ്പ് സമരം

കൊച്ചി : നിലനില്‍പ്പിനെ ചോദ്യംചെയ്ത സുപ്രീംകോടതി വിധിയോടെ വന്‍ പ്രതിസന്ധി നേരിടുന്ന ബാവ കക്ഷി വിഭാഗത്തെ പ്രതിരോധത്തിലാക്കി ആഭ്യന്തര തര്‍ക്കങ്ങളും തലപൊക്കുന്നു. അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖലയിലെ തര്‍ക്കങ്ങള്‍ പുറത്ത് വരുന്നു.വെങ്ങോല മാര്‍ ബഹന്നാം സഹദ വലിയപള്ളിയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദീകരെ സ്ഥലം  മാറ്റാനുള്ള നീക്കത്തിനെതിരെ ഇടവകാംഗങ്ങള്‍ സംഘടിതമായി രംഗത്തെത്തി. ബാവ കക്ഷി (യാക്കോബായ) വിഭാഗത്തിന്‍റെ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കല്‍ സെന്‍ററില്‍ പ്രത്യക്ഷ സമര പരിപാടികളുമായി ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയാണ് വിശ്വാസികള്‍. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ മാതൃ സഭയിലേക്ക് മടങ്ങുമെന്നും ഇവര്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയതായി വിവരം. പെരുമ്പാവൂര്‍ മേഖലാധിപന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം തോമസ്‌ പ്രഥമന് വേണ്ടി വഴിവിട്ട നീക്കങ്ങള്‍ നടത്തുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാല്ലെന്നും ക്രമക്കേടുകള്‍ നടത്തിയതായും ആക്ഷേപമുണ്ട്.കാലാവധി തീരും മുന്‍പ് വൈദീകരെ സ്ഥലം മാറ്റാന്‍ ശ്രമിച്ചതാണ് വിശ്വാസികളെ ചൊടിപ്പിച്ചത്. പരാതിയായി പല തവണ കയറി ഇറങ്ങിയിട്ടും ഫലം ഉണ്ടായില്ല.

ട്രാന്‍സ്ഫറിനെതിരെ  കേസ് കൊടുക്കുമെന്നാണ് ഇപ്പോള്‍ വിശ്വാസികള്‍ മുഴക്കിയിരിക്കുന്ന ഭീഷണി.യാക്കോബായ ഭരണഘടന അസാധുവാണെന്നു കോടതി കണ്ടെത്തിയ പശ്ചാത്തലമാണ് വിശ്വാസികളെ പ്രേരിപ്പിക്കുന്നത്രേ. മാത്രമല്ല,കോട്ടയം ഭദ്രാസനത്തില്‍ ഏപ്രിലില്‍ സമാനമ രീതിയില്‍ പള്ളികളിലെ സമാന്തര വികാരിമാരെ മെത്രാപ്പോലീത്ത നീക്കിയ നടപടിക്കെതിരെ ഇടവകകള്‍ കോടതിയെ സമീപിക്കുകയും  അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. കുമരകം ആറ്റമംഗലം, കല്ലുങ്കത്ര സെന്റ് ജോർജ്, തിരുവാർപ്പ് മർത്തശ്മൂനി തുടങ്ങിയ മലങ്കര സഭയുടെ പള്ളികളിൽ വൈദികരെ നീക്കാനോ നിയമിക്കാനൊ വിഘടിത വിഭാഗം മെത്രാപ്പോലീത്തായായ തോമസ് മാർ തീമോത്തിയോസിന് അധികാരവകാശങ്ങൾ ഇല്ല എന്ന് ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷം കോട്ടയം മുന്‍സിഫ് കോടതി ഉത്തരവിട്ടത്. 1995 ലെ ബഹു സുപ്രിം കോടതി ഉത്തരവ് പാലിക്കപ്പെടെണ്ടതും ബാധകമായതുമായ പള്ളികളിൽ ഇത്തരത്തിലുള്ള നിയമനങ്ങൾ നടത്താൻ മാർ തീമോത്തിയോസിന് അധികാരമില്ലെന്നും അതിനായി അദേഹം ഇറക്കിയ കൽപന സാധുവല്ലെന്നുമാണ് വിധിലെ നിരീക്ഷണം. തീമോത്തിയോസിന്‍റെ കൽപന അതിനാല്‍ പാലിക്കേണ്ട ഉത്തരവാദിത്വം വൈദികർക്കില്ലെന്നും കണ്ടെത്തിയിരിന്നു. ഫലത്തില്‍ ഇക്കേസുകള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായിയെന്നു വിലയിരുത്തല്‍.

ഒക്ടോബറില്‍ പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ വിഘടിത വിഭാഗത്തിലെ 20 ഓളം കുടുംബങ്ങള്‍ മാതൃ സഭ (ഓര്‍ത്തഡോക്സ് സഭ) യിലേക്ക് തിരിച്ചു വന്നിരിന്നു. പരിശുദ്ധ കാതോലിക്കാ സിംഹാസനത്തോടും സഭയിലെ മെത്രാപ്പോലീത്തമാരോടും കൂറ് പരസ്യമാക്കി സുപ്രീം കോടതി വിധിയുടെ അന്തസത്തതയെ ഉൾക്കൊണ്ട് 1934-ലെ മലങ്കര സഭ ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിച്ചുള്ള മടക്കം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. സഭാ മാനേജിംഗ് കമ്മിറ്റി അംഗമായിരിന്ന മലങ്കര വര്‍ഗ്ഗീസിന്‍റെ മാതൃ ഇടവകയാണ് പെരുമ്പാവൂര്‍ പള്ളി. മേഖലയിലെ മറ്റൊരു പ്രമുഖ പള്ളിയിലും വിഘടിത നേതാക്കൾ ഓർത്തഡോക്സ്‌ സഭ നേതൃത്വമായി രണ്ടുവട്ടം ആശയവിനിമയം നടത്തിക്കഴിഞ്ഞു. അവിടെ പള്ളി സമാന്തര ട്രസ്റ്റി അടക്കമുള്ളവർ ഭരണഘടനയുടെ പകർപ്പ് ആവിശ്യപ്പെടുകയും കൈമാറുകയും ചെയ്തു.

കോടതി വിധിയിലൂടെ അംഗീകാരം നഷ്ടപ്പെട്ടു നിയമപരമായി ഇല്ലാതെയായിരുന്നു യാക്കോബായ വിഭാഗം. സഭാക്കേസിൽ ജൂലൈ മൂന്നിലെ വിധിയിൽ ഉൾപ്പെട്ട കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ, നെച്ചൂർ പള്ളികൾ യാക്കോബായ വിഭാഗത്തിന് കൈവിട്ടു പോയിരുന്നു. ഇവിടങ്ങളിൽ ഓർത്തഡോക്സ്‌ സഭയുമായി വിശ്വാസികൾ സഹകരിച്ചു തുടങ്ങി.റിവ്യൂ ഹര്‍ജിയും കഴിഞ്ഞ ദിവസം തള്ളിയിരിന്നു. മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934-ലെ ഭരണഘടന അനുസരിച്ച് ഭരിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍ പള്ളികളിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വിധിയെങ്കിലും മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും വിധി ബാധകമാണ്. ഉടമ്പടിയുടെയും യാക്കോബായ വിഭാഗത്തിന്‍റെ 2002 ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ ഇടവകളില്‍ ഭരണം പാടില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പ്രത്യേകം പറയുന്നു. പാത്രിയാർക്കീസിന്‍റെ ആത്മീയ അധികാരം അപ്രത്യക്ഷമായ മുനമ്പിൽ(വാനിഷിംഗ്‌ പോയിന്റ്) എത്തിയെന്നും കോടതി നിരീക്ഷിച്ചു. 1934-ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്ന് 1995-ല്‍ സുപ്രീം കോടതി വിധിയെ ശെരി വെച്ചുള്ള സുപ്രാധാന വിധി മലങ്കര സഭാ ചരിത്രത്തിൽ നിർണ്ണായക വഴിത്തിരിവായതായി ചൂണ്ടിക്കാട്ടപ്പെടുന്നു. സുപ്രീം കോടതി വിധിയോടെ ഒരോ പള്ളികളിലെയും തര്‍ക്കം പരിഹരിച്ച് പള്ളികള്‍ ഏകീകൃത ഭരണത്തിന്‍ കീഴില്‍ വരും.