Departed Spiritual FathersOVS - Latest News

ബിഷപ്പ് വാല്‍ഷ്: ദൈവസ്നേഹത്തിന്‍റെ മാതൃകാപുരുഷന്‍

മലങ്കര സഭയുടെ ആദ്യവിദേശ മിഷന്‍ സ്ഥാപകനായ ആംഗ്ളേയ മിഷറി ബിഷപ്പ് പക്കന്‍ഹാം വാല്‍ഷ്. ആദര്‍ശ സമ്പന്നനായ ഒരു വൈദിക മേലദ്ധ്യക്ഷന്‍, പണ്ഡിതനായ വേദശാസ്ത്രജ്ഞന്‍, ആശ്രമസ്ഥാപകന്‍, ആത്മീയ ഗുരു, സര്‍വ്വോപരി യേശുക്രിസ്തുവിന്‍റെ കാല്പാടുകളെ അനുനിമിഷം പിന്തുടര്‍ന്ന് സ്വജീവിതം ക്രമീകരിച്ച മനുഷ്യസ്നേഹി. സ്നേഹത്തിലൂടെ ഐക്യം, സത്യം, നീതി, സമാധാനം എന്നിവ ജീവിത സന്ദേശമായി ഉള്‍ക്കൊണ്ട ഒരു യോഗീവര്യന്‍. ഇതാണ് ലാളിത്യത്തിന്‍റെ പ്രതിരൂപമായ ബിഷപ്പ് പക്കന്‍ഹാം വാല്‍ഷ്.

ജനനവും ദൈവവിളിയും

ബിഷപ്പ് വില്യം പക്കന്‍ഹാം വാല്‍ഷിന്‍റെയും ക്ളാറാ ജയിനിന്‍റെയും മൂന്നാമത്തെ പുത്രനായി ഹെഷര്‍ബര്‍ട്ട് 1871- ല്‍ അയലര്‍ണ്ടില്‍ ജനിച്ചു. നാലാം വയസ്സില്‍ തന്‍റെ സ്നേഹമയിയായ മാതാവ് ഇഹലോകവാസം വെടിഞ്ഞു. അതിനുശേഷം ബിഷപ്പായ തന്‍റെ പിതാവിന്‍റെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ തങ്ങളുടെ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല. എന്നാല്‍ രണ്ടാനമ്മയുടെ വരവോടുകൂടി ജീവിതം വീണ്ടും സംതൃപ്തമായി തീര്‍ന്നു. ചിറ്റമ്മ ഹെര്‍ബര്‍ട്ടി വളരെയധികം സ്നേഹിച്ചു. ഹെര്‍ബര്‍ട്ടിനും ചിറ്റമ്മയോട് വളരെ സ്നേഹവും ബഹുമാവും ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡബ്ളിനിലെ ട്രിനിറ്റി കോളേജില്‍ ഉപരിപഠനം പൂര്‍ത്തീകരിച്ച ഹെര്‍ബര്‍ട്ട് സാഹിത്യത്തിലും വിവിധ ഭാഷകളിലും പ്രാവീണ്യം നേടി. തന്‍റെ കോളേജ് പഠനകാലത്ത് സാധുജനസേവനത്തിലും അധഃകൃത വിഭാഗങ്ങളുടെ ഉന്നമത്തിനായും പ്രവര്‍ത്തിച്ചു. പഠനത്തിലൂടെ തനിക്കു കിട്ടിയ താലന്ത് നല്ലൊരു ചരിത്രകാരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, കവി, ചിത്രകാരന്‍ എന്നീ നിലകളില്‍ വിനിയോഗിച്ചു. ഓര്‍ത്തഡോക്സ് സഭയില്‍ ഉപയോഗിക്കുന്ന വി.കുര്‍ബ്ബാനയെ ആസ്പദമാക്കി ഇംഗ്ളീഷില്‍ രചിച്ച ഒരു ലഘു ഗ്രന്ഥമാണ് ‘A Devotional Study of The Holy Qurbana’. നമ്മുടെ സഭയുടെ അംഗമല്ലാതിരുന്നിട്ടും വി.കുര്‍ബ്ബാനയെപ്പറ്റി ആഴമായി പഠിക്കുകയും അതില്‍നിന്ന് ലഭിച്ച ഉള്‍ക്കാഴ്ചകള്‍ എത്രയുമധികം വിലമതിച്ചതായിരുന്നുവെന്ന് ഈ പുസ്തകം വായിക്കുമ്പോള്‍ വളരെ വ്യക്തമാകുന്നു. നമ്മുടെ സഭയെയും ആരാധയെയും കുറിച്ച് വളരെ ആഴമേറിയ പഠനം നടത്തിയ ഒരു വ്യക്തിത്വമായിരുന്നു ബിഷപ്പ് വാല്‍ഷ്. ‘Lights and Shades of Christendom Vol 3’‘ എന്ന പ്രസിദ്ധിയാര്‍ന്ന പുസ്തകത്തിന്‍റെ മൂന്നു വാല്യങ്ങള്‍ ഉള്‍പ്പടെ അനവധി പുസ്തകങ്ങളും രചിക്കുവാന്‍ ഈ പിതാവിനു കഴിഞ്ഞു.

വൈദീക വൃത്തിയോട് താല്പര്യം തോന്നിയ ഹെര്‍ബര്‍ട്ട് ‘ഓക്ലാന്‍സ് ബ്രദേഴ്സിനോടൊപ്പം ബ്രദര്‍ഹുഡില്‍ ചേര്‍ന്നു. ക്രിസ്തുമതത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിച്ച് അതില്‍ അടിയുറച്ചു നില്‍ക്കുന്നതിനുള്ള ഒരു പ്രചോദനം ഇവിടെ നിന്നും ലഭിച്ചു. 1896 സെപ്റ്റംബറില്‍ ഹെര്‍ബര്‍ട്ട് സ്വപിതാവായ ബിഷപ്പ് വില്യമില്‍ നിന്നും ഡിക്കന്‍ സ്ഥാനം ഏറ്റു. അതിനുശേഷം ഹെര്‍ബര്‍ട്ടി മിഷറി വേലയ്ക്കായി ഇന്ത്യയിലേയ്ക്കയച്ചു. 1901- ല്‍ റാഞ്ചിയില്‍ വച്ച് വൈദിക പദവിയിലേയ്ക്കുയര്‍ത്തപ്പെട്ടു. റവ. ഹെര്‍ബര്‍ട്ട് പക്കന്‍ഹാം വാല്‍ഷ്, ബിഷപ്പ് ഹീബര്‍ കോളേജിന്‍റെയും ബിഷപ്പ് കോട്ടണ്‍ സ്കൂളുകളുടേയും ഭരണസാരഥ്യം ഏറ്റെടുത്ത് നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവച്ചു. 1915 ജനുവരിയില്‍ കല്‍ക്കട്ടായിലെ ദേവാലയത്തില്‍ വച്ച് റവ. ഹെര്‍ബര്‍ട്ട് പക്കന്‍ഹാം വാല്‍ഷിനെ ആസ്സാമിലെ പ്രഥമ ബിഷപ്പായി അഭിഷേകം ചെയ്തു. പ്രശ്നങ്ങളുടേയും പ്രതിബന്ധങ്ങളുടേയും നടുവില്‍ പുതിയ ബിഷപ്പിന് ആത്മീയമായ ഏകാന്തതയും നേരിടേണ്ടതായി വന്നു. അങ്ങനെ 1917-ല്‍ തന്‍റെ ജീവിത പങ്കാളിയായി അയര്‍ലണ്ടിലെ ഒരു പ്രശസ്ത വൈദിക കുടുംബത്തില്‍പെട്ട ക്ളാരാ വാല്‍ഷിനെ തിരഞ്ഞെടുത്തു. അന്നു മുതല്‍ ജീവിതാന്ത്യം വരെയും ഈ ദമ്പതികള്‍ തങ്ങളുടെ മിഷന്‍ പ്രവര്‍ത്തനം ഏറ്റവും അനുഗ്രഹപ്രദമായി നിര്‍വ്വഹിച്ചു.

OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  Android Application  ഇന്‍സ്റ്റോള്‍ ചെയ്യുക

ബിഷപ്പ് വാല്‍ഷും മലങ്കര സഭയും

ഒരു സഭാ ചരിത്രകാരായിരുന്ന ബിഷപ്പ് പക്കന്‍ഹാം വാല്‍ഷ് മലങ്കരസഭയ്ക്കു സുപരിചിതനായിരുന്നു. Syrian Students Conference എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ പല സമ്മേളനങ്ങളിലും ബിഷപ്പ് മുഖ്യപ്രസംഗകനായിരുന്നു. 1911 മുതലുള്ള വിദ്യാര്‍ത്ഥി സമ്മേളനങ്ങളിലെ അദ്ദേഹത്തിന്‍റെ ചിന്താര്‍ഹവും അനുസ്യൂതവും അനുപമവുമായ ആത്മീയ ആഹ്വാനങ്ങള്‍ യുവജനങ്ങളില്‍ സഭാസേവനാവേശം കത്തി ജ്വലിപ്പിച്ചു. ഇന്ത്യന്‍ സഭയോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത, അഭിനിവേശം, അതിന്‍റെ വളര്‍ച്ചയിലുള്ള താല്പര്യം എന്നിവ മൂലം അദ്ദേഹം സഭയുടെ പ്രത്യേകിച്ച് യുവജനങ്ങളുടെ ആരാധ്യ പുരുഷനായി തീരുകയും ചെയ്തു. ആലുവായിലെ യു.സി കോളേജിലും പത്തംതിട്ടയിലും എല്ലാം അദ്ദേഹത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. ആലുവ യു.സി കോളേജിലുണ്ടായിരുന്ന കെ.സി, വര്‍ഗ്ഗീസ് (ഫാ.കെ.സി വര്‍ഗ്ഗീസ്), എന്‍. എം. എബ്രഹാം , റ്റി .ഒ മാത്യു തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തില്‍ വളരെയധികം ആകൃഷ്ടരാവുകയും സൌഹൃദം നിലനിര്‍ത്തുകയും ചെയ്തു.

ആംഗ്ളിക്കന്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയില്‍ സ്ഥാപിച്ചു നടത്തിവന്ന പ്രമുഖ വേദശാസ്ത്ര പഠനകേന്ദ്രമായിരുന്നു കല്‍ക്കട്ടായിലെ ബിഷപ്സ് കോളേജ്. 1923- മുതല്‍ അവിടുത്തെ പ്രഥമ സാരഥ്യം വഹിച്ചിരുന്നത് ഈ ആരാധ്യ പുരുഷനായിരുന്നു. യു.സി കോളേജിലെ ഈ യുവാക്കള്‍ തങ്ങളുടെ ഗുരുവിന്‍റെ പ്രേരണയും പ്രോത്സാഹനവും കൊണ്ട് കല്‍ക്കട്ടായിലെ പ്രസിദ്ധമായ ബിഷപ്സ് കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ തീരുമാനിച്ചു. കാലക്രമത്തില്‍ പ്രിന്‍സിപ്പലും ഓര്‍ത്തഡോക്സുകാരായ ഈ യുവ വിദ്യാര്‍ത്ഥികളും തമ്മിലുള്ള സൌഹൃദവും കൂട്ടായ്മയും വളര്‍ന്നു വന്നു. അങ്ങനെ തങ്ങളുടെ മസ്സിലുണ്ടായിരുന്ന മിഷനെക്കുറിച്ചുള്ള ആഗ്രഹങ്ങളും ഭാവനകളും ബിഷപ്പിന്‍റെ മുമ്പില്‍ അവതരിപ്പിച്ചു. ദൈവ വേലയിലും മിഷന്‍ പ്രവര്‍ത്തനത്തിലും താല്പര്യമുണ്ടായിരുന്ന ബിഷപ്പും തന്‍റെ പത്നി ക്ളാരാ വാല്‍ഷും തങ്ങളുടെ സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിച്ച് ഈ യുവജനങ്ങളോടൊത്ത് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നു. തന്‍റെ പ്രിന്‍സിപ്പല്‍ ഭരണകാലത്ത് വിദ്യാര്‍ത്ഥികളുടെ സ്ഹോദരങ്ങള്‍ ആര്‍ജ്ജിച്ചിരുന്ന ബിഷപ്പി വിദ്യാര്‍ത്ഥികള്‍ സ്നേഹപൂര്‍വ്വം ‘പപ്പ’ എന്നും മിസ്സിസ് വാല്‍ഷി ‘മമ്മി’ എന്നും വിളിച്ചു.

മിഷന്‍ പ്രവര്‍ത്തത്തിനു പറ്റിയ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതിനുവേണ്ടി ബിഷപ്പും പത്നിയും കെ.സി വര്‍ഗ്ഗീസും വ്യവസായനഗരമായി വളര്‍ന്നുകൊണ്ടിരുന്ന കോയമ്പത്തൂരിലേക്കുപോയി. അവിടെ വച്ച് മലങ്കരസഭയുടെ ബാഹ്യകേരള ഭദ്രാസനത്തിലെ ആദ്യത്തെ മെത്രാപ്പോലീത്ത ആയിരുന്ന ഭാഗ്യസ്മരണാര്‍ഹായ അലക്സിയോസ് മാര്‍ തേവോദോസിയോസ് തിരുമേനിയോട് ചേര്‍ന്ന് നഗര പ്രാന്തത്തിലുള്ള പല സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അങ്ങനെ കോയമ്പത്തൂരില്‍ നിന്നും 21 കി.മി ദൂരത്ത് സ്ഥിതിചെയ്യുന്ന ആദിവാസികള്‍ താമസിച്ചുകൊണ്ടിരുന്ന തടാകം ഗ്രാമത്തില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങി. ബിഷപ്പ് വാല്‍ഷിന് ബിഷപ്സ് കോളേജില്‍ നിന്നുള്ള യാത്രയയപ്പു വേളയില്‍ സ്നേഹസമ്മാമായി കൊടുത്ത തുകയാണ് സ്ഥലം വാങ്ങുന്നതിനായി ഉപയോഗിച്ചത്. അങ്ങനെ ഈ മൂവര്‍ സംഘം തടാകം ഗ്രാമത്തിലെ ഒരു സത്രത്തില്‍ (വഴിയമ്പലം) താമസമായി. അവിടെ നിന്നുള്ള പ്രവര്‍ത്തഫലമായി 1936 ജൂലൈ 15ന് ക്രിസ്തുശിഷ്യ ആശ്രമം (തടാകം ആശ്രമം) രൂപം കൊണ്ടു. വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഒരുപോലെ പ്രവര്‍ത്തിക്കുവാന്‍ തക്കവണ്ണമാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചത്. ഈ പരി.പിതാവ് ആശ്രമത്തിലെ ഒരു ആത്മീയ ഗുരുവായിരുന്നുകൊണ്ട് ഇതിന്‍റെ പൂര്‍ണ്ണാധികാരവും മലങ്കര സഭയ്ക്കായി എഴുതികൊടുത്തു. കൂടാതെ തന്‍റെ പിതൃസ്വത്തായി അയര്‍ലണ്ടിലുണ്ടായിരുന്നതും അദ്ദേഹത്തിന്‍റെ ശമ്പളം മുഴുവും ഈ പ്രസ്ഥാനത്തിനായി ചെലവഴിക്കുകയും ചെയ്തു.

ആശ്രമാംഗങ്ങള്‍ യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യന്മാരാകുക, ദൈവരാജ്യത്തിന്‍റെ തത്വങ്ങള്‍ എല്ലാവിധത്തിലും അനുസരിച്ച് ജീവിച്ചുകൊണ്ട് മറ്റുള്ളവരെ ശിഷ്യരാക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ പ്രവര്‍ത്തനമാരംഭിച്ചു. ആരാധനയെ കേന്ദ്രീകരിച്ചായിരുന്നു ആശ്രമാംഗങ്ങളുടെ ജീവിതം. പ്രവര്‍ത്തനത്തില്‍ ആരാധന, പഠനം, സേവനം എന്നിവയ്ക്കു പ്രാധാന്യം നല്‍കി, വളരെ ലളിതമായും സന്തുഷ്ടമായും ജീവിച്ചുപോന്നു. ആശ്രമത്തിന്‍റെ ബാഹ്യമായ പ്രവര്‍ത്തനത്തെക്കാളുപരി ഗ്രാമീണരുടെ സാമൂഹികവും, സാമ്പത്തികവും, മതപരവുമായ പുനരുദ്ധാരണത്തെപ്പറ്റി ചിന്തിച്ച് അവരുടെ വികസത്തിനാവശ്യമായ ഗതാഗതം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, ആരോഗ്യസേവനം തുടങ്ങിയ കാര്യങ്ങളില്‍ ആശ്രമാംഗങ്ങള്‍ ശ്രദ്ധാലുക്കളായി. ഇവരുടെ പ്രവര്‍ത്തനം കണ്ട് സ്ത്രീകളടക്കം അനേകം ആളുകള്‍ ആശ്രമത്തിലെ താല്‍ക്കാലിക അംഗത്വം സ്വീകരിച്ച് പ്രവര്‍ത്തനങ്ങളില്‍ ഉത്സുകരായി. ബിഷപ്പ് വാല്‍ഷിനോടും മിസ്സിസ് വാല്‍ഷിനോടുമൊന്നിച്ച് ഗ്രാമത്തിലെ രോഗികളെയും ശിശുക്കളെയും പ്രയാസത്തിലിരിക്കുന്നവരെയും സന്ദര്‍ശിക്കുകയും അവര്‍ക്കുപദേശങ്ങള്‍ നല്‍കുകയും അവരോടൊന്നിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തുവന്നു. അവരുടെ വീടുകളില്‍ വച്ചുതന്നെ ഗ്രാമീണ സ്ത്രീകള്‍ക്ക് ആരോഗ്യം, ശുചിത്വം, ശിശുസംരക്ഷണം എന്നിവയെപ്പറ്റി അറിവുപകര്‍ന്നു കൊടുക്കുന്നതിനും ഈ അവസരം അവര്‍ ഉപയോഗിച്ചു.

തടാകം ഗ്രാമത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ആശ്രമാംഗങ്ങളുടെ ശ്രദ്ധ അവിടെനിന്നും 30 കി.മി അകലെയുള്ള അട്ടപ്പാടിയിലേക്കും തെങ്കരയിലേക്കും തിരിഞ്ഞു. ഇടംകൈയ്യും വലംകൈയ്യും തിരിച്ചറിയാനാവാത്തവിധം പ്രാകൃതരീതിയില്‍ ജീവിച്ചിരുന്ന ആദിവാസികളാണ് അട്ടപ്പാടിയിലുണ്ടായിരുന്നത്. ഒരു ഗ്രാമത്തില്‍ 25 കുടുംബങ്ങള്‍ എന്ന തോതില്‍ നൂറില്‍പരം ഗ്രാമങ്ങള്‍. ആരുടേയും സഹായം എത്താതിരുന്ന ഇവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ബിഷപ് വാല്‍ഷും കൂട്ടരും വളരെയധികം ത്യാഗമനുഭവിച്ചു. അതോടൊപ്പം അട്ടപ്പാടിയില്‍ നിന്നും 10 കി.മി അകലെയുള്ള തെങ്കരയിലും ആശ്രമത്തിന്‍റെ ഒരു ശാഖ വളര്‍ന്നുവരുന്നതിന് ഫാ. വി.സി. ഗീവര്‍ഗ്ഗീസിന്‍റെ നേതൃത്വത്തില്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നും ആ ശാഖ വളരെ ശക്തമായി പ്രവര്‍ത്തിക്കുന്നു.

ബിഷപ് വാല്‍ഷിന് സഭാവൃത്തങ്ങളില്‍ വമ്പിച്ച മതിപ്പും സ്വാധീനവും ഉണ്ടായിരുന്നതിനാല്‍ ആശ്രമം ധ്യാന കേന്ദ്രങ്ങളുടേയും ക്യാമ്പുകളുടേയും കോണ്‍ഫറന്‍സുകളുടേയും ഒരു സിരാകേന്ദ്രമായി മാറി. അങ്ങനെ ആശ്രമങ്ങളുടെ ഇന്റര്‍ഫെലോഷിപ്പ് കോണ്‍ഫറന്‍സുകളിലും തടാകം ആശ്രമത്തിന് അംഗത്വം ലഭിച്ചു. അന്നു തുടങ്ങിയ സമ്മര്‍ക്യാമ്പുകള്‍ ഇന്നും ആശ്രമത്തില്‍ തുടരുന്നു.

ഇന്ത്യയില്‍ രോഗശാന്തി ശുശ്രൂഷ നടത്തിയ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിലെ പ്രഥമ ബിഷപ്പാണ് പക്കന്‍ഹാം വാല്‍ഷ്. ” നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ അവന്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ എണ്ണപൂശി അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ” (യാക്കോബ് 5 : 14) ഈ വേദഭാഗത്തെ ആസ്പദമാക്കികൊണ്ടുള്ള രോഗശാന്തി പ്രവര്‍ത്തനമായിരുന്നു ബിഷപ്പിന്‍റെത്. ബിഷപ്പ് ഏതൊരു രോഗിയേയും എണ്ണപൂശി തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കും. അതിനായി രോഗിയെ ഒരുക്കുന്നതോടൊപ്പം ശുശ്രൂഷകും ഒരുങ്ങുമായിരുന്നു. രോഗികളുടെ വൈദ്യനായ ക്രിസ്തുവിനാണ് ഇതില്‍കൂടി പ്രാധാന്യം നല്‍കിയിരുന്നത്. ബിഷപ്പിനോട് ചേര്‍ന്ന് രോഗികളെ ശുശ്രൂഷിച്ചും അവര്‍ക്ക് സ്നേഹവാല്‍സല്യം ചൊരിഞ്ഞുകൊടുത്തുകൊണ്ട് മിസ്സിസ് വാല്‍ഷും ആ ദൈവീക പദ്ധതിയില്‍ പങ്കുചേര്‍ന്നു. ത്യാഗത്തിന്‍റെ പ്രതിരൂപമായിരുന്ന ആ മെലിഞ്ഞ ശരീരത്തില്‍ വലിയ കഴിവും അസാമാന്യബുദ്ധിയും അതിശ്രേഷ്ഠ സ്വഭാവവും ഇച്ഛാശക്തിയും ഭരണപരമായ സാമര്‍ത്ഥ്യവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു ധന്യവനിതാ രത്മായിരുന്നു മമ്മി. ഉന്നതമായ സന്യാസ ജീവിതാദര്‍ശത്തെ മുറുകെ പിടിച്ചിരുന്ന മമ്മി ലളിതജീവതത്തിന്‍റെയും സ്വയത്യാഗസേവനത്തിന്‍റെയും മൂര്‍ത്തീകരണവുമായിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കുവേണ്ടി തന്‍റെ ഭര്‍ത്താവിനെപ്പേലെ സ്വയം പ്രതിഷ്ഠിച്ച മമ്മി ഓര്‍ത്തഡോക്സ് സഭയ്ക്കു മാത്രമല്ല മറ്റുസഭകള്‍ക്കും ഒരു വെല്ലുവിളിയായി തുടരുകയാണ്. കണ്ടിട്ടുള്ള ആര്‍ക്കും തന്നെ മമ്മിയുടെ ലാളിത്യത്തിന്‍റെ സമ്പന്നമായ സൌന്ദര്യവും പ്രതിഷ്ഠാ ജീവിതത്തിന്‍റെ ജ്വലിക്കുന്ന തീനാളവും വിശുദ്ധിയുടെ കണ്ണഞ്ചിക്കുന്ന തിളക്കവും ഒരിക്കലും വിസ്മരിക്കാനാവില്ല.

അനേകം രോഗികളെ സൌഖ്യമാക്കിയിട്ടുള്ള ബിഷപ്പ് വാല്‍ഷ് തന്‍റെ വാര്‍ദ്ധക്ക്യകാല രോഗങ്ങളെയെല്ലാം നേരിടുവാന്‍ തക്കവണ്ണം പ്രാര്‍ത്ഥിക്കുന്നതോടൊപ്പം തന്‍റെ ചുറ്റുമുള്ള രോഗികളെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. രോഗികളുടെ മദ്ധ്യസ്ഥനും ആത്മീയവഴികാട്ടിയും ആയ ഈ പുണ്യപിതാവ് തന്‍റെ ഭൌമീക ലോകത്തില്‍ നിന്നും ദൈവത്തിന്‍റെ അടുക്കലേക്ക് യാത്രയാകുവാന്‍ വെമ്പല്‍കൊണ്ടു. അങ്ങനെ 1959 ജുവരി 9-ന് ദൈവസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടു. ആശ്രമചാപ്പലിന്‍റെ വലതുവശം ചേര്‍ന്നുള്ള കല്ലറയില്‍ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം അവിടുത്തെ സാധാരണക്കാരെപ്പേലെ പായില്‍ പൊതിഞ്ഞ് അടക്കം ചെയ്തു. മൂന്നുവര്‍ഷത്തിനുശേഷം ത്യാഗത്തിന്‍റെ പ്രതിരൂപമായിരുന്ന മിസ്സിസ് ക്ളാര വാല്‍ഷും ഈ ലോകത്തില്‍ നിന്നും യാത്രയായി തന്‍റെ പ്രിയഭര്‍ത്താവിനോടൊരുമിച്ച് കര്‍ത്താവിന്‍റെ സന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടു. നിത്യതയിലേയ്ക്കു പ്രവേശിച്ച ഇരുവരുടേയും ആത്മാക്കള്‍ അവരുടെ എല്ലാമായിരുന്ന തടാകം ആശ്രമത്തിന്‍റെയും മലങ്കരസഭയുടേയും മീതെ സസന്തോഷം മാലാഖമാരെപ്പോലെ പറന്നു പരിവര്‍ത്തിക്കുന്നത് നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാവില്ലെങ്കിലും അതൊരു യാഥാര്‍ത്ഥ്യമാണ്.

ബിഷപ്പിന്‍റെ കാലശേഷം ആശ്രമത്തെ മുന്നോട്ട് നയിച്ചത് അലക്സിയോസ് മാര്‍ തേവോദോസിയോസ് തിരുമേനിയും ഫാ.കെ.സി വര്‍ഗ്ഗീസും ഫിലിപ്പോസ് തോമസും (ഫിലിപ്പോസ് മാര്‍ യൌസേബിയോസ്) ആയിരുന്നു. 1955-ല്‍ ബിഷപ്പിന്‍റെ പ്രവര്‍ത്തനങ്ങളിലും ആശ്രമ ജീവിതത്തിലും ആകൃഷ്ടനായ ഫിലിപ്പോസ് എന്ന യുവാവ് തന്‍റെ റെയില്‍വേ ജോലി രാജിവച്ച് ആശ്രമത്തില്‍ അംഗത്വം സ്വീകരിച്ചു. തുടര്‍ന്ന് തടാകം ആശ്രമത്തിന്‍റെ ആചാര്യയായും വിസിറ്റര്‍ ബിഷപ്പായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു തിരുമേനിയുടെ വാക്കുകളിലൂടെ, സഭയുടെ അംഗമല്ലാതിരുന്നിട്ടും ഇത്രമാത്രം ത്യാഗബുദ്ധിയോടുകൂടി സേവനം ചെയ്ത വേറൊരു മനുഷ്യന്‍ ലോകത്തില്ല. അങ്ങനെയുള്ള ഒരു പിതാവ് മലങ്കരസഭയെ സ്നേഹിച്ചിട്ടും അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണ നിലനിര്‍ത്തുവാന്‍ ഇന്നും ആര്‍ക്കും സാധിച്ചിട്ടില്ല. ഇത് ഭാഗ്യസ്മരണാര്‍ഹായ ഈ പിതാവിന്‍റെ വേദനയായി ഇന്നും നിലനില്‍ക്കുന്നു.

ഒരു ക്രൈസ്തവാശ്രമമെന്ന നിലയിലുള്ള സാധാരണ ധര്‍മ്മങ്ങള്‍ക്കു പുറമെ തടാകത്തിന്‍റെ മുഖ്യസേവന പ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ ബിഷപ്പ് വാല്‍ഷ് മെമ്മോറിയല്‍ മിഷന്‍ ആശുപത്രിയുടെ സ്ഥാപനവും വളര്‍ച്ചയും എടുത്തു പറയേണ്ടതുണ്ട്. രോഗശാന്തിവരമുണ്ടായിരുന്ന ബിഷപ്പ് ഹെര്‍ബര്‍ട്ട് പക്കന്‍ഹാം വാല്‍ഷ് ആശ്രമത്തിന്‍റെ ആരംഭം മുതലേ രോഗികള്‍ക്കു വൈദ്യസഹായം ആവശ്യമാണെന്നു കരുതി ചെറിയതോതില്‍ ഡിസ്പന്‍സറികള്‍ ക്രമീകരിച്ചിരുന്നു. തടാകം ആശ്രമത്തിന്‍റെ ആദ്യകാലങ്ങളില്‍ നേഴ്സിംഗ്, പ്രഥമ ശുശ്രൂഷ എന്നീ രംഗങ്ങളിലായിരുന്നു മിസ്സിസ് വാല്‍ഷിന്‍റെയും സിസ്റര്‍മാരുടേയും നേതൃത്വത്തില്‍ ആതുരസേവനം ആരംഭിച്ചത്. ഇന്ന് ഇത് 60 ബെഡ്-ഓടുകൂടിയ നല്ലൊരു ഹോസ്പിറ്റല്‍ ആയി പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം വാല്‍ഷ് മെമ്മോറിയല്‍ മിഷന്‍ സ്കൂളും, 15 കുട്ടികള്‍ ഉള്ള സെന്റ് ഗ്രിഗോറിയോസ് ബാലഭവനും, നല്ലൊരു ക്ളിനിക്കും ഇന്ന് തടാകത്തിന്‍റെ പ്രവര്‍ത്തനമേഖലയില്‍ പെടുന്നു. കൂടാതെ ഇന്റര്‍ഫെലോഷിപ്പ് അംഗത്വമുള്ള തടാകം ആശ്രമത്തിന് വെല്ലൂര്‍ CMC-യിലേക്ക് M B B S – MD അടക്കം വിവിധ കോഴ്സുകളിലേക്ക് കുട്ടികളെ Sponsoring ചെയ്യുന്നതിന് സാധിക്കുന്നു. അതും ഈ പ്രസ്ഥാനം വഴി മലങ്കര സഭയ്ക്ക് ഒരു മുതല്‍ കൂട്ടാണ്.

ഇന്ന് ഈ ആശ്രമത്തെ മലങ്കര സഭയുടെ കാതോലിക്കായും മുന്‍ ബിഷപ്പുമായിരുന്ന പൌലോസ് ദ്വിതിയന്‍ ബാവയുടെ അനുഗ്രഹാശ്ശിസ്സുകളും സുന്നഹദോസ് അംഗങ്ങളായ എല്ലാ പിതാക്കന്മാരുടെ പിന്തുണയും ഇപ്പോഴത്തെ വിസിറ്റര്‍ ബിഷപ്പായിരിക്കുന്ന സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനിയുടേയും ഇപ്പോഴത്തെ ആക്റ്റിങ്ങ് ആചാര്യയായിരിക്കുന്ന Rev.Fr.N.M George നേതൃത്വവും ദീര്‍ഘനാളായി ആശ്രമാംഗമായിരിക്കുന്ന കെ.വി യാക്കോബ് റമ്പാച്ചന്‍റെയും മറ്റ് ആശ്രമാംഗങ്ങളുടേയും ബോര്‍ഡ് അംഗങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ തടാകത്തെ മുന്നോട്ട് നയിക്കുന്നു എന്നത് സ്തുത്യര്‍ഹമായ കാര്യമാണ്. എന്നാല്‍ ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ ആശ്രമത്തിലെ അംഗങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. കാരണം മലങ്കരസഭയുടെ ഏറ്റവും വലിയ പ്രശ്നമായ ആശ്രമങ്ങളിലെ അംഗങ്ങളുടെ കുറവും ഇവിടുത്തെ സാമ്പത്തിക പരാധീനതയും ഇതിന്‍റെ വളര്‍ച്ചയെ ബാധിക്കുന്നു എന്നുള്ളതാണ്. ഇത്ര ദീര്‍ഘവീക്ഷണത്തോടെ മലങ്കരസഭയുടെ മിഷന്‍ പ്രവര്‍ത്തനത്തിന് നാന്ദികുറിച്ചിടം ശൂന്യവല്‍ക്കരിക്കപ്പെടാതിരിക്കാന്‍ നമുക്കു ശ്രദ്ധിക്കാം. അതിനായി വൈദീക സെമിനാരിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്നവരും സഭയിലെ അതുര സേവനരംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രവര്‍ത്തിക്കാന്‍ സേവന മനോഭാവമുള്ള അംഗങ്ങളെ വിടുവാന്‍ സഭ ശ്രമിച്ചാല്‍ ഈ ആശ്രമത്തിനും മലമേല്‍ ശോഭിക്കുന്ന വിളക്കുപോലെ പ്രകാശം പരത്തുവാനും ശക്തമായ ഒരു വളര്‍ച്ചയുടെ പാതയിലേയ്ക്ക് ഉയരുവാനും സാധിക്കും എന്നതില്‍ തര്‍ക്കമില്ല.

മലങ്കര സഭയ്ക്കുവേണ്ടി തങ്ങളെത്തന്നെ സ്വയം സമര്‍പ്പിക്കുകയും തടാകം ക്രിസ്തുശിഷ്യാശ്രമ സ്ഥാപനത്തിലൂടെയും മറ്റും സഭയുടെ സുവിശേഷ-സേവ-മിഷന്‍ പ്രവര്‍ത്തനങ്ങളിലെ ചുമതലകളിലേയ്ക്ക് വിരല്‍ ചൂണ്ടുകയും എക്യുമെനിക്കല്‍ പ്രസ്ഥാനത്തിലൂടെ സഭയിലും സമൂഹത്തിലും സമാധാത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ബിഷപ്പ് ഹെര്‍ബര്‍ട്ട് പക്കന്‍ഹാം വാല്‍ഷിന്‍റെയും മിസ്സിസ് ക്ളാരാ വാല്‍ഷിന്‍റെയും ത്യാഗനിര്‍ഭരമായ ജീവിതം നമുക്ക് ഒരു മാതൃകയാണ്. അവരുടെ നിശ്ശബ്ദ സേവനത്തിന്‍റെ ആഴവും പരപ്പും മലങ്കര സഭാമക്കള്‍ക്കു വേണ്ട വിധത്തില്‍ അറിയുന്നതിനും മനസ്സിലാക്കുന്നതിനും അതിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനും സാധിച്ചില്ല എന്നത് ഒരു വസ്തുതയാണ്. തടാകം ആശ്രമം മലങ്കര സഭയ്ക്കു ഒരു സ്വത്തും അതേസമയം ഒരു വെല്ലുവിളിയുമാണ്. വേണ്ടത്ര ആളുകളും അര്‍ത്ഥവും ആവശ്യമായ ഈ പ്രസ്ഥാനത്തിന് സഭ ഇന്നു നല്‍കുന്ന ശ്രദ്ധ അപര്യാപ്തമാണ്. സഭയുടെ നവോത്ഥാനം ആശ്രങ്ങളിലൂടെയും പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഭാവനയും ദര്‍ശനവും സഭ നേടേണ്ടിയിരിക്കുന്നു എന്ന ഈ ആത്മീയ ഗുരുവിന്‍റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ നമുക്കു സാധിക്കുമോ?