Ancient Parishes

കുന്നക്കുരുടി സെന്‍റ് ജോർജ്ജ് ദേവാലയം

   മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പുരാതന ദേവാലയമാണ് കുന്നക്കുരുടി പള്ളി. ഈ ദേവാലയത്തെ സംബന്ധിച്ച് മുൻഗാമികളിൽ നിന്നും പറഞ്ഞു കേട്ടിട്ടുള്ള അറിവുകളല്ലാതെ വ്യക്തമായ രേഖകളെന്നും ലഭ്യമല്ല. ആദ്യ ദേവാലയം പണിയുന്നതിനു് വർഷങ്ങൾക്ക് മുമ്പ് തന്നെ മാറാച്ചേരി മാത്തുണ്ണി തരകന്റെ കുടുംബമാളികയിൽ ഒരു മുറി സജ്ജമാക്കി ആരാധന നടത്തിവന്നിരുന്നു. അതിപുരാതനവും പ്രശസ്തവുമായ കടമറ്റം പള്ളിയിൽ നിന്നു പിരിഞ്ഞു പോന്നിട്ടുള്ളതാണ് ഈ ഇടവകപള്ളി. മദ്ബഹയുടെ കരിങ്കൽ നടയിലും മച്ചിന്റെ ശിലാന്തിയിലും കൊത്തി വച്ചിരിക്കുന്നതിൽ നിന്നും കൊല്ലവർഷം 890 ൽ (AD 17 14) ആദ്യ ദേവാലയം പണി തീർത്തു എന്ന് കാണാം.

    വർഷങ്ങൾ കഴിയുന്തോറും വിശ്വാസികളുടെ എണ്ണം വർദ്ധിച്ചു വന്നു കൊണ്ടിരുന്നു എന്നതിനാൽ പള്ളി കൂടുതൽ സൗകര്യപ്രദമായി പണിയേണ്ടത് ആവശ്യമായി വന്നു. മാത്തുണ്ണി തരകന്റെ കുടുംബത്തിലെ പിൻഗാമിയായ ചേലാട്ട് ബഹു. ഇത്താപ്പിരി കത്തനാരുടെ(ചേലാട്ടച്ചൻ) നേത്യത്വത്തിലും ബഹുമാന്യരായ നാരകത്ത് മത്തായി കത്തനാർ, പുളിനാട്ട് ഇത്താപ്പിരി കത്തനാർ, കീപ്പനശ്ശേരിൽ മത്തായി കത്തനാർ എന്നിവരുടെ സഹകരണത്തിലും ഇന്നു കാണുന്ന ദേവാലയത്തിന് 1070 മേടമാസം 24-ാം തീയതി (10 – 5 -1894) അങ്കമാലി-കോട്ടയം മെത്രാപ്പോലീത്താ മാർ അത്താനാസിയോസ് തിരുമേനി കല്ലിട്ടു. 1077 വൃശ്ചികമാസം 25-ാം തീയതി (11-12 – 1901) മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടിൽ മാർ ദിവന്നാസ്സിയോസ് രണ്ടാമൻ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിലും മാർ അത്താനാസിയോസ്, മാർ ഈവാനിയോസ്, മാർ ഗ്രീഗോറിയോസ് (പരുമല തിരുമേനി) എന്നി മെത്രാപ്പോലീത്താമാരുടെ സഹകരണത്തിലും പള്ളിയുടെ കൂദാശ നടത്തപ്പെട്ടു. സഭ എഴുപതുകളിൽ രണ്ടാമതും പിളർന്നപ്പോൾ ഭദ്രാസന മെത്രാപ്പോലീത്ത തെയോഫിലോസ് തിരുമേനിയോടൊപ്പം ഉറച്ചു നിന്ന ഏക വലിയ ഇടവകയായിരുന്നു കുന്നക്കുരുടി പള്ളി.

    പരിശുദ്ധ യാക്കോബ് ബുർദ്ദാനയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള മലങ്കരയിലെ ഏക ദേവാലയമാണ് കുന്നക്കുരുടി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ. ഈ പള്ളിയിൽ തിരുശേഷിപ്പ് സ്ഥാപിച്ചത് പുലിക്കോട്ടിൽ മാർ ദിവന്നാസ്യോസ് ആണ് 1865 നും 1867 നും ഇടയിലാണെന്നാണ് നിഗമനം. ഈ ഇടവക സ്ഥാപിച്ചിട്ട് 300 വർഷവും ഇപ്പോഴത്തെ പള്ളി സ്ഥാപിച്ചിട്ട് 100 വർഷവും തികയുന്ന 2001 -ാം മാണ്ട് മൂന്നാം ശതാബ്ദി അഘോഷാവസരത്തിൽ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വീതിയൻ കാതോലിക്ക ബാവ കത്തീഡ്രലായി പ്രഖ്യാപിച്ചു.