OVS - ArticlesOVS - Latest News

പരി.ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായും “പിറവം മര്‍ദ്ദനവും

പുഷ്പശയ്യയെന്നു വിശേഷിപ്പിക്കപ്പെടുന്ന മെത്രാപ്പോലീത്താ സ്ഥാനം ഏറ്റശേഷം, ഔഗേന്‍ മാര്‍ തിമോത്തിയോസിന്‍റെ യാത്ര മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെത്തന്നെയായിരുന്നു. മലങ്കര സഭാഭാസുരനായ വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായേക്കാള്‍ പ്രയാസങ്ങളും പീഡനങ്ങളും ‘പലവട്ടം പട്ടിണിയും’ സഹിക്കേണ്ടി വന്നിട്ടുണ്ട്. അന്ത്യോക്യയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുമായി നല്ല ബന്ധം അഭംഗം തുടരണമെന്നാഗ്രഹിച്ച അദ്ദേഹം അവിടെനിന്നുള്ള നീതിരഹിതമായ പ്രതികരണങ്ങളില്‍ അസന്തുഷ്ടനുമായിരുന്നു. എങ്കിലും സഭയില്‍ സമാധാനം ഉണ്ടാക്കേണ്ടത് സഭയുടെ ഇന്ത്യയിലെ ദൗത്യ വിജയത്തിനും ലക്ഷ്യനേട്ടത്തിനും അത്യന്താപേക്ഷിതമാണെന്നു കണ്ട മാര്‍ തിമോത്തിയോസ് അടങ്ങിയിരുന്നില്ല.

1938 -ല്‍ പാത്രിയര്‍ക്കീസ് ഭാഗക്കാര്‍, പഴയസെമിനാരിയില്‍ താമസിക്കുന്ന ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ എന്നു കൂടി അറിയപ്പെടുന്ന ‘കല്ലാച്ചേരില്‍ പുന്നൂസിനെ’ ഒന്നാം പ്രതിയാക്കി കോട്ടയം ജില്ലാക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പാത്രിയര്‍ക്കീസിനുമാത്രം അവകാശപ്പെട്ട സ്ഥാനവും ചുമതലകളും കാതോലിക്കോസിനു നല്‍കുകയും ഒരു ഭരണഘടന ഉണ്ടാക്കി പ്രതികള്‍ പുതിയ സഭ സ്ഥാപിക്കുകയും ചെയ്തു എന്നായിരുന്നു അന്യായത്തിലെ പ്രധാന ആരോപണം. കേസു വാദംകേട്ട സ്പെഷല്‍ ജഡ്ജി ബി. കൃഷ്ണയ്യര്‍, യഥാര്‍ത്ഥ കാനോന്‍, അബ്ദല്‍ മിശിഹായുടെ മുടക്ക് എന്നീ കാര്യങ്ങളില്‍ മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ കൊടുത്ത മൊഴി കള്ളമാണെന്നു സമര്‍ത്ഥിക്കുകയും അവയെ ഒരു മേല്പട്ടക്കാരന്‍റെ ‘അവിശുദ്ധ പ്രവൃത്തി’ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഒരു കത്തിലെ തീയതിയും കാനോന്‍ സംബന്ധിച്ച തിരുത്തുമാണ് പരസ്യമായി മാര്‍ യൂലിയോസിനെ കള്ളനെന്നു വീണ്ടും മുദ്രയടിക്കാന്‍ ഇടയാക്കിയത്.

അബ്ദല്‍ മിശിഹാ 1912-ല്‍ സ്ഥാപിച്ച കാതോലിക്കേറ്റ് സാധുവാണെന്നു കാണിച്ചു ഔഗേന്‍ മാര്‍ തിമോത്തിയോസ് പ്രസിദ്ധപ്പെടുത്തിയ ലഘുലേഖയില്‍ തീയതി സംബന്ധിച്ചുവന്ന ഒരു പരാമര്‍ശനമാണ് യൂലിയോസിനെ വെട്ടിലാക്കിയത്. 1943-ല്‍ ഉണ്ടായ കോട്ടയം കോടതിവിധി കാതോലിക്കാഭാഗത്തേക്ക് വളരെ അനുകൂലമായിരുന്നു. എന്നാല്‍ വിധിക്കു മുമ്പുതന്നെ ചില സമാധാനാലോചനകള്‍ നടന്നുകൊണ്ടിരുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് ആലുവായിലേത്.

താന്‍ നേതൃത്വം കൊടുത്ത ആലുവായിലെ സമാധാനശ്രമം വിജയത്തിന്‍റെ വക്കില്‍ എത്തിയശേഷം തകര്‍ന്നതില്‍ കുണ്ഠിതനായ ഔഗേന്‍ മാര്‍ തിമോത്തിയോസ് സമാധാനശ്രമങ്ങളെപ്പറ്റിയും പാത്രിയര്‍ക്കീസുഭാഗത്തെ ചതിയെപ്പറ്റിയും കണ്ടനാട് പള്ളിപ്രതിപുരുഷയോഗത്തില്‍ വിവരിച്ചശേഷം കാതോലിക്കാബാവായെ സ്വീകരിച്ചു. സഭയുടെ പുരോഗതിക്കും സ്വാതന്ത്ര്യത്തിനും കാതോലിക്കാ സിംഹാസനം കൂടിയേതീരു എന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. അങ്ങനെ അദ്ദേഹവും ഭദ്രാസനവും 1942 ഒക്ടോബര്‍ 7-നു കാതോലിക്കേറ്റിന്‍റെ കൊടിക്കീഴില്‍ വന്നു. മറുപക്ഷത്തിന്‍റെ എതിര്‍പ്പും തന്ത്രങ്ങളും മൂലം ഭദ്രാസനത്തിലെ മിക്ക പള്ളികളും പിന്നീട് ഇടയനെ തള്ളിപ്പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങള്‍ തിരമാലകള്‍പോലെ ആഞ്ഞടിച്ചു. പക്ഷേ ആഴത്തില്‍ വേരോടിയ ആ വടവൃക്ഷം മറിഞ്ഞുവീണില്ല. ഇതേ തുടര്‍ന്നാണ് കുപ്രസിദ്ധമായ പിറവം മര്‍ദ്ദനം ഉണ്ടായത്.

കാതോലിക്കേറ്റിന്‍റെ കീഴില്‍വന്നശേഷം മൂവാറ്റുപുഴയിലെ ഒരു ഷെഡ്ഡില്‍ താമസിച്ച തിമോത്തിയോസ് തിരുമേനിയെ ആപല്‍ഘട്ടത്തില്‍ ഭദ്രാസനത്തിലെ ചുരുക്കം ചില പള്ളികള്‍ മാത്രമാണ് സഹായിച്ചത്. യാമ പ്രാര്‍ത്ഥനകളിലും നോമ്പിലും ഉപവാസത്തിലും നിന്നു വ്രതനിഷ്ഠനായ തിരുമേനിയുടെ ദൃഢനിശ്ചയത്തില്‍ നിന്നും മാറ്റാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഒരിക്കല്‍ തന്‍റെ മാതൃസഹോദരിപുത്രനായ വയലിപ്പറമ്പില്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ മൂവാറ്റുപുഴയില്‍ വന്ന് വളരെയധികം വാഗ്ദാനങ്ങള്‍ നല്‍കി മാര്‍ തിമോത്തിയോസിനെ പാത്രിയര്‍ക്കീസ് പക്ഷത്തേക്കു തിരിച്ചു പിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലിച്ചില്ല.

മാനുഷിക മൂല്യങ്ങള്‍ക്ക് അന്യനും മലങ്കരയിലെ പിളര്‍പ്പിന്‍റെ കപ്പിത്താനുമായിരുന്ന മാര്‍ യൂലിയോസിനു പിടികിട്ടാതിരുന്ന രണ്ട് മേല്പട്ടക്കാരായിരുന്നു മാര്‍ തിമോത്തിയോസും കൊച്ചി ഇടവകയുടെ മാര്‍ സേവേറിയോസും. 1958 -നു ശേഷമാണ് മാര്‍ സേവേറിയോസ് കാതോലിക്കേറ്റിന്‍റെ കീഴില്‍ വന്നത്. മൂവാറ്റുപുഴയില്‍ തള്ളിക്കളഞ്ഞ മൂലക്കല്ലായി സ്ഥിതിചെയ്തപ്പോള്‍ മാര്‍ തിമോത്തിയോസിനെ റോമാസഭയിലേക്ക് ക്ഷണിക്കാന്‍ ചിലര്‍ മോഹന വാഗ്ദാനങ്ങളുമായി എത്തി സ്ഥാനമാനങ്ങള്‍ നീട്ടി. ഇവരില്‍ ദൈവ മുമ്പാകെ ചെയ്ത പ്രതിജ്ഞകള്‍ കാറ്റില്‍ പറത്തി ഓര്‍ത്തഡോക്സ് സഭവിട്ട് റോമാസഭയില്‍ ചേര്‍ന്ന ചീരാത്തോട്ടം ഫാ. സി. എ. ഏബ്രഹാം, ഫാ. റ്റി. വി. ജോണ്‍ (യു. സി. കോളജ്), ഫാ. വി. സി. ഗീവറുഗീസ് (ആലുവ) എന്നിവര്‍ ഉള്‍പ്പെടുന്നു. മൂവാറ്റുപുഴ നിര്‍മ്മലാ കോളജിന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ ഫാ. മൂത്തേടം ലക്ഷ്യപ്രാപ്തിക്കായി ചില കത്തുകള്‍ അയച്ചിരുന്നു. തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസും സഭാ പരിവര്‍ത്തനത്തിനായി ശ്രമിച്ചു. പ്രലോഭനങ്ങള്‍ മൂവാറ്റുപുഴ ആറുപോലെ പെരുകി എങ്കിലും ഒരിക്കലായി ഭരമേല്പിച്ച വിശ്വാസത്തിന്‍റെ ഘാതകനാകാന്‍, പാറപോലെ ഉറച്ചു നിന്ന അദ്ദേഹം തയ്യാറായില്ല. മലങ്കരയില്‍ സഭ സ്ഥാപിച്ചത് മാര്‍ത്തോമ്മാ ശ്ലീഹായാണെന്നും ഇതര സഭകള്‍ക്ക് അതിന്മേല്‍ അധികാരമില്ലെന്നും കിഴക്കിന്‍റെ അപ്പസ്തോലനും പ്രഥമ മെത്രാനും മാര്‍ത്തോമ്മായാണെന്നും വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തുവന്ന മാര്‍ തിമോത്തിയോസ് റോമാ സഭയുടെ നാണയങ്ങളും സ്ഥാനമാനങ്ങളും തൃണവല്‍ഗണിച്ചു. സത്യവിശ്വാസവും തത്വങ്ങളും, മിന്നുന്ന നശ്വരമായ നാണയങ്ങളുടെ മുമ്പില്‍ കൂടുതല്‍ ശോഭിക്കുമെന്ന് സ്വയം കാണിച്ചുകൊടുത്ത തിരുമേനി കൂടുതല്‍ പ്രകാശിക്കുകയായിരുന്നു.

മലങ്കരസഭയില്‍ കേസുണ്ടെന്നും പൂര്‍ണ്ണതയ്ക്കുവേണ്ടിയാണു താന്‍ സഭ വിടുന്നതെന്നും പറഞ്ഞുകൊണ്ട് ബഥനി മാര്‍ ഈവാനിയോസ് റോമാ സഭയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം മലങ്കരസഭയിലെ പല പ്രമുഖ വ്യക്തികളെയും റോമാസഭയില്‍ ചേരാന്‍ ക്ഷണിച്ചു. മറ്റുസഭകളില്‍ കാണുന്നതിനേക്കാള്‍ പ്രഗല്‍ഭരായ ഒട്ടധികം വ്യക്തികളുള്ള സഭയാണ് റോമാ സഭയെന്നും ക്ഷണക്കത്തില്‍ പറഞ്ഞിരുന്നു. സഭയില്‍ എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ സാധാരണക്കാരായ ചിലര്‍ സഭ മാറുക പതിവാണെങ്കിലും സഭാ സംബന്ധമായ അറിവും സഭയോടു കൂറും തത്വദീക്ഷയുമുള്ള സമുന്നത വ്യക്തികളെ അത്തരം പ്രശ്നങ്ങള്‍ ഒന്നും അലട്ടുകയില്ലെന്നാണ് ഔഗേന്‍ മാര്‍ തിമോത്തിയോസിന്‍റെ മഹത്തായ മാതൃക വ്യക്തമാക്കുന്നത്.

മാര്‍ ഔഗേന്‍ ബാവായുടെ തദ്വാരാ മലങ്കരസഭയുടെയും ചരിത്രത്തിലെ കറുത്ത ഒരദ്ധ്യായമാണു പിറവം സംഭവം. പ്രബുദ്ധമായ പിറവം വലിയപള്ളി ഇടവകയ്ക്കു ഇന്നും മായിച്ചുകളയാനാവാത്ത ഒരു കളങ്കമാണത്. ആ “ഇരുട്ടറവധം” മൂലം പ്രതികള്‍ ലോകത്തിന്‍റെ ദൃഷ്ടിയില്‍ അപമാനിതരായി. ദൈവകോപം അവരുടെമേല്‍ ചൊരിഞ്ഞു. അടികൊണ്ട ആള്‍ അഗ്നികുണ്ഡത്തിലെ കനകം പോലെ ശോഭിച്ചു.

ഔഗേന്‍ ബാവായെ ഒരു ‘സഹദാ’യുടെ പദവിയിലേക്കുയര്‍ത്തിയ ഈ മര്‍ദ്ദനത്തിന്‍റെ യഥാര്‍ത്ഥ ചിത്രം ഇതുവരെയും വരമൊഴിയായി വന്നിട്ടില്ലാത്തതുകൊണ്ട് സംഭവസ്ഥലത്തുചെന്ന് ഈ മര്‍ദ്ദനത്തിന്‍റെ ദൃക്സാക്ഷികളായ ചിലരില്‍ നിന്നു ശേഖരിച്ച യഥാര്‍ത്ഥ വിവരങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. യഹോവയുടെ അഭിഷിക്തന്‍റെ മേല്‍ ആരും എത്രതന്നെ പ്രലോഭനം ഉണ്ടായാലും കൈവയ്ക്കാതിരിക്കുന്നതിന് ഈ സംഭവവിവരണം സഹായിക്കുമെന്നു പ്രതീക്ഷിക്കുകയാണ്. 1942. കണ്ടനാട് പള്ളി പ്രതിപുരുഷയോഗം വിളിച്ചുകൂട്ടി. ആ യോഗ തീരുമാനപ്രകാരം ഔഗേന്‍ മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ പ. ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാബാവായെ സ്വീകരിച്ചതിനെ തുടര്‍ന്നുള്ള പെസഹാ വ്യാഴാഴ്ച രാത്രിയാണ് യേശുക്രിസ്തുവിനെപ്പോലെ തിമോത്തിയോസ് മെത്രാപ്പോലീത്തായും സ്വന്തജനങ്ങളാല്‍ അധിക്ഷേപിക്കപ്പെടുകയും കൈയേറ്റം ചെയ്യപ്പെടുകയും ഉണ്ടായത്.

കണ്ടനാട് ഭദ്രാസനം വക പിറവം സെമിനാരിയിലാണ് അന്ന് മെത്രാപ്പോലീത്താ താമസിച്ചുവന്നത്. പെസഹാ ശുശ്രൂഷകള്‍ സെമിനാരിയില്‍ നടത്തിയ ശേഷം തിരുമേനി വിശ്രമിക്കുകയായിരുന്നു. അന്ന് പിറവം പള്ളിയില്‍ ഒരു കമ്മിറ്റിയോഗം ഉണ്ടായിരുന്നു. പിറവം ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ആലപ്പാട്ട് ഡീക്കന്‍ എന്‍.എം. തോമസ് സിറിയന്‍ സ്റ്റുഡന്‍റസ് കോണ്‍ഫറന്‍സ് സെക്രട്ടറിയായി സേവനം ചെയ്യാന്‍ രണ്ടു വര്‍ഷത്തെ അവധിയില്‍ സ്കൂള്‍ വിട്ടതിനെ തുടര്‍ന്ന് അസിസ്റ്റന്‍റിനെ ചുമതല ഏല്പിച്ചു. എന്നാല്‍ സ്കൂള്‍ മാനേജരായിരുന്ന ഒരു വൈദികന്‍ മറ്റൊരു വിവാദ വ്യക്തിയെ മറ്റാരോടും ആലോചിക്കാതെ ഹെഡ്മാസ്റ്ററായി നിയമിച്ചു. ഇതേപ്പറ്റി പള്ളിക്കമ്മിറ്റിയില്‍ ചോദ്യമുണ്ടായപ്പോള്‍ മാനേജരായിരുന്ന അച്ചന്‍ ഇങ്ങനെ പറഞ്ഞു:- “ഞാന്‍ സ്കൂളില്‍ ചെന്നപ്പോള്‍ അവിടെ ഹെഡ്മാസ്റ്റര്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഞാന്‍ ഒരാളെ നിയമിച്ചു.” ഒച്ചപ്പാടുകള്‍ക്കു ശേഷം മെത്രാന്‍ കക്ഷിക്കാര്‍ ഇറങ്ങിപ്പോയി. കമ്മിറ്റിയില്‍ ബാവാക്കക്ഷിക്കാര്‍ക്കായിരുന്നു ഭൂരിപക്ഷം. അവര്‍ അവര്‍ക്കിഷ്ടമുള്ള തീരുമാനങ്ങള്‍ എടുത്തശേഷം കമ്മിറ്റി പിരിഞ്ഞു.

കക്ഷി മത്സരത്തിന്‍റെ ശക്തി കൂടിവന്ന ആ ഘട്ടത്തില്‍ പിറവം ടൗണിലെ ചില പ്രമുഖ വ്യക്തികള്‍ മെത്രാന്‍ ഭാഗത്തും മറ്റു ചിലരും പാഴൂര്‍ – കക്കാടുകര പ്രമാണിമാരും ബാവാഭാഗത്തും നിന്നു പള്ളിക്കാര്യങ്ങള്‍ അവരവര്‍ക്കിഷ്ടമുള്ള രീതിയില്‍ തിരിച്ചുവിടാന്‍ യത്നിച്ചുകൊണ്ടിരുന്നു. ബാവാക്കക്ഷിഭാഗത്തെ വികാരിയും ട്രസ്റ്റിമാരും ആണ് പള്ളിഭരണം നിര്‍വ്വഹിച്ചുവന്നത്. ഈ പശ്ചാത്തലത്തിലാണ് സെമിനാരിയില്‍ താമസിച്ചുകൊണ്ടിരുന്ന ഔഗേന്‍ മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായെ പള്ളിയിലേക്ക് കൊണ്ടുവരുന്നതിന് മെത്രാന്‍ കക്ഷിയില്‍പ്പെട്ടവര്‍ ഉത്സാഹിച്ചത്. തിരുമേനി പള്ളിയില്‍ എത്തുന്നതുകൊണ്ടുള്ള പ്രയോജനവും വിവരിക്കപ്പെട്ടത്രെ. പള്ളിയിലേക്ക് പോകുന്നതിനു മുമ്പ് കാതോലിക്കാ കക്ഷിയിലെ രണ്ടു വൈദികരും തിരുമേനിയുടെ സാന്നിദ്ധ്യത്തിലേക്ക് ആനയിക്കപ്പെട്ടു. വല്യച്ചനായ ആലപ്പാട്ട് മത്തായി കത്തനാരും എരുമപ്പെട്ടി തോമസ് കത്തനാരും. പള്ളിയിലേക്ക് പോകേണ്ടതുണ്ടോ എന്ന അഭിപ്രായം ആലപ്പാട്ട് അച്ചന്‍ അറിയിക്കാന്‍ എത്തിയപ്പോഴേക്കും തിരുമേനി ചുവന്നകുപ്പായം ധരിച്ചു തയ്യാറായി നിന്നിരുന്നു. തന്നിമിത്തം അച്ചന്‍ എതിരൊന്നും പറയാതെ തിരുമേനിയെ അനുഗമിച്ചു.

അന്ന് പിറവം പ്രദേശത്തു ലഭ്യമായിരുന്ന മാസ്റ്റര്‍ മോട്ടോഴ്സ് വക ബസ്സ് സെമിനാരിയില്‍ എത്തി. മെഴുകുതിരി കത്തിച്ചുപിടിച്ച സണ്ടേസ്കൂള്‍ കുട്ടികള്‍ പള്ളിയിലേക്കുള്ള റോഡിന്‍റെ ഇരുവശങ്ങളിലും അണിനിരന്നു. പള്ളിവരെയുള്ള അഞ്ചു ഫര്‍ലോംഗ് ദൂരം ബസ്സില്‍ സഞ്ചരിച്ചു; ലളിതമെങ്കിലും ആഘോഷ സമന്വിതമായ സ്വീകരണം. പള്ളിയില്‍ ഉണ്ടായിരുന്ന മറുകക്ഷിയിലെ ഇടവക വികാരി ഉള്‍പ്പെടെയുള്ള വൈദികര്‍ തിരുമേനി പള്ളിയില്‍ കയറി ലുത്തിനിയാ പ്രാര്‍ത്ഥന, സന്ധ്യാ നമസ്കാരം എന്നിവ നടത്തിയപ്പോള്‍ അതിലും സഹകരിച്ചു.

കമ്മിറ്റിയില്‍ ഭൂരിപക്ഷമുള്ള ബാവാകക്ഷിക്കാര്‍ പിറവത്തെ ചില പ്രമാണികളുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണത്തില്‍ പങ്കെടുക്കുകയോ തല്‍സമയം പ്രതിഷേധശബ്ദം ഉയര്‍ത്തുകയോ ചെയ്തിരുന്നില്ല. എങ്കിലും തിരുമേനി പള്ളിയില്‍ എത്തിയ വിവരത്തെപ്പറ്റി അവര്‍ പരസ്പരം രഹസ്യമായി ചര്‍ച്ച ചെയ്യുകയും കൂടുതല്‍ ആളുകളെ തങ്ങളുടെ ആലോചനയില്‍ പങ്കെടുപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ബാവാക്കക്ഷി വൈദികര്‍ തിരുമേനി വിശ്രമിക്കുന്നതുവരെയും പള്ളിയില്‍ ഉണ്ടായിരുന്നു. രാത്രിയില്‍ അവര്‍ അവിടെനിന്നു പോകരുതെന്നു സ്വീകരണം നല്കിയവര്‍ പറഞ്ഞു എങ്കിലും അവര്‍ സ്ഥലം വിടുകയാണുണ്ടായത്. മെത്രാന്‍ ഭാഗത്തെ വല്യച്ചനും വീട്ടില്‍ പോയി.

കൊച്ചച്ചനായ എരുമപ്പെട്ടില്‍ തോമസ് കത്തനാരും ഏതാനും ശെമ്മാശ്ശന്മാരും സ്വീകരണം നല്കിയ കൂട്ടത്തിലെ ചില ചെറുപ്പക്കാരും പള്ളിയില്‍ത്തന്നെ ഉണ്ടായിരുന്നു. പ്രശാന്തമായ രാത്രി. മൂവാറ്റുപുഴ ആറിന്‍റെ വിരിമാറില്‍ നിന്നു പൊങ്ങിയ ഇളംതെന്നല്‍ പള്ളിപ്പുരയിടത്തിലെ തെങ്ങിന്‍തോപ്പിനെ തഴുകി കടന്നുവന്നതു മാത്രമേ ആ ശാന്തതയ്ക്ക് എന്തെങ്കിലും ഭംഗം വരുത്തിയിരുന്നുള്ളു. കഷ്ടാനുഭവ ആഴ്ചയായിരുന്നതിനാല്‍ ഒട്ടധികം ഭക്തജനങ്ങളും വരാന്തയിലും പള്ളിയകത്തും മറ്റും ധ്യാനനിരതരായും ഉറങ്ങിയും കഴിഞ്ഞുകൂടിയിരുന്നു.

ഓശാനയെ” അനുസ്മരിപ്പിക്കുന്ന തിരുമേനിയുടെ പള്ളിപ്രവേശനം ഒട്ടും ഇഷ്ടപ്പെടാത്തവരുടെ അനുഭാവികള്‍ രാത്രിയില്‍ അവര്‍ക്കു ഭൂരിപക്ഷമുള്ള പാഴൂര്‍, കക്കാടു കരകളില്‍ കയറി ഇറങ്ങി പള്ളിയില്‍ “കള്ളന്‍ കയറി” എന്നും മറ്റും പറഞ്ഞ് ചില മുട്ടാളന്മാരെ പള്ളിയിലേക്ക് ആകര്‍ഷിച്ചു.

ഭിന്നതയെന്യേ കണ്ടനാട് ഭദ്രാസനം ഭരിച്ചിരുന്ന കാലത്ത്, അനുസരണക്കേടിനു മെത്രാപ്പോലീത്താ മുടക്കിയ ഒരു യുവവൈദികന്‍ തുടര്‍ന്ന് റീത്തില്‍ ചേര്‍ന്നു എങ്കിലും തന്‍റെ വൈരാഗ്യം തീര്‍ക്കാനായി ബാവാകക്ഷിക്കാരുടെ ഗുഢശ്രമങ്ങള്‍ക്ക് സകല പിന്തുണയും നല്കിക്കൊണ്ടിരുന്നുവത്രെ. സംഘടിപ്പിക്കപ്പെട്ടവര്‍ ടൗണ്‍ ഷാപ്പുടമയായ പള്ളിപ്രമാണിയുടെ ഉപദേശവും തേടി. പൂട്ടിക്കഴിഞ്ഞിരുന്ന കള്ളുഷാപ്പില്‍നിന്നു കള്ളുകൊണ്ടുവന്ന് ഷാപ്പുടമയുടെ വീട്ടില്‍വച്ച് മുട്ടാളന്മാര്‍ക്കു നല്കപ്പെട്ടു. റീത്തില്‍ ചേര്‍ന്ന വൈദികന്‍ തലയില്‍ ഒരു കെട്ടുംകെട്ടി മുട്ടാളന്മാരെ പള്ളിപ്പടിവരെ അനുയാത്ര ചെയ്തു എന്നും പറയപ്പെടുന്നു. തിരുമേനിയെ “കുടിയിറക്കാന്‍” വന്ന സംഘത്തില്‍പ്പെട്ട ചിലര്‍ പാഴൂരെ ഒരു വീട്ടില്‍ നിന്നു വെട്ടിയെടുത്ത ഒടിയാത്തതും വേണ്ടത്ര വിളയാത്തതുമായ കാപ്പിവടികളും കരുതിയിരുന്നു.

അര്‍ദ്ധരാത്രിയില്‍ സംഘം പള്ളിയില്‍ എത്തുമ്പോള്‍ അവിടെ ആരും ഉണര്‍ന്നിരുന്നില്ല. പള്ളിയില്‍ ഭജനക്കാരുടെ മദ്ധ്യേ വച്ചിരുന്ന പെട്രോമാക്സ് വിളക്ക് തല്ലിത്തകര്‍ക്കപ്പെട്ടു. മെത്രാപ്പോലീത്തായുടെ മുറിക്ക് മുന്‍വശം ഉറങ്ങിക്കിടന്ന കൊച്ചച്ചനും ശെമ്മാശ്ശന്മാരും ഉണര്‍ത്തപ്പെട്ടു. തിരുമേനി കിടന്നുറങ്ങിയ മുറി ബലമായി തള്ളി തുറപ്പിക്കപ്പെട്ടു. നിദ്രയിലാണ്ടിരുന്ന തിരുമേനിയുടെ തോളില്‍ പിടിച്ച് ആരോ കുലുക്കി. അദ്ദേഹം ഞെട്ടി ഉണര്‍ന്നു. തിരുമേനിക്ക് പള്ളിമുറിയില്‍ എത്താനുള്ള അവകാശവും മറ്റും ചോദ്യം ചെയ്യപ്പെട്ടു. ഉടന്‍ സ്ഥലം വിട്ടില്ലെങ്കില്‍ സംഗതി വഷളാകുമെന്നും മറ്റും അവര്‍ പറഞ്ഞു ഭീഷണിപ്പെടുത്തി. ഒട്ടും എതിര്‍പ്പു കൂടാതെ തിരുമേനി മുറി വിടാന്‍ തയ്യാറായി. ചെരുപ്പു പോലും എടുക്കാതെ പുറത്തിറങ്ങി. സംഘത്തിന്‍റെ ഭീഷണിയും നിഘണ്ടു കണ്ടിട്ടില്ലാത്ത വാക്കുകളുടെ വര്‍ഷവും തുടര്‍ന്നപ്പോള്‍ തിരുമേനി പള്ളിയുടെ തെക്കേ മുറ്റത്തേയ്ക്കിറങ്ങി കിഴക്കോട്ടു സാവധാനത്തില്‍ നടന്നുനീങ്ങി. പരിചിതരെ തിരിച്ചറിയാന്‍ കഴിയുംവിധം നിലാവുണ്ട്. സംഘത്തില്‍ ഒരുവിഭാഗം തിരുമേനിയെ അനുഗമിച്ചു. മറ്റു ചിലര്‍ കൊച്ചച്ചനെ പിടികൂടി ഒന്നു കൊടുത്തു. കൂടുതല്‍ അടികിട്ടുമെന്നുറപ്പായ എരുമപ്പെട്ടിലച്ചന്‍ ഓടി രക്ഷപ്പെട്ടു. സ്ഥലപരിചയമില്ലാത്ത ശെമ്മാശ്ശന്മാര്‍ അടികൊണ്ട് ലക്ഷ്യമില്ലാതെ ഓടി.

പള്ളിയുടെ കിഴക്കുവശം നടയിറങ്ങവേ തൊട്ടുപിമ്പിലുണ്ടായിരുന്നവരെ തിരുമേനിക്കറിയാമായിരുന്നു. നടയിറങ്ങുമ്പോള്‍ ഒരാള്‍ തിരുമേനിയെ ഒന്നാഞ്ഞടിച്ചു. പുറത്തുതന്നെ കാപ്പിവടി പ്രയോഗിക്കപ്പെട്ടു. വികാരവിവശനായി തിരിഞ്ഞുനോക്കുമ്പോള്‍ പിമ്പിലുണ്ടായിരുന്ന ആളിനെ തിരുമേനിക്ക് മനസ്സിലായി. അക്കാര്യം പിന്നീട് തിരുമേനി വെളിപ്പെടുത്തിയിട്ടുമുണ്ട്. അര്‍ദ്ധരാത്രിയില്‍ നടന്ന ക്രൂരമായ ഈ സംഭവത്തെപ്പറ്റി അന്ന് തിരുമേനി വിശ്രമിച്ചിരുന്ന മുറിയുടെ വാതില്ക്കല്‍ കിടന്നുറങ്ങിയ ഉച്ചിപ്പിള്ളില്‍ ജോണ്‍ ഇങ്ങനെ പറഞ്ഞു:- “ഞാന്‍ എന്‍റെ ജൂബയും തോര്‍ത്തും മടക്കി തലയിണയാക്കി തിരുമേനി കിടന്നിരുന്ന തുറന്ന മുറിയുടെ വാതില്ക്കലാണു കിടന്നത്. “മക്കളെ നിങ്ങള്‍ പൊയ്ക്കൊള്ളുവിന്‍, ഞാന്‍ നാളെ രാവിലെ മടങ്ങിക്കൊള്ളാം എന്നു തിരുമേനി പറഞ്ഞു. എങ്കിലും ഞങ്ങളില്‍ ചിലര്‍ പോയില്ല. അര്‍ദ്ധരാത്രിയായപ്പോള്‍ ഒരു സംഘം മുട്ടാളന്മാര്‍ ഒറ്റമുണ്ടുടുത്ത് അരയില്‍ തോര്‍ത്തുംകെട്ടി തിരുമേനി കിടന്നിരുന്ന മുറിയെ ലക്ഷ്യമാക്കി ശബ്ദമുണ്ടാക്കി കടന്നുവന്നു. ഞാന്‍ ഞെട്ടിയുണര്‍ന്നു തിരുമേനി കിടന്ന മുറിയില്‍ കയറി രണ്ടു സാക്ഷായുള്ള കതകടയ്ക്കാന്‍ ശ്രമിച്ചതും പുറത്തുനിന്നുള്ള ശക്തമായ തള്ളലാല്‍ ഞാന്‍ താഴെ മറിഞ്ഞുവീണതും ഒന്നിച്ചായിരുന്നു. ഞാനും ഒറ്റമുണ്ടുമാത്രം ഉടുത്തിരുന്നതിനാല്‍ ഒരു പക്ഷേ എന്നെയും അവരുടെ കൂട്ടത്തില്‍പ്പെട്ട ആളെന്നു കരുതി മര്‍ദ്ദിച്ചില്ല. എങ്കിലും ഞാന്‍ ഭയന്ന് എന്തു ചെയ്യണമെന്നറിയാതെ നിന്നുപോയി. ഇതിനിടയില്‍ ആരോ പള്ളിയില്‍ കയറി മണി അടിച്ചു. മണിയടി കേട്ടു പലരും പള്ളിയില്‍ എത്തുമ്പോള്‍ തിരുമേനിയെ അക്രമികള്‍ പള്ളിയില്‍നിന്നു ബലമായി പിടിച്ചിറക്കി സെമിനാരിയിലേക്ക് ആനയിക്കുകയായിരുന്നു. അവര്‍ പല വാക്കുകള്‍ അട്ടഹസിക്കുന്നതു കേള്‍ക്കാമായിരുന്നു.”

മണിയടി കേട്ട് ഓടിയെത്തിയ മുന്‍ പള്ളിട്രസ്റ്റി മങ്കിടില്‍ വര്‍ക്കി ഉതുപ്പിന്‍റെ (കുഞ്ഞപ്പന്‍റെ) മക്കളായ എം. യു. വര്‍ക്കി, എം. യു. ഏബ്രഹാം, എം. യു. പൗലൂസ് എന്നിവരില്‍ ഇപ്പോള്‍ പിറവത്തെ ഒരു പ്രമുഖ സ്ഥാപനമായ സെന്‍റ്മേരീസ് ബാങ്കേഴ്സിന്‍റെ ഉടമസ്ഥനായ എം. യു. വര്‍ക്കി ഇങ്ങനെ പറഞ്ഞു: “മണിയടി ശബ്ദം കേട്ടു ഞങ്ങള്‍ പള്ളിയിലേക്ക് ഓടി. കുറച്ചുദൂരം ചെന്നപ്പോള്‍ വെള്ള ളോഹ മാത്രം ധരിച്ച തിരുമേനിയെ നാല്പതോളം ചട്ടമ്പികള്‍ ചേര്‍ന്ന് ചെരുപ്പു പോലും ഇടാന്‍ അനുവദിക്കാതെ അസഭ്യങ്ങളും വിളിച്ചുപറഞ്ഞു നടത്തിക്കൊണ്ടുവരുന്നത് കണ്ടു. ഞങ്ങള്‍ പേടിച്ചുപോയി. അവരുടെ കണ്ണില്‍ പെടാതെ ഞങ്ങള്‍ റോഡിന്‍റെ ഒരു വശത്തേക്ക് ഒതുങ്ങി നില്ക്കുകയും തിരുമേനിയെ നടത്തിക്കൊണ്ടു പോകുന്നതിന്‍റെ പിമ്പേ അക്രമികളുടെ നോട്ടം എത്താത്ത ദൂരത്തില്‍ നിന്ന് സെമിനാരി വരെ അനുഗമിക്കുകയും ചെയ്തു.” അക്രമിസംഘം സെമിനാരിയിലേക്കുള്ള യാത്രാമദ്ധ്യേ മുന്‍ ട്രസ്റ്റിയായിരുന്ന മങ്കിടില്‍ വര്‍ക്കി ഉതുപ്പിന്‍റെ റോഡുസൈഡിലുള്ള വീടിന്‍റെ നേര്‍ക്ക് റോഡില്‍ കിടന്നിരുന്ന മെറ്റല്‍ വാരി എറിഞ്ഞു. ഈ കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ വര്‍ക്കി ഉതുപ്പ് കരഞ്ഞുപോയി. തന്നെ കാണുമ്പോഴെല്ലാം “പ്രാര്‍ത്ഥിച്ചോണം” എന്നു തിരുമേനി പറയുമായിരുന്നു എന്നും വര്‍ക്കി ഉതുപ്പ് അനുസ്മരിച്ചു. തിരുമേനി സെമിനാരിയില്‍ എത്തിയപ്പോഴേക്കും അക്രമിസംഘം പിരിഞ്ഞു.

തിരുമേനിയെ മര്‍ദ്ദിച്ച സംഭവത്തെപ്പറ്റി 100 വയസ്സുള്ള ആലപ്പാട്ട് മത്തായി അച്ചന്‍ ഈ ലേഖകനോട് 1976 മെയ് 7-ാം തീയതി വെള്ളിയാഴ്ച സ്വഭവനത്തില്‍ വച്ചു പറഞ്ഞതിപ്രകാരമാണ്. “തിരുമേനി പള്ളിയിലേക്കു പോകുന്നകാര്യത്തില്‍ എനിക്കു മനസ്സില്‍ തൃപ്തിയില്ലായിരുന്നു. വേണ്ടാ എന്നു പറയണമെന്നു വിചാരിച്ചു സെമിനാരിയില്‍ ചെന്നപ്പോള്‍ തിരുമേനി ചുവന്ന കുപ്പായവും ധരിച്ച് പള്ളിയിലേക്കു പോകാന്‍ ഒരുങ്ങി നില്ക്കുന്നതായിട്ടാണു കണ്ടത്. അപ്പോള്‍ എതിരു പറയാതെ ഞാനും സഹകരിച്ചു. അവിടെ അപ്പോള്‍ ഇരുനൂറോളം പേരുണ്ടായിരുന്നു എന്നാണ് ഓര്‍മ്മ. രാത്രി എട്ടുമണിയോടുകൂടി ഞങ്ങള്‍ പള്ളിയില്‍ എത്തി. പ്രാര്‍ത്ഥന കഴിഞ്ഞു തിരുമേനിയെ തിരിച്ച് സെമിനാരിയിലാക്കണമെന്നായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ തിരുമേനി അതിനു സമ്മതിക്കുകയും ചെയ്തു. പക്ഷേ ഒരു മോട്ടോര്‍ വാഹനം കൊണ്ടുവരാന്‍ ചെന്നപ്പോള്‍ അതിനു ഡ്രൈവര്‍ ഇല്ലായിരുന്നു. മാസ്റ്റര്‍ ബസ്സ് സര്‍വ്വീസ് നടത്തുന്ന കുര്യാക്കോസിനോട് ബസ്സു കൊണ്ടുവരുവാന്‍ ഞാന്‍ പറഞ്ഞു. എന്നാല്‍ ബസ് എത്ര ശ്രമിച്ചിട്ടും സ്റ്റാര്‍ട്ടാകുന്നില്ലെന്ന് കുര്യാക്കോസ് പറഞ്ഞു. അപ്പോഴേക്കും സമയം വളരെ വൈകിപ്പോയിരുന്നു. എന്‍റെ കുപ്പായം വിയര്‍ത്തു നനഞ്ഞതുകൊണ്ടും എനിക്കു വളരെ ക്ഷീണം തോന്നിയതു കൊണ്ടും കുളിച്ചു വസ്ത്രം മാറി പള്ളിയില്‍ തിരിച്ചെത്തണമെന്ന ആഗ്രഹത്തോടെ ഞാന്‍ വീട്ടിലേക്കുപോയി. അതിനു മുമ്പുതന്നെ അവിടെ നിന്നവരോടു “മക്കളെ, നിങ്ങള്‍ പോകുവിന്‍, ഞാന്‍ വെളുപ്പിനെ നമസ്കാരം കഴിഞ്ഞുപൊയ്ക്കൊള്ളാം” എന്നു തിരുമേനി പറഞ്ഞിരുന്നു.

ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഒരു വൈദികന്‍ വിരുന്നുകാരനായിട്ടുണ്ടായിരുന്നു. കുളിയും കഞ്ഞി കുടിയും കഴിഞ്ഞു തെറുത്തുവച്ചിരുന്ന കിടക്ക നിവര്‍ക്കാതെ അതില്‍ ചാരിക്കിടന്നു സംസാരിക്കവേ ഞാന്‍ ഉറങ്ങിപ്പോയി. വെളുപ്പിന് അഞ്ചു മണിക്ക് ആരോ വന്ന് എന്നെ വിളിച്ചുണര്‍ത്തി ‘പള്ളിയിലെ സംഭവമൊന്നും അറിഞ്ഞില്ലേ’ എന്നു ചോദിച്ചു. മര്‍ദ്ദനവിവരം പറഞ്ഞു. സംഭ്രാന്തനായ ഞാന്‍ നേരെ സെമിനാരിയില്‍ ചെന്ന് തിരുമേനിയെ കണ്ടപ്പോള്‍ തിരുമേനിയുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ വീഴുന്നുണ്ടായിരുന്നു. ഞാന്‍ കാലില്‍ കുമ്പിട്ടു തിരുമേനിയെ നമസ്കരിച്ചു. ഉടന്‍തന്നെ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഇത്താക്കുവൈദ്യനെ വരുത്തി തിരുമേനിക്കു വേണ്ട ചികിത്സ നല്‍കി.” ഈ കാര്യങ്ങള്‍ എഴുതി രേഖയാക്കി വയ്ക്കേണ്ടതുണ്ടോ എന്ന ചോദ്യത്തോടെയാണ് അച്ചന്‍ സംഭവം മങ്ങാത്ത ഓര്‍മ്മയില്‍നിന്നു വിവരിച്ചത്. ഞാന്‍ കൈമുത്തി യാത്ര പറയുമ്പോള്‍ “അധികം കിടക്കാതെ അങ്ങു കടക്കണമെന്ന പ്രാര്‍ത്ഥനയേ എനിക്കുള്ളു” എന്നു പ്രത്യാശാനിര്‍ഭരമായ ജീവിതം നയിക്കുന്ന ഉത്തമനായ ആ വല്യച്ചന്‍ എന്നോടു പറഞ്ഞു.

സെമിനാരിയില്‍ എത്തിയശേഷം തിരുമേനിക്കു കുഴമ്പും എണ്ണയും തിരുമ്മും എല്ലാം ലഭിച്ചു എങ്കിലും അസഹനീയമായ വേദന ഏതാനും ദിവസം അനുഭവിക്കേണ്ടി വന്നു. കാപ്പിവടിയുടെ നീളത്തിലുള്ള രണ്ടു പാടുകളും ഇടിച്ചതെന്നു കരുതപ്പെടുന്ന ഒരു പാടും സദാ കുപ്പായം ആഛാദനം ചെയ്തിരുന്ന ആ കോമളശരീരത്തില്‍ ഏതാനും ആഴ്ചകള്‍ മായാതെ കിടന്നിരുന്നു. നേരം വെളുത്തു ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയില്‍ സംബന്ധിക്കാന്‍ വന്നവര്‍ തിരുമേനിയുടെ വേദനയിലും പങ്കുകൊണ്ടു. മെത്രാച്ചനെ പള്ളിയില്‍നിന്നു പറഞ്ഞയയ്ക്കുന്നതില്‍ കൂടുതലായിട്ടൊന്നും അതിനു ശ്രമിച്ചവര്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഒരഭിപ്രായഗതിയുണ്ട്. എന്നാല്‍ അവര്‍ കഴിച്ചിരുന്ന മദ്യവും ധരിച്ചിരുന്ന വടികളും ആ അഭിപ്രായഗതി അടിസ്ഥാനരഹിതമെന്നാണ് വിളിച്ചറിയിക്കുന്നത്.

തിരുമേനി ദുഃഖവെള്ളിയാഴ്ചത്തെ ദീര്‍ഘമായ ശുശ്രൂഷകള്‍ വേദന സഹിച്ചു നടത്തി. ഇടയ്ക്കു ചെയ്ത പ്രസംഗത്തില്‍ കഴിഞ്ഞ രാത്രിയിലെ സംഭവത്തെപ്പറ്റി ഒരക്ഷരം പോലും പറഞ്ഞുമില്ല.

ഏതാനും ദിവസങ്ങള്‍ക്കകം 31 പേരെ പ്രതി ചേര്‍ത്ത് കോട്ടയം കോടതിയില്‍ ഫയല്‍ ചെയ്ത കേസ്സില്‍ കോട്ടയം പോലീസ് സൂപ്രണ്ട് ഇടപെടുകയും പ്രതികള്‍ ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഇത്തരം ഒരു കേസ് നടത്തുന്നതുകൊണ്ട് സഭയ്ക്കുതന്നെ നേരിടാവുന്ന ക്ഷീണത്തെ മുന്‍നിര്‍ത്തിയായിരിക്കണം ആ കേസ് മന്ദീഭവിപ്പിക്കുകയോ പിന്‍വലിക്കപ്പെടുകയോ ചെയ്തു എന്നാണ് പിന്നീടു മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ദൈവത്തിന്‍റെ അഭിഷിക്തനായ മെത്രാപ്പോലീത്തായെ മര്‍ദ്ദിക്കുന്നതിനും അധിക്ഷേപിക്കുന്നതിനും കൂട്ടുനിന്നവര്‍ക്കെല്ലാം തക്കതായ ശിക്ഷ മുകളില്‍നിന്നു ലഭിച്ചു എന്നതാണ് ഈ സംഭവത്തിലെ ചിന്താര്‍ഹമായ ഒരു വസ്തുത. കാപ്പിവടി വെട്ടിയെടുത്ത പാഴൂരുള്ള വീട്ടിലെ ഏകപുത്രന്‍ മുറ്റത്തുനിന്നു താഴേയ്ക്കു വീഴുകയും വടി മുറിച്ചെടുത്ത കുറ്റി വയറ്റില്‍കൊണ്ടുണ്ടായ മുറിവിനെ തുടര്‍ന്ന് ആ പയ്യന്‍ അന്നുതന്നെ ആശുപത്രിയില്‍വച്ചു മരിക്കുകയും ചെയ്തു എന്നത് ഒരു സത്യമാണ്. വടി പ്രയോഗിച്ച ആളിന്‍റെ മര്‍മ്മ ഭാഗത്തുണ്ടായ പഴുപ്പ് വര്‍ഷങ്ങള്‍ക്കുശേഷം സകുടുംബം തിരുമേനിയെ കണ്ട് മാപ്പിരന്നശേഷമാണ് കരിഞ്ഞതെന്നും അറിയുന്നു. റീത്തില്‍ ചേര്‍ന്ന വൈദികനും ഷാപ്പുകാരന്‍ പ്രമാണിക്കും അംഗവൈകല്യം സംഭവിച്ച സന്തതികള്‍ ഉണ്ടായി. വിളക്കു തെളിച്ചവര്‍ക്കും ആളുകളെ വിളിച്ചുകൂട്ടിയവര്‍ക്കും എല്ലാം പലവിധത്തില്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചതായും അറിയാം. പിന്നീട് തിരുമേനി പിറവം പള്ളിയില്‍ എത്തിയിട്ടുള്ളപ്പോഴെല്ലാം ചിലര്‍ തിരുമേനിയെ കണ്ട് തങ്ങളുടെ ബന്ധപ്പെട്ടവര്‍ ചെയ്ത ദുഷ്കൃത്യത്തിന് മാപ്പു ചോദിക്കുക പതിവായിരുന്നു. തന്നെ മര്‍ദ്ദിച്ചതില്‍ തനിക്ക് പരിഭവം ഇല്ലെന്നും അവര്‍ ആലോചിക്കാതെ ചെയ്തതാണെന്നും താന്‍ അതെല്ലാം ക്ഷമിച്ചുകഴിഞ്ഞുവെന്നും പിറവം പള്ളിയില്‍വച്ച് തന്നെ മെത്രാപ്പോലീത്താ ഒരിക്കല്‍ പരസ്യമായി പ്രസ്താവിച്ചു. ഈ സംഭവത്തെപ്പറ്റി ചിലര്‍ സാഭിമാനം ആലുവായിലെ മാര്‍ അത്താനാസ്യോസ് മെത്രാച്ചനെ നേരിട്ട് അറിയിച്ചപ്പോള്‍ അവരോട്, “യഹോവയുടെ അഭിഷിക്തനെ കൈവച്ചവരാരും എന്‍റെ മുറിയില്‍ നില്‍ക്കരുത്, പുറത്തു കടക്ക്” എന്ന് അദ്ദേഹം പറഞ്ഞതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

ഈ സംഭവത്തെപ്പറ്റി പില്‍ക്കാലങ്ങളില്‍ ആരോടെങ്കിലും പറയുന്നതിനോ ആരോടെങ്കിലും പക വച്ചുപുലര്‍ത്തുന്നതിനോ ക്രിസ്തീയ സുകൃതങ്ങളുടെ നിറകുടമായിരുന്ന പ. ഔഗേന്‍ ബാവാ ഉത്സുകനായിരുന്നില്ല. ഈ സംഭവം അദ്ദേഹത്തെ സഭയ്ക്കുവേണ്ടിയുള്ള ഒരു സഹദായായി മാറ്റി എന്നതാണു ചരിത്രസത്യം. പിറവം സംഭവത്തെ തുടര്‍ന്ന് കാതോലിക്കാ വിഭാഗക്കാര്‍ വര്‍ഷംതോറും സെമിനാരിയില്‍നിന്നു പള്ളിയിലേക്ക് കഷ്ടാനുഭവ ആഴ്ചയില്‍ ഒരു മൗനജാഥ നടത്തുക പതിവായിരുന്നു. അന്ത്യോക്യാ പാത്രിയര്‍ക്കീസ് ബാവാ മലങ്കരയില്‍ എത്തി കാതോലിക്കായെ അവരോധിക്കുകയും തുടര്‍ന്ന് രണ്ടു ബാവാമാരും ഒന്നിച്ചു പിറവം പള്ളിയില്‍ എത്തി പള്ളിയുടെ പടവുകള്‍ കൈകോര്‍ത്തുപിടിച്ചു കയറുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ മൗനജാഥ വേണ്ടെന്നുവച്ചത്.

പിറവം സംഭവത്തെപ്പറ്റി ദുഃഖിച്ച പ്രമുഖ വ്യക്തികളില്‍ ഒരാളായ മങ്കിടിയില്‍ ഉതുപ്പു വര്‍ക്കി ഔഗേന്‍ ബാവായുടെ സ്മരണയെ നിലനിര്‍ത്തുന്നതിനുവേണ്ടി, തിരുമേനിയെ നടത്തി കൊണ്ടുപോയ വഴിയുടെ മദ്ധ്യഭാഗത്തു കാല്‍ലക്ഷം രൂപാ ചെലവാക്കി പുതുക്കിപ്പണിത മനോഹരമായ കുരിശുംതൊട്ടി പ. ഔഗേന്‍ ബാവാ 1970 ഡിസംബര്‍ 24-നു കൂദാശ ചെയ്തു. ബാവായുടെ അനുവാദത്തോടുകൂടി കുരിശുംതൊട്ടിയില്‍ ഇങ്ങനെ എഴുതിവച്ചിരിക്കുന്നതു കാണാം.
In Memory Of H. G. Augen Mar Themothios (H. H. Moran Mar Baselius Augen I)
Reconstructed by Uthup Varkey, Mankidyil (St. Mary’s Bankers, Piravom) 1970.

ശ്രി.കെ. വി. മാമ്മന്‍
കടപ്പാട്: Malankara Orthodox TV

പഴയൊരു പ്രതിഷേധവും അനുബന്ധവും : ശ്രി. കെ. വി. മാമ്മൻ