മലയാളത്തിലെ ആദ്യ വേദപുസ്തക പരിഭാഷകൻ; വേദരത്നം വന്ദ്യ ദിവ്യശ്രീ കായംകുളം ഫിലിപ്പോസ് റമ്പാൻ

ബൈബിൾ മലയാളപരിഭാഷ ചരിത്രത്തിൽ ആദ്യത്തേതും ഒഴിച്ചുകൂടാനാവാത്തതുമായ കണ്ണിയാണ് കായംകുളം ഫിലിപ്പോസ് റമ്പാൻ. ഈ നാട്ടിലെ വിശ്വാസികൾക്ക് അവരുടെ തനതുഭാഷയിൽ വിശുദ്ധ വേദപുസ്തകം എന്ന സ്വപ്നസാക്ഷാത്കാരത്തിന് ഫിലിപ്പോസ് റമ്പാൻ വഹിച്ച പങ്ക് അവിസ്മരണീയമാണ്. എന്നാൽ മലയാള ക്രൈസ്തവസമൂഹത്തിൽ എത്രപേർക്ക് ഈ താപസവര്യനെ അറിയാം? ആദ്ദേഹത്തിൻ്റെ ബൈബിൾ പരിഭാഷയെ പറ്റി അറിയാം?

1740-ൽ (കൊല്ലവർഷം 915) പുരാതന ക്രൈസ്തവ കേന്ദ്രമായിരുന്ന കായംകുളത്തെ മണങ്ങനഴികത്ത്‌ കുടുംബത്തിലാണ് ഫിലിപ്പോസ് റമ്പാൻ ജനിച്ചത്. പിതാവ് ഫിലിപ്പോസ്, മാതാവ് കായംകുളം പൊൻവാണിഭത്തിൽ കോശി തരകൻ്റെ മകൾ ആച്ചിയമ്മ.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വൈദീകവിദ്യാഭ്യാസത്തിനായി മല്പാൻ പാഠശാലകളിൽ ചേർന്ന ഫിലിപ്പോസ് സുറിയാനിയും ആരാധനാവിജ്ഞാനവും അഭ്യസിച്ചു. കൂടാതെ മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളിലും അവഗാഹം നേടി. വേദപുസ്തകവും മറ്റ്‌ ആരാധനാക്രമങ്ങളും പകർത്തിയെഴുതുക എന്നത് അന്നത്തെ മല്പാൻ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായിരുന്നു. യഥാകാലം ശെമ്മാശൻ, കശ്ശീശാ പട്ടങ്ങൾ സ്വീകരിച്ച ഫിലിപ്പോസ് സുറിയാനി പണ്ഡിതൻ എന്ന ഖ്യാതി നേടിയെടുത്തു.

ഫിലിപ്പോസ് കത്തനാരുടെ അസാധാരണമായ കഴിവും, അപാരമായ പാണ്ഡിത്യവും അനുഭവിച്ചറിഞ്ഞ ആറാം മാർത്തോമാ മാർ ദിവന്നാസ്യോസ് ഒന്നാമൻ അദ്ദേഹത്തെ 1794 ഏപ്രിൽ 18-ാം തീയതി (കൊല്ലവർഷം 969 മേടം 9) മാവേലിക്കര പുതിയകാവ് പള്ളിയിൽ വച്ച് റമ്പാൻ പദവിയിലേക്കുയർത്തി. പിൽക്കാലത്ത് ഏഴാം മാർത്തോമാ ആയിത്തീർന്ന അനന്തിരവൻ മാത്തൻ കത്തനാരെയും ഒപ്പം റമ്പാനാക്കി. വ്യക്തിപ്രഭാവം കൊണ്ട് അക്കാലത്തെ സഭാനേതൃത്വത്തിൽ വ്യത്യസ്തനായിരുന്നു ഫിലിപ്പോസ് റമ്പാൻ.

1806-ൽ കൽക്കട്ട ഫോർട്ട് വില്യം കോളേജിൻ്റെ വൈസ് പ്രിൻസിപ്പലും മിഷനറിയുമായിരുന്ന റവ. ഡോ. ക്ലോഡിയസ് ബുക്കാനൻ ആറാം മാർത്തോമായെ സന്ദർശിക്കുകയുണ്ടായി. ഈ കൂടികാഴ്ചയാണ് വിശുദ്ധ വേദപുസ്തക മലയാള വിവർത്തനത്തിന് വഴി തുറന്നത്. അന്ന് ഫിലിപ്പോസ് റമ്പാൻ എഴുതിയ വേദപുസ്തകത്തിൻ്റെ സുറിയാനി പ്രതി ആറാം മാർത്തോമാ ബുക്കാനന് സമ്മാനിച്ചു. അതിനെ ആധാരമാക്കി ബുക്കാനൻ ഉല്പത്തി, പുറപ്പാട്, രാജാക്കന്മാർ, പ്രവചനപുസ്തകങ്ങൾ, സുവിശേഷങ്ങൾ, ലേഖനങ്ങൾ, അപോസ്തോല പ്രവർത്തികൾ, വെളിപാട് എന്നീ എട്ട് പുസ്തകങ്ങൾ ഇംഗ്ലണ്ടിൽ നിന്ന് സുറിയാനിയിൽ അച്ചടിച്ച് പ്രദ്ധീകരിച്ചു. മലയാളത്തിലേക്ക് വേദപുസ്തകം പരിഭാഷപ്പെടുത്തുവാനുള്ള തൻ്റെ ആഗ്രഹം ബുക്കാനൻ അറിയിച്ചതിനെ തുടർന്ന് ആറാം മാർത്തോമാ ഫിലിപ്പോസ് റമ്പാനെ അതിന് ചുമതലപ്പെടുത്തി. 1806-ൽ തിമ്മപ്പൻ പിള്ള എന്നൊരു ചെട്ടിയുടെ സഹകരണത്തോടെ റമ്പാൻ വേദപുസ്തകം മലയാളത്തിലേക്ക് തർജ്ജമ ചെയ്യുവാൻ ആരംഭിച്ചു. “നിരണം ഗ്രന്ഥവരി” എന്നറിയപ്പെടുന്ന മലങ്കര നസ്രാണി സഭാചരിത്ര ഗ്രന്ഥത്തിൽ കായംകുളം ഫിലിപ്പോസ് റമ്പാൻ സുവിശേഷങ്ങളുടെ മൊഴിമാറ്റം നിർവഹിച്ചതിനെക്കുറിച്ച് ഇപ്രകാരം വ്യക്തമായ പരാമർശമുണ്ട്: “ബുക്കാനൻ്റെ അഭിപ്രായപ്രകാരം വലിയ മാർ ദിവന്നാസ്യോസ് നാല് സുവിശേഷങ്ങളും മലയാളത്തിൽ തർജ്ജമ ചെയ്യുവാൻ കായംകുളത്ത് ഫിലിപ്പോസ് റമ്പാനെ അധികാരപ്പെടുത്തി. റമ്പാൻ പൊരുൾ തിരിച്ച് കടലാസ്സിലും തിമ്മപ്പൻ പിള്ള എന്ന എഴുത്തുകാരൻ ഓലയിലും എഴുതി. ഏവൻഗേലിയോനും പ്രെക്കുസെസും (അപോസ്തോല പ്രവർത്തികൾ) പൊരുൾ തിരിച്ച് എഴുതി. അവ എഴുതിക്കഴിയുന്നതിന് മുൻപ് ബുക്കാനൻ ബങ്കാളത്തേക്ക് തിരികെ പോയതിനാൽ തിമ്മപ്പൻ പിള്ള അവ ബങ്കാളിൽ എത്തിച്ചു.” ബുക്കാനൻ തൻ്റെ യാത്രാനുഭവ വിവരണമായ “ക്രിസ്ത്യൻ റിസേർച്ചസ് ഇൻ ഏഷ്യ” (Christian Researches in Asia) എന്ന പുസ്തകത്തിൽ മലങ്കര നസ്രാണികളെ കുറിച്ചും ഫിലിപ്പോസ് റമ്പാൻ നിർവഹിച്ച പ്രഥമ മലയാളം ബൈബിൾ തർജ്ജമയുടെ കയ്യെഴുത്ത് പ്രതിയെപ്പറ്റിയും പരാമർശിക്കുന്നു. ഈ കയ്യെഴുത്ത് പ്രതി അദ്ദേഹം ബോംബെ ക്യുറിയർ പ്രസ്സിൽ നൽകുകയും 1811-ൽ അതിൻ്റെ അച്ചടി പൂർത്തിയാക്കപ്പെടുകയും ചെയ്തു. റമ്പാൻ്റെ സുവിശേഷ ഗ്രന്ഥത്തിൻ്റെ ഓരോ താളിൻ്റെയും കല്ല് അച്ച് (Block) ക്യുറിയർ പ്രസ്സിൽ ഉണ്ടാക്കി അച്ചടിക്കേണ്ടി വന്നതിനാലാണ് അതിന് നാലുവർഷത്തെ കാലതാമസം ഉണ്ടായത്. തുടർന്ന് അച്ചടി പൂർത്തീകരിച്ച സുവിശേഷ ഗ്രന്ഥത്തിൻ്റെ നൂറ്‌ പ്രതികൾ തിരുവിതാംകൂർ റസിഡന്റ് ആയിരുന്ന കേണൽ മൺട്രോ അക്കാലത്തെ മലങ്കര മെത്രാപോലീത്താ ആയിരുന്ന എട്ടാം മാർത്തോമായെ ഏൽപ്പിക്കുകയും അവ പള്ളികളിൽ വിതരണം ചെയ്യുകയുമുണ്ടായി. “റമ്പാൻ ബൈബിൾ”, “ബുക്കാനൻ ബൈബിൾ”, “ക്യുറിയർ ബൈബിൾ” എന്നീ പേരുകളിൽ ആ തർജ്ജമ അറിയപ്പെടാൻ തുടങ്ങി.

1829-ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ അച്ചടിച്ച പുതിയനിയമ പുസ്തകവും 1841-ൽ അവിടെത്തന്നെ അച്ചടിച്ച വേദപുസ്തകത്തിൻ്റെ പൂർണരൂപമായ “സത്യവേദ പുസ്തക“വും (“ബെയ്‌ലി ബൈബിൾ”) പിന്നീട് മലയാളത്തിൽ പുറത്തിറങ്ങിയ വേദപുസ്തക വിവർത്തനങ്ങളാണ്. ബെയ്‌ലി ബൈബിളിൻ്റെ ലഭ്യത കൂടുതലായിരുന്നതിനാലും താരതമ്യേന പൂർണത ഉള്ളതായിരുന്നതിനാലും റമ്പാൻ ബൈബിൾ കാലാന്തരേണ വിസ്മൃതിയിലാണ്ടുപോയതായി അനുമാനിക്കാം. ആദ്യ റമ്പാൻ ബൈബിളിൻ്റെ ഏതാനും പ്രതികൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളു.

ബൈബിൾ തർജ്ജമ കൂടാതെ സുറിയാനി ഭാഷയിലും റമ്പാൻ കൃതികൾ രചിച്ചു. അദ്ധേഹത്തിൻ്റെ സുറിയാനി കവിതകൾ ഇന്നും പാമ്പാക്കുട ഗ്രന്ഥശേഖരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. സുറിയാനി കാവ്യശൈലിയിൽ അദ്ദേഹം അഗ്രഗണ്യനായിരുന്നു. നിരണം ഗ്രന്ഥവരിയുടെ ചില ഭാഗങ്ങൾ, ഈവാനിയോസ് യുഹാനോൻ്റെ മെമ്റാകളുടെ പരിഭാഷ തുടങ്ങിയ രചനകളും അദ്ദേഹം നിർവഹിച്ചു.

ഒരു കാലഘട്ടത്തിലെ പ്രതിസന്ധി വേളകളിൽ പിതാക്കന്മാർക്ക് ഊർജ്ജവും ഉപദേശവും പകർന്ന് നൽകിയ ഈ സന്ന്യാസി ശ്രേഷ്ഠൻ സഭാസമൂഹത്തിൽ ലഭ്യമാകാമായിരുന്നതും അർഹമായവയുമായ സ്ഥാനമാനങ്ങൾക്ക് പിന്നാലെ പായാതെ തപോധനമായ ഒരു ജീവിതമാണ് നയിച്ചത്. ആറാം മാർത്തോമായുടെ തൈലാഭിഷേകം, മരണാനന്തര വിലാപയാത്ര, കബറടക്ക ശുശ്രൂഷ (കൊല്ലവർഷം 983 മീനം 29) എന്നിവയ്‌ക്കെല്ലാം നേതൃത്വം നൽകിയത് ഫിലിപ്പോസ് റമ്പാൻ ആയിരുന്നു. ഏഴാം മാർത്തോമാ 984 മിഥുനം 22-ാം തീയതി കണ്ടനാട്ട് വച്ച് കാലം ചെയ്തപ്പോൾ അദ്ധേഹത്തിൻ്റെ കബറടക്ക ശുശ്രൂഷയിലും മുഖ്യകാർമ്മികൻ ഫിലിപ്പോസ് റമ്പാൻ ആയിരുന്നു.

തുടർന്ന് അദ്ദേഹം തൻ്റെ ജീവിതവും പ്രവർത്തനങ്ങളും തെക്കൻ പ്രദേശത്തേക്ക് മാറ്റുകയും അടൂർ, കണ്ണംകോട് സെന്റ് തോമസ് ദേവാലയത്തിൽ പാർക്കുകയും ചെയ്തു. വേദപഠനത്തിലും ധ്യാനത്തിലും തർജ്ജമയിലും അദ്ദേഹം സമയം ചിലവഴിച്ചു. 987 തുലാമാസം 28-ാം തീയതി (1812 നവംബർ 13) അടൂര് വച്ച് നിര്യാതനായി. കണ്ണംകോട് സെന്റ് തോമസ് പള്ളിയിൽ സംസ്കരിക്കപ്പെട്ടു. അദ്ധേഹത്തിൻ്റെ ചരമദിനം അക്കാലത്ത് വിപുലമായി ആഘോഷത്തിന് തെളിവുകളുണ്ട്. 1826 നവംബർ 13-ലെ പതിനാലാം ശ്രാദ്ധപെരുന്നാളിൽ ചേപ്പാട് മാർ ദിവന്നാസ്യോസ് മുഖ്യകാർമികത്വം വഹിച്ചതായി നിരണം ഗ്രന്ഥവരിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഇടവകയിൽ ഫിലിപ്പോസ് റമ്പാൻ്റെ ശ്രാദ്ധപെരുന്നാൾ ഭക്തിപുരസ്സരം നടത്തിവരുന്നു.

ഈ വന്ദ്യ താപസൻ്റെ സംഭാവനകളെ മാനിച്ച് മലയാള വേദപുസ്തക പ്രസിദ്ധീകരണത്തിൻ്റെ ഇരുന്നൂറാം വാർഷികത്തോടനുബന്ധിച്ച് 2013 മാർച്ച് മാസം 9-ാം തീയതി പരിശുദ്ധ സഭ അദ്ദേഹത്തിന് “വേദരത്നം” എന്ന നാമം നൽകി ആദരിച്ചു.

കണ്ണംകോട് പള്ളിയിൽ സ്ഥിതി ചെയ്യുന്ന റമ്പാൻ്റെ കബറിടത്തിൽ കണ്ണീരോടെ മദ്ധ്യസ്ഥത യാചിക്കുന്നവർ അനേകരാണ്. തൻ്റെ ജീവിതാന്ത്യകാലവാസം കൊണ്ടും കാലാന്തര വിശ്രമം കൊണ്ടും അടൂരിൻ്റെ സുഭഗതയെ സമ്പന്നമാക്കിയ ഈ താപസവര്യൻ്റെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ചവർക്ക് പറയുവാൻ അനുഭവസാക്ഷ്യങ്ങൾ ഏറെയാണ്.

ലേഖനം കടപ്പാട്: കോട്ടമുകൾ സെന്റ് തോമസ് യുവജനപ്രസ്ഥാനം. അവലംബം: റമ്പാൻ ബൈബിൾ (കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ പുനഃപ്രസിദ്ധീകരിച്ചത്)

error: Thank you for visiting : www.ovsonline.in