OVS - ArticlesOVS - Latest News

പഴയൊരു പ്രതിഷേധവും അനുബന്ധവും : ശ്രി. കെ. വി. മാമ്മൻ

മലങ്കരസഭയില്‍ 1958-ല്‍ പരസ്പര സ്വീകരണത്തെ തുടര്‍ന്നുണ്ടായ സമാധാന അന്തരീക്ഷത്തില്‍ പ. ഗീവറുഗീസ് രണ്ടാമന്‍ കോട്ടയത്തിനു പടിഞ്ഞാറുള്ളതും മുന്‍ പാത്രിയര്‍ക്കീസു വിഭാഗത്തിനു ഭൂരിപക്ഷമുള്ളതുമായ കല്ലുങ്കത്ര വലിയപള്ളിയിലേക്കു ക്ഷണിക്കപ്പെട്ടു. സഭയുടെ പരമാധികാരിയായ തിരുമേനിയെ പള്ളിയില്‍ കയറ്റാതിരിക്കാന്‍ വിവരദോഷികളും അന്ധമായ അന്ത്യോഖ്യന്‍ ആരാധകരുമായ ഒരു സംഘം ശ്രമിച്ചു. പോലീസ് ആവശ്യമായ ക്രമസമാധാനനില പാലിക്കാന്‍ നിയുക്തരായി. ആഘോഷപൂര്‍വ്വം കല്ലുങ്കത്ര പള്ളിയില്‍ ചെന്ന ബാവായെ കറുത്ത കൊടികള്‍ പിടിച്ചും നിഘണ്ടുവിലില്ലാത്ത വാക്കുകള്‍ വിളിച്ചുപറഞ്ഞും സംസ്കാരശൂന്യരായ ഏതാനുംപേര്‍ തടഞ്ഞു കലഹാന്തരീക്ഷം സൃഷ്ടിച്ചു. പാവപ്പെട്ട ഒരുപറ്റം ആളുകള്‍ പ്രതിഷേധക്കാരുടെ വലയില്‍ വീണു. ആ കൂട്ടത്തില്‍ പോലീസ് അറസ്റ്റുചെയ്ത അയ്മനം തെക്കേക്കരയില്‍ ജോണ്‍ ജേക്കബ് ഉണ്ടായിരുന്നു. ബാവായെ തടയാന്‍ വന്നവരില്‍ ചിലരുടെ വീടുകളില്‍ ദുരനുഭവങ്ങള്‍ ഉണ്ടായി. ഒരപകടത്തില്‍പെട്ടു വലിയ വാശിക്കാരനായ പൊക്കത്തില്‍ കുര്യന്‍ വക്കീലിന്‍റെ കാലൊടിഞ്ഞു. ജോണ്‍ ജേക്കബ് ഒരു കൊലക്കേസില്‍ പ്രതിയായി. വധശിക്ഷ ലഭിച്ച അദ്ദേഹം സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ചെയ്ത തെറ്റിനെപ്പറ്റി പശ്ചാത്താപം ഉണ്ടായപ്പോള്‍ ജേക്കബ് പ. ബാവായ്ക്ക് താഴെപ്പറയുന്ന കത്തയച്ചു.

ജോണ്‍ ജേക്കബ്, ഏകാന്തം നമ്പര്‍ 9148,
സെന്‍ട്രല്‍ ജയില്‍, തിരുവനന്തപുരം-12,
2-9-1963

പരിശുദ്ധ ബാവാ തിരുമനസ്സിലെ തൃക്കൈ മുത്തി ഉണര്‍ത്തിക്കുന്നത്.

ഈ എഴുത്ത് എഴുതുന്നത് അയ്മനത്ത് തെക്കേക്കരിയില്‍ മരിച്ചുപോയ കൊച്ചിന്‍റെ മകന്‍ ജേക്കബ് എന്ന തിരുമനസ്സിലെ ആത്മീയ പുത്രനാണ്.

വികാരാവേശംകൊണ്ടും പെട്ടെന്നുണ്ടായ കോപം നിമിത്തവും അടിയന്‍ അവിവേകമായി ഒരു കൊലക്കേസില്‍ ഉള്‍പ്പെട്ടു. അതിനു ശിക്ഷയായി അടിയനെ തൂക്കിലിടുവാന്‍ ഈയിടെ കോട്ടയം സെഷന്‍സ് കോര്‍ട്ടില്‍ നിന്നും വിധിയുണ്ടായ നിര്‍ഭാഗ്യവാനായ മഹാപാപിയാണ് അടിയന്‍. ഈ വിധിയിന്മേല്‍ അടിയന്‍റെ ആളുകള്‍ എറണാകുളം ഹൈക്കോര്‍ട്ടില്‍ അപ്പീല്‍ ബോധിപ്പിച്ചിരിക്കുകയാണ്. അടിയന്‍ അറിവോടും അറിവുകൂടാതെയും ദൈവത്തെയും ദൈവപ്രതിപുരുഷനായ തിരുമേനിയെയും മറ്റും പല പ്രകാരത്തില്‍ പീഡിപ്പിച്ചിട്ടുള്ളവനാണ്. അങ്ങനെ അടിയന്‍റെ പാപങ്ങളെപ്പറ്റി ഓര്‍ക്കാനും മാപ്പ് ഇരക്കാനുമുള്ള സന്ദര്‍ഭമാണ് ഈ ശിക്ഷകൊണ്ട് അടിയനു ലഭിച്ചിരിക്കുന്നതെന്ന് അടിയന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു.

അന്ധമായ അന്ത്യോഖ്യാ ഭക്തികൊണ്ട് അറിവില്ലാത്ത അടിയങ്ങള്‍ നേതാക്കന്മാരെന്നു വിശ്വസിച്ചിരുന്ന ആളുകളുടെ ദുരാലോചനയില്‍പെട്ട് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തിരുമനസ്സിനെയും പ്രയാസപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ അറിവില്ലാതെ പലതും പ്രവര്‍ത്തിച്ച കൂട്ടത്തില്‍ തിരുമനസ്സുകൊണ്ട് കല്ലുങ്കത്ര പള്ളിയില്‍ എഴുന്നെള്ളിയ അവസരത്തില്‍ അടിയങ്ങള്‍ തിരുമനസ്സിലെ നേര്‍ക്കു കാണിച്ച ബഹുമാനക്കുറവില്‍ അടിയന്‍ യഥാര്‍ത്ഥമായി ദുഃഖിക്കുകയും, തിരുമനസ്സിലെ തൃക്കൈ മുത്തി പാപിയായ അടിയനോടു ക്ഷമിക്കണമേ എന്ന് യാചിക്കുകയും അടിയന്‍റെ ബലഹീനതയെയും ആലംബം ഒന്നുമില്ലാത്ത അടിയന്‍റെ കുടുംബത്തെയും നിര്‍ദ്ദോഷികളായ അഞ്ചാറു കുഞ്ഞുങ്ങളെയും ഓര്‍ത്ത് അടിയന്‍റെ തെറ്റുകള്‍ ക്ഷമിക്കണമെന്നും ഇനിയും ഒരു സത്യക്രിസ്ത്യാനി ആയിത്തീര്‍ന്ന് തെറ്റുകള്‍ക്കു തക്ക പ്രായശ്ചിത്തം ചെയ്യുന്നതിന് ഒരവസരം ഉണ്ടാക്കിത്തരുന്നതിന് ദൈവത്തോട് അപേക്ഷിക്കുന്നതിന് അവിടുത്തെ മദ്ധ്യസ്ഥത യാചിക്കുകയും ചെയ്യുന്നു. കുരിശില്‍വച്ച് യേശുതമ്പുരാന്‍ തന്‍റെ ശത്രുക്കള്‍ക്കുവേണ്ടിപ്പോലും അവര്‍ ചെയ്യുന്നത് ഇന്നതെന്ന് അറിയായ്കയാല്‍ അവരോടു ക്ഷമിക്കണമേ എന്നു പ്രാര്‍ത്ഥിച്ചതുപോലെ പാപികളായ അടിയങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കുന്നതിന് തിരുമനസ്സുകൊണ്ട് പ്രാര്‍ത്ഥിക്കണമെന്നും അവിടുത്തെ തൃപ്പാദത്തില്‍ പിടിച്ചുകൊണ്ട് നടത്തുന്ന യാചന സ്നേഹനിധിയായ തിരുമനസ്സുകൊണ്ട് തള്ളിക്കളയുകയില്ലെന്നും വിശ്വസിക്കുന്നു.

പ്രായാധിക്യത്താല്‍ ക്ഷീണിതനായിരിക്കുന്ന തിരുമേനിയെ ഇനിയും കൂടുതലായി എഴുതി വിഷമിപ്പിക്കുന്നില്ല. അടിയന്‍റെ സമാധാനത്തിനുവേണ്ടി തെറ്റുകളെ ക്ഷമിച്ചിരിക്കുന്നു എന്നും അടിയനെ തിരുമനസ്സിലെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുമെന്ന് അറിയിച്ചുകൊണ്ടും രണ്ടു വാക്കു കല്‍പിച്ചു മറുപടി അയയ്ക്കണമെന്നു യാചിച്ചുകൊണ്ട് മഹാപാപിയായ അടിയന്‍ നിര്‍ത്തുന്നു.

എന്ന് അവിടുത്തെ ആത്മീയ പുത്രന്‍, റ്റി. ജെ. ജേക്കബ്

പ. ബാവായുടെ മറുപടി

നമുക്ക് എത്രയും സ്നേഹിക്കപ്പെട്ടിരിക്കുന്ന നമ്മുടെ അയ്മനത്തു തെക്കേക്കരിയില്‍ ജോണ്‍ ജേക്കബിനു വാഴ്വ്.

പ്രിയനെ, നിന്‍റെ എഴുത്തു കിട്ടി. നീ നമുക്കു വിരോധമായി എന്തെങ്കിലും ചെയ്തതായി നാം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നിന്‍റെ അമ്മായിഅപ്പനും നിന്‍റെ ഭാര്യയും കുഞ്ഞുങ്ങളും കൂടി ഇവിടെവന്ന് നിന്‍റെ വിവരങ്ങള്‍ പറഞ്ഞപ്പോഴാണ് നാം അറിഞ്ഞത്. അപ്പോള്‍തന്നെ നാം നിന്നോടു ക്ഷമിക്കുകയും ചെയ്തു. നിന്നോടു നമുക്കു യാതൊരു വിരോധവുമില്ല.

നമ്മുടെ കര്‍ത്താവ് പാപികളെ രക്ഷിക്കാനാണ് ലോകത്തിലേക്കു വന്നത്. അനുതപിക്കുന്ന പാപിയുടെ എല്ലാ തെറ്റുകളും താന്‍ ക്ഷമിക്കും. നീ സങ്കടത്തോടും കണ്ണുനീരോടും കൂടെ ദൈവമുമ്പാകെ നിന്നെത്തന്നെ സമര്‍പ്പിക്കുകയും പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിക്കുകയും നമ്മുടെ കര്‍ത്താവിന്‍റെ തിരുശരീരരക്തങ്ങള്‍ അനുഭവിക്കുകയും ചെയ്യണം. വലത്തുഭാഗത്തെ കള്ളന്‍ അവന്‍റെ അന്ത്യനിമിഷത്തില്‍ അനുതപിച്ചത് നമ്മുടെ കര്‍ത്താവ് കൈക്കൊണ്ടപ്രകാരം നിന്‍റെ അനുതാപം താന്‍ കൈക്കൊള്ളട്ടെ. ദൈവാശ്രയത്തോടും പ്രത്യാശയോടും കൂടിയിരിക്കുക. നിനക്കും നിന്‍റെ കുടുംബത്തിനുംവേണ്ടി നാം പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു.

ദൈവമായ കര്‍ത്താവിന്‍റെ കൃപയും അനുഗ്രഹങ്ങളും നിന്‍റെമേലും നിന്‍റെ കുടുംബാംഗങ്ങളുടെമേലും വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ.

എന്ന് 1963 സെപ്റ്റംബര്‍ 16-ാം തീയതി കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്നും.
(ഒപ്പ്)

1963 സെപ്റ്റംബര്‍ ആദ്യം രോഗബാധിതനായ തിരുമേനി തീരെ അവശനിലയില്‍ എത്തുന്നതുവരെയും ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വ്വഹിച്ചു കൊണ്ടുതന്നെയായിരുന്നു എന്നുള്ളതിന് ഒരു സാക്ഷ്യമാണ് 4-9-1963-ല്‍ തിരുമേനിക്കു ലഭിച്ച കത്തിനു അധികം താമസിയാതെ 16-9-1963-ല്‍ തന്നെ മറുപടി അയച്ചത്.

സെന്‍ട്രല്‍ ജയിലില്‍ കൊലക്കുറ്റത്തിന് തൂക്കാന്‍ വിധിക്കപ്പെട്ടു കിടക്കുന്ന ഒരുവന്‍റെ കത്തിനു മറുപടി അയയ്ക്കാമോ? അയച്ചാലത്തെ പ്രതികരണം എന്തായിരിക്കും എന്നൊക്കെ ടി കത്തു കിട്ടിയപ്പോള്‍ അന്ന് അരമനയിലുണ്ടായിരുന്ന പലരും ചിന്തിക്കുകയുണ്ടായി. മറുപടി അയയ്ക്കാതിരിക്കുകയായിരിക്കും നല്ലതെന്നു ചിലര്‍ തിരുമനസ്സറിയിച്ചു. എന്നാല്‍ തിരുമേനി അവയെല്ലാം അവഗണിച്ച് റ്റി. വി. ജോര്‍ജ്ജിനെ (പിന്നീട് നെടുമാവച്ചന്‍) വിളിച്ചു മറുപടി പറഞ്ഞുകൊടുത്ത് എഴുതിച്ച് ഒപ്പിട്ട് അയയ്ക്കുകയായിരുന്നു ചെയ്തത്.

ബാവാതിരുമേനി ഈ അപേക്ഷക്കാരനുവേണ്ടി ഹൃദയം നൊന്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. 1964 ജനുവരി മൂന്നിനു തിരുമേനി കാലംചെയ്തു. വിവരം അറിഞ്ഞ് സെന്‍ട്രല്‍ ജയിലില്‍നിന്ന് തിരുമനസ്സിലെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന റ്റി. ജി. സഖറിയാ ശെമ്മാശന്‍റെ പേര്‍ക്ക് ജേക്കബ് അയച്ച കത്തിലെ ചില ഭാഗങ്ങള്‍ ഉദ്ധരിക്കുന്നു.

‘പരിശുദ്ധ കാതോലിക്കാബാവാ തിരുമനസ്സുകൊണ്ട് പരലോകപ്രാപ്തനായതില്‍ ഹൃദയംഗമമായി ദുഃഖിക്കുകയും തിരുമനസ്സിലെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അവിടുത്തെ പ്രാര്‍ത്ഥനയാല്‍ എനിക്കു പാപമോചനം ഉണ്ടാവുകയും ദൈവത്തിന്‍റെ കരുണയും അനുഗ്രഹങ്ങളും എനിക്ക് ഉണ്ടാകുകയും ചെയ്യുമാറാകട്ടെ. പ. തിരുമേനിയുടെ മരണത്തിനു മുമ്പായി എനിക്ക് ആശീര്‍വാദങ്ങളും അനുഗ്രഹങ്ങളും നല്‍കിക്കൊണ്ട് അയച്ച കല്‍പന എനിക്കും എന്‍റെ കുടുംബത്തിനും എന്നേക്കും അനുഗ്രഹമായിത്തീരും. ശെമ്മാശാ, പരിശുദ്ധ ബാവാതിരുമേനി ചെയ്തതുപോലെ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ ബാവാതിരുമനസ്സിലെ അടിയന്തിര ഓര്‍മ്മദിവസത്തിലെ കുര്‍ബ്ബാനയില്‍ എനിക്കുവേണ്ടിയും അപേക്ഷിക്കണമെ.’

ഇന്ത്യന്‍ പ്രസിഡണ്ടിന്‍റെയടുത്ത് ജേക്കബ് ദയാഹര്‍ജി സമര്‍പ്പിച്ചു. ദൈവതിരുമുമ്പാകെ പ. ബാവാതിരുമേനിയും ജേക്കബിനുവേണ്ടി മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തിയിരിക്കാം. ജേക്കബ് തൂക്കുമരത്തില്‍ നിന്നു രക്ഷപ്പെട്ടു. വിടുതല്‍ പ്രാപിച്ചു. ജയില്‍വിമുക്തനായി. ഓടിവന്ന് കബറിങ്കല്‍ ഹൃദയം നിറഞ്ഞ സ്തോത്രങ്ങള്‍ അര്‍പ്പിച്ചു.

സഭാസമാധാനം ഉണ്ടായതിനെ തുടര്‍ന്ന് പുത്തന്‍കാവു പള്ളിയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷനില്‍ വച്ചു താന്‍ ആചന്ദ്രതാരം കാതോലിക്കേറ്റിന്‍റെ കീഴില്‍ അടിയുറച്ചു നില്‍ക്കുമെന്നും, ബാവാതിരുമേനി അപ്പഴപ്പോള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞ ചെയ്ത പൗലോസ് മാര്‍ പീലക്സിനോസ് പിന്നീട് സ്ഥാനമാനങ്ങള്‍ക്കുവേണ്ടി സഭയില്‍ വഴക്കുണ്ടാക്കുന്നതിന്‍റെ നേതൃത്വം ഏറ്റെടുത്തു. കല്ലുങ്കത്ര സംഭവത്തിന്‍റെ പിന്നിലും ഈ മെത്രാന്‍റെ ഗൂഢാലോചന ഉണ്ടായിരുന്നു.

1961 ഏപ്രില്‍ 27-ാം തീയതി തന്‍റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനായി എം.ഡി. സെമിനാരി അങ്കണത്തില്‍ പരിശുദ്ധ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ വിളിച്ചുകൂട്ടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അതിന്‍റെ തലേദിവസംതന്നെ കല്ലുങ്കത്ര തോമസ് കത്തനാരും കൂട്ടരും ഹൈക്കോടതിയിലെ വെക്കേഷന്‍ ജഡ്ജിയെക്കൊണ്ട് സ്റ്റേ ചെയ്യിക്കുകയുണ്ടായി. തുടര്‍ന്ന് ബാവായും കൂട്ടുപ്രതികളായ കുറ്റിക്കാട്ടില്‍ ചാക്കോ കോരയും നടുവിലേക്കര ചാക്കോ കുര്യനും കണ്ടമുണ്ടാരില്‍ തോമസ് മാണിയും ചേര്‍ന്ന് കൊടുത്ത അപ്പീല്‍ പരിഗണിച്ച് 13-06-1961-ല്‍ സ്റ്റേ നീക്കി. 17-5-1962-ല്‍ നിരണത്തുവച്ച് കൂടിയ അസോസിയേഷന്‍ ഔഗേന്‍ തിരുമേനിയെ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു. എങ്കിലും കോട്ടയം അഡീഷനല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ കേസ് തുടര്‍ന്നുകൊണ്ടിരുന്നു. 19-11-1963-ല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി ഉണ്ടായി. 1964 മെയ് 22-ന് പാത്രിയര്‍ക്കീസ് യാക്കോബ് തൃതീയന്‍ മലങ്കരസഭാ സുന്നഹദോസിന്‍റെ സഹകരണത്തില്‍ ഔഗേന്‍ തിരുമേനിയെ കാതോലിക്കാ ആയി വാഴിക്കുന്നതിന് നേതൃത്വം കൊടുത്തു. ഇതു തടസ്സപ്പെടുത്തുന്നതിനുവേണ്ടി 1964 മാര്‍ച്ച് മാസത്തില്‍തന്നെ സഭാവിരുദ്ധരായ പീലക്സിനോസ് അനുഭാവികള്‍ വര്‍ദ്ധിതവീര്യത്തോടെ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തിരുന്നു. ഔഗേന്‍ ബാവാ ചുമതല ഏറ്റുകഴിഞ്ഞിട്ടും അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് അസാധുവാക്കാന്‍ വീണ്ടും 6 വര്‍ഷത്തോളം ഹൈക്കോടതിയില്‍ കേസ് നടത്തിയ പീലക്സിനോസും, പാത്രിയര്‍ക്കീസ് അനുഭാവികളും ഒരിക്കല്‍കൂടി പരാജയപ്പെട്ടു. 1969 ഡിസംബറില്‍ കേസ് തള്ളിക്കളഞ്ഞുകൊണ്ടുള്ള വിധി ഉണ്ടായി.

കല്ലുങ്കത്ര മണലേല്‍ പള്ളിയില്‍

1955 മെയ് ആദ്യ വാരം. കല്ലുങ്കത്ര മണലേല്‍ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിപ്പെരുന്നാളിനായി പ. ഗീവറുഗീസ് രണ്ടാമന്‍ ബാവാ ക്ഷണിക്കപ്പെട്ടു. പള്ളിയിലേക്കു കടക്കാന്‍ ഇന്നത്തെപ്പോലെ അന്നു പാലം നിര്‍മ്മിച്ചിരുന്നില്ല. റോഡില്‍നിന്ന് ഏതാനും അടി നടന്നുവന്ന ബാവായെ അലങ്കരിച്ചൊരുക്കിയ ഒരു തട്ടിന്‍വള്ളത്തില്‍ കയറ്റി വാദ്യമേളങ്ങളോടും ആവേശത്തിമിര്‍പ്പോടുമാണ് പള്ളിക്കു ചുറ്റുമുള്ള മീനച്ചിലാറിന്‍റെ കൈവഴിയിലൂടെ പള്ളിമുറ്റത്തേക്കു സഭാംഗങ്ങള്‍ എതിരേറ്റത്. പള്ളിയിലെ വികാരിമാര്‍ ചാലാശ്ശേരി ഗീവറുഗീസ് കത്തനാരും മുപ്പാത്തിയില്‍ മത്തായി കത്തനാരുമായിരുന്നു.

കക്ഷിഭിന്നത രൂക്ഷമായിരുന്ന ആ കാലഘട്ടത്തില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ചാലാശ്ശേരി ഗീവറുഗീസ് കത്തനാര്‍ ബാവായുടെ കല്‍പനപ്രകാരം ധൈര്യപൂര്‍വ്വം കോട്ടയം ചെറിയപള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും തുടര്‍ന്നു ചെറിയപള്ളി കാതോലിക്കാ കക്ഷിക്കു മാത്രമായി ലഭിക്കുകയും ചെയ്തത് ഒരാധുനിക ചരിത്രസംഭവമാണ്. ചെറിയപള്ളി വികാരിയായിരുന്ന ഫാ. കെ. പീലിപ്പോസും (പിന്നീട് മാര്‍ തെയോഫിലോസ്) ബാവായോടൊപ്പം
ഉണ്ടായിരുന്നു. പെരുന്നാള്‍ സംബന്ധിച്ചുള്ള സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം പള്ളി അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മനോരമയുടെ പ്രതിനിധിയായി എത്തിയ എനിക്കും ഫാ. കെ. പീലിപ്പോസിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രസംഗിക്കേണ്ടി വന്നു.

പരി.ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായും “പിറവം മര്‍ദ്ദനവും