നിയമസഭയിൽ അര നൂറ്റാണ്ട് പിന്നിട്ട ശ്രീ. ഉമ്മൻ ചാണ്ടി

കേരള നിയമസഭയിൽ അര നൂറ്റാണ്ട് ഇടവേളയില്ലാതെ പിന്നിട്ട അപൂർവ്വ ചരിത്രത്തിനുടമയായ മലങ്കര സഭാംഗവും, മുൻ മുഖ്യമന്ത്രിയുമായ ശ്രീ. ഉമ്മൻ ചാണ്ടിയ്ക്ക് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ്റെ ആദരവും, അനുമോദനങ്ങളും നേരുന്നു. 1970-ൽ പുതുപ്പള്ളിയിൽ നിന്നും കേരള നിയമസഭയിലേക്കു ജയിച്ച അദ്ദേഹം ഒരേ മണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി തുടർച്ചയായി 50 വർഷം പിന്നിടുകയാണ്. ഒരു മലങ്കര നസ്രാണി എന്ന നിലയിൽ, ഓരോ മലങ്കര സഭാംഗത്തിനും അഭിമാനിക്കാൻ വക നല്കുന്നതാണ് ശ്രീ. ഉമ്മൻ ചാണ്ടിയുടെ കേരള രാഷ്ട്രീയത്തിലെ ഇന്നും പ്രഭ മങ്ങാത്ത സ്ഥാനവും, സ്വാധീനവും. ശ്രീ. സി. എം സ്റ്റീഫൻ, ശ്രീ. പി. സി അലക്സാണ്ടർ, ശ്രീ. ഇലഞ്ഞിക്കൽ ജോൺ ജേക്കബ് തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖ വ്യക്തിത്വങ്ങൾക്ക് ജന്മം നല്കിയ മലങ്കര സഭയിലെ ശ്രീ. ഉമ്മൻ ചാണ്ടി കൈവരിച്ച രാഷ്ട്രീയ നേട്ടങ്ങളും, അംഗീകാരങ്ങളുമൊക്കെ മലങ്കര സഭയ്ക്ക് കൂടി അഭിമാനാർഹമാണ്. അനുദിനം മതപരമായി ധ്രൂവീകരിക്കപ്പെടുന്ന കേരളത്തിൽ, അതിവേഗം എല്ലാ അർത്ഥത്തിലും ശോഷിച്ചു വരുന്ന ക്രൈസ്തവ വിഭാഗത്തിൽ നിന്ന് ഇനി ഒരാൾ രാഷ്ട്രീയപരമായി പ്രഥമ നിലയിലേക്ക് വരാൻ കാലങ്ങൾ താണ്ടേണ്ടി വന്നേക്കാം എന്നതും ശ്രീ. ഉമ്മൻ ചാണ്ടിയുടെ പ്രഭ മങ്ങാത്ത പ്രയാണത്തിനെ അംഗീകരിക്കാനും അനുമോദിക്കാനും കാരണഹേതുവാണ്‌.

കേരള മുഖ്യമന്ത്രിയായി സേവനം അനുഷ്ടിച്ച വേളയിൽ ശ്രീ. ഉമ്മൻ ചാണ്ടിയുടെ മലങ്കര സഭയോടും, പരിശുദ്ധ കാതോലിക്ക ബാവായോടുമുള്ള മോശമായ സമീപനങ്ങളും, രാഷ്ട്രീയ കൗശലങ്ങളും ഒന്നും മറന്നിട്ടല്ല അദ്ദേഹത്തിൻ്റെ അപൂർവ്വ നേട്ടത്തിനെ അനുമോദിക്കുന്നത്. രാഷ്ട്രീയ വ്യത്യാസങ്ങൾക്കും, ആശയപരമായ വൈരുധ്യങ്ങൾക്കും ഭൂതകാല പ്രവർത്തികളുടെ ഫലപരിശോധയ്ക്കും അപ്പുറം, മലങ്കര സഭയിലെ എല്ലാവിധ വ്യക്തിത്വങ്ങളെയും, അവരുടെ കഴിവുകളെയും അംഗീകരിക്കാനും, സമർത്ഥമായി ഉപയോഗിക്കാനും കഴിയുന്ന പ്രായോഗിക ബുദ്ധിയുടെ നിലയിൽ കാര്യങ്ങളെ കാണാനാഗ്രഹിക്കുന്നത് മൂലമാണ്. ആഗോള ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകാംഗമായ ശ്രീ. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിന് കൂടുതൽ അവസരങ്ങളും, ഉയർച്ചകളും ആത്മാർത്ഥമായി ആശംസിക്കുന്നതിന് ഒപ്പം ആയുരാരോഗ്യവും നേരുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കൊപ്പം ഒരു മലങ്കര നസ്രാണി എന്ന സ്വത്വബോധം അദ്ദേഹത്തിൽ കൂടുതൽ നിറയാനും, മലങ്കര സഭയുടെ നീതിയുടെ പോരാട്ടങ്ങളെ ആശയപരമായും, അർത്ഥപരമായും പിന്തുണയ്ക്കാനും അവസരവുമുണ്ടാക്കട്ടെ എന്ന് പുതുപ്പള്ളി പുണ്യവാളനോട് പ്രാർത്ഥിക്കുന്നു.

error: Thank you for visiting : www.ovsonline.in