OVS - Latest NewsOVS-Pravasi News

പരിശുദ്ധ കാതോലിക്കാ ബാവായും എത്യോപ്യന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച്ച നടത്തി

എത്യോപ്യയിലെ ദേശീയ ഉത്സവമായ സ്ലീബാ പെരുന്നാളില്‍ ദേശീയ അതിഥിയായി പങ്കെടുക്കാന്‍   എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസിന്‍റെ ക്ഷണമനുസരിച്ച് ആഡീസ് അബാബയില്‍ എത്തിയ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും, എത്യോപ്യന്‍ പാത്രിയര്‍ക്കീസും ഫെഡറല്‍ ഡെമോക്രാറ്റിക്  റിപ്പബ്ലിക് ഓഫ് എത്യോപ്യയുടെ പ്രസിഡന്‍റ്   മലാതു തെഷോമേയുമായി കൂടിക്കാഴ്ച്ച നടത്തി.  ഏകദേശം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളളതായിരുന്നു കൂടിക്കാഴ്ച്ച . മലങ്കര ഓര്‍ത്തഡോക്സ് സഭയും എത്യോപ്യന്‍  സഭയുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.  കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും പാത്രിയര്‍ക്കേറ്റ് അരമനയിലേക്ക് മടങ്ങി.

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താനും, സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാനും ലക്ഷ്യമാക്കിയുളള ഉഭയകക്ഷി ഉടമ്പടി ഒപ്പുവെയ്ക്കുമെന്ന് ഇത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസ് പ്രസ്താവിച്ചു. ഇരു സഭകളിലെയും സുന്നഹദോസുകള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ് ഈ ഉടമ്പടി. സ്ലീബാ പെരുന്നാളിന് മുഖ്യ അതിഥിയായി എത്തിയ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാക്ക് ആഡീസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ ആമുഖപ്രസംഗം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളം സ്വീകരണഗാനത്തോടെയാണ് പരിശുദ്ധ കാതോലിക്കാ ബാവായെ വരവേറ്റത്. സമ്പന്നമായ എത്യോപ്യന്‍ സഭയുടെ പാരമ്പര്യം ഓര്‍ത്തഡോക്സ് സഭകള്‍ക്ക് പ്രചോദനമേകുന്നതാണെന്ന് മറുപടി പ്രസംഗത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. സ്വീകരണത്തില്‍ പരമ്പരാഗത വേഷധാരികളായ പതിനായിരക്കണക്കിന് സഭാംഗങ്ങള്‍ സംബന്ധിച്ചു. പാത്രിയര്‍ക്കേറ്റ് പാലസിന്‍റെ കവാടത്തില്‍ എത്തി പാത്രിയര്‍ക്കീസ് ബാവാ കാതോലിക്കാ ബാവായെ സ്വീകരിച്ചു. ഇരുവരും തമ്മില്‍ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി.

Catholicos in Ethiopia

സ്നേഹവായ്പ്പുകള്‍ തൊട്ടറിഞ്ഞ് മലങ്കര സഭാ അധ്യക്ഷന്‍ ഇത്യോപ്യയില്‍