OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ് സഭയ്ക്ക് 1024 കോടി രൂപയുടെ ബജറ്റ്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ 1024 കോടി രൂപയുടെ ബജറ്റ് പാസാക്കി. കോട്ടയം പഴയ സെമിനാരിയിൽ നടന്ന മാനേജിംഗ് കമ്മിറ്റി യോഗമാണ് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അവതരിപ്പിച്ച ബജറ്റിന് അംഗീകാരം നൽകിയത് . ബസേലിയോസ് മാർത്തോമ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. ജൂബിലിയുടെ ഭാഗമായി മാർത്തോമൻ ഭവന നിർമ്മാണം, വിവാഹസഹായം തുടങ്ങി വിവിധ പദ്ധതികൾക്കായി തുക വകയിരുത്തി. 2024 ജൂലൈ 3ന് മാർത്തോമാ ശ്ലീഹായുടെ മൈലാപൂരിലെ കബറിടത്തിൽ പരിശുദ്ധ കാതോലിക്ക ബാവ വിശുദ്ധ കുർബാന അർപ്പിക്കും. സഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും പങ്കെടുക്കും. ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ച് കോട്ടയത്ത് മഹാ സമ്മേളനം നടക്കും. നിർധന വിധവമാരുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായം, സഭാംഗങ്ങളായ ഓട്ടോ ഡ്രൈവർമാരുടെ പെൺമക്കളുടെ ഉപരിപഠനത്തിന് സ്കോളർഷിപ്പ്, നെൽ ക്ഷീര കർഷകർക്ക് കൈത്താങ്ങൽ, ഡയാലിസിസ് ലിവർ ട്രാൻസ്പ്ലാന്റേഷൻ ധനസഹായം, തിരുവനന്തപുരത്ത് പബ്ലിക് റിലേഷൻ സെൻറർ , ദേവലോകം അരമനയിൽ പുതിയ ബ്ലോക്ക് നിർമ്മാണം തുടങ്ങിയവയാണ് നൂതന പദ്ധതികൾ . മാർത്തോമാ ശ്ലീഹാ വന്നിറങ്ങിയ മുസിരിസിൽ മർത്തോമൻസ് സ്മൃതി മണ്ഡപവും നിർമ്മിക്കും. മുളന്തുരുത്തി മർത്തമറിയം പള്ളിയിൽ സമാധാനപരമായ അന്തരീക്ഷത്തെ തകർക്കാൻ ശ്രമിച്ച പാത്രിയാർക്കീസ് വിഭാഗത്തിന്റെ പ്രവർത്തി അങ്ങേയറ്റം അപലനീയമെന്ന് എന്ന് ഓർത്തഡോക്സ് സുറിയാനി സഭ മാനേജിംഗ് കമ്മിറ്റി അംഗം എബിൻ മത്തായി പൊനോടത്ത് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനി ധ്യാനം നയിച്ചു. പോപ്പ് എമരിറ്റ്സ് ബനഡിക്റ്റ് XVI മാർപാപ്പയുടെ വിയോഗത്തിലും സഭാ മുൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. ജോർജ് , കെ. ഓ വർഗീസ് എന്നിവരുടെ ദേഹവിയോഗത്തിലും അനുശോചനം രേഖപ്പെടുത്തി. പി എസ് സി അംഗം ആയി നിയമിക്കപ്പെട്ട ഡോ. ജിപ്സൻ വി പോൾ വിമുക്തി മിഷൻ പത്തനംതിട്ട ജില്ലാ കോഓർഡിനേറ്റർആയി നിയമിതനായ അഡ്വ. ജോസ് വർഗീസ് കളിയ്ക്കൽ, റബർ ബോർഡ് അംഗങ്ങൾ ആയി നിയമിതനായ കോര സി ജോർജ് , പി. പി ജോർജുകുട്ടി കോത്തല എന്നിവരെ അനുമോദിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും മാനേജിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗ്ഗീസ് അമയിൽ അല്മായ ട്രസ്റ്റി റോണി വർഗീസ് എന്നിവർ പ്രസംഗിച്ചു.