OVS - Latest NewsOVS-Kerala News

ബാവാകക്ഷികള്‍ ഓറിയെന്റല്‍ – ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭകളെ സമീപിക്കുന്നു

മലങ്കര സഭാതര്‍ക്കം പരിഹരിക്കാന്‍ ബാവാകക്ഷികള്‍ ഓറിയെന്റല്‍ – ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭകളെ സമീപിക്കുന്നതായി വായിച്ചു. കോപ്റ്റിക്, എത്തിയോപ്യ, റഷ്യൻ, ഗ്രീക്ക് എന്നീ സഭാ തലവന്മാര്‍ക്ക്  പരാതി നല്കും എന്ന് പാത്രികീസ് കക്ഷികള്‍ പറയുന്നു.

പരാതി നല്കും മുമ്പ് ഒരു നിമിഷം ഇതൊന്ന് വായിക്കുമോ…
മലങ്കര സഭാതര്‍ക്കം ഓര്‍ത്തഡോക്സ് സഭകളുടെ അന്താരാഷ്ട്ര വേദികളില്‍ എത്തിച്ച കേഫാ എന്ന സംഘടനയെ അഭിനന്ദിക്കുകയാണ്. ഇനി അറിയേണ്ടത് ഈസ്റ്റേണ്‍ ,ഓറിയെന്റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ പൊതു സമിതി മലങ്കര സഭാ തര്‍ക്ക പരിഹാരത്തിന് ഒരന്തിമ തീര്പ്പു കല്പിച്ചാല്‍ നിങ്ങള്‍ അതംഗീകരിക്കുമോ എന്നതാണ്. തീര്ച്ചയായും ഓര്‍ത്തഡോക്സ് സഭകളുടെ ചരിത്രത്തിലെ അജ്ഞതയാണ് നിങ്ങളെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചത് എന്നു തന്നെ പറയാം. ആദ്യം ഓറിയെന്റല്‍ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭകളുടെ ലഘു ചരിത്രം ഒന്നു വിവരിക്കട്ടേ.

അപോസ്തോലിക സഭകളെല്ലാം ആദിമ നൂറ്റാണ്ടില്‍ ഒരേ വിശ്വാസത്തിലും പരസ്പര സഹകരണത്തിലും കൂട്ടായ്മയിലുമാണ് കഴിഞ്ഞത്. അതില്‍ റോമാ സാമ്രാജ്യത്തിനകത്തുള്ള റോം, അലക്സാന്ത്യ, അന്ത്യോഖ്യ ,കോണ്സ്റ്റാന്റിനോപ്പിള്‍, ജെറുസലേം എന്നീ അപോസ്തോലിക സഭകളും റോമാ സാമ്രാജ്യത്തിനു പുറത്തുള്ള പുറത്തുള്ള പേര്‍ഷ്യന്‍, മലങ്കര തുടങ്ങിയ സഭകളും എല്ലാം ആദ്യ നൂറ്റാണ്ടില്‍ കൂട്ടായ്മയിലിരുന്ന സഭകളാണ്. കുസ്തന്തീനോസ് ചക്രവര്‍ത്തി വിളിച്ചു കൂട്ടിയ നിഖ്യാ സുന്നഹദോസില്‍ റോമന്‍ സാമ്രാജ്യത്തിനകത്തുള്ള ക്രൈസ്തവ പുരോഹിതരെ സ്വീകരിച്ചത് ഇപ്രകാരമാണ് . സാമ്രാജ്യ തലസ്ഥാനമായ റോമിന്‍റെ സഭാതലവന് ഒന്നാമത്തെ ഇരിപ്പിടം, ശേഷം അലക്സാന്ത്യന്‍ അന്ത്യോഖ്യന്‍ സഭാ തലവന്മാര്ക്കും ഇരിപ്പിടം നല്കി. നിഖ്യാ സുന്നഹദോസിന്‍റെ ഈ പ്രോട്ടോകോള്‍ സഭയുടെ ഔദ്യോഗിക പ്രോട്ടോകോളായി മാറുകയാണ് ചെയ്തത്. അതു പ്രകാരം സഭയുടെ ഒന്നാമത്തെ ബിഷപ് (first among equals ) റോമിന്‍റെ ബിഷപും ശേഷം റോമാ സാമ്രാജ്യത്തിനകത്തുള്ള ക്രൈസ്തവ സഭാ തലവന്മാരായ അലക്സാന്ത്യന്‍ , കോണ്സ്റ്റാന്റനോപ്പിള്‍, അന്ത്യോഖ്യന്‍ ,ജെറുസലേം എന്നീ ബിഷപുമാര്‍ അടങ്ങുന്ന പെന്റാര്ക്കി പിന്നീട് രൂപപ്പെട്ടു (ഹൂദായ കാനോന് 7 ആം കേപ്പലേവന് ) .. റോമാ സാമ്രജ്യത്തിനു പുറത്തുള്ള പേര്ഷ്യന്‍ മലങ്കര സഭകള്‍ക്ക് ഈ പെന്റാര്ക്കി ബാധകമാണോ അല്ലയോ എന്നറിയില്ല എന്തായാലും പൊതു സുന്നഹദോസ് തീരുമാനം ആയതിനാല്‍ മലങ്കര സഭയും പെന്റാര്ക്കി അംഗീകരിക്കുന്നു.

റോമാ സാമ്രാജ്യത്തിനകത്തുള്ള ക്രൈസ്തവ സഭകളിള്‍ രൂപപ്പെട്ട പോലെ സാമ്രാജ്യത്തിനു പുറത്തുള്ള പേര്ഷ്യന്‍ സഭയിലും മറ്റു സഭകളിലും കാതോലികാ പോലെയുള്ള സ്ഥാനങ്ങള്‍ രൂപപെട്ടിരുന്നു. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മലങ്കര സഭയില്‍ പതിനാറാം നൂറ്റാണ്ടു വരെയും അപോസ്തോലിക സഭാ കാലഘട്ടം മുതലുള്ള അതേ ഭരണസംവിധാനം ആണ് തുടര്ന്നത്. മലങ്കര നസ്രാണികള്‍ പുരോഹിത മൂപ്പനാല്‍ ഭരിക്കപ്പെടുന്നത് തുടര്‍ന്നു. അവര്‍ പാത്രികീസിനെ വാഴിക്കാനോ കാതോലിക്കയെ വാഴിക്കാനോ പോയില്ല. കാരണം അവര്‍ക്കതിന്‍റെ ആവശ്യവുമില്ലായിരുന്നു. ഇവിടെ നാമോര്‍ക്കേണ്ട ഒരു വസ്തുത റോമിലെ പാത്രികീസിനെ സഭയുടെ ഒന്നാമത്തെ പാത്രികീസായി വച്ചത് പത്രോസിന്‍റെ പിന്തുടര്ച്ച ആയതിനാലല്ല. പത്രോസിന്‍റെ പിന്തുടര്‍ച്ച  ആയതുകൊണ്ടായിരുന്നെങ്കില്‍ പത്രോസിന്‍റെ അന്ത്യോഖ്യയിലെ പിന്‍ഗാമിയെയും റോമിന്‍റെ ബിഷപിനൊപ്പം വക്കേണ്ടേ. അല്ലങ്കില്‍ രണ്ടാമതെങ്കിലും വരേണ്ടേ. ഇത് റോമിന്‍റെ ബിഷപ് കഴിഞ്ഞാല്‍ ശേഷം അലക്സാന്ത്യന്‍, കോണ്സ്റ്റാന്റിനോപ്പിള്‍ ബിഷപുമാര്‍ക്കും ശേഷമാണ് അന്ത്യോഖ്യന്‍ പാത്രികീസ് വരുന്നത്.

റോമിന്‍റെ ബിഷപ് സമന്മാരില്‍ മുമ്പനായത് തലസ്ഥാന നഗരത്തിലെ ബിഷപായതിനാല്‍ മാത്രമാണ്. എവിടെയും തലസ്ഥാന നഗരങ്ങളിലെ സംഭവങ്ങള്‍ മറ്റു നഗരങ്ങളിലേക്കാള്‍ ശ്രദ്ധിക്കപ്പെടുന്നത് ഒരു പൊതു തത്വമാണ്. അതല്ലാതെ പാത്രികീസുമാര്ക്ക് ഒരു പാത്രിയര്‍കീസിനു മേല്‍ മറ്റൊരു പാത്രികീസിന് യാതൊരു അധികാരവുമില്ല. അന്ത്യോഖ്യന്‍ പാത്രിയര്‍കീസിനു മേല്‍ റോമന്‍ പാത്രിയര്‍കീസിനോ, അലക്സാന്ത്യന്‍ പാത്രിയര്‍കീസിനോ യാതൊരു അധികാരവുമില്ല സമന്മാരില്‍ അന്ത്യോഖ്യന്‍ പാത്രികീസിനേക്കാള്‍ അവര്‍ മുമ്പിലാണ് എന്നു വരുകില്‍ പോലും. അപ്പോള്‍ ഇവിടുത്തെ ചോദ്യം ഇതാണ് അന്ത്യോഖ്യന്‍ പാത്രിയര്‍കീസിന് മലങ്കര സഭാ തലവനു മേല്‍ അധികാരം ഉണ്ടോ ? വസ്തുനിഷ്ഠമായ ഉത്തരം യാതൊരു അധികാരവുമില്ല എന്നതാണ്. മലങ്കര സഭയിലെ പാത്രിയര്‍കീസ് കക്ഷികള്‍ മലങ്കര മെത്രാപോലീത്താക്കു മേല്‍ പാത്രിയര്‍കീസിന് അധികാരം ഉണ്ട് എന്നു വാദിച്ചാലും വസ്തു നിഷ്ഠമായി പരിശോധിച്ചാല്‍ ഇല്ലാത്ത അധികാരം ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല.

ഇനി പത്രോസിന്‍റെ പരമാധികാരം എന്ന വിഷയം നോക്കാം. അന്ത്യോഖ്യന്‍ സഭ  ഉള്‍പ്പടെ ഓര്ത്തഡോക്സ് സഭകളൊന്നും ഈ വാദം അംഗീകരിക്കുന്നില്ല.. പിന്നെ ഈ വാദം അംഗീകരിക്കുന്നവരാരാണ്. എവിടെ നിന്നാണ് ഈ വാദം ഉല്ഭവിച്ചത് ? ആദ്യമെ പറഞ്ഞല്ലോ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം റോമായിരുന്നതിനാല്‍ അതിന്‍റെ പാത്രിയര്‍കീസിനെ ഒന്നാമത്തെ പാത്രിയര്‍കീസായി കണ്ടിരുന്നു എന്ന്. എന്നാല് എട്ടാം നൂറ്റാണ്ടോടെ റോമാ നഗരത്തിന്‍റെ  പ്രാധാന്യം കുറയുകയും കോണ്സ്റ്റാന്റിനോപ്പിള്‍ രണ്ടാം റോം ആയി ഉയര്ന്നു വരികയും ചെയ്ത രാഷ്ട്രീയ സാഹചര്യത്തില്‍ റോമിലെ മാര്പ്പാപ്പ തന്‍റെ  ഒന്നാം സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കയിള്‍  വേദശാസ്ത്രപരമായി കൂടെ തന്‍റെ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ നോക്കിയതാണ് പത്രോസിന്‍റെ പാറ സിദ്ധാന്തം . ഈ സിദ്ധാന്തം പ്രകാരം പത്രോസിന്‍റെ മേലും പത്രോസിന്‍റെ പിന്‍ഗാമിമാരായ മാര്‍പ്പാപ്പമാരുടെമേലുമാണ് സഭ സ്ഥാപിക്കപ്പെട്ടത് എന്നും ആ സഭയുടെ പരമാധികാരി മാര്‍പ്പാപ്പ ആണെന്നും മറ്റെല്ലാ ബിഷപുമാരും അദ്ദേഹത്തിനു കീഴിലാണെന്നും വാദമുയര്ത്തി തന്‍റെ  ഒന്നാംസ്ഥാനം ഉറപ്പിക്കാന്‍ ശ്രമിച്ചു. അങ്ങനെ അന്നുവരെ മാര്‍പ്പാപ്പക്ക് സാര്‍വത്രിക സഭയില്‍ അല്ലങ്കില്‍ കാതോലിക സഭയിലുണ്ടായിരുന്ന മുമ്പന്‍ സ്ഥാനം (Primacy ) ഇനി മുതല്‍ അപ്രമാധിത്തം (supremacy ) ആണ് എന്ന് റോമന്‍സഭ വാദിച്ചു. ഈ വാദത്തിന്‍റെ ഫലമോ എല്ലാ പൗരസ്ത്യ സഭകളും നിര്ദാഷണ്യം ഈ വാദം തള്ളിക്കളഞ്ഞു. റോമന്‍സഭ ഒറ്റപ്പെട്ടു. 1054 പൗരസ്ത്യ സഭയെന്നും പാശ്ചാത്യ സഭയെന്നും ആഗോള സഭ രണ്ടായി പിരിഞ്ഞു. വേദവിപരീതം പഠിപ്പിച്ച മാര്‍പ്പാപ്പയെ കുസ്തന്തീനോസ് പാത്രിയര്‍കീസ് മുടക്കി. ഫലത്തില്‍ പത്രോസിന്‍റെ പാറ സിദ്ധാന്തം ഒന്നായിരിന്ന ക്രൈസ്തവ സഭയെ പൗരസ്ത്യ സഭയെന്നും പാശ്ചാത്യ സഭയെന്നും പിളര്‍ത്തി രണ്ടാക്കി.

നമ്മള്‍ മലങ്കര നസ്രാണികള്‍ പത്രോസിന്‍റെ പാറസിദ്ധാന്തം ആദ്യമായി കേള്‍ക്കുന്നത്  പറങ്കികള്‍ ഉദയംപേരൂര്‍ സുന്നഹദോസ് വിളിച്ചു കൂട്ടിയപ്പോളാണ്. അന്ന് സൈനീക ബലത്തില്‍ പറങ്കികള്‍ മലങ്കര നസ്രാണികളെ കൊണ്ട് ഈ വാദം അംഗീകരിപ്പിച്ചു എങ്കിലും കേവലം 54 വര്‍ഷം കഴിഞ്ഞപ്പോള്‍  പത്രോസിന്‍റെ  പാറയെയും മാര്‍പ്പാപ്പയെയും മലങ്കര നസ്രാണികള്‍ എടുത്ത് അറബികടലില്‍ കളഞ്ഞു. ഇന്ന് പാത്രിയര്‍കീസ് കക്ഷികള്‍ ഈ പാറ അറബികടലില്‍ നിന്നും മുങ്ങി തപ്പിയെടുത്ത് അതില്‍ മാര്‍പ്പാപ്പക്കു പകരം അന്ത്യോഖ്യന്‍ പാത്രിയര്‍കീസിന്‍റെ  പടം പതിപ്പിച്ച് രണ്ടാം കൂനന്‍ കുരിശിന് ഒരുങ്ങുന്നത്രേ. മട്ടാഞ്ചേരിയിലെ നസ്രാണി സിംഹങ്ങള്‍ നിങ്ങളോട് പൊറുക്കട്ടെ. എന്തായാലും നിങ്ങള്‍ ആഗോള ഓര്‍ത്തഡോക്സ് സഭയെ സമീപിക്കാന്‍ പോകുവല്ലേ. മലങ്കര സഭയെ പാത്രികീസിനു കീഴിലാക്കി തരണം എന്ന് ആവശ്യപ്പെട്ട് നിങ്ങള്‍ സമീപിക്കാന്‍ പോകുന്ന ഓര്‍ത്തഡോക്സ് സഭകളുടെ ഒരു ലഘു ചരിത്രം കൂടെ എഴുതട്ടെ.

എത്യോപ്യന്‍ സഭ മൂന്നാം നൂറ്റാണ്ടുമുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ അലക്സാന്ത്യന്‍ പൗരാണിക സിംഹാസനത്തിനു കീഴിലായിരുന്നു. 1959 -ല്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ പാത്രിയര്‍യാര്കേറ്റ് സ്ഥാപിച്ച് എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവനെ പാത്രിയര്‍കീസായി അലക്സാന്ത്യന്‍ സഭാ തലവന്‍റെ സഹകരണത്തോടെ ഉയര്‍ത്തിയപ്പോള്‍ എത്യോപ്യന്‍ സഭ ബാവാകക്ഷി മെത്രാന്‍കക്ഷി എന്നിങ്ങനെ വിഭജിക്കപ്പെട്ടില്ല. 1959-ല്‍  ഒരു എത്യോപ്യന്‍ സഭക്കാരനും പറഞ്ഞില്ല എത്യോപ്യന്‍ പാത്രിയര്‍കീസ് ഡൂപ്ളികേറ്റ് ആണെന്നും അലക്സാന്ത്യന്‍ പാത്രിയര്‍കീസാണ് ഒറിജിനല്‍ എന്നും. അലക്സാന്ത്യന്‍ പാത്രിയര്‍കീസ് അവകാശപ്പെട്ടുമില്ല എത്യോപ്യന്‍ സഭക്കാരുടെ അപ്പന്‍താനാണെന്ന്. ആ എത്യോപ്യന്‍ സഭയെയും അലക്സാന്ത്യന്‍ സഭയെയുമാണ് മലങ്കര സഭയുടെ അപ്പന്‍ പാത്രിയര്‍കീസാണെന്നും പറഞ്ഞ് നിങ്ങള്‍ പാത്രിയര്‍കീസ് കക്ഷികള്‍ സമീപിക്കാന്‍ പോകുന്നത്.

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലും സമാന ചരിത്രമാണ്. റഷ്യന്‍ സഭ കോണ്സ്റ്റാന്റിനോപ്പിള്‍ ഗ്രീക്ക് പാത്രികീസിനു കീഴിലായിരുന്നു. അവരും സ്വന്തമായി പാത്രിയര്‍യാര്കേറ്റ് സ്ഥാപിച്ച് സ്വതന്ത്രമായിട്ട് ഒരുപാട് നൂറ്റാണ്ടൊന്നുമായിട്ടില്ല. പാത്രിയാര്കേറ്റ് സ്ഥാപിച്ചപ്പോള്‍ റഷ്യന്‍ സഭയിലും ഒരു വിമത സ്വരവുമുണ്ടായില്ല. പ്രിയപ്പെട്ട ബാവാകക്ഷി സഹോദരങ്ങള്‍ ഒരു നിമിഷം സ്വതന്ത്രമായി ചിന്തിച്ച് നല്ല തീരുമാനം എടുക്കൂ. ഇത്  ഏതെങ്കിലും ഒരു കക്ഷിയെ പുകഴ്ത്താനോ ഒരു കക്ഷിയെ താഴ്ത്താനോ വേണ്ടി എഴുതുന്നതല്ല മലങ്കര സഭാതര്ക്കത്തില്‍ ഇരുകക്ഷികളും ഒരു പോലെ കുറ്റക്കാരാണെന്ന യാഥാര്ത്ഥ്യം വിസ്മരിച്ചുമല്ല ഇതെഴുതുന്നത്. മലങ്കര നസ്രാണികള്‍ ഒന്നായി കാണണം എന്ന അതിയായ ആഗ്രഹം കൊണ്ടു മാത്രമാണെഴുതിയത്. നമുക്ക് പരസ്പരം മറക്കാം പൊറുക്കാം. ഒന്നായി മുന്നോട്ടു പോകാം .

നിര്‍മല്‍ സാം

കോടതി വിധി അംഗീകരിക്കില്ല എന്ന വാദം നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളി : ഓര്‍ത്തഡോക്സ് സഭ