EditorialOVS - Latest News

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പും മലങ്കര സഭയും:-

ജനാധിപത്യ മതേതര കേരള പൊതു സമൂഹത്തോട് മലങ്കര ഓർത്തഡോൿസ് സഭയ്ക്ക് വേണ്ടി “ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ” ബോധിപ്പിക്കുന്ന സത്യസന്ധമായ വസ്തുതുക്കൾ .

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.ഫിന്‍റെ ദയനീയ തോൽവിയോടെ മലങ്കര സഭയ്ക്ക് അകത്തുനിന്നും, പല UDF പ്രവത്തകരിൽ നിന്നും നിശിതമായ വിമർശനങ്ങളും, പരാതികളും അന്തരീക്ഷത്തിൽ ഉയര്‍ന്ന കേരളത്തിന്‍റെ പൊതു സമൂഹത്തിൽ മലങ്കരസഭയ്ക്ക് എതിരായി ചില തെറ്റിദ്ധാരണകൾ ബോധപൂർവം വളര്‍ത്താൻ ചില കേന്ദ്രങ്ങൾ പരിശ്രമിക്കുന്നത് വ്യകത്മായ പശ്ചാത്തലത്തിലാണ് മലങ്കര സഭയുടെ രാഷ്ട്രീയ നിലപാടുകളെ പറ്റിയും, അതിനു ഇടയാക്കുന്ന സാഹചര്യങ്ങളെ പറ്റിയും ഇത്തരത്തിൽ ഒരു പൊതു സമൂഹ ചർച്ചയ്ക്കായി ഞങ്ങൾ ശ്രമിക്കുന്നത് .

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള അപ്പോസ്തോലിക ക്രൈസ്തവ സഭകളിൽ ഒന്നായ വി. മാർ തോമശ്ലീഹായുടെ മലങ്കരസഭ അഥവാ മലങ്കര ഓർത്തഡോൿസ് സഭ ലോകത്തില്‍ എല്ലായിടവും വ്യാപിച്ചു കിടക്കുന്ന ഒരു ഇന്ത്യൻ, അതിലുപരി ഒരു മലയാള സഭയാണ്. 1500-നു മുകളിൽ ഇടവകകളും, 2500 -ലതികം വൈദികരും, കേരളത്തിലും ബാഹ്യ കേരളത്തിലും, ഇന്ത്യയ്ക്ക് പുറത്തുമായി 20 ലക്ഷത്തോളം വിശ്വാസി സമൂഹവുമുള്ള മലങ്കര സഭയുടെ വിദ്യാഭ്യാസ – ആതുര സേവന – സാംസ്ക്കാരിക തലങ്ങളിലെ മഹത്തായ സംഭാവനകൾ ആർക്കും നിഷേധിക്കാൻ കഴിയാത്ത തരത്തിൽ ഭാരതത്തിൽ ഉടനീളവും, അമേരിക്കൻ – യൂറോപ്പ് രാജ്യങ്ങളിലും പതിറ്റാണ്ടുകളായി പ്രകടമാണ്.

ഭാരതത്തിലെ സാംസ്ക്കാരിക, രാഷ്ട്രീയ, സിവിൽ സർവീസ്, ബ്യുറോക്രസി, ജുഡീഷ്യറി, കല, സാഹിത്യം, സിനിമ, കായികം തുടങ്ങിയ സർവ മേഖലകളിലും ഒരു സംവരണത്തിന്‍റെയോ , ശുപാർശകളുടെയോ പിൻബലം ഇല്ലാതെ ഉജ്വല വ്യക്തിത്തങ്ങളെ സംഭാവന ചെയ്ത സമൂഹമാണ് മലങ്കര നസ്രാണികൾ. കേരളത്തിലെ ഇതര അപ്പോസ്തോലിക സഭകളിൽ നിന്നും വിഭിന്നമായി ഒരു ലിഖിത ഭരണ ക്രമം (1934 മലങ്കര സഭ ഭരണഘടന) അനുസരിച്ച എപ്പിസ്കോപ്പസിയും, അൽമായ അവകാശങ്ങളും കൃത്യമായി നിർവ്വചിച്ചു, പൂർണമായും ജനാധിപത്യ ശൈലിയിൽ തിരഞ്ഞെടുപ്പ് നടത്തി മുകൾതട്ട് മുതൽ ഇടവക തലം വരെ ഭരിക്കപ്പെടുന്ന, 600 കോടിയിൽ പരം വാർഷിക കണക്കും ഓഡിറ്റും ഒക്കെയുള്ള, മലങ്കര സഭയുടെ മെത്രാന്മാർ മുതൽ അൽമായ നേതാക്കന്മാരെ വരെ ബാലറ്റിൽ കൂടെ തിരഞ്ഞെടുക്കുന്ന 4000-ത്തിൽ അധികം പ്രതിനിധികൾ പങ്കെടുക്കുന്നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പോലെയുള്ള ബൃഹത്തായ സംവിധാനങ്ങളുമുള്ള ഈ മലങ്കര സഭയുടെ നേതൃത്വം പൂർണമായും ഭാരതീയരും, ഇന്ത്യയുടെ ഫെഡറൽ – ജുഡീഷ്യൽ സംവിധാനങ്ങൾക്കു വിധേയപ്പെട്ടു, ദേശീയതയിലൂന്നി മലങ്കര സഭയെ ദൈവികമായി നയിക്കുന്നവരുമാണ്.

ഇടതനും, വലതനും, ബിജെപി -കാരും ഒക്കെയുള്ള മലങ്കര സഭ അതിന്‍റെ നാളിതേവരെയുള്ള ചരിത്രത്തിൽ ഒരിക്കലും ഒരു രാഷ്ട്രീയ നിലപാടും പരസ്യമായി പ്രഖ്യാപിക്കാൻ ശ്രമിച്ചിട്ടില്ല. അങ്ങനെ ഒരു നിലപാട് എടുത്താൽ അമ്മയെ തല്ലിയാലും നാല് പക്ഷം എന്നുള്ള ജനാധപത്യ മലങ്കര സഭയിൽ അത് നടപ്പിൽ വരില്ല എന്നതും സത്യം. ഇത്തരം നൂറ്റാണ്ടുകളുടെ സുവര്‍ണ്ണ ചരിത്രം പേറുന്ന ഈ ഭാരതീയ സഭ, കഴിഞ്ഞ 20 വർഷ കാലത്തേ രാഷ്ട്രീയ അവഗണനകളും, അന്യായങ്ങളും സഹിച്ചു മടുത്ത, സഭയുടെ നിലനിൽപ്പിനെ മുൻ നിർത്തി എടുത്ത പ്രായോഗിക രാഷ്ട്രീയ നിലപാടുകൾ കാരണം മലങ്കര സഭ വിശ്വാസികളുടെ മതേതര ബോധത്തിനെയും രാഷ്ട്രീയ പ്രബുദ്ധതയും വല്ലാതെ ഇടത്തേക്ക് ഇടിഞ്ഞു താണു പോയി എന്ന് വിലപിക്കുന്ന വഞ്ചനയുടെ സ്വരം പേറുന്ന കൂട്ടത്തിലെ വക്രന്മാർക്കും, ഇടതു സർക്കാരിനെ കൂട്ട് പിടിച്ച മലങ്കര സഭ എന്തോ അന്യായമായി നേടുന്നു എന്നും, മലങ്കര സഭ ക്രൈസ്തവ ധ്രൂവിക്കരണം നടത്തി ഭൂരിപക്ഷ സമുദായ സ്ഥാനാർഥിയെ തോലിപ്പിച്ചു എന്ന് ആക്രോശിക്കുന്ന വർഗീയ കോമരങ്ങൾക്കും ഒരേ പോലെ ഉതുക്കുന്ന മറുപടിയാണ് ഞങ്ങൾക്ക് ഇവിടെ പറയാനുള്ളത് .

മലങ്കര സഭയ്ക്ക് നിർണ്ണായക സ്വാധീനമുള്ള ആറന്മുളയും, ചെങ്ങന്നൂരും കേരളത്തിലെ കോൺഗ്രസ് മുന്നണിക്ക് കൊടുത്ത ഷോക്ക് ട്രീറ്റമെന്റാണ്‌ മലങ്കര സഭയ്ക്കും, അതിന്‍റെ പരിശുദ്ധ കാതോലിക്കേറ്റിനും, മെത്രാന്മാർക്കും എതിരെ നിശിതമായ സാമൂഹിക വിമര്‍ശനങ്ങള്‍ക്കും, സഭയിലെ ഉമ്മന്‍ചാണ്ടി ഭക്തരായ നവോഥാന മുന്നണിയുടെ എണ്ണമറ്റ വാറോല പ്രചാരണത്തിനും കാരണമായത് എന്നത് ഏവർക്കും അറിവുള്ളതാണ്. പരമ്പരാഗതമായ അന്ധമായ കോൺഗ്രസ് മുന്നണിയെ പിന്തുണച്ചു വന്നിരുന്ന ഓർത്തഡോൿസ് കുടുംബങ്ങളിൽ നിന്നും വലിയ തോതത്തിൽ പുതുതലമുറ മാറി ചിന്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന്‍റെ കാരണവും ഓർത്തഡോൿസ്കാരനായ ശ്രീ . ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്‍റെ പിണയാളികളുമാണ്.

മലങ്കര ഓർത്തഡോൿസ് സഭ ഒരു രാഷ്ട്രീയ നിലപാട് എടുക്കുന്നത് സർക്കാരിൽ നിന്നും അവിഹിതമായ എന്തെങ്കിലും ആനുകൂല്യം നേടുവാനോ, ഏതെങ്കിലും ഓർത്തഡോൿസ് രാഷ്ട്രീയക്കാരന് അസംബ്ലി സീറ്റ് വാങ്ങി കൊടുക്കുവാനോ, സംവരണം ലഭിക്കാനോ, വനഭൂമിയിൽ കൈയ്യേറി കുരിശു കൃഷി നടത്തി പട്ടയം തരപ്പെടുത്താനോ ഒന്നുമല്ല. മലങ്കര സഭയുടെ സ്വത്തുക്കളായ നിരവധി ഇടവകകളിൽ കൈയൂക്കിന്‍റെയും, സമുദായ വോട്ടു ബാങ്ക് എന്ന സുന്ദര മതേതര പ്രതീകത്തിന്‍റെയും പിൻബലത്തിൽ നടത്തുന്ന വിഘിടിത വിഭാഗത്തിന്‍റെ (യാക്കോബായ പക്ഷം) സമാന്തര ഭരണത്തിന് എതിരെ വര്‍ഷങ്ങളായി നിയമത്തിന്‍റെയും സഹനത്തിന്‍റെയും പാതയിൽ ഉറച്ചു നിൽക്കുന്ന ഓർത്തഡോൿസ് വിശ്വാസികൾക്ക് ഈ രാജ്യത്തെ നിയമത്തിന്‍റെയും ഭരണഘടനയുടെയും കാവലാളായ ബഹു. സുപ്രീം കോടതിയുടെയും, ബഹു. കീഴ്കോടതികളുടേയും വിധികൾ നീതി പൂർവം നടപ്പിൽ വരുത്തണം എന്ന് എളിയ ഒരു അഭ്യർഥന മാത്രമാണ്.

1958-ലും, 1995-ലും, 2017 ജൂലൈ 3-നും ഇപ്പോൾ അവസാനമായി 2018 ഏപ്രില്‍ 18-നും ബഹു . സുപ്രീം കോടതി മലങ്കര സഭയ്ക്ക് അനുകൂലമായി വിഘിടിത വിഭാഗമായ യാക്കോബായ പക്ഷത്തിനെതിരെ പഴുതുകൾ അടച്ചു വിധിച്ച വിധിന്യായം മലങ്കരയിലെ ഓർത്തഡോൿസ് – യകോബായ വിഭാഗത്തിന്‍റെ കൈവശം ഇരിക്കുന്ന 1064 ഇടവക പള്ളികൾക്കും ഒരുപോലെ ബാധകമാണ് എന്നതും, മലങ്കര സഭയിൽ ഒരു കാരണവശാലും ഇനി സമാന്തര ഭരണം അനുവദിക്കില്ല എന്നുമുള്ള ദൈവത്തിന്‍റെ കൈയൊപ്പ് പതിഞ്ഞ വിധിയില്‍ വെള്ളം ചേർക്കാൻ ഇനി മലങ്കര സഭ വിശ്വാസികൾ ആരെയും അനുവദിക്കില്ല. നീതിരഹിതമായ, നിയമ വിരുദ്ധമായ ഒരു സഹായവും ഓർത്തഡോൿസ് സഭയ്ക്കു വേണ്ട, പക്ഷെ അത് പോലെ യാക്കോബായ പക്ഷത്തിനു അക്രമത്തിനും, കൊലപാതകങ്ങൾക്കും യഥേഷ്ട്ടം അവസരം സൃഷ്ട്ടിച്ചു ഈ രാജ്യത്തെ നിയമങ്ങൾക്കും, കോടതി വിധികൾക്കും ഒരു വിലയും കല്‍പ്പിക്കാത്ത ഒരു വിദേശീയ സഭയുടെ അസ്തിത്വം മലങ്കര സഭയിൽ എങ്ങനെയും ഉറപ്പിച്ചു നിർത്താൻ വേണ്ടി മലങ്കര സഭയുടെയും, പൊതു സമൂഹതിന്‍റെയും സ്വസ്ഥതയും, സമാദാനവും നശിപ്പിക്കുന്ന പ്രവണത ഒരു സർക്കാരും, രാഷ്ട്രീയ പാർട്ടിയും പിന്തുണയ്ക്കാൻ പാടില്ല എന്നതു  കാലങ്ങളായി മലങ്കര സഭയുടെ ഉറച്ച നിലപാടാണ്. ഈ നിലപാടുകളോട് യോജിക്കുന്ന ഏതു സർക്കാരിനോടും, മുന്നണിയോടും ഓർത്തഡോൿസ് വിശ്വാസികൾ തങ്ങളുടെ രാഷ്ട്രീയം മാറ്റി വെച്ച് പിന്തുണയ്ക്കും. അത് പോലെ മലങ്കര സഭയുടെ നിലപാടുകൾക്ക് എതിരെ അന്യായമായി പ്രവർത്തിക്കുന്ന ഏതു മുന്നണിയോടും, സർക്കാരിനോടും, അതിനി ഓർത്തോഡോസ്‌കാരനായ സാക്ഷാൽ ശ്രീ. കുഞ്ഞുഞ്ഞിനോടും ഇനി മുതൽ നസ്രാണികൾ പൊറുക്കില്ല, പൊറുപ്പിക്കില്ല .

2017 ജൂലൈ 3 വിധിക്കു ശേഷം കോലഞ്ചേരി, ചാത്തമറ്റം, വരിക്കോലി, ആലുവ തൃക്കുന്നത്തു സെമിനാരിയടക്കം 12 പള്ളികൾ കോടതി വിധിയുടെ അടിസ്ഥാനത്തിൽ മലങ്കര സഭയോട് സമാധാനപരമായി കൂട്ട് ചേര്‍ക്കപ്പെട്ടു എന്നത് ഈ നാട്ടിൽ കോടതി വിധികൾ നടപ്പിൽ വരുത്താൻ പ്രാപ്തിയുള്ള, ഭീഷണിക്കും പ്രലോഭനങ്ങൾക്കും വഴങ്ങാത്ത ഒരു നീതി ബോധമുള്ള ഒരു സർക്കാർ ഉണ്ട് എന്ന് തോന്നൽ രാഷ്രീയ അടിമകൾ അല്ലാത്ത സഭ വിശ്വാസികളിൽ ശക്തമായി. പിറവം അടക്കമുള്ള വിധികൾ വരുന്ന ഇടവകളിലും കോടതി വിധി നടപ്പിൽ വരുത്താൻ സര്‍ക്കാർ ശ്രമിക്കും എന്ന് സഭാജനം ഉറച്ചു വിശ്വസിക്കുന്നു. ഒപ്പം കഴിഞ്ഞു സർക്കാരിന്‍റെ സമയത്തു ഓർത്തഡോൿസ് സഭയ്ക്കു അനുകൂലമായ ലഭിച്ച വിധികൾ നടപ്പിൽ വരുത്താതെ യാക്കോബായ വിഭാഗ രാഷ്ട്രീയകാരുമായി ഒത്തുകളിച്ചു വഞ്ചിച്ചതും, നീതിക്കായി ഉപവാസം അനുഷ്‌ഠിച്ച പരിശുദ്ധ കാതോലിക്ക ബാവയെ, 15 ദിവസം കൊണ്ട് ബഹു. ഹൈകോടതി വിധി കോലഞ്ചേരി ഇടവകയിൽ നടപ്പിൽ വരുത്താം എന്ന് രേഖാമൂലം കൊടുത്തു വഞ്ചിച്ചതും വിശ്വാസികൾ മറന്നിട്ടില്ല . മലങ്കര സഭയുടെ അവകാശത്തിലും കൈവശത്തിലും ഇരിക്കുന്ന ആലുവ തൃക്കുന്നതു സെമിനാരി ചാപ്പലിൽ യാക്കോബായ പ്രാദേശിക തലവൻ തോമസ് പ്രഥമൻ ബാവയ്ക്ക് 10 മിനിട്ടു കുര്‍ബാന നാടകത്തിനു അവസരം കൊടുത്തതും, പിന്നീട് ഇദ്ദേഹത്തിന് പാതിരാത്രിയിൽ തൃക്കുന്നതു പള്ളിയിൽ അതിക്രമിച്ചു കയറി പാതിരാ കുർബാനയ്ക്കു അവസരം കൊടുത്തതുമൊക്കെ ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ കാലത്തായിരുന്നെല്ലോ ? തൃശൂർ ചേലക്കര പള്ളിയുടെ തർക്കത്തിൽ ഇടവക വികാരിയെയും 32 ഇടവക ജനങ്ങളെയും പള്ളിയിൽ കയറി എന്ന കുറ്റത്തിന് 3 ദിവസം വിയൂർ ജയിലിൽ പാർപ്പിച്ചപ്പോൾ ശ്രീ. ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ച പരിശുദ്ധ പിതാവിന് കൊടുത്ത അ.. ആ .. ഊ.. ഓ മറുപടി ഒക്കെ പരിശുദ്ധ പിതാവിന്‍റെ വായിൽ നിന്നും മാർച്ചു 3-നു പരുമലയിൽ വെച്ച് OVS മീറ്റിംഗിൽ പുറത്ത് വന്നത് മണ്ഡലം മൊത്തം ഓർത്തഡോൿസ്ക്കാരെ നന്നായി സ്വാധീനിച്ചിട്ടുണ്ട് . അത് അവരുടെ വോട്ടായി പരിണമിച്ചു എന്നത് സ്വാഭിവകമാണ് .

ചെങ്ങന്നൂർ ഇലക്ഷന് 5 ദിവസം മുൻപ് ലെബനോനിൽ നിന്നും മലങ്കരയിൽ പറന്നിറങ്ങിയ വിഘിടിത യാക്കോബായ തലവൻ അന്തോഖ്യൻ സിറിയൻ പാത്രിയര്‍ക്കിസിനെ സ്വീകരിക്കാൻ പുലർച്ചെ നെടുമ്പാശേരിയിൽ കാത്തു കെട്ടി നിന്നതു എന്ത് മതേരത്വം സംരക്ഷിക്കാനാണ് എന്ന് ഉമ്മന്‍ ചാണ്ടി ഭക്തർ പറയണം? അത് ചെങ്ങന്നൂരിൽ എങ്ങനെ പ്രതിഫലിച്ചു എന്ന് ശ്രീ. ഉമ്മന്‍ ചാണ്ടി ഒഴികെ കേരളത്തിലെ എല്ലാ UDF നേതാക്കന്മാർക്കും ഒരേ പോലെ മനസിലായി. ചെങ്ങന്നൂരും, ആറന്മുളയിലും മലങ്കര വിശ്വാസികൾ കാലങ്ങളായി തങ്ങളെ വഞ്ചിക്കുകയും, രാഷ്ട്രീയമായി അവഗണിക്കുകയും ചെയ്യുന്ന ശ്രീ .ഉമ്മന്‍ ചാണ്ടിയുടെയും കോൺഗ്രസിന്‍റെയും പ്രവണതയ്ക്ക് എതിരായാണ് നിലകൊണ്ടത്. മലങ്കര സഭയെ സംബന്ധിച്ച് അവിടെ തോറ്റതും, തോല്‍പ്പിച്ചതും ശ്രീ. ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്‍റെ നിർജീവമായ പ്രസ്ഥാനവുമാണ്. അല്ലാതെ ചില തീവ്ര വർഗീയ സംഘടനകൾ പ്രചരിപ്പിച്ചതു പോലെ ഭൂരിപക്ഷ സ്ഥാനാര്‍ഥികൾക്കു എതിരെ ഒരു ന്യുനപക്ഷ വർഗീയ ധ്രുവീകരണവും നടത്തിയിട്ടില്ല, അതിനു മലങ്കര സഭയ്ക്ക് ഒരിക്കിലും കഴിക്കുയുമില്ല. 25000 -നു മുകളിൽ ഓർത്തഡോൿസ് വിശ്വാസികളുള്ള മധ്യതിരുവതാംകൂറിലെ അടൂർ നിയോജക മണ്ഢലത്തിൽ നാലാം തവണ മത്സരിച്ച ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണന് എതിരായി ഇടതു പക്ഷം ജില്ല മുഴുവനും അറിയപ്പെടുന്ന ഓർത്തഡോൿസ് വിശ്വാസിയായ പ്രൊഫ്. ഡി.കെ ജോണിനെ മത്സരിപ്പിച്ചിട്ടും 18000 -ത്തിനു മുകളിൽ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് 2006-ൽ തിരുവഞ്ചൂർ ജയിച്ചു കയറിയത്. ഓർത്തഡോൿസ് സഭയുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്കു ഉദ്ധാഹരണമായി ഇത്തരം ഡസൻ കണക്കിന് അനുഭവങ്ങൾ പറയാൻ ഉണ്ട് കേരളം ജനതയ്ക്കു. ഓർത്തഡോൿസ് സഭയുടെ വിശാല -പുരോഗമന കാഴ്ചപ്പാടുകളുടെ നിർലോഭ സൗമനസ്യം ആവളോം വര്‍ഷങ്ങളായി ആസ്വദിക്കുന്ന ഒട്ടനവധി നിയമ സഭ സാമാജികരും, പാർലമെന്ററി നേതാക്കളും ഇന്നും തിരുവതാംകൂറിലും, കൊച്ചിയിലും ജാതി -മത വ്യതസ്യമില്ലാതെ ഇടതു – വലതു മുന്നണികളിൽ ഉണ്ട് എന്ന് ആരും നിസംശയം സമ്മതിക്കും .

യാക്കോബായ വിഭാഗ യു.ഡി.ഫ് നേതാക്കളുടെ (പി.സി ചാക്കോ, പി.പി തങ്കച്ചൻ, ബെന്നി ബെഹനാൻ, ടി .യു കുരുവിള, അനുപ് ജേക്കബ്, വി.ജെ പൗലോസ് ….) സമ്മർദ്ദങ്ങൾക്കും താലപര്യങ്ങൾക്കും വഴങ്ങി സ്വന്തം സമുദായത്തിന് കൊടുക്കേണ്ടിയിരുന്ന സാമൂഹിക നീതി പോലും നിഷേധിച്ച ശ്രീ ഉമ്മന്‍ ചാണ്ടിയുടെ “ഒരേ സമയത്തു വേട്ടക്കാരന്‍റെയും, ഇരയുടെയും ഒപ്പും ഓടുന്ന” രാഷ്ട്രീയ തന്ത്രജ്ഞത എന്ന വഞ്ചന മലങ്കര വിശ്വാസികൾ തിരിച്ചറിഞ്ഞു തുടങ്ങിയതാണ് ആറന്മുളയും, ചെങ്ങന്നൂരും സൂചിപ്പിക്കുന്നത്. തങ്ങൾ എന്ത് ചെയ്താലും ഒന്നും പറയാത്ത എല്ലാം സഹിച്ചു കൃത്യമായി കൂട്ടത്തോടെ വന്നു വോട്ടു തന്നു പോകും എന്ന് വ്യാമോഹം ഉപേക്ഷിച്ചേക്കൂ പ്രിയ കോൺഗ്രസ് നേതാക്കന്‍ന്മാരെ.

“മലങ്കര സഭ രാഷ്ട്രീയത്തിൽ ഇടപെട്ടു” മുഖം നഷ്ടപ്പെട്ട് എന്ന് വല്ലാതെ വ്യസനിക്കുന്ന അലക്സ് ബേബിമാരെ പോലെയുള്ള കോൺഗ്രസ് കുഴലൂത്തുകാർ ആദ്യം നിങ്ങളുടെ പ്രിയ നേതാവിനോട്, “രാഷ്ട്രീയക്കാർ മലങ്കര സഭയിൽ ഇടപെടരുത്” എന്ന് പറയാൻ തന്റേടം കാണിക്കു . മലങ്കര സഭ ഭരണ സമിതി തിരഞ്ഞടുപ്പിലും, ഭരണ രംഗത്തും ഒളിഞ്ഞും തെളിഞ്ഞും ഇടപെടുന്നു നവോഥാന പദ്ധതികൾ എന്ന നിഴൽകൂത്ത് നിർത്താൻ ആവശ്യപെടുമോ പൊളിറ്റിക്കൽ നോമിനേറ്റഡ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ? കഴിഞ്ഞ 20 വർഷത്തിൽ കേരളത്തിലെ രണ്ടാമത്തെ വലിയ സഭ വിഭാഗമായ ഓർത്തഡോൿസ് സഭയിൽ നിന്നും നിയമസഭയിലോ, പാർലിമെന്റിലോ അംഗമായ ഉമ്മന്‍ ചാണ്ടിയല്ലാതെ എത്രെ പേരെ ചൂണ്ടി കാട്ടാൻ കഴിയും? യാക്കോബായ നേതാക്കന്മാരെ പനപോലെ വളർത്തിയ കോൺഗ്രസ് ഓർത്തഡോൿസ് സഭാംഗമായതു കൊണ്ട് മാത്രം എത്ര പേരുടെ വഴിയടച്ചു കളഞ്ഞു? ഇലക്ഷൻ വരുമ്പോൾ അരമനകളും, ഇടവകളും കയറി ഓർത്തഡോൿസ് വോട്ടു ബാങ്ക് ഉറപ്പിച്ചു നിർത്തുന്ന കോൺഗ്രസ് മുന്നണി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് തുടങ്ങിയ ജില്ലകളിലെ 45 -നു മുകളിൽ നിയോജക മണ്ഡലങ്ങളിലെ നിർണ്ണായക ശക്തിയായ ഓർത്തഡോൿസ് സഭയിൽ നിന്നും എത്ര രാഷ്ട്രീയക്കാരെ പരിഗണിച്ചു എന്ന് കോൺഗ്രസ് ഭകതർ പറയണം ? 40000 ഓർത്തഡോൿസ് വോട്ടുള്ള കുന്നുംകുളം മണ്ഡലത്തിൽ 400 വോട്ടുള്ള സഭയുടെ സ്ഥാനാർത്ഥിയെ കെട്ടിയേല്‍പ്പിക്കുന്നതു എന്ത് മര്യാദ ?

മലങ്കര സഭയുടെ മൂന്നിൽ ഒന്ന് അംഗസംഖ്യ ഇല്ലാതെ ക്രൈസ്തവ സഭകൾക്ക് സ്ഥിരം മന്ത്രിമാരെ സൃഷ്ടിക്കാൻ വേണ്ടി ഓർത്തഡോൿസ് വിശ്വാസിയായ യു.ഡി.ഫ് സ്ഥാർത്ഥികളെ കാൽവാരി തോല്പ്പിക്കുകയും, അല്ലാത്തപ്പോൾ സീറ്റ് നിഷേധിക്കുകയും ചെയ്തതിന്‍റെ തിരിച്ചടികൾ തരാതിരിക്കാൻ മാത്രം നിർഗുണരല്ല മലങ്കര നസ്രാണികൾ. എറണാകുളത്തും, പത്തനംതിട്ടയിലും, ആലപ്പുഴയിലും ഓർത്തഡോൿസ് സഭയോട് യു.ഡി.ഫ് -നു ഒരേ ചിറ്റമ്മ നയമാണ്. തെററുകൾ തിരുത്താൻ തയ്യാറാക്കാത്ത പക്ഷം, കേരളത്തിലെ മറ്റു സമുദായങ്ങളെ പോലെ ഓർത്തഡോൿസ് സഭയേയും മാന്യമായി പരിഗണിക്കാൻ തയാറായില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസ് ഇനിയും തുടരെ ചെങ്ങന്നൂരും ആറന്മുളയും അനുഭവത്തിൽ നിന്നും മനസിലാക്കും. ഞങ്ങൾക്ക് ഇപ്പോൾ ഇടത്തിനും, ബി.ജെ.പി -ക്കും ഒന്നും അതാതു സമയത്തു സാഹചര്യങ്ങൾ നോക്കി വോട്ടു ചെയ്യാൻ ഒരു മടിയുമില്ല. മലങ്കര സഭ വിശ്വാസികൾ ഇനി ആരുടെയും ഫിക്സഡ് ഡെപ്പോസിറ്റല്ല എന്ന് മറക്കരുത്. മലങ്കര നസ്രാണികൾ തങ്ങളുടെ രാഷ്ട്ര ബോധത്തിനും, രാജ്യത്തെ ജനാതിപത്യ -മതേതര – വികസന ചിന്തയ്ക്കും ഒപ്പം മലങ്കര സഭയുടെ ശുഭ ഭാവിയും കണ്ടു മാത്രമേ ഇനിമേൽ രാഷ്ട്രീയ നിലപ്പാട്‌ എടുക്കുയുള്ളൂ എന്ന് പറയുന്നതിൽ ഏതെങ്കിലും തരത്തിൽ വർഗീയത ആരോപിക്കുന്നവർ കണ്ണടച്ചു ഇരുട്ടാക്കുന്നവർ തന്നെ.

ശരിയായ തെറ്റോ എന്ന് പൂർണമായും പൊതുസമൂഹത്തിനു ഐക്യകണ്ഠനെ നിർണിയിക്കാൻ കഴിയാത്ത തങ്ങളുടെ സമുദായത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി NSS , SNDP, മുസ്ലിം സംഘടനകൾ, ദളിത് സംഘടനകൾ, കാതോലിക്ക സഭകൾ, മാർത്തോമാ സഭ തുടങ്ങിയവർ എടുത്തു പോകുന്ന രാഷ്ട്രീയ -സാമുദായിക നിലപാടുകൾ കൊണ്ട് മുഖം നഷ്ടപ്പെടാത്ത മതേതര കേരളത്തിൽ രാജ്യത്തിന്‍റെ പരമോന്നത നീതി പീഠം പതിറ്റാണ്ടുകൾ പഠിച്ചു പുറപ്പെടുവിച്ച വിധികൾ നടപ്പിൽ വരുത്തണം എന്നും, അതിനു തയാറാകുന്ന സർക്കാരിനെ പിന്തുണയ്ക്കും എന്ന് ഒരു നിർദോഷ നിലപാടിന്‍റെ പേരിൽ നഷ്ടപ്പെടുന്ന ഒരു പ്രതിച്ഛായയും മലങ്കര സഭയ്ക്ക് മേൽ ആരും കെട്ടിയേലിപ്പിക്കേണ്ട എന്ന് ഓർത്തഡോൿസ് വിശ്വാസ് സംരക്ഷകൻ മലങ്കര സഭയുടെ മനസാക്ഷിക്ക് വേണ്ടി നിർഭയം, നിരന്തരം പറയും .

ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ