OVS - ArticlesOVS - Latest News

ആടിനെ പട്ടിയാക്കരുത് : ഡോ. എം. കുര്യന്‍ തോമസ്

മലങ്കര സഭാക്കേസിലെ നിര്‍ണ്ണായക സുപ്രീംകോടതി വിധിവന്നിട്ട് ഇന്ന് ആറ് ദിവസം തികയുന്നു. ഇത്ര ദിവസം നിശബ്ദരായിരുന്നവര്‍ പതിവുപോലെ വ്യാജവാര്‍ത്തകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ന് (8 ജൂലൈ 2017) മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച ‘ഭരണഘടന രജിസ്റ്റര്‍ ചെയ്തിട്ടില്ല’ എന്ന വാര്‍ത്തയിലൂടെയാണ് സുപ്രീംകോടതി വിധിയെ വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടത്തുന്നത്.

1934-ലെ മലങ്കര സഭാഭരണഘടന ഇന്ത്യന്‍ രജിസ്റ്റ്രേഷന്‍ ആക്ട് സെക്ഷന്‍ 17-ബി അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും അതുകൊണ്ട് ഭരണനടത്തിപ്പിനു മാത്രമേ അത് ഉപയോഗിക്കാന്‍ സാദ്ധ്യമാവു എന്നാണ് അഞ്ചുകോളം വാര്‍ത്തയില്‍ തിരിച്ചും മറിച്ചും പറയുന്നത്. വാര്‍ത്ത വിശ്വസയോഗ്യമാക്കാന്‍ 2017 ജൂലൈ മൂന്നു വിധിയില്‍ 272-ാം പേജില്‍ 184-ാം ഖണ്ഡികയില്‍ 22-ാം ക്ലോസായി ഇപ്രകാരം നിരീക്ഷിക്കുന്നു എന്നും തട്ടിവിട്ടിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്യാത്ത ഭരണഘടന മുന്‍കൂര്‍ അനുമതി കൂടാതെ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയത് നിയമവിരുദ്ധമാണന്നു കാട്ടി ഒരാള്‍ ഇടുക്കി സബ് ഡിവിഷണല്‍ മജിസ്റ്റ്രേട്ടിനു പരാതി നല്‍കിയത്രെ. ഈ സംഭവുമായി ബന്ധപ്പെടുത്തിയാണ് തികച്ചു വാസ്തവ വിരുദ്ധമായ ഈ വമ്പന്‍ വാര്‍ത്ത മംഗളം പ്രസിദ്ധീകരിച്ചത്.

വാര്‍ത്തയിലേയ്ക്കും അതിന്റെ യാഥാര്‍ത്ഥ്യത്തലേയ്ക്കും കടക്കുംമുമ്പ് ചില വസ്തുതകള്‍ അറിഞ്ഞിരിക്കണം. 1908-ലാണ് ഇന്ത്യന്‍ രജിസ്റ്റ്രേഷന്‍ ആക്ട് ബ്രിട്ടീഷ് ഇന്ത്യയില്‍ നിലവില്‍ വരുന്നത്. അത് പഴയ നാട്ടുരാജ്യങ്ങളടക്കം ഇന്ത്യ മുഴുവന്‍ ബാധകമാകുന്നത് 1950-ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതോടെയാണ്. മലങ്കര സഭാഭരണഘടന പാസാകുന്നത് 1934-ലാണ്. അതിനെ ചോദ്യം ചെയ്തുള്ള വ്യവഹാരങ്ങള്‍ 1935-ല്‍ത്തന്നെ തിരുവിതാംകൂറില്‍ ആരംഭിച്ചു. അക്കാലത്തോ, 1950-നു ശേഷം തിരു-കൊച്ചി, കേരളാ ഹൈക്കോടതികളിലോ ഇന്ത്യന്‍ സുപ്രീംകോടതിയിലോ ഈ വാദം ഉന്നയിച്ചിട്ടില്ല. 1995-ലെ വിധിയില്‍ അവസാനിച്ച കേസിലും ഭരണഘടനയുടെ സാധുത തര്‍ക്ക വിഷയമായിരുന്നു. അവിടെയും ഉന്നയിക്കാതിരുന്ന ഒരു വാദം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് പുതിയൊരു നിയമയുദ്ധം ആരംഭിക്കാമെന്നോ, വിധിനടത്ത് വൈകിപ്പിക്കാമെന്നോ ഉള്ള മോഹത്തോടെയാണങ്കില്‍ രണ്ടു കാരണംകൊണ്ട് അത് അസാദ്ധ്യമാണ്. ഒന്നാമത് ‘വാദതടസം – റസ്ജുഡിക്കേറ്റാ-‘ തന്നെ.

രണ്ടാമതായി സുപ്രീകോടതിയുടെ നടപടികള്‍ തന്നെ. 1958-ല്‍ സുപ്രീം കോടതി 1934-ലെ മലങ്കര സഭാഭരണഘടന അംഗീകരിച്ചു. 1995-ല്‍ സുപ്രീം കോടതിതന്നെ ആ ഭരണഘടന ഭേദഗതി ചെയ്തു. 2017-ല്‍ 1995-ലെ വിധി നിലനില്‍ക്കുമെന്നും, 1934 ഭരണഘടന ഇടവകപ്പള്ളികള്‍ക്കും ബാധകമാണന്നും, അത് ആവശ്യമെങ്കില്‍ ഭേദഗതി ചെയ്യാമെന്നും സുപ്രീകോടതി വീണ്ടും വിധിച്ചു. വിവിധ കാലങ്ങളിലെ സുപ്രീം കോടതി വിധികള്‍ മൂലം അംഗീകരിക്കപ്പെട്ട ഒരു ഭരണഘടന രജിസ്റ്റര്‍ ചെയ്തില്ല എന്ന വാദം ഒരു കോടതിയിലും നിലനില്‍ക്കില്ല എന്നു സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസിലാകും.

ഇനി മംഗളം പ്രസിദ്ധീകരിച്ച കോടതി പരാമര്‍ശനത്തിലേയ്ക്കു വരാം. 2017 ജൂലൈ 3 വിധി, 272-ാം പേജ്, 184-ാം ഖണ്ഡിക, 22-ാം ക്ലോസ് താഴെ പറയും വിധമാണ്.
‘(xxii) The 1934 Constitution does not create, declare, assign, limit or extinguish, whether in present or future any right, title or interest, whether vested or contingent in the Malankara Church properties and only provides a system of administration and as such is not required to be registered. In any case, the Udampadis for the reasons already cited, cannot supersede the 1934 Constitution only because these are claimed to be registered.’

ഇതിന്റെ മലയാള പരിഭാഷ ഇപ്രകാരമാണ്.
’22) 1934-ലെ ഭരണഘടന മലങ്കര സഭയുടെ വസ്തുക്കളുടെ അവകാശമോ ആധാരമോ താല്‍പ്പര്യമോ സംബന്ധിച്ച് നിലവിലുളളതോ ഭാവിയിലേതോ ആയ ഒന്നും സൃഷ്ടിക്കുകയോ, പ്രഖ്യാപിക്കുകയോ, ചുമതലപ്പെടുത്തുകയോ, പരിമിതപ്പെടുത്തുകയോ, ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. ഭരണത്തിനുളള ഒരു സംവിധാനം ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്, അതു കൊണ്ട് തന്നെ അത് രജിസ്റ്റര്‍ ചെയ്യേണ്ട കാര്യവുമില്ല. ഉടമ്പടികള്‍ രജിസ്റ്റര്‍ ചെയ്തവയാണ്, അവ 1934-ലെ ഭരണഘടന വന്നപ്പോള്‍ നിലനില്‍ക്കാവുന്നതുമല്ല.’

സുപ്രീം കോടതി വിധിയുടെ ഈ ക്ലോസില്‍ ‘ഇന്ത്യന്‍ രജിസ്റ്റ്രേഷന്‍ ആക്ട്’ എന്നൊരു പരാമര്‍ശനം പോലുമില്ല. എന്നു മാത്രമല്ല, 276 പേജുള്ള സുദീര്‍ഘമായ വിധിന്യായത്തില്‍ കേവലം മൂന്നു സ്ഥലങ്ങളില്‍ മാത്രമാണ് (258, 259 പേജുകള്‍) ഇന്ത്യന്‍ രജിസ്റ്റ്രേഷന്‍ ആകട് എന്ന പരാമര്‍ശനം പോലുമുള്ളത്. അവയാകട്ടെ യാക്കോബായ വിഭാഗം വക്കീല്‍ ശ്യാം ദിവാന്റെ വാദവുമായി ബന്ധപ്പെട്ടാണ്. അല്ലാതെ കോടതിയുടെ ഉത്തരവായിട്ടല്ല.

ഈ ക്ലോസിന്റെ അര്‍ത്ഥം, ‘2002-ലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ പോലെ പുതുതായി ഒന്ന് 1934-ലെ ഭരണഘടനപ്രകാരം ഉണ്ടാക്കാത്തതിനാലും, നിലവിലുള്ളവയുടെ ഭരണത്തിനുളള ഒരു സംവിധാനം ഉണ്ടാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നതിനാലും രജിസ്റ്റ്രേഷന്‍ ആവശ്യമില്ല’ എന്നു ലളിത ഭാഷയില്‍ വ്യാഖ്യാനിക്കാം.

1934-ലെ ഭരണഘടനയ്ക്കു മുമ്പോ അതിനുശേഷമോ ഉണ്ടാക്കി രജിസ്റ്റര്‍ ചെയ്ത ഉടമ്പടികള്‍ അസാധുവാകുമെന്നാണ് ആ ക്ലോസിലെ അവസാന വാചകം. ഇത് തൊട്ടുമുമ്പ് 21-ാം ക്ലോസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

21. 1890-ലെയും 1913-ലെയും ഉടമ്പടികള്‍ പളളികളുടെ ഭരണത്തിനു വേണ്ടിയാണ്, അല്ലാതെ ട്രസ്റ്റിന്റെ രൂപവത്ക്കരണത്തിനല്ല. അവയ്ക്ക് ഇന്ന് ഉപയോഗവുമില്ല. മാത്രമല്ല 1934-ലെ ഭരണഘടനയുടെ വ്യവസ്ഥകള്‍ അനുസരിച്ച് അവ നിലനില്‍ക്കില്ല. ഭരണഘടനയുടെ 132-ാം വകുപ്പ് അത് വ്യക്തമാക്കുന്നു. 1934-ലെ ഭരണഘടനയാണ് നിലനില്‍ക്കുക എന്ന് ഈ കോടതി തന്നെ പല വിധികളിലും പറഞ്ഞത് പ്രകാരവും ഈ ഉടമ്പടികള്‍ക്ക് സാധുതയില്ല.’

ഇരുപതാമത്തെ ക്ലോസിലെ കോടതി ഉത്തരവുകൂടി കൂട്ടിവായിച്ചാല്‍ ഈ പുകമറ വേഗം അപ്രത്യക്ഷമാകും.
’20. 1934-ലെ ഭരണഘടന നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. അത് ലംഘിക്കപ്പെടുന്നതിന്റെ ഒരു നിരാശയും യാക്കോബായ സഭയ്ക്കില്ല. മലങ്കര സഭ ഒരിക്കല്‍ നിലവിലുണ്ടെങ്കില്‍ അത് അങ്ങനെ തന്നെ തുടരണം, അതിന്റെ വസ്തുവകകള്‍ ഉള്‍പ്പെടെ ഏതെങ്കിലും ഒരു വിഭാഗത്തിന് ഭൂരിപക്ഷത്തിന്റെ പേരില്ലോ അല്ലാതയോ വസ്തുക്കളുടെ ഭരണം ഏറ്റെടുക്കാനാവില്ല, അതു ഭരണത്തില്‍ അനധികൃതമായ ഇടപെടലാണ്, വസ്തുവകകള്‍ അന്യായമായി പിടിച്ചെടുക്കലാണ്. ഭൂരിപക്ഷം ഉണ്ടെങ്കില്‍ പോലും സഭയുടെ ഭരണമോ, വസ്തുക്കളോ പിടിച്ചെടുക്കാന്‍ പാടില്ല. ഭരണം മാറ്റണമെങ്കില്‍ അത് നിയമപരമായി 1934 ലെ ഭരണഘടന ഭേദഗതി വരുത്തി ചെയ്യണം. 1934 ലെ ഭരണഘടനയ്ക്ക് വിരുദ്ധമായി ഇടവകപ്പളളികള്‍ക്ക് നിയമം ഉണ്ടാക്കാന്‍ കഴിയില്ല.’

1934 ഡിസംബറില്‍ പാസാക്കിയ സഭാ ഭരണഘടന 1935-ല്‍ത്തെന്നെ ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 2,000-ല്‍ അധികം ഇവകപ്പള്ളികള്‍ ഭരിക്കപ്പെടുന്ന ഈ ക്രമം അറിയാന്‍ ഏതൊരു സഭാ വിശ്വാസിക്കും അവകാശമുണ്ട്. അവ പ്രസിദ്ധപ്പെടുത്തുന്നതല്ല, രഹസ്യമാക്കി വെക്കുന്നതാണ് തെറ്റ്. നിയമസാധുതയുള്ള ഒരു ഭരണഘടന പ്രസിദ്ധീകരിക്കുതു തെറ്റെങ്കില്‍ കോടതി നിയമവിരുദ്ധമാക്കിയ ‘2002 ഭരണഘടന’ പ്രസിദ്ധീകരിച്ചവരെ എന്തു ചെയ്യണം?

നാളെ മുന്‍ യാക്കോബായ വിഭാഗം ആരംഭിക്കും എന്നു പ്രഖ്യാപിച്ച വിശ്വാസസംരക്ഷണ യോഗങ്ങളില്‍ കുഞ്ഞാടുകളെ വിഢികളാക്കാന്‍ ഇത്തരം ഉണ്ടയില്ലാവെടികള്‍ അവര്‍ക്ക് ആവശ്യമായിരിക്കും. പക്ഷേ മംഗളം ദിനപത്രം അധികൃതര്‍ ഒന്നോര്‍ത്താല്‍ നല്ലത്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ പത്രത്തിന്റെ രജിസ്റ്റ്രേഷന്‍ തന്നെ റദ്ദുചെയ്യപ്പെടാം. കോടതിവിധികലെ വളച്ചൊടിച്ചു പ്രസിദ്ധീകരിച്ചാല്‍ കോടതിയലക്ഷ്യത്തിനു മറുപടി പറയേണ്ടിയും വരും

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി