OVS - Latest NewsSAINTS

മാർത്തശ്മൂനിയമ്മയും, 7 മക്കളും, ഗുരുവായ ഏലയാസാറും – രക്തസാക്ഷികളായ വിശുദ്ധരിൽ അഗ്രഗണ്യർ

“എനിക്കു ജീവിക്കുന്നത് ക്രിസ്തുവും, മരിക്കുന്നത് ലാഭവുമാകുന്നു “

വിശ്വാസപരമായ പീഡനങ്ങൾ എല്ലാ കാലത്തും യഹൂദന്മാർ ഏറ്റിരുന്നു. ഇതിൻ്റെ ഒക്കെയും മൂർദ്ധന്യാവസ്ഥയിൽ വിശ്വാസം കൈവിടാതെ പീഡകൾ ഏറ്റുകൊണ്ട് ജീവിച്ച പ്രൗഢമായ ഒരു സ്ത്രീയായിരുന്നു വിശുദ്ധ മർത്തശ്മൂനി അമ്മ.

പരമ്പരാഗതമായി ആചാര മര്യാദകൾ പാലിക്കുകയും, സത്യവിശ്വാസത്തിൽ നിലകൊള്ളുകയും, വർജ്യമായതിനെ വർജിക്കുകയും ചെയ്ത പാരമ്പര്യമാണ് കുലീനമായ മക്കാബിയ കുടുംബത്തിനുള്ളത്. പരമ്പരാഗതമായ അവർ പുരോഹിത കുടുംബമാണ്. ദൈവനിശ്ചയം അനുസരിച്ച് യവനവൽക്കരണം മക്കാബിയ കുടുംബത്തെയും പ്രതിസന്ധിയിലാക്കി. എതിർത്ത് തോൽപ്പിക്കാൻ സാധിക്കാത്തതിനാൽ അവർ കുടുംബ തലവൻ യൂദാമക്കാബിയോസും അനുചരന്മാരും ചേർന്ന് മരുഭൂമിയിലും, വനങ്ങളിലും താമസമാക്കി. വിശ്വാസത്തിന് പ്രാമുഖ്യം നൽകുന്നതിനാൽ ചെടികളും കായ്കളും ഭക്ഷിച്ചു പോന്നു.

ഈ സമയം യെരുശലേമിൽ പൈശാചികതയെ ഭയപ്പെടുത്തുന്ന കൂത്താട്ടം ആയിരുന്നു. അതിവിശുദ്ധമായ യെരുശലേം ദേവാലയത്തെ യവനർ ഒളിമ്പസ്സിലെ സെവോസിൻ്റെ ക്ഷേത്രം ആക്കി മാറ്റി. അനന്തരഫലമായി ആലയത്തെ പൈശാചികതയുടെ കേന്ദ്രമാക്കി. പരുഷമായ നടപടി ആയത് മാറി. ദൈവാലയത്തിൽ വേശ്യാമാരെ കൊണ്ടുവന്നു അവരുമൊത്ത് കൂത്താടി. ആലയത്തിലെ അകത്ത് മദ്യസേവയും വർജ്യമായതിനെ പ്രവേശിപ്പിക്കുകയും ചെയ്തു. യഹൂദർക്ക് വർജ്യമായ പന്നിമാംസം പരിശുദ്ധ ബലിപീഠത്തിങ്കൽ അറുത്തു വികലമാക്കി. വിശുദ്ധ മന്ദിരം അശുദ്ധദ്ധയുടെ കേന്ദ്രമായി മാറി. ദേവാലയ വളപ്പുകൾ നശിക്കപ്പെട്ട ലൈഗീകതയുടെ പ്രദർശന വേദിയായി ആക്കി മാറ്റി.

തുടർന്ന് യവനരുടെ യാഗവസ്തു ഭക്ഷിക്കുവാൻ യഹൂദർ നിർബന്ധിതരായി. എതിർത്തവരെ വംശനാശം വരുത്തുകയും ചെയ്തു. പരിച്ഛേദന നടത്തിയതിൻ്റെ പേരിൽ അമ്മമാരുടെ കഴുത്തിൽ മക്കളെ കെട്ടിത്തൂക്കി നടത്തിച്ചു. ഭയന്നുവിറച്ച് യഹൂദർ മരുഭൂമിയിലേക്കു വനങ്ങളിലേക്കും ഒളിച്ചോടി. ഗുഹകളിൽ വെച്ച് വിശുദ്ധ ആരാധന രഹസ്യമായി നടത്തി.

തെറ്റ് ചെയ്താൽ വളരെക്കാലത്തേക്ക് സ്വതന്ത്രനായി വിടാതെ അപ്പോൾതന്നെ ദൈവമക്കളെ ശിക്ഷിക്കുകയാണ് എന്നവർ വിശ്വസിച്ചു. പാപികളെ ആനന്ദമായി സ്വതന്ത്രമായി വിടുകയും അവസാനം അവരെ ശിക്ഷിക്കുകയും ചെയ്യുന്നു. ദൈവമക്കൾക്ക് അത് യോജിച്ചതല്ല.

നേരത്തെ പരാമർശിച്ച മക്കാബിയ കുടുംബമാണ് വിശുദ്ധ മർത്തശ്മൂനിഅമ്മയുടെ കുടുംബം. മികച്ച വേദജ്ഞനും പണ്ഡിതനും കുലഗുരുമായിരുന്നു ഏലിയാസർ. ഒരു പണ്ഡിത വൃദ്ധൻ. സത്യാ ആരാധനയിൽ അൽപംപോലും വ്യതിചലിക്കാതെ പ്രാർത്ഥനാ ജീവിതം നയിച്ച യോഗിവര്യൻ.

കാലത്തിൻ്റെ അവിവേകമായ തീരുമാനത്തിൻ്റെ ഫലമായി യവനവൽക്കരണം അദ്ദേഹത്തിലേക്കും എത്തി. യവന യാഗ വസ്തുവായ പന്നി മാംസം തിന്നുവാൻ പടയാളികൾ ഏലിയാസറിനെ നിർബന്ധിച്ചു. എന്നാൽ കൃത്യമായി തന്നെ സത്യവിശ്വാസത്തിൽ വൃദ്ധത വരെ എത്തിയിട്ട് ഇനി വിശ്വാസ ലംഘനം നടത്താൻ ഏലിയാസ്സർ തയ്യാറായില്ല. അദ്ദേഹത്തിൻ്റെ വായിൽ നിർബന്ധിച്ച് തിരുകിക്കയറ്റിയ മാംസക്കഷണം അദ്ദേഹം തുപ്പി കളഞ്ഞു.

ഈ നിയമവിരുദ്ധ ബലിയുടെ ചുമതലക്കാർക്ക് ഏലിയാസ് അറിയാമായിരുന്നു. അവർ ഒരു വ്യവസ്ഥ ഏലിയാസറിനു മുന്നിൽ വച്ചു. ആ മാംസക്കഷണം കഴിക്കുന്നതുപോലെ അഭിനയിച്ചാൽ മതി. അദ്ദേഹത്തിന് ഉചിതമായ മാംസം കഴിക്കാൻ തരാം എന്നായിരുന്നു അവരുടെ ഉപദേശം. എന്നാൽ ആദർശവാനായ ഏലിയാസ്സർ ആ ഉപദേശം തള്ളിക്കളയുകയും, തൻ്റെ പ്രായത്തിനും നരക്കും യോജിച്ചതല്ല ഇത്. ആ വൃദ്ധൻ അന്യ മതത്തിൽ ചേർന്നു എന്ന് മറ്റുള്ളവർ പറയൂ എന്നുംഅദ്ദേഹം ശഠിച്ചു.

ഈ വാർദ്ധക്യത്തിൽ ഞാൻ നല്ല മാതൃകയായി മരിക്കുവാൻ ആണ് ആഗ്രഹിക്കുന്നത്. എൻ്റെ ജീവിതം വരുന്ന തലമുറയ്ക്ക് പഠനവിധേയമാക്കണം. നെഞ്ചിൽ കൊണ്ടുനടന്ന വിശ്വാസത്തിനുവേണ്ടി മരണം പ്രാപിപ്പാനും എലിയാസർ സന്നദ്ധനായി.

ഇത്രയും നേരം പുഞ്ചിരിയോടെ നിന്നവർ അക്രമകാരികൾ ആകുന്നത് ഏലീയാസർ കണ്ടു. അവർക്ക് ഏലിയാസറിൻ്റെ വാക്കുകൾ ഭ്രാന്ത് ആയി തോന്നി. അവർ കമ്പും കോലും കൊണ്ട് ഏലിയാസറിനെ അടിച്ചുവീഴ്ത്തി. അങ്ങനെ ഏലിയാസർ തൻ്റെ വൃദ്ധതയിൽ തലമുറകൾക്ക് വേണ്ടി, തൻ്റെ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചു.

വിശ്വാസത്തിനുവേണ്ടി മരിക്കുവാൻ തയ്യാറായ ഏലിയാസറിൻ്റെ മക്കാബിയ കുടുംബത്തിലെ ധീരയും വിശ്വാസ സ്നേഹിയും, പ്രൗഢയും ആയ മുതിർന്ന സ്ത്രീയായിരുന്നു വിശുദ്ധ മർത്തശ്മൂനി. അവൾ വിശ്വാസത്തെ മുറുകെ പിടിച്ചു ജീവിക്കുന്ന ഉത്തമയായ സ്ത്രീയായിരുന്നു. മക്കാബിയ കുടുംബം മുഴുവൻ സത്യആരാധനയിൽ നിന്നും വ്യതിചലിച്ചതേയില്ല.

ഒരിക്കൽ ഏലിയാസറിനുണ്ടായ ദുരനുഭവം മർത്തശ്മൂനിക്കും 7 മക്കൾക്കും ഉണ്ടായി. നിഷിദ്ധമായ പന്നി മാംസം ഭക്ഷിക്കുവാൻ പടയാളികൾ അവളോടും അവളുടെ ധീരരായ ഏഴു മക്കളോടും ആവശ്യപ്പെട്ടു. എന്നാൽ വിശ്വാസം നെഞ്ചിൽ കൊണ്ടു നടന്ന അവർ അവരെ പിടിച്ചുകൊണ്ടുപോയി. മർത്തശ്മൂനി തന്നെയും മക്കളെയും സത്യാരാധനയിൽ ഉറപ്പിച്ചിരുന്നു. എന്തുവന്നാലും വ്യതിചലിക്കരുത്എന്ന് പഠിപ്പിച്ചിരുന്നു.

അതുകൊണ്ടുതന്നെ അവർ ആ വേദവിപരീതത്തെ നിഷേധിച്ചു. തുടർന്നവർ ബന്ധിക്കപ്പെട്ടു. സത്യവിശ്വാസത്തെ നെഞ്ചിലേറ്റിയത്തിനു പീഡനം സഹിക്കേണ്ടിവരുന്നത് യഹൂദന്മാരുടെ ശാപം ആയിരുന്നു. ഈ പീഡകൾ ഒക്കെയും ദൈവകോപം ആണെന്ന് മനസ്സിലാക്കി അതിനു വേണ്ടി പ്രാർത്ഥിക്കുവാനും അവർ ഉത്സാഹിതരായി. പ്രത്യേകിച്ച് “മരണത്തിൽ നിന്ന് രക്ഷപ്പെടാൻ ആയിരുന്നിട്ടും ഞാൻ അടിയേറ്റ് ഭയങ്കരമായ ശാരീരിക വേദന അനുഭവിക്കുന്നു. കർത്താവിനെ ഭയപ്പെടുന്നത് കൊണ്ട് ഇതെല്ലാം സഹിക്കുന്നതിനാൽ എനിക്ക് ആത്മാവിൽ സന്തോഷമുണ്ട്. തൻ്റെ ദിവ്യ ജ്ഞാനത്താൽ കർത്താവ് വ്യക്തമായി അറിയുന്നതിനാൽ ഞാൻ സന്തുഷ്ടനാണ്” എന്ന് പറഞ്ഞ എലിയാസറിൻ്റെ കുടുംബം.

ജീവൻ പോയാലും സത്യാആരാധനയിൽ നിന്ന് വ്യതിചലിക്കുകയും ഇല്ല എന്ന് പറഞ്ഞ മക്കാബിയർ കുടുംബം. ഈ കുടുംബത്തിലെ അംഗങ്ങളായ മർത്തശ്മൂനിയും ഏഴ് മക്കളും നിഷിദ്ധമായത് ഭക്ഷിക്കണം എന്ന ആവശ്യം നിരാകരിച്ചതിൻ്റെ പേരിൽ യവനപടയാളികളാൽ ബന്ധിക്കപ്പെട്ടു. ബന്ധിക്കപ്പെട്ട മർത്തശ്മൂനി അമ്മയും മക്കളും യവന രാജാവിൻ്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു. തുടർന്ന് വീണ്ടും നിഷിദ്ധമായത് ഭക്ഷിക്കുവാൻ കൊണ്ടുവന്നു. വീണ്ടും അവർ അത് തള്ളിക്കളഞ്ഞു. കുപിതനായ രാജാവിനോട് മർത്തശ്‌മൂനിഅമ്മയുടെ ധീരനായ ഒന്നാമത്തെ മകൻ നൽകിയ ഉത്തരം ശ്ലാഘനീയമാണ്.  “നീ ഞങ്ങളോട് ചോദിച്ചറിയാൻ ഉദ്ദേശിക്കുന്നത് എന്ത്? എങ്കിൽ കേട്ടു കൊള്ളൂ, ഞങ്ങളുടെ പിതാക്കന്മാരുടെ നിയമങ്ങളെ മറികടക്കുന്നതിനേക്കാൾ മരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” അവൻ എല്ലാവരുടെയും വക്താവായി ആയിരുന്നു ഇത് പറഞ്ഞത്.

ഈ വാക്കുകൾ തികഞ്ഞ ധിക്കാരമായി രാജാവ് കണക്കാക്കി. രാജാവ് രോഷാകുലനായ ചട്ടികളും കുട്ടകങ്ങളും ചൂടാക്കാൻ കല്പനയിട്ടു. അവയൊക്കെ പെട്ടെന്ന് ചുട്ടു പഴുപ്പിച്ചു. സഹോദരന്മാരും മാതാവും നോക്കിനിൽക്കെ, അവർക്കുവേണ്ടി സംസാരിച്ചവൻ്റെ നാക്ക്‌ അറുത്തു കളയുവാനും ശിരസ്സിൻ്റെ തോൽ ഉരിയാനും കിരാതരാജാവ് കല്പനയിറക്കി. തുടർന്ന് ജീവനോടെ ധീരബാലനെ തിളച്ച എണ്ണയിലേക്ക് വലിച്ചെറിഞ്ഞു. അതീവ ദുഷ്കരമായി പ്രവർത്തിക്കു ശേഷം വിശുദ്ധയായ മർത്തശ്മൂനി അമ്മ ഭയന്നില്ല.

തങ്ങളുടെ വിശ്വാസത്തിനാണ് ഈ പീഡനങ്ങൾ നേരിടുന്നത് സത്യമാണെന്നും അതുകൊണ്ട് തന്നെ, യഹോവയുടെ ലോകത്തിൽ തങ്ങൾക്ക് അവകാശമുണ്ടായിരിക്കും എന്ന് അവൾ ഉറച്ചുവിശ്വസിച്ചു. തന്നെയും മക്കളെയും കൊല്ലുമെന്ന് മർത്തശ്മൂനി അറിയാമായിരുന്നിട്ടും ആ വിശുദ്ധയെ മുന്നോട്ടു നയിച്ചതും ഈ വിശ്വാസമായിരുന്നു. നല്ലൊരു വിശ്വാസ ശ്രേഷ്ഠ ആയിരുന്നു മർത്തശ്മൂനി.

വിപരീത സാഹചര്യത്തിലും മർത്തശ്‌മൂനിയും മക്കളും പ്രത്യാശ കൈവെടിഞ്ഞില്ല. വീര മരണം പ്രാപിക്കുവാൻ അമ്മ മകനെ പ്രചോദിപ്പിച്ചു.

ഒന്നാമത്തെ മകൻ്റെ കൊലപാതകത്തിന് ശേഷം രണ്ടാമത്തെ കൊണ്ടുവന്നു. അയാളുടെ ശിരസ്സിലെ തോൽവി തലമുടിയോടുകൂടി ഉരിഞ്ഞു എടുത്തിട്ട് രാജഭടന്മാർ ചോദിച്ചു, “നീ ഭക്ഷിക്കുന്നോ? അതോ നിൻ്റെ ശരീരം അംഗപ്രത്യയംഗം ശിക്ഷിക്കപെടണോ?  യഹൂദ വിശ്വാസം അവനും കാത്തു. “ഇല്ല” എന്ന് അവനും ഉത്തരം പറഞ്ഞു. ക്രൂര പീഡനങ്ങൾക്ക് ഇരയായി അന്ത്യശ്വാസം വലിച്ചപ്പോൾ രാജാവിനോട് പറഞ്ഞു “ശപിക്കപ്പെട്ട നീചാ, നീ ഞങ്ങളെ ജീവിതത്തിൽ നിന്ന് പുറന്തള്ളുന്നു. എന്നാൽ പ്രപഞ്ചത്തിലെ രാജാവ് ഞങ്ങളെ നിത്യജീവിതത്തിലേക്ക് ഉയിർപ്പിക്കും. കാരണം ഞങ്ങൾ അവരെ നിയമത്തിനു വേണ്ടിയാണ് മരണം വരിക്കുന്നത്. ” തുടർന്ന് മൂന്നാമൻ രാജാവിൻ്റെ അടുത്തു ഹാജരാക്കപ്പെട്ടു. അജ്ഞാത അനുസരണം അയാൾ നാവ് നീട്ടി, ധൈര്യപൂർവ്വം കൈകൾ നിവർത്തി പിടിച്ചവൻ വീരോചിതമായ പറഞ്ഞു, “എനിക്ക് ഇവ സ്വർഗ്ഗത്തിൽ നിന്ന് ലഭിച്ചു അവൻ്റെ നിയമങ്ങൾക്ക് വേണ്ടി ഞാൻ ഇവ ത്യജിക്കുന്നു. അവനിൽ നിന്ന് തന്നെ ഇവ തിരികെ ലഭിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു. “

രാജാവും പരിവാരങ്ങളും ഈ ചെറുപ്പക്കാരൻ്റെ ആത്മധൈര്യത്തിൽ അത്ഭുതപ്പെട്ടു. കാരണം അയാൾ തന്നെ പീഡകളെ ഒട്ടും ഗൗനിച്ചതേയില്ല. ഇത് അവരുടെ അമ്മ പഠിപ്പിച്ച വിശ്വാസ തീഷ്ണത ആവാം. അവൻ മരിച്ചപ്പോൾ വീണ്ടും നാലാമനെ കൊണ്ടുവന്നു. മരണം അടുക്കാറായി അപ്പോൾ അയാൾ പറഞ്ഞു. “ദൈവം തന്നെ പുനർജീവിപ്പിക്കുന്നു, എന്ന പ്രത്യാശ ഉള്ളവന് മനുഷ്യ കരങ്ങളാൽ മരിക്കുന്നത് കൊണ്ട് എന്ത്? നിങ്ങൾക്ക് ആകട്ടെ ജീവനുള്ള പുനരുത്ഥാനം ഇല്ല” അനന്തരം അഞ്ചാമനെ കൊണ്ടുവന്നു. മരിക്കാറായപ്പോൾ അവൻ പറഞ്ഞു. “മരണം ഉള്ളവനാണ് നീ, എങ്കിലും മനുഷ്യരുടെ മേൽ അധികാരം ഉണ്ട്. അതിനാൽ ഇഷ്ടമുള്ളത് പ്രവർത്തിക്കുന്നു. എന്നാൽ ദൈവം ഞങ്ങളുടെ ജനത്തെ കൈ വിട്ടിരിക്കുന്നു എന്ന് കരുതരുത്. നിൻ്റെ നടപടികൾ തുടർന്നു കൊള്ളുക. എന്നിട്ട് അവൻ്റെ മഹാശക്തി നിന്നെയും നിൻ്റെ പിൻഗാമികളും പീഡിപ്പിക്കുന്നത് എങ്ങനെ എന്ന് അറിഞ്ഞുകൊൾക”

പിന്നീട് ആറാമനെ കൊണ്ടുവന്നു ഉപദ്രവിച്ചു. മരിക്കാറായ അപ്പോൾ അവൻ പറഞ്ഞു, “നീ വെറുതെ വഞ്ചിതനാകരുത് ഞങ്ങളുടെ ദൈവത്തിനെതിരെ ഞങ്ങൾ ചെയ്ത പാപങ്ങൾ നിമിത്തം ഞങ്ങൾ പീഡനം അനുഭവിക്കുന്നു. തന്മൂലം ഈ അമ്പരപ്പിക്കുന്ന കാര്യങ്ങൾ സംഭവിച്ചു. നീ ശിക്ഷിക്കപ്പെടാതെ പോകും എന്ന് നീ വിചാരിക്കേണ്ട. ദൈവത്തിനെതിരെ ആയിട്ടാണല്ലോ നീ പോരാടാൻ ശ്രമിക്കുന്നത്”. മർത്തശ്മൂനിയുടെ ആറുമക്കളെ ക്രൂരമായി കൊന്നു. ഏഴാമത്തെ ഏറ്റവും ഇളയ പുത്രനെ കൊണ്ടുവന്നു. മറ്റുള്ളവരുടെ വിശ്വാസ തീക്ഷണത കണ്ട് ഇളിഭ്യനായി ഇളയപുത്രനു മനം മാറ്റം വരുത്തുവാൻ തക്കവണ്ണം രാജാവ് ഉപദേശിച്ചു തുടങ്ങി. എന്നാൽ ആ പൈതലിനെയും അവർക്ക് വശത്താക്കുവാൻ സാധിച്ചില്ല.

ശുദ്ധിമതികളുടെ ഗണത്തിൽ വിശുദ്ധ മർത്തശ്‌മൂനി പ്രത്യേക ആദരവ് അർഹിക്കുന്നു. കാരണം തൻ്റെ മുൻപിൽ വെച്ച് തൻ്റെ ഏഴുമക്കളെ നിഷ്കരുണം കൊലപ്പെടുത്തിയിട്ടും സത്യദൈവത്തിലുള്ള വിശ്വാസത്തെ ഹനിക്കുന്നത് ഒന്നും മർത്തശ്‌മൂനി ചെയ്തില്ല. ജീവിതത്തിലെ പ്രതിസന്ധിയുടെ കാലത്തും സത്യാ ആരാധനയിൽ നിന്ന് വ്യതിചലിക്കുവാൻ മുതിർന്നില്ല.

രാജകിങ്കരന്മാരാൽ ഉപദേശിക്കപെട്ട ഇളയപുത്രൻ, ഏഴാമനെ അനന്തരം രാജാവിൻ്റെ മുൻപിൽ ഹാജരാക്കി. ഈ സമയം മർത്തശ്മൂനി പീഡനങ്ങൾ ഏറ്റ് കൊണ്ടിരിക്കുകയായിരുന്നു. പീഡനത്തിൻ്റെ വേദനയുടെ കാഠിന്യത്തിലും തൻ്റെ മകനെ നോക്കി മർത്തശ്‌മൂനി പറഞ്ഞു.  “മകനെ നീ എൻ്റെ ഉദരത്തിൽ എങ്ങനെ ഒരു ആയി എന്ന് എനിക്കറിയില്ല. നിങ്ങൾക്ക് ജീവനും ജീവശ്വാസവും നൽകിയത് ഞാനല്ല. നിങ്ങൾ ഓരോരുത്തരിലെ അവയവങ്ങളെ ക്രമീകരിച്ചതും ഞാനല്ല. ആയതിനാൽ മനുഷ്യൻ്റെ ആരംഭത്തെ രൂപപ്പെടുത്തിയവനും സർവ്വവസ്തുക്കളുടെയും ഉത്ഭവത്തെ നിർണയിച്ചവനുമായ ലോക സ്രഷ്ടാവ് അവൻ്റെ കാരുണ്യത്താൽ നിങ്ങൾക്ക് ജീവനും ജീവശ്വാസവും വീണ്ടുതരും. നിങ്ങൾ അവൻ്റെ നിയമങ്ങൾക്ക് വേണ്ടിയാണല്ലോ നിങ്ങളെ തന്നെ മറക്കുന്നത്”.  വീണ്ടും ഇളിഭ്യനായ രാജാവ് ഏഴാമനെ പ്രലോഭിപ്പിച്ചു. സ്വപിതാക്കന്മാരുടെ മാർഗ്ഗത്തിൽ നിന്ന് പിന്തിരിഞ്ഞാൽ സമ്പന്നൻ ആക്കാം എന്നും, പൊതുകാര്യങ്ങളിൽ ഇടപ്പെടുത്താം എന്നും വാഗ്ദാനം ചെയ്തു. ഈ സമയം മർത്തശ്മൂനി, “എൻ്റെ മകനേ, എന്നിൽ ദയ കാട്ടുക. ഞാൻ നിന്നെ ഒൻപതുമാസം ഉദരത്തിൽ വഹിച്ചു. മൂന്ന് സംവത്സരക്കാലം നിന്നെ മുലയൂട്ടി വളർത്തി. നിന്നെ പോറ്റി പുലർത്തി ജീവിതാവസ്ഥ വരെ എത്തിച്ചു. നിന്നിൽ ഞാൻ ശ്രദ്ധവച്ചു. നിനക്ക് ശിക്ഷണം നൽകാൻ ക്ലേശിച്ചു. എൻ്റെ കുഞ്ഞേ ഞാൻ നിന്നോട് യാചിക്കുന്നു, നീ ആകാശത്തെയും ഭൂമിയെയും അതിലുള്ള സർവ്വതും നോക്കിക്കാണുക. ഉണ്ടായിരുന്നവരിൽ നിന്നല്ല ഇല്ലായ്മയിൽ നിന്ന് അല്ലയോ ദൈവം ഇതു മുഴുവൻ നിർമ്മിച്ചത്. അപ്രകാരം തന്നെയാണ് മനുഷ്യരാശിയും ഉത്ഭവിച്ചത്. ഈ കൊലയാളിയെ ഭയപ്പെടേണ്ടതില്ല. സഹോദരന്മാർ തുല്യരാണെന്ന് നീ തെളിയിക്കുക. മരണത്തെ സ്വീകരിക്കുക. അങ്ങനെ ദൈവകൃപയാൽ നിൻ്റെ സഹോദരന്മാരെപ്പോലെ നീയും എനിക്ക് തിരികെ കിട്ടട്ടെ”

ഇതുകേട്ട് തേജസ്വി ആയ ആ യുവാവ് ഇപ്രകാരം ‘ഇല്ല‘ എന്ന് സുധീരമായി പറഞ്ഞു. “ഞാൻ രാജകല്പന അനുസരിക്കില്ല. മോശയിലൂടെ ഞങ്ങളുടെ പിതാക്കന്മാർക്ക് ലഭിച്ച കല്പന മാത്രമേ ഞാൻ അനുസരിക്കൂ. എബ്രായർക്കെതിരെ സർവ്വ ദുഷ്ടതകളും പ്രവർത്തിച്ച നീ ദൈവതൃക്കരങ്ങളിൽ നിന്ന് നിശ്ചയമായും രക്ഷപ്പെടുകയില്ല. ഞങ്ങൾ ചെയ്ത പാപം നിമിത്തമാണ് ഇതൊക്കെയും ഞങ്ങൾക്ക് സംഭവിച്ചത്. തൻ്റെ ദാസനായ ഞങ്ങളോട് അവൻ വീണ്ടും രമ്യപെടും. എന്നാൽ അശുദ്ധനായ നീചാ, എല്ലാ മനുഷ്യരിലും വെച്ച് നികൃഷ്ടനായവനെ, വ്യർത്ഥമായി അഹങ്കരിക്കാതിരിക്കുക. അർഥശൂന്യമായ മോഹങ്ങളാൽ സ്വയം ഞെളിയായിരിക്കുക. സ്വർഗ്ഗത്തിലെ സന്തതികൾക്കെതിരെ നിൻ്റെ കൈ ഉയർത്താതിരിക്കുക. സർവ്വശക്തനും എല്ലാം കാണുന്നവനും ആയ ദൈവത്തിൻ്റെ ന്യായവിധിയിൽ നിന്ന് നീ ഇനിയും രക്ഷപ്പെട്ടിട്ടില്ല. കാരണം ഞങ്ങളുടെ സഹോദരന്മാർ ഹ്രസ്വമായ സഹനത്തിനുശേഷം ദൈവത്തിൻ്റെ ഉടമ്പടിപ്രകാരം നിത്യം നിറഞ്ഞൊഴുകുന്ന ജീവൻ പാനം ചെയ്തിരിക്കുന്നു. എന്നാൽ നീ കർത്താവിൻ്റെ ന്യായവിധിയിൽ നിൻ്റെ അഹങ്കാരത്തിന് തക്ക ശിക്ഷ ലഭിക്കും. എന്നാൽ ഞങ്ങളുടെ ജനതയോട് നീ അതിവേഗം കാരുണ്യം കാട്ടണമെന്നും അവൻ മാത്രമാണ് ദൈവം എന്ന് പീഡകളാലും ബാധകളാലും നീ ഏറ്റുപറയണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ജനത മുഴുവൻ്റെ മേൽ ന്യായമായി നിപതിച്ചിട്ടുള്ള സർവ്വശക്തൻ്റെ ശിക്ഷക്ക് ഞാനും എൻ്റെ സഹോദരന്മാരും വഴി അന്ത്യം ഉണ്ടാകട്ടെ”. ഇതു കേട്ടു കുപിതനായ അന്തിയോക്യസ് മറ്റുള്ളവരെക്കാൾ ഭീകരമായി ഈ ചെറിയ ധീരബാലനെ കൊലപ്പെടുത്തി. ശേഷം മർത്തശ്‌മൂനിയെ രാജാവിൻ്റെ മുൻപിൽ എത്തിച്ചു. ആ അമ്മയെയും അവർ വധിച്ചു.

ഒരു അമ്മയുടെ ജീവിതത്തിൽ ഒരിക്കലും കാണുവാൻ ആഗ്രഹിക്കാത്ത കാര്യമാണ്, തൻ്റെ മക്കളുടെ മരണം. വിശുദ്ധയായ മർത്തശ്‌മൂനി ഒരു അമ്മയാണ്. തീർച്ചയായും മക്കളുടെ വേർപാട് അമ്മക്ക് വേദന ഉളവാക്കുന്നതാണ്.  പക്ഷെ വിശുദ്ധ മർത്തശ്‌മൂനിക്ക് മരണത്തിനപ്പുറം ഒരു ജീവിതം ഉണ്ട് എന്നുള്ള വിശ്വാസത്തിൽ, ആ സത്യവിശ്വാസത്തിൽ, നിലകൊണ്ട് അതിനുവേണ്ടി മരിക്കുവാൻ സ്വന്തം മക്കളെ പ്രേരിപ്പിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് ശ്രേഷ്ഠമായ മാതൃക തന്നെ. തുടർന്ന് ഒരുപാട് പീഡനങ്ങൾ ഏറ്റ് മർത്തശ്മൂനി തൻ്റെ ഏഴ് മക്കളുടെ മരണം കണ്ടശേഷം, ഇതിനപ്പുറം ഒരു ജീവിതമുണ്ടെന്ന പ്രത്യാശയിൽ, വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നു.

നാളുകൾക്കു ശേഷം അന്ത്യോക്യസ് മരിച്ചു. ശരീരം സംസ്കരിക്കാൻ പോലും ആരും തയാറായില്ല. വിശുദ്ധ മർത്തശ്‌മൂനിയുടെ വാക്കുകൾ പ്രകാരം യവന രാജാവിൻ്റെ ശരീരം കഴുകന്മാർ കൊത്തി വലിച്ചു. അങ്ങനെ അന്ത്യോക്യസ് എപ്പിഫനിയസ് എന്ന കിരാത രാജാവിൻ്റെ കാലം കഴിഞ്ഞു. ഇതുപോലെ ദയനീയമായിട്ടാണ് അയാളുടെ മകനും മരിച്ചത് രാജോചിതമായ പരിഗണന ലഭിക്കാത്തതിനാൽ അയാൾ ജീവനൊടുക്കി.

തുടർന്ന് മക്കാബിയോസും യെഹൂദരും ചേർന്ന് യെരുശലേം നഗരം വീണ്ടെടുത്തു.

‘മാർ‘ എന്ന സുറിയാനി വാക്ക് പിതാക്കന്മാരെ അഭിസംബോധന ചെയ്യുന്നതാണ്. അതിൻ്റെ സ്ത്രീലിംഗമാണ് ‘മോർത്ത’, ‘ഉടമസ്ഥൻ,’ ‘നാഥൻ’ എന്നൊക്കെയാണ് ഇതിൻ്റെ അർത്ഥം. ‘മർത്തശ്‌മൂനി’ എന്നാൽ ‘നാഥയായ ശ്‌മൂനി’ എന്നർത്ഥം. പിൽക്കാലത്തു ‘മൂസൽ’ പട്ടണത്തിലെ കരകോശ് ദേശത്തു മർത്തശ്‌മൂനി അമ്മയുടെ പേരിൽ ആലയം സ്ഥാപിച്ചു. വർഷംതോറും ഓഗസ്റ്റ് ഒന്നിന് ഒരുപാടുപേർ ഇവിടെ വന്നു അമ്മയെ സ്വഗീയമാധ്യസ്ഥയായി കാണുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പ്രത്യേകിച്ചു മലങ്കരയിൽ അനവധി ദേവാലയങ്ങൾ ഈ പരിശുദ്ധയുടെ നാമത്തിൽ സ്ഥാപിതമായി. ഒരുപാട് പേരുടെ അഭയം ആണ് പരിശുദ്ധ അമ്മ.

എഴുതിയത് : Abel Thomas Denny
കൊച്ചുപ്ലാപ്പറമ്പിൽ

അവലംബം : വിശുദ്ധ വേദപുസ്തകം 2 മക്കാബിയർ
മാർത്തശ്മൂനിയമ്മയുടെ ജീവചരിത്രം

മർത്ത് ശ്മൂനിയും ഏഴുമക്കളും ഗുരുവായ ഏലിയാസറും: ധീരതയുടെ കെടാവിളക്കുകൾ