OVS - ArticlesOVS - Latest News

നിവേദനം: അതെൻ്റെ മൗലികാവകാശമാണ്!

മലങ്കരസഭയിലെ ചില പ്രമുഖ വൈദീകരടക്കം പതിമൂന്ന് വ്യക്തികള്‍ ഒപ്പിട്ട് 16 -11 – 2019-ല്‍ പ. പിതാവിനു നല്‍കിയ ഒരു നിവേദനം ഇന്ന് പല തലത്തില്‍ വിവാദമായിരിക്കുകയാണ്. അവയെക്കുറിച്ച് പരാമര്‍ശിക്കും മുമ്പ് നിവേദന വിവാദത്തിലെ വിവിധ കാഴ്ചപ്പാടുകളെ ഒന്നു തരംതിരിക്കാം. അവ:

1. നിവേദനത്തിൻ്റെ സാംഗത്യം
2. നിവേദനത്തിൻ്റെ മാദ്ധ്യമ വിചരണ
3. നിവേദനത്തിൻ്റെ ഉള്ളടക്കം

ഇവ ഓരോന്നായി പരിഗണിക്കാം

മലങ്കരസഭാ അദ്ധ്യക്ഷന്മാരുടെ മുമ്പാക നിവേദനങ്ങള്‍ / പരാതികള്‍ / നിര്‍ദ്ദേശങ്ങള്‍ ഇവ സമര്‍പ്പിക്കപ്പെടുന്നത് നടാടെയൊന്നുമല്ല. അവ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു പതിവാണ്. കൊളോണിയല്‍ പൂര്‍വ – അര്‍ക്കദ്‌യക്കോന്‍ ഭരണ – കാലത്തുപോലും ഈ പതിവ് ഉണ്ടായിരുന്നതായി രേഖകളുണ്ട്. ലിംഗവിവേചനം കൊടികുത്തിനിന്ന പഴയകാലത്തുപോലും നസ്രാണി സ്ത്രീകള്‍ക്ക് തങ്ങളുടെ ജാതിക്കുതലവൻ്റെ മുമ്പില്‍ പരാതിപ്പെടാന്‍ അവകാശവും അധികാരവും ഉണ്ടായിരുന്നു.

ഈ നിവേദനങ്ങള്‍ ആത്മീയ കാര്യങ്ങളോ പള്ളിപ്രശ്‌നങ്ങളോ മാത്രമായിരക്കണമെന്നു യാതൊരു നിബന്ധനയും ഉണ്ടായിരുന്നില്ല. ഉദാഹരണത്തിന് പ. പരുമല തിരുമേനിയുടെ കല്പനകള്‍ പരിശോധിച്ചാല്‍ സ്വത്തുതര്‍ക്കം, ഭാഗപത്രം, സന്മാര്‍ഗ്ഗ വ്യതിചലനങ്ങള്‍ മുതലായ അനേക വിഷയങ്ങളേപ്പറ്റി അദ്ദേഹത്തിനു പരാതികള്‍ ലഭിച്ചതായും, അവയില്‍ അന്വേഷണങ്ങളും, കൂടിയാലോചനകളും നടത്തി തീര്‍പ്പുണ്ടാക്കിയതുമായി സാക്ഷിക്കുന്ന അനേക കല്പനകള്‍ കാണം. രേഖയുള്ളവ ഇത്രമാത്രമുണ്ടെങ്കില്‍ വാക്കാല്‍ പരാതികളും അവയുടെ വാക്കാല്‍ തീര്‍പ്പുകളും എത്രയധികമായിരിക്കും? പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ, പ. പാമ്പാടി തിരുമേനി മുതലായവര്‍ കുടുംബപ്രശ്‌നങ്ങള്‍ പോലും പറഞ്ഞു തീര്‍ത്തിരുന്നതായി വായ്‌മോഴി വഴക്കങ്ങളുണ്ട്.

ഇതു വ്യക്തമാക്കുന്നത് മലങ്കരസഭയിലെ ഏത് അംഗത്തിനും – അതു സീനിയര്‍ മെത്രാപ്പോലീത്തായോ, കൊച്ചു കപ്യാരച്ചനോ, പിച്ചവെച്ചു തുടങ്ങിയ കുട്ടിയോ, മൂത്തുനരച്ച വലിയമ്മയോ ആരുമാകാം – ജാതിക്കു തലവനായ പ. പിതാവിൻ്റെ മുമ്പാകെ ഏതു വിഷയത്തെക്കുറിച്ചും പരാതികളും നിവേദനങ്ങളും സമര്‍പ്പക്കാന്‍ അധികാരമുണ്ട്. അതു വാക്കാലോ, ലിഖിതരൂപത്തിലോ ഒറ്റയ്‌ക്കോ കൂട്ടായോ ആവാം. കാരണം അതവരുടെ ചരിത്രപരമായ ജന്മാവകാശവും മൗലികാവകാശവുമാണ്. അതിനെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. ഇതര ജാതിയില്‍ പെട്ടവരുപോലും ഇപ്രകാരം പരാതി നല്‍കിയതായും ജാതിക്കുതലവന്‍ അതിന്മേല്‍ നടപടി എടുത്തതായും രേഖകളുണ്ട്. ഈ ലേഖകനും പലതും വാക്കാലും രേഖാമൂലവും പല നിവേദനങ്ങളും പ. പിതാവിന് നല്‍കിയിട്ടുണ്ട്.

മറുവശത്ത്, ആരെങ്കിലും ഒരു പരാതി സമര്‍പ്പിച്ചാല്‍ അത് ശ്രദ്ധിക്കാനും പരിഗണക്കുവാനും പ. പിതാവിനും ഇതര മേലദ്ധ്യക്ഷന്മാര്‍ക്കും ബാദ്ധ്യതയുണ്ട്. ഇത് നസ്രാണി പാരമ്പര്യംകൊണ്ടു മാത്രമല്ല, അതവരുടെ ക്രിസ്തീയമായ അജപാലദൗത്യത്തിൻ്റെ ഒഴിവാക്കാനാവാത്ത ഘടകമാണ് എന്നതുകൊണ്ടുകൂടിയാണ്. പരാതി അംഗീകരിക്കുകയോ നിരാകരിക്കയോ ചെയ്യുക എന്നത് വേറെ കാര്യം. അതിവിടെ പ്രസക്തമല്ല. ലഭിക്കുന്ന എല്ലാ പരാതിയും കോടതിയും പോലീസും പോലും സ്വീകരിക്കാറില്ലല്ലോ?

ചുരുക്കത്തില്‍, മലങ്കരസഭയിലെ ഏതാനും അംഗങ്ങള്‍ പ. പിതാവിന് രേഖാമൂലം ഒരു പരാതി നല്‍കിയതിലോ, പ. പിതാവ്, കോടതിഭാഷയില്‍ പറഞ്ഞാല്‍, അത് ഫയലില്‍ സ്വീകരിച്ചതിലോ ഒരു തെറ്റുമില്ല. അവ രണ്ടും യഥാക്രമം അവരുടെ മൗലികാവകാശവും അജപാലനബാദ്ധ്യതയുമാണ്.

രണ്ടാമതായി, നിവേദനത്തെപ്പറ്റിയുള്ള മാദ്ധ്യമ വിചാരണ. ആദ്യമേതന്നെ പറയട്ടെ ഈ നിവേദനം ചോര്‍ന്നത് തികച്ചും അധാര്‍മ്മികവും അക്ഷന്തവ്യമായ അപരാധവുമാണ്. സമീപകാലത്ത് മലങ്കരസഭയെ ഒറ്റയ്ക്കും കൂട്ടായും വളഞ്ഞിട്ട് ആക്രമിക്കുന്ന മലയാള മാദ്ധ്യമങ്ങള്‍ ഈ പരാതിയെ മാദ്ധ്യമ വിചാരണ നടത്തി ആഘോഷിച്ചതില്‍ അവരെ കുറ്റം പറയാനാവില്ല. അതിനെ കേവലം വയറ്റുപിഴപ്പിൻ്റെ പ്രശ്‌നമായി കണ്ടാല്‍ മതി. പക്ഷേ ഇതെങ്ങനെ ചോര്‍ന്നു എന്നതാണ് ഈ ലേഖകൻ്റെ ഉയര്‍ത്തുന്ന ചോദ്യം.

ഏതൊരു നിവേദനത്തിനും രണ്ട് അഗ്രങ്ങളുണ്ട്. ആവലാതിക്കാരനും പരാതി സ്വീകരിക്കുന്നവരും. അവരൊഴികെ മറ്റാരും ഒരു ലിഖിത ആവലാതി കാണേണ്ടതില്ല. അതിനാല്‍ അത് പ്രസിദ്ധീകൃതമായാല്‍ അതിൻ്റെ ഉത്തരവാദിത്വത്തെക്കുറിച്ച് സംശയത്തിൻ്റെ മുള്‍മുന സ്വാഭാവികമായും ആദ്യം നീളുക അവരിലേയ്ക്കാവും.

കേരള സര്‍ക്കാരിൻ്റെ വര്‍ത്തമനകാല ഔദ്യോഗിക ഭാഷാപ്രയോഗമനുസരിച്ച് പരാതി അയച്ച പ്രേഷിതനും, സ്വീകരിച്ച സ്വീകര്‍ത്താവും കൂടാതെ ഇത്തരമൊരു രേഖ ചോരാന്‍ മറ്റൊരു വലിയ സാദ്ധ്യത കൂടിയുണ്ട്. അത് ഇവയുടെ കോപ്പികള്‍ ഔദ്യോഗികമായോ അനൗദ്യോഗികമായോ ലഭിച്ചവരാണ്. പ്രസ്താവിത പരാതിയുടെ കാര്യത്തില്‍ വിശാലമായ ഒരപകടം അതില്‍ത്തന്നെ പതിയിരിക്കുന്നുണ്ട്. നിവേദനത്തിൻ്റെ കോപ്പി പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്, വര്‍ക്കിംഗ് കമ്മറ്റി എന്നിവയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും അയച്ചുകൊടുക്കും എന്ന് അതില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത്, ഔദ്യോഗികമായ പകര്‍പ്പ് ലഭിച്ചവര്‍ തന്നെ 35-നടുത്ത്! അനൗദ്യോഗികമായി ലഭിച്ചവര്‍ വേറെയും കാണും! പ്രചരണ ശാസ്ത്രത്തെക്കറിച്ചുള്ള ചില ഗണിതശാസ്ത്രസൂത്രങ്ങള്‍ ഉപയോഗിച്ചാന്‍ നൂറുകണക്കിനു സാദ്ധ്യതകളാണ് ഈ വാര്‍ത്ത ചോരാനുള്ളത് എന്നു കാണാം. സ്യമന്തകം തുള്ളലില്‍ കുഞ്ചന്‍ നമ്പ്യാര്‍ വിവരിച്ച പ്രതിഭാസം ആണ് ഇവിടെ വാര്‍ത്താ പ്രചരണത്തില്‍ പ്രവര്‍ത്തിക്കുക.

ഇവിടെ തികച്ചും സ്വകാര്യമായ ഈ പരാതിയെപ്പറ്റിയുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിൻ്റെ ഉദ്ദേശം എന്താണ് എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. അതിനു പ്രചാരകര്‍ക്ക് വ്യക്തിപരമായ പല കാരണങ്ങള്‍ ഉണ്ടാവാം. രാഷ്ട്രീയക്കാര്‍ പലപ്പോഴും നിവേദനം കൊടുക്കുന്നത് നടപടി ഉണ്ടാകുവാനല്ല; മറിച്ച്, കൊടുത്തു എന്ന് ജനത്തെ ബോദ്ധ്യപ്പെടുത്താനാണ്. അവര്‍ നിവേദനം കൊടുക്കുന്നതിനുമുമ്പുപോലും അപ്രകാരം പരസ്യപ്പെടുത്തുന്നത് സാധാരണമാണ്. അതോടെ അവരുടെ ലക്ഷ്യം പൂര്‍ത്തിയായി. അതുപോലയല്ല ഇത്. വാര്‍ത്ത ചോര്‍ന്ന/ചോരുന്ന സമയത്തിനും പ്രാധാന്യമുണ്ട്. അതു കണ്ടുപിടിക്കാതെ യഥാര്‍ത്ഥ കുറ്റവാളി ആരെന്നു നിര്‍വചിക്കാന്‍ സാദ്ധ്യമല്ല. അഥവാ വ്യക്തിയെ കണ്ടെത്തിയാലും അപ്രകാരം ചോര്‍ത്തിയതിൻ്റെ ചേതോവികാരം – പോലീസ് ഭാഷയില്‍ മോശവിചാരം – കൂടി തിരിച്ചറിഞ്ഞാലെ ചിത്രം പൂര്‍ണ്ണമായും വ്യക്തമാകു.

ഇനി ഉള്ളടക്കത്തെപ്പറ്റി. ഒരു പരാതിയുടെ ഉള്ളടക്കത്തെപ്പറ്റി ഓരോ വ്യക്തിയുടേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്ഥമായിരിക്കും. അതവരുടെ ചിന്താസരണിയനുസരിച്ച് തികച്ചും ആപേക്ഷികമായിരിക്കും. അതിനാല്‍ അതേപ്പറ്റിയുള്ള പരസ്യ വിചിന്തനങ്ങള്‍ നിരര്‍ത്ഥകമാണ്. ഏങ്കിലും ഈ ലേഖകന് ശക്തമായ എതിര്‍പ്പും പ്രതിഷേധവുമുള്ള ഒരു വിഷയത്തെപ്പറ്റി മാത്രം സൂചിപ്പിക്കട്ടെ. അത് ശവസംസ്‌കാരത്തെപ്പറ്റിയുള്ള പരാമര്‍ശനമാണ്.

പരാമര്‍ശിത നിവേദനത്തില്‍ സെമിത്തേരികള്‍ സ്ഥിരമായോ താല്‍ക്കാലികമായോ ഉപയോഗിക്കാന്‍ മുന്‍ യാക്കോബായ പക്ഷത്തിന് അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. നിയമപരമായ തടസം മാത്രമല്ല അതിനു കാരണം. അതോടെ ഓര്‍ത്തഡോക്‌സ് വിശ്വാസത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നു മുന്‍ യാക്കോബായ വിശ്വാസികളില്‍നിന്നും മാഞ്ഞുപോകും എന്ന ഗുരുതമായ പ്രത്യാഘാതമാണ് ഈ ലേഖകന്‍ കാണുന്ന ഏറ്റവും പ്രധാന പ്രശ്‌നം.

സെമിത്തേരികള്‍ പങ്കുവയ്ക്കുന്നതിന് നിയമപരമായ തടസങ്ങള്‍ ഉണ്ടന്ന വസ്തുത 2017 മുതല്‍ ഉണ്ടായിട്ടുള്ള വിധികളില്‍ ഇന്ത്യന്‍ സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. പള്ളി സെമിത്തേരികളില്‍ മാന്യമായ ശവസംസ്‌കാരം ലഭിക്കുന്നതിന് എല്ലാ ഇടവാംഗങ്ങള്‍ക്കും അവകാശമുണ്ടെന്ന വസ്തുത സുപ്രീംകോടതി അംഗീകരിക്കുന്നുണ്ട്. അതേസമയം ശവസംസ്‌കാരവും അനുബന്ധകര്‍മ്മങ്ങളും നടത്തുവാന്‍ 1934 ഭരണഘടനപ്രകാരം നിയമിക്കപ്പെടുന്ന വികാരിക്കു മാത്രമാണ് അധികാരമെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. അതിനു വിരുദ്ധമായ ഒരു നീക്കം എന്നും നിയമവിധേയ സമൂഹമായിരിക്കുന്ന മലങ്കര സഭയ്ക്ക് സാദ്ധ്യമല്ല എന്ന യാഥാര്‍ത്ഥ്യം നിവേദനം നല്‍കിയവര്‍ മനസിലാക്കേണ്ടിയിരുന്നു.

ഈ വിഷയത്തില്‍ ഈ ലേഖകനെ സംബന്ധിച്ചിടത്തോളം പ്രധാന വിഷയം വിശ്വാസപരമാണ്. മലങ്കര സഭയില്‍പ്പെട്ട വൈദീകര്‍ക്ക് പൗരോഹിത്യമില്ല എന്ന മുന്‍ യാക്കോബായ പക്ഷത്തിൻ്റെ നവീന വാദത്തിൻ്റെ അസ്ഥിവാരത്തിലാണ് അവര്‍ സെമിത്തേരി പ്രവേശനം ആവശ്യപ്പെടുന്നത്. വ്യവഹാരങ്ങള്‍ ആരംഭിച്ചപ്പോഴോ, കോടതി വിധി വന്നപ്പോഴോ അല്ല മുന്‍ യാക്കോബായ വിഭാഗത്തിനു മലങ്കര സഭയിലെ കത്തനാരുമാരുടെ പട്ടം അപ്രത്യക്ഷമായത്; മറിച്ച് വിധി നടത്തിപ്പ് ആരംഭിച്ചതോടെയാണ്. ഓര്‍ത്തഡോക്‌സ് വൈദീകര്‍ തങ്ങളുടെ മൃതശരീരങ്ങളില്‍ തൊടുന്നതുപോലും ഞങ്ങള്‍ യാക്കോബായക്കാര്‍ക്ക് വെറുപ്പാണ് എന്ന് ഒരു മെത്രാന്‍ സമീപകാലത്ത് മാദ്ധ്യമങ്ങളിലൂടെ തട്ടിവിട്ടു. സുറിയാനി പാരമ്പര്യത്തിലുള്ള ശവസംസ്‌കാര ശുശ്രൂഷയില്‍ ഏതു ഘട്ടത്തിലാണ് വൈദീകന്‍ മൃതദേഹത്തില്‍ തൊടുന്നത് എന്നദ്ദേഹം മിണ്ടിയില്ല. ഈ ലേഖകൻ്റെ അറിവ് അപ്രകാരം ഒന്നില്ല. അപ്രകരം സംഭവിക്കുന്നത് മക്കളോ മരുമക്കളോ സ്വന്തക്കാരോ ആയ കത്തനാരുമാര്‍ അന്ത്യ ചുംബനം കോടുത്താല്‍ മാത്രം. അതു ശുശ്രൂഷയുടെ ഭാഗവുമല്ല.

അതുപോകട്ടെ, ഇരുവിഭാഗവും ആഴ്ചതോറും ഊഴമിട്ട് തവണ വികാരിത്വം നടത്തിയിരുന്ന കണ്ടനാടു പോലുള്ള പള്ളികളില്‍ സമീപകാലംവരെ കക്ഷിഭേദമന്യേ അതത് തവണ വികാരിമാരായിരുന്നു മരണാനന്തര കര്‍മ്മങ്ങള്‍ നടത്തിയിരുന്നത്. മലങ്കര സഭയിലെ വൈദീകര്‍ക്ക് അന്നില്ലാത്ത പതിത്വം വിധിനടത്തിപ്പിനു ശേഷം മാത്രം എങ്ങിനെ ഉണ്ടായി? അതൊരു മഹാത്ഭുതം അല്ലയോ? ഈ സാഹചര്യത്തില്‍ സമാന്തര ശവസംസ്‌കാരം അനുവദിക്കുക എന്നുവെച്ചാല്‍ പട്ടമില്ലാ എന്നു സ്വയം സമ്മതിക്കുന്നതിനു തുല്യമാകും. അതൊരിക്കലും സമ്മതിക്കാനാവില്ല.

നിയമാനുസൃത വികാരിയുടെ അനുവാദത്തോടെ മുന്‍ യാക്കോബായ പക്ഷത്തിനു ശവസംസ്‌കാര സൗകര്യം എന്ന നിര്‍ദ്ദേശവും വിശ്വാസപരമായി സ്വീകാര്യമല്ല. ഓര്‍ത്തഡോക്‌സ് വിശ്വാസത്തില്‍ കേവലം ശവസംസ്‌കാരത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല മരണാനന്തര കര്‍മ്മങ്ങള്‍. കുറഞ്ഞത് 3, 9, 30, 40 ദിവസങ്ങളിലും ആണ്ടുചാത്തത്തിനും വി. കുര്‍ബാന അര്‍പ്പിക്കുകയും കബറിടത്തില്‍ ധൂപം വയ്ക്കുകയും വേണം. കൂടാതെ ആനീദാ ഞായറാഴ്ചയും ലാസറിൻ്റെ ശനിയാഴ്ചയും വേറെ. വടക്കന്‍ ഇടവകകളില്‍ മരിച്ച് ആദ്യ ഒരു വര്‍ഷം പ്രതിമാസം മരണ തീയതിയില്‍ ധൂപം വയ്ക്കുന്ന പതിവുമുണ്ട്. ഇവയും സഭാ വിശ്വാസപ്രകാരം മരണാനന്തര കര്‍മ്മങ്ങളുടെ അവിഭാജ്യ ഘടകമാണ്. ശവസംസ്‌ക്കാരം നടത്താനുള്ള പ്രാദേശിക നിക്കുപോക്കിൻ്റെ മറവില്‍ അവയ്ക്കും അവകാശവാദം ഉന്നയിച്ചാലോ? വലിയ ഇടവകകളിലാണങ്കില്‍ ഏതാണ്ട് എല്ലാ ദിവസവും സെമിത്തേരിയില്‍ മുന്‍ യാക്കോബായ വൈദീകരുടെ സാന്നിദ്ധ്യമുണ്ടാകുക എന്നതാവും ഫലം. ഇത് സമാന്തര ഭരണത്തിനു തുല്യമാണ്. സെമിത്തേരികള്‍ ഇടവകകളുടെ അവിഭാജ്യഘടകമാണന്നും അവിടെയും സമാന്തര ഭരണം പാടില്ലന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇനി അറ്റകൈ ആയി മുന്‍ യാക്കോബായ വിഭാഗത്തിൻ്റെയടക്കം വൈദീകരുടെ സാന്നിദ്ധ്യം ഇല്ലാതെ പള്ളി സെമിത്തേരിയില്‍ അടക്കാന്‍ അനുവാദം കൊടുത്താലോ? വിശ്വാസപരമായി അതൊരിക്കലും അനുവദിക്കാനാവില്ല. അതിൻ്റെ നിയമ പ്രശ്‌നങ്ങള്‍ അവിടെ നില്‍ക്കട്ടെ. അങ്ങിനെ വന്നാല്‍ ആര്‍ക്കും മരിച്ചവരെ കുഴിച്ചിടാം എന്നാവും. മരണാനന്തര കര്‍മ്മങ്ങള്‍ കാനോനോനികവും പരമ്പരാഗതവുമായി നടത്തണം എന്ന പാാരമ്പര്യത്തിനു ഇതു വിരുദ്ധമാകും എന്നതു മാത്രമല്ല, ചത്തു, കുഴിച്ചിട്ടു, തീര്‍ന്നു എന്ന തീവൃ പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലേയ്ക്കു നയിക്കുന്ന ഒരു നടപടിയും ആകും അത്.

എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന പഴഞ്ചാല്ല് അന്വര്‍ത്ഥമാക്കുന്ന നടപടികളാണ് മുന്‍ യാക്കോബായ വിഭാഗം വിധി നടത്തിപ്പ് ആരംഭിച്ചശേഷം കൂദാശകളുടെ കാര്യത്തില്‍ അനുവര്‍ത്തിക്കുന്നത്. ഇവ ആത്യന്തികമായി ദുര്‍ബലപ്പെടുത്തുന്നത് പ. സഭയുടെ വി. കൂദാശകളേയും. അതുവഴി തങ്ങളെത്തന്നെയും. മുന്‍ യാക്കോബായ വിഭാഗത്തിലെ തീവൃവാദികള്‍ ഇന്നു ചെയ്യുന്നത് എന്താണ്? തങ്ങളേയും തങ്ങളുടെ പൂര്‍വപിതാക്കളേയും ആത്മാവില്‍ ജനിപ്പിച്ച മാമോദീസാതോട്ടികള്‍ തല്ലിത്തകര്‍ത്ത് ചെളിക്കുണ്ടില്‍ തള്ളി വി. മാമോദീസാ എന്ന കൂദാശയെ നിസാരവല്‍ക്കരിച്ചു. റബര്‍തോട്ടത്തിലും പെരുവഴിയിലും അര്‍പ്പിച്ചും. പള്ളി തല്ലിത്തുറന്ന് പത്തു മിനിട്ടുകൊണ്ട് വിശുദ്ധ ബലി – പലപ്പോഴും പൂര്‍ണ്ണമായ വൈദീക വസ്ത്രങ്ങള്‍ കൂടാതെ – പൂര്‍ത്തിയാക്കിയും, നൂറുകണക്കിനു വി. ബലി അര്‍പ്പിച്ച ത്രോണോസുകള്‍ തല്ലത്തകര്‍ത്തും വി. കുര്‍ബാനയെ അപമാനിച്ചു. കേട്ടാലറയ്ക്കുന്ന പുലഭ്യം, നേരിട്ടും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും, പുലമ്പി പ. ആചാര്യത്വത്തെ അവഹേളിച്ചു. മലങ്കര സഭയിലെ കാനോനിക വൈദീകരുടെ പട്ടത്വത്തെ നിഷേധിച്ച് മതിലുചാടിയും ഹെല്‍മറ്റു വെച്ചും സെമിത്തേരികളില്‍ കുഴിച്ചിട്ട് ഒരു ക്രിസ്ത്യാനിക്ക് ലഭിക്കേണ്ട മാന്യമായ ശവസംസ്‌ക്കാരവും മരണാന്തര കര്‍മ്മങ്ങളും പരേതര്‍ക്ക് നിഷേധിച്ചു. അതിനുമപ്പുറം ഓര്ത്തഡോക്‌സ് വൈദീകര്‍ തൊടാതിരിക്കാന്‍ മൃതശരീരം മെഡിക്കല്‍ കോളേജിനു വിട്ടുകോടുത്തും വീട്ടുമുറ്റത്ത് പ്രതിഷ്ഠിച്ചും മാതൃക കാണിച്ചു. ഇവയെല്ലാം പ. കൂദാശകളെ നിസാരവല്‍ക്കരിക്കുന്ന നടപടികളല്ലേ എന്നു ചിന്തിക്കുക. എന്തിനുവേണ്ടി?

സെമിത്തേരി പങ്കാളിത്വം നല്‍കിയാല്‍ ക്രൈസ്തവമായ ശവസംസ്‌കാരവും മരണാനന്തര ചടങ്ങുകളും മുന്‍ യാക്കോബായ പക്ഷത്തുനിന്നും ക്രമേണെ അപ്രത്യക്ഷമാകും. മതിലുചാടി ശവമടക്കിനു പകരം നേരിട്ടുകയറി കുഴിച്ചിടല്‍ മാത്രമാകും അവരുടെ മരണാനന്തര ക്രിയ. അതിനു കത്തനാരും കപ്യാരുമൊന്നും വേണ്ടന്നാകും. ധുപപ്രാര്‍ത്ഥന നിലയ്ക്കുന്നതോടെ ചാത്തവും അടിയന്തിരവും ക്രമേണ സ്വാഹഃ!

സെമിത്തേരി പങ്കാളിത്വം ലഭിച്ചാല്‍ സമാന്തര പള്ളിവെക്കുന്നതിനുള്ള മുഖ്യ തടസം നീങ്ങി എന്നു മുന്‍ യാക്കോബായ വിഭാഗം വൈദീകര്‍ കണക്കാക്കുന്നു എന്നു ചിന്തിക്കുന്നന്നതില്‍ തെറ്റില്ല. ഏതെങ്കിലും വിധത്തില്‍ മലങ്കരസഭയെ വെട്ടിമുറിക്കണം എന്ന ദൃഡപ്രതിജ്ഞയുമായി നടക്കുന്ന ചില അടിയിലെ ആസാമിമാര്‍ ഇതിനു പ്രോല്‍സാഹനം നല്‍കുന്നു എന്നു ആരോപിച്ചാലും കുറ്റം പറയാനാവില്ല. പക്ഷേ അതിനു മലങ്കര സഭയില്‍ ആരെങ്കിലും പരോക്ഷമായെങ്കിലും പിന്തുണ നല്‍കിയാല്‍ യാതൊരു വിധത്തിലും അതിനെ അംഗീകരിക്കാനാവില്ല. വിവാഹം, വി. കുര്‍ബാന, ശവസംസ്‌ക്കാരം തുടങ്ങിയ വിഷയങ്ങളില്‍ ലോകമെങ്ങും ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് അചിന്ത്യവും വേദവിപരീതവുമായ റോമന്‍ കത്തോലിക്കാ സഭയുമായി ഇണയില്ലാപ്പിണ കൂടിയവരാണ് ഇപ്പോഴത്തെ അന്ത്യോഖ്യന്‍ സഭ എന്ന സിറിയക്ക് ഓര്‍ത്തഡോക്‌സ് സഭ എന്നുകൂടി ഇതിനോടൊപ്പം കൂട്ടിവായിക്കണം.

മുന്‍ യാക്കോബയ വിഭാഗവും മലങ്കരസഭയുട ഭാഗമാണ്. അവര്‍ക്കും ന്യായമായ കൂദാശകളും ശവസംസ്‌ക്കാരവും നല്‍കാനുള്ള ധാര്‍മ്മികമായ ബാദ്ധ്യത പ. സഭയ്ക്കുണ്ട്. അതിനു പ. സഭ എന്നും തയാറുമാണ്. അതിനു പകരം, നിയമത്തെ കളിപ്പിക്കാന്‍ ഹെല്‍മറ്റ് വെച്ച കുറച്ചുപേരോ, അല്ലെങ്കില്‍ ഏതെങ്കിലും ഒത്തുതീര്‍പ്പിൻ്റെ അടിസ്ഥാനത്തില്‍ മുഖം മറയ്ക്കാത്തവരോ ആയ ആരെങ്കിലും വൈദീക കര്‍മ്മങ്ങള്‍ കൂടാതെ അവരെ അജ്ഞാതജഡം കുഴിച്ചിടുന്നതുപോലെ മറവു ചെയ്യുന്നതും മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നതും മലങ്കര സഭയ്ക്ക് ഒരിക്കലും അംഗീകരിക്കനാവില്ല. ഇക്കാരണങ്ങളാലാണ് പ്രസ്താവിത നിവേദനത്തിലെ സെമിത്തേരി പരാമര്‍ശത്തെ ഈ ലേഖകന്‍ നഖഃശിഖാന്തം എതിര്‍ക്കുന്നത്.

വസ്തുതകള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ ആവശ്യം ഉന്നയിച്ച് ഒരു നിവേദനം പ. പിതാവിന് നല്‍കുവാന്‍ ഒരു മലങ്കര സഭാംഗത്തിനും നിയമപരമായി ഒരു തടസവുമില്ല. അത് നിരാകരിക്കാനുള്ള അധികാരം പ. സഭയ്ക്ക് ഉണ്ടുതാനും.

രാഷ്ട്രീയ-ഭരണ നേതൃത്വം കാലങ്ങളായി ആഗ്രഹിക്കുന്ന സെമിത്തേരി പങ്കാളിത്വവും അതുവഴി ആത്യന്തികമായി മലങ്കര സഭയുടെ വിഭജനവും സാധിതപ്രായമാകുമെന്ന വ്യാമോഹം പുലര്‍ത്തുന്നവരല്ലേ തികച്ചും സഭയുടെ ആഭ്യന്തര കാര്യമായ ഈ നിവേദനം ഒരു വിവാദ വിഷയമാക്കിയത് എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

പ്രസ്താവിത നിവേദനം ഉത്തരവാദിത്വപ്പെട്ട സഭാ സമതികള്‍ ചര്‍ച്ച ചെയ്യുമെന്നു പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി പ്രസ്താവിച്ച സാഹചര്യത്തില്‍ ഈ വിഷയത്തെപ്പറ്റിയുള്ള പരസ്യചര്‍ച്ചകള്‍ക്ക് തല്‍ക്കാലം പ്രസക്തിയില്ല. കാരണം, പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്, മാനേജിംഗ് കമ്മറ്റി ഇവയുടെ തീരുമാനങ്ങള്‍ ഉണ്ടാകുന്നതുവരെ ഈ വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നിരര്‍ത്ഥകമാണ്.

ഡോ. എം. കുര്യന്‍ തോമസ് 
(OVS Online, 4 ഡിസംബര്‍ 2019)

മലങ്കര സഭയിലെ സമകാലീന വിമർശകരും വിമർശനങ്ങളൂം വസ്തുതകളും

പള്ളി പണിതാല്‍ ദൈവം പണിയും. പള്ളിക്കിട്ടു പണിതാലും ദൈവം പണിയും.