പള്ളി പണിതാല്‍ ദൈവം പണിയും. പള്ളിക്കിട്ടു പണിതാലും ദൈവം പണിയും.

മലങ്കര സഭയിലെ ഏറ്റവും കലാപകലുഷിതമായ കാലഘട്ടങ്ങളില്‍ ഒന്നായിരുന്നു പ. പരുമല തിരുമേനിയുടേത്. പ. സഭയേയും ഇടവക പള്ളികളേയും നിയമാനുസൃത ഭരണത്തിലാക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിൻ്റെ കാലമായിരുന്നു അത്. 1877-ല്‍ ആരംഭിച്ച് 1889-ലെ തിരുവിതാംകൂര്‍ റോയല്‍ കോര്‍ട്ടു വിധിയില്‍ അവസാനിച്ച സെമിനാരി കേസിലൂടെ പൊതു സഭയുടെ ഭരണം ക്രമീകൃതമായങ്കിലും ഇടവകപ്പള്ളികളില്‍ നല്ലൊരു പങ്കിനും വേറിട്ട നിയമയുദ്ധങ്ങളിലൂടെ കടന്നു പോകെണ്ടിവന്നു. അവയില്‍ ഭൂരിഭാഗവും പ. പരുമല തിരുമേനിയുടെ ഭരണസീമയിലും ആയിരുന്നു.

നിയമ നടപടികളുടെ അവസാനം ആര്‍ത്താറ്റ് കുന്നംകുളം, കോട്ടയം ചെറിയപള്ളി, മണര്‍കാട് ഇത്യാദി പള്ളികളില്‍ നിയമവാഴ്ച മടങ്ങിയെത്തുന്ന നടപടി സുഗമായിരുന്നെങ്കില്‍ എല്ലായിടത്തും അപ്രകാരം ആയിരുന്നില്ല. ഭരണ-നിയമ വ്യവസ്ഥയെ വളച്ചൊടിച്ച് കൊട്ടാരക്കര പോലുള്ള പള്ളികള്‍ എതിരു കൈവശത്തിലാക്കിയപ്പോള്‍, കോഴഞ്ചേരി പള്ളിക്കുള്ളില്‍ കൊലപാതകംവരെ നടന്നു. 1896 കുഭം 5-ന് അയച്ച ഒരു കത്തില്‍ …പള്ളികളിലും ജനത്തിലും കക്ഷിവാദങ്ങളും വിശ്വാസപ്പകര്‍പ്പുകളും അധികരിച്ചിരിക്കുന്നതിനാല്‍ മനോസൗഖ്യം ഇല്ലെന്നു മാത്രമേ ഉള്ളൂ … എങ്കിലും കര്‍ത്താവില്‍ ആശ്വസിക്കുന്നു… എന്നു പ. പരുമല തിരുമേനി ഈ അവസ്ഥയെ നിരീക്ഷിക്കുന്നുണ്ട്.

സമാനമായ സംഭവ പരമ്പരകളാണ് ഇന്ന് മലങ്കരയില്‍ അരങ്ങേറുന്നത്. രാഷ്ട്രീയ – ഉദ്യോഗസ്ഥ പിന്‍ബലത്തോടെ നിയമവാഴ്ചയും നീതിയും നിഷേധിക്കപ്പെടുന്നു. രാജ്യത്തിൻ്റെ നീതിന്യായവ്യവസ്ഥതന്നെ അട്ടിമറിക്കപ്പെടുന്നു. നാലു പതിറ്റാണ്ടില്‍ അധികമായി കൈയ്യുക്കിൻ്റെ ബലത്താല്‍ പള്ളികളില്‍നിന്നും പുറത്തുനിര്‍ത്തപ്പെട്ടവര്‍ നിയമപരിരക്ഷ ഉണ്ടായിട്ടും ഇന്നും പള്ളിക്കു ചുറ്റും ഉഴറി നടക്കേണ്ടി വരുന്നു.  അവര്‍ക്കുള്ള ആശ്വാസം അദ്ദേഹത്തിൻ്റെ മറ്റൊരു കത്തിലുണ്ട്; …ഒട്ടും അധൈര്യം ഉണ്ടാകരുതെ … കാണുന്ന ഈ ദുഃഖം നമ്മുടെ പാപത്തെക്കുറിച്ച് ദൈവത്തിൻ്റെ ശിക്ഷയാകുന്നു … ശിക്ഷ ഭക്തിയോടുകൂടെ സഹിക്കുന്ന മക്കളുടെ മേല്‍ ആകുന്നു കൃപയെന്നു ഓര്‍ക്ക…

നിന്ദാ-പരിഹാസങ്ങള്‍ക്കപ്പുറം കേട്ടാലറയ്ക്കുന്ന അസഭ്യ വര്‍ഷമാണ് ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ മലങ്കരസഭാ പിതാക്കന്മാരുടെ മേലും വൈദീകരുടെമേലും ഇന്ന് എതിര്‍പക്ഷം മുഖദാവിലും സാമൂഹ്യ മാദ്ധ്യമത്തിലും ചൊരിയുന്നത്. 1897 ഇടവും 12-ന് അയച്ച ഒരു കത്തില്‍ അവര്‍ക്കുള്ള പ. പരുമല തിരുമേനിയുടെ ഉപദേശം കാണാം. …പട്ടക്കാരെ ബഹുമാനിച്ചുകൊള്ളണം. പ്രവര്‍ത്തിയിലാകട്ടെ, വചനത്തിലാകട്ടെ, ഭവനത്തിലാകട്ടെ, ഹൃദയത്തിലാകട്ടെ, ഒരിക്കലും നിന്ദിക്കുകയോ, ആക്ഷേപിക്കുകയോ, നിസ്സാരമായി വിചാരിക്കുകയോ, അവര്‍ക്കു ചെയ്യേണ്ടുന്ന മുറ ചെയ്യാതിരിക്കുകയോ, അവരുമായി വഴക്കുപിടിക്കുകയോ… അവരുടെ മനോദണ്ഡം നിങ്ങളുടെ മേല്‍ വരുവാന്‍ തക്കവണ്ണം കാണിക്കുകയോ ഒരിക്കലും ചെയ്യരുത്. ചെയ്തിട്ടുണ്ടെങ്കില്‍ പൊറുപ്പ് അപേക്ഷിച്ച് അനുഗ്രഹം വാങ്ങിക്കൊള്ളണം… പട്ടക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നവര്‍ ഇതൊന്നു ശ്രവിച്ചാല്‍ അവര്‍ക്കു കൊള്ളാം. അസഭ്യം പറഞ്ഞും, അക്രമത്തിന് ആഹ്വാനം ചെയ്തും, വഴിയില്‍ കിടന്നും, ആത്മഹത്യാശ്രമനാടകം നടത്തിയും സ്വന്ത പൗരോഹിത്യത്തെ തുശ്ചീകരിക്കുന്ന പട്ടക്കാര്‍ക്കും ഈ ഉപദേശം ബാധകമാണ്.

പള്ളിപ്പണം സ്വകാര്യ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുവാനും പള്ളിസ്വത്തുക്കള്‍ ഇതര ഉടമസ്ഥതയില്‍ ആക്കുവാനും ഉള്ള ശ്രമം ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി. പക്ഷേ ഇന്ന് ഇത്തരം പ്രവര്‍ത്തനങ്ങളുടെ പരമകാഷ്ഠയില്‍ എത്തിയിരിക്കുകയാണ്. ഇടവക പള്ളികളിലെ ജംഗമ വസ്തുക്കള്‍ – പഴയ ഭാഷയില്‍; മുണ്ടുമുറിശീലവ്യജ്ഞനാദികള്‍ – മാത്രമല്ല, പള്ളിയുടെ കട്ടിളയും ജനലും വരെ ഇളക്കിക്കൊണ്ടുപോകുന്ന പ്രവണത ഇന്ന് നിത്യസംഭവം ആയിരിക്കുകയാണ്. നിയമവിരുദ്ധ കൈവശത്തിലുള്ള അത്തരം വസ്തുക്കള്‍ കൊണ്ടുപോയവര്‍ പുറത്തുകാണിച്ചാലുള്ള പ്രത്യാഘാതം തല്‍ക്കാലം മാറ്റിവെക്കാം. അത്തരക്കാര്‍ക്കുള്ള പ. പരുമല തിരുമേനിയുടെ ഉപദേശം 1887 മീന മാസം 20-ന് അയച്ച കത്തിലുണ്ട്.

…വിശേഷം ഒന്നും കേട്ടിട്ടും അറിഞ്ഞിട്ടും പറയുന്നതുമല്ല – ഓര്‍മ്മപ്പെടുത്തി കൊള്ളുന്നതത്രേ … പള്ളിക്കു കൊടുത്തു തീര്‍പ്പാക്കാനുള്ളതു വേഗത്തില്‍ കൊടുത്തു തീര്‍ക്കണം … ഇനിയും അതു കിടന്നുകൂടുന്നു എന്നും മറ്റും ഒന്നും കേള്‍പ്പാന്‍ ഇടവരുത്തരുത് … ആ കാര്യത്തില്‍ നിങ്ങള്‍ക്കു ശുദ്ധമനസ്സുണ്ടായിരിക്കുമെങ്കില്‍ മാത്രമേ നിങ്ങളുടെ ഭവനകാര്യവും ശുദ്ധമായി തീരൂ … ആ വകയില്‍ വല്ല ലാഭമോ എന്തെങ്കിലും ഇച്ഛിച്ചു ഇങ്ങോട്ടു പറ്റുവാന്‍ ഇടവരുന്നു എങ്കില്‍ അതും അതില്‍ പത്തിരട്ടിയും നിങ്ങളില്‍ നിന്നു അന്യന്‍ കൊണ്ടുപോകുവാന്‍ ഇടവരികയും ചെയ്യും … അതിനാല്‍ നിങ്ങള്‍ എല്ലാവരും അതില്‍ ഭയപ്പെടുകയും ദൈവാശ്രയത്തിലും സഹോദര സ്‌നേഹത്തിലും അയല്‍ക്കാരോടുള്ള സംപ്രീതിയിലും നിര്‍മ്മലമുള്ളവരായിരിപ്പീന്‍ … ദൈവം നിങ്ങളെ അനുഗ്രഹിക്കും … ആമ്മീന്‍…

വീണ്ടും 1901 ഓഗസ്റ്റ് 11-ന് അയച്ച കത്തില്‍, …പള്ളിവഴക്കില്‍ പ്രവേശിച്ചു തങ്ങളുടെ നിമിത്തം ഒരു പ്രകാരവും പള്ളിക്കു ദോഷം വരുവാന്‍ ഇടയാക്കരുത് … പള്ളിക്കു കൊടുപ്പാന്‍ ഉള്ള നെല്ലു ഒരിക്കലും നാഴിനെല്ലും കുടിശിക ആക്കരുത് … ആരുടേയും മനോദണ്ഡം നിങ്ങള്‍ ആരുടെമേലും ആ കുടുംബത്തിന്മേലും വരുത്തി പോകരുത്… എന്ന് പ. പരുമല തിരുമേനി നല്‍കുന്ന ഉപദേശം അനുസരിച്ചാല്‍ ഒറ്റയ്ക്കും കൂട്ടായും പള്ളിമുതല്‍ കടത്തുന്നവര്‍ക്കും അവരുടെ കുടുംബത്തിനും കൊള്ളാം.

ഇളകാവുന്നതും ഇളക്കാവുന്നതുമായ മുതലുകള്‍ കൈവശപ്പെടുത്തുന്നതിനപ്പുറം ശുദ്ധമാന ദേവാലയത്തിന് ഉണ്ടാക്കുന്ന നാശനഷ്ടങ്ങളൂം അതിഭീമമാണ്. വൃക്ഷങ്ങള്‍ വെട്ടിമാറ്റുക, പള്ളിയുടെ ഭിത്തി മണ്ണുമാന്തിയന്ത്രംകൊണ്ട് തകര്‍ക്കുക… ഒക്കെ നിസാരം. വര്‍ഷങ്ങളിലൂടെ ശതക്കണക്കിനു വി. ബലി അര്‍പ്പിച്ച ത്രോണോസ് ഇടിച്ചു നിരത്തുക, തങ്ങളേയും തങ്ങളുടെ പൂര്‍വപിതാക്കളേയും ആത്മാവില്‍ ജനിപ്പിച്ച മാമോദീസാതൊട്ടി തകര്‍ത്ത് ചാലില്‍ തള്ളുക… ഈ പാപമൊക്കെ എവിടെ തീര്‍ക്കും? ഈവിധമുള്ള പൈശാചിക പ്രവര്‍ത്തികള്‍ ചെയ്യുന്നത് മതവിരുദ്ധ ഭീകരരല്ല; മറിച്ച്, മതവിശ്വാസികളും പള്ളി ഭക്തരും എന്ന് സ്വയം അവകാശപ്പെടുന്ന വിശ്വാസികള്‍ ആണെന്നതാണ് വിചിത്രം!

അവര്‍ക്കുള്ള പ. പരുമല തിരുമേനിയുടെ ഉപദേശം ഇതാണ്: …നമ്മുടെ നിമിത്തം യാതൊരു ദോഷവും പള്ളിക്കാകട്ടെ പൊതുവിലേക്കാകട്ടെ ഉണ്ടാക്കി തീര്‍ക്കരുത് … വാശിയും വഴക്കും വലിപ്പവും ഭാവവും പള്ളിസംബന്ധമായ കാര്യത്തില്‍ ഒരിക്കലും വിചാരിക്കാതെ അവനവൻ്റെ താഴ്മയെ ശോഭിപ്പിച്ചും ദൈവത്തില്‍ ആശ്രയിച്ചും ബഹുജനങ്ങളെ തൃപ്തിപ്പെടുത്തിയും നടക്കുന്നവര്‍ ഭാഗ്യവാന്മാര്‍ … ദൈവം അവരെ അനുഗ്രഹം ചെയ്യട്ടെ… ഇത് കേള്‍ക്കുവാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

1892 മിഥുനം 18-ന് അയച്ച ഒരു കത്തില്‍ തല്‍ക്കാല സ്ഥിതിയേപ്പറ്റി പ. പരുമല തിരുമേനി, …സമാധാനത്തിൻ്റെ മനുഷ്യര്‍ ചുരുക്കം കലഹത്തിൻ്റെ പുത്രന്മാര്‍ ഇപ്പോള്‍ വളരെയും ആകുന്നു … അതു ഒടുക്ക കാലമാകകൊണ്ടുമായിരിക്കാം… എന്ന് സ്വയം ആശ്വസിക്കുന്നുണ്ട്. പക്ഷേ ലഹള വിതയ്ക്കുകയും പള്ളികള്‍ക്ക് നാശം വരുത്തുകയും ചെയ്യുന്നവര്‍ പ. പരുമല തിരുമേനിയുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കുംമുമ്പ് ആ പുണ്യ പിതാവിൻ്റെ മുകളില്‍ പരാമര്‍ശിച്ച ഉപദേശങ്ങളെ ഒന്നു ധ്യാനിക്കുന്നത് നല്ലതാണ്.

കിഴക്കിൻ്റെ മഹാനായ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഒരിക്കല്‍ തൻ്റെ സ്വതസിദ്ധമായ ഭാഷയില്‍, പള്ളി പണിതാല്‍ ദൈവം പണിയും. പള്ളിക്കിട്ടു പണിതാലും ദൈവം പണിയും എന്ന് പറഞ്ഞിട്ടുണ്ട്. കലഹം സൃഷ്ട്ക്കുകയും വിദ്ധ്വംസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന വിശ്വാസികള്‍ക്ക് പ. പരുമല തിരുമേനി കൊടുക്കുന്ന ഉപദേശങ്ങളുടെ സംഗ്രഹമാണിത്. ഈ ലേഖനത്തിൻ്റെ ശീര്‍ഷകവും.

ഡോ. എം. കുര്യന്‍ തോമസ്
(ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാള്‍ സപ്ലിമെന്റ് – 1 നവംബര്‍ 2019)

error: Thank you for visiting : www.ovsonline.in