OVS - Latest NewsOVS-Kerala News

മലങ്കര സഭാ പള്ളികൾ ഭരിക്കേണ്ടത് 1934-ലെ ഭരണഘടനയനുസരിച്ച്: സുപ്രീം കോടതി

ന്യൂഡൽഹി∙ മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934–ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന് സുപ്രീംകോടതി വിധി. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് സിറിയൻ ഓർത്തഡോക്സ് പള്ളി തർക്കത്തിൽ യാക്കോബായ വിഭാഗത്തിന്റെ ഹർജി തള്ളിയാണ് സുപ്രധാന വിധി. 1913-ലെ ഉടമ്പടിയോ 2002–ലെ ഭരണഘടനയോ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 1934–ലെ ഭരണഘടന അംഗീകരിച്ച് 1995–ൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ ശരിവച്ചാണ് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് അമിതാവ റോയ് എന്നിവരുടെ വിധി.

മലങ്കര സഭയിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ 1934-ലെ ഭരണഘടന ഭേദഗതി ചെയ്യാവുന്നതാണെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. 1934-ലെ ഭരണഘടന യാക്കോബായ വിഭാഗം അംഗീകരിക്കുന്നില്ല. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് പള്ളി കേസിലാണ് വിധിയെങ്കിലും ഇത് മലങ്കരസഭയുടെ കീഴിലുള്ള എല്ലാ പള്ളികൾക്കും ബാധകമാണ്. കോലഞ്ചേരിയോടൊപ്പം മണ്ണത്തൂർ സെന്റ് ജോർജ്, വരിക്കോലി സെന്റ് മേരീസ്, നെച്ചൂർ എന്നീ പള്ളികളുടെ കേസും ഒരുമിച്ചാണ് സുപ്രീംകോടതി പരിഗണിച്ചിരുന്നത്. നാനൂറോളം പേജുകളുള്ള വിധിയുടെ പൂർണരൂപം പുറത്തു വന്നിട്ടില്ല.

കോലഞ്ചേരി പള്ളി 1913-ലെ ഉടമ്പടി പ്രകാരം ഭരണം നടത്താൻ അനുവദിക്കണമെന്ന ഹർജി 2013 ഓഗസ്റ്റ് നാലിന് ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ, ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് തള്ളിയിരുന്നു. അതിനെതിരെയാണ് യാക്കോബായ വിഭാഗത്തിനായി കെ.എസ്.വർഗീസ് സുപ്രീംകോടതിയെ സമീപിച്ചത്. 1934-ലെ മലങ്കരസഭാ ഭരണഘടന യാക്കോബായ വിഭാഗത്തിന് ബാധകമല്ലെന്നും അതു സഭാ ഭരണത്തിൽ നിലനിൽക്കത്തക്കതല്ല എന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ വാദം. എന്നാൽ 1995-ലെ സുപ്രീംകോടതി വിധി 1934–ലെ ഭരണഘടന അനുസരിച്ചാണ് സഭയും പള്ളികളും പ്രവർത്തിക്കേണ്ടത് എന്ന് വ്യക്തമാക്കിയിരുന്നു. തർക്കം നിലനിന്ന പള്ളികളിൽ കേസ് തീർപ്പാകുന്നതുവരെ ഇരു വിഭാഗങ്ങൾക്കും ആരാധന നടത്താൻ 2016–ൽ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.

മലങ്കര സഭ പൂർണമായും ഒരു ഭാരതീയ സഭയാണ് എന്നായിരുന്നു ഓർത്തഡോക്സ് വിഭാഗത്തിന്റെ വാദം. ഇതു സുപ്രീംകോടതി ശരിവച്ചിരിക്കയാണ്. ഓരോ ഇടവകയും സ്വതന്ത്രമായ ഭരണത്തിനു കീഴിലാണെന്ന യാക്കോബായ വിഭാഗത്തിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു സുപ്രീംകോടതിയിൽ ഈ കേസ് വാദം കേട്ടിരുന്നത്. എന്നാൽ അശോക് ഭൂഷൺ ഈ കേസിൽ വാദം കേൾക്കുന്നതിനെ യാക്കോബായ വിഭാഗം എതിർത്തിരുന്നു. അദ്ദേഹം കേരളത്തിൽ ജഡ്ജിയായിരിക്കെ ഇതിൽ ചില കേസുകൾ പരിഗണിച്ചു എന്നതാണ് എതിർപ്പിനു കാരണമായത്. തുടർന്നാണ് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് അമിതാവ റോയ് എന്നിവരുടെ ബെഞ്ചിലേക്ക് കേസ് മാറ്റിയത്.

സുപ്രീംകോടതിയിൽ ഓർത്തഡോക്സ് വിഭാഗത്തിനുവേണ്ടി കെ.കെ.വേണുഗോപാൽ, കൃഷ്ണൻ വേണുഗോപാൽ, ഇ.എം.സദറുൾ ആനം, കുര്യാക്കോസ് വർഗീസ്, സി.യു. സിങ്, ശ്രീകുമാർ, വി. ശ്യാം മോഹൻ, രോഹിത് മാമ്മൻ എന്നിവരും യാക്കോബായ വിഭാഗത്തിനു വേണ്ടി കെ.പരാശരൻ, സി.എ.സുന്ദരം, സി.എസ്.വൈദ്യനാഥൻ, മോഹൻ പരാശരൻ, ശ്യാം ദിവാൻ, എ.രഘുനാഥ്, വി.കെ.ബിജു എന്നിവരും ഹാജരായി. ഈ കേസിൽ ഓർത്തഡോക്സ് വിഭാഗത്തിനു വേണ്ടി ആദ്യം വാദിച്ച റോഹിൻടൺ നരിമാനും നാഗേശ്വരറാവുവും പിന്നീട് സുപ്രീംകോടതി ജസ്റ്റിസുമാരായി. കെ.കെ. വേണുഗോപാൽ അറ്റോർണി ജനറലുമായി.

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു: കാതോലിക്കാ ബാവാ