OVS - ArticlesOVS - Latest NewsOVS-Exclusive News

ആയുർദീപനം – ഒരു ചികിത്സകന്റെ പനിക്കാല ചിന്തകൾ

മഴക്കാല രോഗങ്ങൾക്കെതിരെ, മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ സംസ്ഥാനവ്യാപകമായുള്ള  പരിസര ശുചീകരണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു ആരോഗ്യജീവിത മാർഗ്ഗദർശന ലേഖനം
 
ഡോ.അനൂപ് എഴുതുന്നു :
 
പനിക്കാലമല്ലേ ഡോക്ടർ, കവിതകളും എഴുതി നടന്നാ മതിയോ? ഒരു ഇഷ്ടന്റെ ചോദ്യമാണ് . എന്തു ചെയ്യാം സഹോ.. എല്ലാ അറിവുകളും തികഞ്ഞ നമ്മ മലയാളീസിനോട് അപരിഷ്കൃതനും അന്ധവിശ്വാസിയുമായ ഒരു ആയുർവേദക്കാരൻ എന്തു പറയാനാ! (5 1/2 വർഷം Anatomy, Physiology, Pathology,forensic medicine, social and Preventive Medicine ഉൾടെയുള്ള ശാസ്ത്രശാഖകളും ആയുർവേദത്തോപ്പം പഠിക്കാനുണ്ടെന്നു പറഞ്ഞപ്പോൾ ,ചുമ്മാ ബഡായി അടിക്കണ്ടാന്ന് ഇന്നലെ ഒരു ബ്രോ പറഞ്ഞതാണ്) . അച്ഛൻ വഴിക്കും അമ്മവഴിക്കും ഒരു മൂന്നാലു തലമുറയുടെ പാരമ്പര്യമുള്ളത് സ്കൂളിലും കോളേജിലും പഠിച്ചു എന്ന ഒറ്റക്കാരണത്താൽ നഷ്ടപ്പെട്ടു, ഇല്ലേൽ വല്ല മോഹനൻ വൈദ്യരോ, ചാത്തൻ വൈദ്യരോ പോലെ famous ആകാമായിരുന്നു. കുറച്ചു ക്ഷമയുള്ള, നമ്മളെ വിശ്വാസമുള്ള, അത്യാവശ്യം പത്ഥ്യം നോക്കുന്ന 5 – 10 പനിക്കാരു ദിവസോം വരും, അവർക്ക് മരുന്നൊക്കെ കൊടുത്ത്, രണ്ടു ദിവസം കഴിഞ്ഞ് കുറഞ്ഞൂന്ന് പറഞ്ഞു വരുമ്പോഴുള്ള മനസുഖമുണ്ടല്ലോ ,അതു മതിയനിയാ. അല്ലാതെ നാട്ടാരെ മൊത്തം പേടിപ്പിക്കാൻ വയ്യായേ!
 
അല്ലേലും നമ്മൾ മല്ലൂസ് ചൊറിയുമ്പോഴേ അറിയൂ (ചൊറിഞ്ഞാലും അറിഞ്ഞില്ലാന്നു നടിക്കുന്നവരുമുണ്ട്).. പനിയുടെ കാര്യ കാരണങ്ങൾ നമുക്കൊരു ചിന്താവിഷയമേ അല്ല, പനിക്ക് മരുന്നു വേണം അത്ര തന്നെ (അതെന്തൊക്കെ അടിച്ചു പോയാലും ശരി)!.ആയുർവേദത്തിന് ഒരു പ്രത്യേകതയുണ്ട്, അതാദ്യം പറയുന്നത് ആരോഗ്യത്തെ കുറിച്ചാണ്, എങ്ങനെ ആരോഗ്യം സംരക്ഷിക്കാമെന്നാണ്, (How to maintain the health of a healthy person / how to Prevent diseases). 
 
ഇതിന് സ്വസ്ഥവൃത്തമെന്നാണ് പറയുക.
 
1) ദിനചര്യ (daily regimes)
2) ഋതുചര്യ (Seasonal regimes)
3) സദ് വൃത്തം (moral / social hygienes )
4) അന്നവിജ്ഞാനീയം (diet,dietary behaviours/hygienes ) 
 
ഇതാണതിന്റെ കാതൽ
 
ദിനചര്യയിൽ ,രാവിലെ എഴുന്നേൽക്കുന്നതു മുതൽ (10am ന് അല്ല, 4.30- 5.30 am) രാത്രി ഉറങ്ങുന്നതു വരെ ( 9.30- 10.30 pm) യുള്ള ഒരു മനുഷ്യന്റെ ആരോഗ്യത്തിനുതകുന്ന കൃത്യങ്ങളാണ് വിവരിച്ചിട്ടുള്ളത്.
 
ഋതുചര്യയിൽ, ഓരോ സീസണുകളിലും, കാലാവസ്ഥകളിലും നാം ചെയ്യേണ്ടതും ചെയ്തു കൂടാത്തതുമായ കാര്യങ്ങൾ, കഴിക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമായ ആഹാരങ്ങൾ എന്നിവയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു . ഋതുസന്ധികളിൽ, വരാൻ പോകുന്ന കാലാവസ്ഥയ്ക്കനുകൂലമായ മുൻകരുതലുകൾ നമ്മെ ഓർമിപ്പിക്കുന്നു .
 
സദ്വൃത്തത്തിൽ, ശാരീരികവും മാനസികവും സാമൂഹികവും ആദ്ധ്യാത്മികവും സാംസ്കാരികവുമായി നാം ചെയ്യേണ്ടതും, ചെയ്യാവുന്നതും ചെയ്തു കൂടാത്തതുമായ കടമകളേയും കർത്തവ്യങ്ങളേയും പ്രവൃത്തികളേയും കുറിച്ച് സവിസ്തരം പ്രസ്താവിക്കുന്നു .
 
 ‘നിത്യം ഹിതാഹാര വിഹാരസേവീ
സമീക്ഷ്യകാരീ വിഷയേഷു അസക്ത:
ദാതാ സമ സത്യപര: ക്ഷമാവാനാ –
പ്തോപസേവീ ച ഭവത്യ അരോഗ: ‘
 
എല്ലാ ദിവസവും നല്ലതും മിതവുമായ ആഹാരം കഴിക്കണം, നല്ല പ്രവൃത്തികൾ ചെയ്യണം, ബുദ്ധിപരമായി ചിന്തിച്ച് പ്രവർത്തിക്കണം, ദയ കാണിക്കണം, എല്ലാവരേയും ഒരു പോലെ കരുതണം, പ്രലോഭനങ്ങൾക്ക് അടിമപെടാതിരിക്കണം, സത്യം പറയണം, ക്ഷമയുള്ളവനായിരിക്കണം, മൂത്തവരോട് ബഹുമാനവും അവരുടെ നല്ല വാക്കുകൾക്ക് വിലയും കൊടുക്കണം, ഇങ്ങനെയൊക്കെ ജീവിച്ചാൽ രോഗങ്ങളിൽ നിന്ന് അകന്ന് നില്ക്കാം 
മതി, ഇനി പിന്നീടു പറയാം.
 
എന്നാലും, മരുന്നു പെട്ടിയുമായി നടക്കുന്ന കേരളീയരെ കാണുമ്പോൾ (BP , ഷുഗർ, ഹാർട്ട്, കൊളസ്ട്രോൾ, തൈറോയിഡ്, കാൽസ്യം എന്നു വേണ്ട ഒരു പത്തിരുപത് ഗുളികൾ ) പറയാതിരിക്കാനും വയ്യ. ഇനി ഡെങ്കിക്കും സ്ഥിരം ഗുളികയ്ക്കൊരു സ്കോപ്പുണ്ട്, മരുന്നു കമ്പനി കുത്തകകൾ ആ വഴിക്കും ചിന്തിക്കുന്നുണ്ട്, കാരണം നമ്മൾ അത്രയ്ക്ക് പേടിച്ചിട്ടുണ്ടല്ലോ.
 
ജനങ്ങളെ രണ്ടു മാസം പേടിയുടെ ,വേദനകളുടെ, ആകാംക്ഷകളുടെ മുൾമുനയിൽ നിർത്തുന്ന, പത്തിരുനൂറ് പേരെ കൊന്ന്, ഒരുമാതിരി അലോപതി ആശുപത്രികളുടേയും ഒരു വർഷത്തെ കടങ്ങളും തീർത്ത്, നല്ല ബാങ്ക് ബാലസും കൊടുക്കുന്ന ഡങ്കീ, നീ അരുടെ ബുദ്ധിയിലുദിച്ച സ്വർണ്ണക്കനിയാണ്. ആടും, മാഞ്ചിയവും, സോളാറും, ലവണതൈലവും, ഓർക്കാത്ത ഹെർബും, കുഞ്ഞുണ്ടാക്കൽ കേന്ദ്രങ്ങളും ആടിതിമിർക്കുന്ന ബൗദ്ധിക കേരളത്തിൽ നീ ഉറഞ്ഞു തുള്ളുക. കാരണം, ഞങ്ങൾക്ക് ഒന്നിനും സമയമില്ല… ആർത്തി മൂത്ത, അവസരവാദികളായ, പഴമയെ / നാട്ടറിവുകളെ നിഷ്കരുണം തള്ളിക്കളയുന്ന, കടുക് മണിയോളം പോലും ക്ഷമയില്ലാത്ത നമ്മളും സർക്കാരും ഇതൊരു വാർഷിക ആഘോഷമാക്കുന്നു.
ഈ പനിക്കാലത്ത് തമ്മിൽ ചെളിവാരിയെറിയാതെ, ചികിത്സാ സമ്പ്രദായങ്ങൾ പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുക.. ആയുർവേദവും, ഹോമിയോപതിയുമൊക്കെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തലമുറകളുടെ കൈയ്യൊപ്പേടെ ഉരിത്തിരിഞ്ഞു വന്ന ശാസ്ത്ര ശാഖകൾ തന്നെയാണ്.  36 വയസ്സിൽ പത്ത് പതിനായിരത്തിൽ പുറത്ത് പുതിയ രോഗികളേം , 65000 ത്തിൽ പുറത്ത് repeat op യും നോക്കിയിട്ടുള്ള ഒരു പൊടി അനുഭവത്തിൽ പറയുവാ (ഹ .. ഹ..തള്ളലല്ല)
 
-> രോഗിയും ചികിത്സകനും തമ്മിലുള്ള വിശ്വാസമാണ് ചികിത്സ.
-> എല്ലാ രോഗങ്ങളും എല്ലാ ഡോക്ടർമാർക്കും എല്ലായിപ്പോഴും ചികിത്സിച്ചു ഭേദമാക്കാൻ പറ്റില്ല.( രോഗിയുടെ അവസ്ഥ,കാലം ദേശം വയസ്സ്  ചികിത്സകന്റെ മാനസികാവസ്ഥ എന്നിവ ചികിത്സയുടെ ഫലപ്രാപ്തിയേ നിർണ്ണയിക്കുന്ന ഘടകങ്ങളാണ് )
-> രോഗത്തെ കുറിച്ചുള്ള അറിവും, അതിന്റെ കാരണങ്ങളെ വർജിക്കലുമാണ് ചികിത്സ.
– > മാനുഷികവും കാരുണ്യ പരവുമായ കരുതലാണ് ചികിത്സ.
-> നല്ല വാക്കും, നല്ല മരുന്നുമാണ് ചികിത്സ.
-> ശരിയായ വിശ്രമമാണ് ചികിത്സ.
-> ശാരീരികവും മാനസികവും പാരിസ്ഥിതികവുമായ ശുചിത്വമാണ് ചികിത്സ.
 
പിന്നെ, ശ്രദ്ധിക്കുക.
 
# പരിസരം ശുചിയാക്കിവെയ്ക്കുക
# പ്ലാസ്റ്റിക്ക് പരിമിതപെടുത്തുക
# മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക.
# ജൈവകൃഷി ചെയ്യുക (രാസവളങ്ങൾ തവളകളേയും, പുൽച്ചാടികളേയും, മീനുകളേയും നശിപ്പിക്കുന്നു: കൊതുകുകൾ പെറ്റ് പെരുകുന്നു)
# മിതമായ രീതിയിൽ വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിക്കുക.
# ചൂടുവെള്ളം കുടിക്കുക.
# രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുക.
# രാത്രി നേരത്തേ കിടക്കുക.
#Common Sense ഉപയോഗിക്കുക.
# ലഹരികൾ കുറയ്ക്കുക (പുകവലി, മദ്യം, മൊബൈൽ എന്നിവ)
# ജാഡ കുറച്ച്, നമ്മൾ നമ്മളായി തന്നെ ജീവിക്കുക (പിരിമുറക്കം കുറയ്ക്കും)
# പനിക്ക് വൈദ്യസഹായം തേടുക
(കുടുംബശ്രീ പണിക്കാരോ, അടുത്ത വീട്ടിലെ ചേട്ടനോ, മീൻകാരി ചേച്ചിയോ അല്ല ചികിത്സ നിശ്ചയിക്കേണ്ടത്.
# അത്ഭുത മരുന്നുകൾ വൈദ്യ നിർദ്ദേശ പ്രകാരമല്ലാതെ വാങ്ങി ഉപയോഗിക്കാതിരിക്കുക.
 
(തുടരും/അല്ലെങ്കിൽ ബാക്കി പിന്നെ ഇതിൽ തന്നെ ഇതിൽത്തന്നെ കുറിയ്ക്കാം) സമയ കുറവുകൊണ്ടാണേ!
 
Dr. Anup Muraleedharan
Sree Bharath Ayurvedic Hospital
Koodal, Pathanamthitta
 
 
 
(കവി, ലേഖകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തൻ. മലങ്കരസഭാ മാസികയിലെ ‘ആയുർവിചാരം’ എന്ന പംക്തിയുടെ കർത്താവ്. ‘അകത്തേക്കുള്ള വാതിൽ’  എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്).