OVS - Latest NewsOVS-Kerala News

അദ്ധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്കു വിടാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഓര്‍ത്തഡോക്സ് സഭ

കോട്ടയം:- എയ്ഡഡ് മേഖലയിലെ അദ്ധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്കു വിടാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പൊലീത്താ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളോട് യോജിക്കാന്‍ ആവില്ല.

സ്വാശ്രയമേഖലയിലെ കോളേജുകളുടെ നിലനില്‍പ്പ് കൂടി പരിഗണിച്ചുള്ള ഫീസ് ഘടനയാണ് പരിഗണിക്കേണ്ടിയിരുന്നത്. ഇപ്പോഴത്തെ സ്ഥിതി പാവപ്പെട്ട കുട്ടികളെ ബാധിക്കാന്‍ ഇടയുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ സഭ ശ്രമിക്കും. ഇടതു സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ സഭ അംഗീകരിക്കും. ഒരു വര്‍ഷത്തെ ഇടതു ഭരണം വിലയിരുത്തിയാല്‍ പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന അഭിപ്രായമുണ്ട്. എന്നാല്‍ വിദ്യാഭ്യസ മേഖലയിലെ പല നടപടികളോടും എതിര്‍പ്പുമുണ്ട്. സഭാ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ല സമാധാനപരമായാണ് കാര്യങ്ങള്‍ നടക്കുന്നത്.

ഇടതു മുന്നണി ഇക്കാര്യത്തില്‍ സഭയോട് ഒരു ദ്രോഹവും കാണിച്ചിട്ടില്ല . സഭയ്ക്ക് നീതി നടപ്പിലാക്കുന്ന ഏത് സര്‍ക്കാരാണെങ്കിലും അവരെ അംഗീകരിക്കും. സഭയ്ക്ക് ഒരു മുന്നണിയോടും പ്രത്യേക മമ്മതയോ വിദ്വവേഷമോ ഇല്ല. സഭാ ഭരണഘനയും സുപ്രീം കോടതി വിധിയുമനുസരിച്ചു ഓര്‍ത്തഡോക്സ് സഭ പ്രവര്‍ത്തിക്കുമെന്നും മെത്രാപ്പൊലീത്താ കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.