OVS - Latest NewsTrue Faith

കർത്താവിന്റെ ജനനപ്പെരുന്നാളിനു മുമ്പുള്ള ഞായർ

വി.വേദഭാഗം: വി. മത്തായി 1:1-17

കാലത്തിനും സമയത്തിനും അതീതനായ ദൈവം, പാപികളുടെ വീണ്ടെടുപ്പിനായി മനുഷ്യ വർഗ്ഗത്തിന്റെ വംശാവലിയിലേക്ക് പ്രവേശിക്കുന്നു. സകല സൃഷ്ടിയുടെയും ഉടയവൻ ചരിത്രത്തിന്റെ നാൾവഴികൾക്ക് വെളിച്ചം പകരുവാൻ ജഢരൂപം പ്രാപിക്കുമ്പോൾ, പിന്നിട്ട പാതയിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് വംശാവലി. പാരമ്പര്യ മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനം ധാർമ്മിക വീഴ്ചകൾക്ക് കാരണമാകുന്ന ഇന്ന്, വംശാവലി ഏറെ പ്രസക്തമാണ്.

അബ്രഹാം മുതൽ ദാവീദ് വരെയും, ദാവീദ് മുതൽ ബാബേൽപ്രവാസം വരെയും, അവിടെ നിന്ന് ക്രിസ്തുവിനോളവുമുള്ള വംശാവലിയുടെ മൂന്ന് ഭാഗങ്ങളും മനുഷ്യന്റെ ആദ്ധ്യാത്മിക ചരിത്രത്തിന്റെ ഏടുകളാണ്. സൃഷ്ടിയുടെ മകുടമായി മനുഷ്യൻ നിർമ്മിക്കപ്പെട്ടതും, തന്റെ മഹിമയെ പാപത്തിലൂടെ നഷ്ടപ്പെടുത്തിയതും, പിന്നീട് നമ്മെ വീണ്ടെടുക്കുവാൻ ദൈവം മനുഷ്യനായി അവതരിച്ചതും, അനുഗ്രഹത്തിന്റെയും, വീഴ്ചയുടെയും, വീണ്ടെടുപ്പിന്റെയും ചരിത്രമായി വംശാവലി അവതരിപ്പിക്കുന്നു. പാപത്തിൽ നിന്ന് മോചനം പ്രാപിക്കുവാനും, നവചൈതന്യം പകരുന്ന ക്രിസ്തുവിനെ ഉള്ളിൽ സ്വീകരിക്കുവാനുമുള്ള ആഹ്വാനമാണ് പൂർവ്വ പിതാക്കൾ നടന്ന് നീങ്ങിയ പാതകളുടെ ഈ ഓർമ്മപ്പെടുത്തൽ.

സമൂഹം സൃഷ്ടിക്കുന്ന അതിരുകളെ ഇല്ലാതാക്കുന്നതാണ് ദൈവപുത്രന്റെ വംശാവലി.മാറ്റി നിർത്തുന്നവരെ ചേർത്ത് നിർത്താൻ പഠിപ്പിച്ച ക്രിസ്തുവിന്റെ പാരമ്പര്യ രേഖയിൽ കുലവും, വംശവുമൊക്കെ അപ്രസക്തമാകുന്നു. സ്ത്രീനാമങ്ങൾക്ക് ഇടമില്ലാതിരുന്ന വംശപട്ടികയിൽ രാഹാബും രൂത്തും സ്ഥാനം കണ്ടെത്തി. പാപിയെ തേടി എത്തിയ യേശുനാഥന്റെ നാമശൃംഖലയിൽ യഹൂദനും യവനനും തമ്മിലുള്ള അതിരുകൾ തകർക്കപ്പെട്ടു. വിവേചനങ്ങളുടെ ചങ്ങലയെ പൊട്ടിക്കുന്ന വംശാവലി അധാർമ്മികതയുടെ അന്ത്യമാണ് മശിഹായുടെ ഉദയമെന്ന് ഉദ്ഘോഷിക്കുന്നു…

പാരമ്പര്യാധിഷ്ഠിത ദൈവബോധത്തെ തിരിച്ചറിയാത്ത ഇന്നിന്, പൂർവ്വ കാലത്തിന്റെ ആത്മ ചൈതന്യത്തെ ഉൾക്കൊള്ളുവാനുള്ള വിളിയാണ് വംശപരമ്പര.കേവലം, പേരിൽ അഭിമാനം കൊള്ളുവാൻ മാത്രം പാരമ്പര്യ നാമങ്ങൾ ആരായുന്ന കാലത്ത്, പൂർവ്വ തലമുറയുടെ ആത്മീക നിഷ്ഠയും പ്രാർത്ഥനാ ജീവിതവും തിരിച്ചറിവാകേണ്ടത് അനിവാര്യതയാണ്.

ഈ ‘ജനനസ്മരണ’ ഒരു ഓർമ്മപ്പെടുത്തലാണ്. പഴമയെ മറന്നുള്ള യാതൊന്നിനും നിലനിൽപ്പില്ല എന്ന യാഥാർത്ഥ്യത്തിന്റെ ഓർമ്മപ്പെടുത്തൽ. പഴമയുടെ നന്മയുള്ള രൂപങ്ങളെ അഗതിമന്ദിരങ്ങളിലും, തെരുവോരങ്ങളിലും ഉപേക്ഷിക്കുമ്പോൾ, മനപൂർവം നാം അവഗണിക്കുമ്പോൾ, സർവ്വചരാചര പാലകനായവൻ എപ്രകാരം തൻ്റെ മാതാപിതാക്കളെ, ചാർച്ചക്കാരെ,തന്നെ സമീപിച്ചവരെ കരുതി, സ്നേഹിച്ചു എന്ന് ഓർക്കണം. ജീവിതാനുഭവങ്ങളുടെ തഴക്കമുള്ള മുൻ തലമുറയുടെ സാന്നിധ്യം അനുഗ്രഹമാണെന്ന് നാം തിരിച്ചറിയണം.

‘വചനം ജഡമായി’ എന്ന യോഹന്നാൻ ശ്ലീഹായുടെ സുവിശേഷചിന്ത വളരെ ശ്രദ്ധേയമാണ്. ക്രിസ്തുവിൻ്റെ ജഡധാരണ ഉദേശ്യം തന്നെ മനുഷ്യൻ്റെ ദൈവീകരണവും അതുവഴി സൃഷ്ടിയുടെ വീണ്ടെടുപ്പും ആണല്ലോ. സർവ്വരേയും നവീകരണത്തിലേക്ക് നയിക്കുന്ന വീണ്ടെടുക്കുന്ന ദിവ്യപ്രകാശം നമ്മിലും ഉണ്ടാകുവാൻ നമുക്കും ഹൃദയങ്ങളെ ഒരുക്കാം.

പൂർവ്വ പിതാക്കന്മാരുടെ ആധ്യാത്മിക ചരിത്രം പ്രഘോഷിക്കുന്ന ആത്മീക സത്യങ്ങളിലൂടെ നമുക്കും പ്രകാശിതരാകാം.പ്രവചനങ്ങളുടെ പുർത്തീകരണമായി നീതി സൂര്യൻ ഉദിക്കുമ്പോൾ ജാഗരണത്തോടും അനുതാപത്തോടും കൂടി നീതി സൂര്യൻ്റെ കിരണങ്ങൾ നമ്മിലേക്കും ആഴ്‌ന്നിറങ്ങുന്നതിനായി നമുക്കും പ്രതീക്ഷയോടെ കാത്തിരിക്കാം.

“അത്ഭുതത്തിൻ്റെ പുത്രാ! നിൻ്റെ മനുഷ്യാവതാരത്തെക്കുറിച്ച് നിന്നെ സ്തുതിപ്പാൻ ഞങ്ങളെ യോഗ്യരാക്കിയതിനാൽ ഏതുപ്രകാരത്തിൽ നിന്നെ മഹത്വപ്പെടുത്തേണ്ടു എന്ന് ഞങ്ങൾ അറിയുന്നില്ല. നിൻ്റെ തിരുനാമത്തെ മഹത്വപ്പെടുത്തുവാനായിട്ട് ഞങ്ങളുടെ കുറ്റങ്ങൾ മോചിക്കണമെ, നിൻ്റെ ആട്ടിൻകൂട്ടത്തിൽ എന്നേക്കും സമാധാനം വാഴുമാറാകണമെ. മേലിൽനിന്നുള്ള നിൻ്റെ ഉദയവും മറിയാമിൽ നിന്നുള്ള ജനനവും വാഴ്‌ത്തപ്പെട്ടതാകുന്നു. ക്രൂബേന്മാരോടും സ്രോപ്പേന്മാരോടും സകല മാലാഖമാരോടും കൂടെ നിന്നെ സ്തുതിച്ച് വന്ദിപ്പാൻ ഞങ്ങളെയും യോഗ്യരാക്കണമെ.
– ആമ്മീൻ”.