OVS-Kerala News

പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ഇളയ ബാവായുടെ 208 മത് ശ്രാദ്ധപ്പെരുന്നാള്‍

വെട്ടിക്കല്‍ തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളിയോട് ചേര്‍ന്നുള്ള തേവനാല്‍ താഴ്വരയില്‍ , മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍ നിര്‍മ്മിച്ച്‌ ദീര്‍ഘ നാളുകളോളം തപസ്സനുഷ്ഠിക്കുകയും, മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ രണ്ടാമത്തെ മെത്രാനായി അവരോധിതനാവുകയും, പില്‍ക്കാലത്ത് മലങ്കര സഭയുടെ ചരിത്ര പ്രസിദ്ധമായ വെട്ടിക്കല്‍ സെ. തോമസ്‌ ദയറായില്‍ കബറടങ്ങുകയും ചെയ്ത പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ഇളയ ബാവായുടെ (ഗീവര്‍ഗീസ് മാര്‍ കൂറിലോസ്) 208 മത് ശ്രാദ്ധപ്പെരുന്നാള്‍ പുണ്യവാന്‍റെ തപസ്സിനാല്‍ അനുഗ്രഹിക്കപ്പെട്ട തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളിയില്‍ മെയ്‌ 21ന് കൊടിയേറും. ദയറാ ചാപ്പൽ സ്ഥാപിച്ചതിൻെറ 250ാം വാർഷിക ആഘോഷങ്ങൾക്കും ഈ വർഷം തുടക്കമാകും.  ഇടവം 15 പെരുന്നാള്‍ എന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച ശ്രാദ്ധപ്പെരുന്നാള്‍ 2017 മെയ്‌ 27, 28  ( ശനി ,ഞായർ) തീയതികളില്‍ നടക്കും.മെയ്‌ 27 ശനിയാഴ്ച വെെകിട്ട് ആറിന് സന്ധ്യപ്രാര്‍ഥനയും പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവാമാര്‍ തപസ്സനുഷ്ട്ടിച്ച തേവനാല്‍ താഴ്വരയിലെ മാര്‍ ബഹനാന്‍ ദയറാ ചാപ്പലിലേക്കുള്ള പ്രദക്ഷിണവും നടക്കും.
പ്രധാന പെരുന്നാള്‍ ദിനമായ മെയ്‌ 28 ഞായറാഴ്ച  8.30ന് പെരുന്നാള്‍ കുര്‍ബാനയ്ക്ക്  വികാരി ഫാ. ഡോ.തോമസ് ചകിരിയിൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് പരിശുദ്ധ ബാവായോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും അനുസ്മരണ പ്രഭാഷണവും. അതേത്തുടര്‍ന്ന് പടിഞ്ഞാറേ കുരിശ്, വെട്ടിക്കല്‍ കുരിശ്, തേവനാല്‍ താഴ്വരയിലെ മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍ എന്നിവിടങ്ങളിലേക്കുള്ള പ്രദക്ഷിണവും സ്ലീബാ  എഴുന്നള്ളിപ്പും നടക്കും. ശ്രാദ്ധപ്പെരുന്നാളിന്‍റെ പ്രത്യേകതയായ ചക്ക എരിശ്ശേരിയും ചോറും അടങ്ങിയ നേര്‍ച്ചസദ്യയോടെ പെരുന്നാള്‍ കൊടിയിറങ്ങും. പെരുന്നാളിനോടനുബന്ധിച്ച് പുണ്യപ്പെട്ട ബാവാമാര്‍ തേവനാല്‍ താഴ്വരയില്‍ വച്ച് എഴുതിയ ഗ്രന്ഥം ദര്‍ശനത്തിനായി പുറത്തെടുക്കും.
ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ മഹർഷിമാരെന്നു വിശേഷിപ്പിക്കപ്പെടുന്ന സഭാ പിതാക്കന്മാരാണ് കാട്ടുമങ്ങാട്ടു ബാവാമാർ എന്നറിയപ്പെടുന്ന അബ്രഹാം മാർ കൂറീലോസും (1730 – 1802),അദേഹത്തിന്റെ സഹോദരൻ ഗീവർഗീസ് മാർ കൂറീലോസും(1735 – 1809).ഈ പുണ്യ പിതാക്കന്മാർ കഠിനപീഡനങ്ങൾ സഹിച്ച് നിരന്തരമായ പ്രാർഥനയിലൂടെയും വീഴ്ചയില്ലാത്ത ഉപവാസത്തിലൂടെയും പരമകാരുണികനായ ദൈവത്തിൽ പൂർണ്ണമായും സമർപ്പിച്ചും ഭൌതീകാധികാരങ്ങളി നിന്ന് വിട്ടോഴിഞ്ഞും ജീവിച്ചവരാണ്.ഭൌതീകാധികാരങ്ങളേക്കാൾ വലുതും ശ്രേഷ്ടവും, ശാശ്വതവും, ആണ് ദൈവവുമായിട്ടുള്ള ബന്ധമെന്ന് സ്വജീവിതങ്ങളിലൂടെ തെളിയിച്ച പ്രാർഥനാ വീരന്മാരായ ഈ പിതാക്കന്മാർ 1767 മുതൽ 1771 വരെയുള്ള കാലയളവിൽ തേവനാൽ താഴ്‌വരയിലെ വനത്തിൽ മാർ ബഹനാൻ സഹദായുടെ നാമത്തിൽ സ്ഥാപിച്ച ദയറായിൽ തീവ്രമായ വ്രതാനുഷ്ടാനങ്ങളിലും,പ്രാർഥനയിലും കഴിഞ്ഞിരുന്നു. ഈ പിതാക്കന്മാരിൽ വലിയ ബാവാ അക്കാലത്ത് മെത്രാപോലീത്തായും ഇളയ ബാവാ റംബാനും ആയിരുന്നു.1802 ജൂലൈ മാസം 10 ആം തീയതി കാലം ചെയ്ത വലിയ ബാവയെ  തൊഴിയൂര്‍ സഭയുടെ ആസ്ഥാനമായ കുന്നംകുളം അടുത്ത അഞ്ഞൂര്‍ പള്ളിയിലും 1809 മെയ്‌ മാസം 29 ആം തീയതി (ഇടവം 16) കാലം ചെയ്ത ഇളയ ബാവയെ വെട്ടിക്കൽ സെ. തോമസ്‌ ദയറായിലുമാണ് കബറടക്കിയിരിക്കുന്നത്‌.
 
ഈ പിതാക്കന്മാർ സുറിയാനി ഭാഷയിലും സംഗീതത്തിലും സഭാസംബന്ധമായ കാര്യങ്ങളിലും ആയുർവേദ ചികിത്സയിലും പണ്ടിതന്മാരായിരുന്നു.ഈ പിതാക്കന്മാരുടെ വിശുദ്ധ ജീവിതം പരിശുദ്ധ പരുമല തിരുമേനിയെ വളരെ സ്വാധീനിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. പരിശുദ്ധ പരുമല തിരുമേനി വെട്ടിക്കൽ ദയറായിൽ താമസ്സിക്കുമ്പോൾ കാട്ടുമങ്ങാട്ടു ബാവാമാർ തപസ്സിരുന്ന തേവനാൽ ദയറാ ചാപ്പൽ സന്ദർശിക്കുകയും ദയറായുടെ പുനരുദ്ധാരണത്തിന് കാട്ടുകല്ലുകൾ ശേഖരിച്ചിരുന്നതായും കാണുന്നു.