OVS - Latest NewsOVS-Kerala News

മിഷേലിന്‍റെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: കൊച്ചിയിലെ സി.എ.വിദ്യാര്‍ത്ഥി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസില്‍ മറുപടി പറയുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കുട്ടിയെ കാണാനില്ലെന്ന് കാട്ടി അഞ്ചാം തീയതി പരാതി നൽകാനെത്തിയ മാതാപിതാക്കളെ പോലീസ് തിരിച്ചയച്ചെന്ന ആരോപണവും അന്വേഷിക്കും. പോലീസിന്റെ അന്വേഷണത്തില്‍ ലാഘവത്വമുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിറവം എംഎല്‍എ ശ്രീ. അനൂപ് ജേക്കബ് ആണ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.മിഷേലിന്റെ മരണം കൊലപാതകമാണെന്ന സൂചനയുണ്ടെന്നും എന്നാല്‍ ആത്മഹത്യയായി വരുത്തി തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അനൂപ് ജേക്കബ് ആരോപിച്ചു. പോലീസ് കാര്യക്ഷമമായിട്ടല്ല അന്വേഷണം നടത്തുന്നത്. മരണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ അനാസ്ഥകാണിച്ചത് മൂലം നിര്‍ണായ സമയമാണ് നഷ്ടമാക്കിയതെന്നും അനൂപ് ജേക്കബ് എംഎല്‍എ ചൂണ്ടിക്കാട്ടി.

പള്ളിയില്‍ നിന്ന് മിഷേല്‍ പുറത്ത് വരുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ ബന്ധുക്കളാണ് പോലീസിന്  നല്‍കിയത്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്ല. പരാതി നല്‍കാനെത്തിയവരെ പോലീസ് തിരിച്ചയച്ചു.അനാസ്ഥ കാണിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം തുടങ്ങിയ കാര്യങ്ങളാണ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്.

അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ആരോപണ ങ്ങളടക്കം അന്വേഷിക്കാമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയായിരുന്നു. ഇതിനിടെ മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ ചോദ്യം ചെയ്യുന്നുണ്ട് .