OVS - ArticlesOVS - Latest NewsOVS-Kerala News

ധ്യാനത്തില്‍ പങ്കെടുക്കാന്‍ നാല് കാരണങ്ങള്‍

ധ്യാനത്തില്‍ പങ്കെടുക്കുന്ന സമയം ഒരിക്കലും പാഴായിപ്പോവുകയില്ല. അതുറപ്പ്. ഓരോ ധ്യാനത്തിലും ദൈവം നമുക്കായി ചില അത്ഭുതങ്ങള്‍ ഒരുക്കിവച്ചിട്ടുണ്ട്. അതിന് നമ്മുടെ മനസ്സു കൂടി സന്നദ്ധമാകണമെന്ന് മാത്രം.

ഇത് വായിക്കുന്നവരില്‍ ധ്യാനത്തില്‍ പങ്കെടുക്കാത്തവര്‍ വളരെ കുറവായിരിക്കും. ധ്യാനത്തില്‍ പങ്കെടുക്കാന്‍ കാരണമെന്തായിരുന്നുവെന്ന് ചോദിച്ചാല്‍ അതിന് ഓരോരുത്തര്‍ക്കും ഓരോ മറുപടികളായിരിക്കും. എന്നാല്‍ അടിസ്ഥാനപരമായി ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് നാല് കാരണങ്ങളാണുള്ളത്. ആത്മീയമായ കാഴ്്ചപ്പാടിലുള്ള ആ നാലു കാരണങ്ങളെക്കുറിച്ചാണ് ഇവിടെ എഴുതുന്നത്.

1) ക്രിസ്തുവിനെ അനുകരിക്കലാണത്

പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിന്റെ ചിത്രം ബൈബിള്‍ അവതരിപ്പിക്കുന്നുണ്ട്. ബാഹ്യമായ എല്ലാ ഇടപെടലുകളില്‍ നിന്നും അകന്നുമാറി സ്വസ്ഥമായും ശാന്തമായും പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിന്റെ ചിത്രമാണത്. നാല്പത് ദിവസം ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിനെയും ബൈബിള്‍ അവതരിപ്പിക്കുന്നുണ്ട്.ക്രിസ്തുവിന് പോലും ഏകാന്തമായ പ്രാര്‍ത്ഥനാവേള ആവശ്യമാണെങ്കില്‍ നമുക്കത് എത്രത്തോളം ആവശ്യമുണ്ട്! നിങ്ങള്‍ വിജനസ്ഥലത്തേക്ക് വരുവിന്‍ അല്പം വിശ്രമിക്കാം എന്ന് ക്രിസ്തു പറയുന്നതായി വിശുദ്ധ മാര്‍ക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്തു ക്ഷണിക്കുന്ന വിജനസ്ഥലമാണ് ഓരോ ധ്യാനസ്ഥലങ്ങളും. ക്രിസ്തുവിന്റെ ആ ക്ഷണം സ്വീകരിച്ച് നാം പോകുമ്പോള്‍ നാം ക്രിസ്തുവിന്റെ പാത പിന്തുടരുക തന്നെയാണ് ചെയ്യുന്നത്.

2) നിങ്ങള്‍ ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിലാണ്

അനേകം ആളുകള്‍ ഇന്ന് അമിതമായ ജോലിഭാരത്താല്‍ തളര്‍ന്നിരിക്കുന്ന അവസ്ഥയിലാണ്. ജോലിസ്ഥലത്തെ സംഘര്‍ഷങ്ങള്‍ വീടുകളിലേക്കും വീടുകളിലെ പ്രശ്‌നങ്ങള്‍ ജോലിസ്ഥലത്തേക്കും കൊണ്ടുവന്ന് ജീവിതം തളര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് പലരുമുള്ളത്. മതിയായ സമയം ഉറങ്ങാന്‍ പോലും കഴിയാത്തവരുമുണ്ട്.

ധ്യാനസമയം ആ തിരക്കുകള്‍ക്ക് അവധി കൊടുക്കാനുള്ള വേളയാണ്. പുനരുജ്ജീവനം നേടിയെടുക്കാനുള്ള സമയമാണ്. അസ്വസ്ഥപൂരിതവും തിരക്കുപിടിച്ചതുമായ ജീവിതത്തില്‍ നിന്ന് അല്പം ശാന്തതയിലേക്കും സ്വച്ഛതയിലേക്കും മടങ്ങാന്‍ ദൈവം ഒരുക്കിയിരിക്കുന്ന സമയമാണ് ധ്യാനത്തിന്റേത്. മനസ്സും ശരീരവും അവിടെ ഒന്നുപോലെ ശാന്തത കൈവരിക്കുന്നു.

3)നിങ്ങള്‍ക്ക് നിശ്ശബ്ദത ആവശ്യമാണ്

എല്ലാ ധ്യാനങ്ങളും നമ്മെ ശാന്തതയിലേക്ക് നയിക്കുന്നവയാണ്. എന്നാല്‍ ചില ധ്യാനങ്ങള്‍ പരിപൂര്‍ണ്ണ നിശ്ശബ്ദതയില്‍ നടക്കുന്നവയാണ്. എന്തൊരു ബഹളമാണ് പുറത്ത്. മൊബൈല്‍, ടിവി, കസ്റ്റമേഴ്‌സ്, അധികാരികള്‍, ബ്ന്ധുക്കള്‍.. ശബ്ദായമാനമായ ഈ ലോകത്ത് നിന്ന് മാറിനില്ക്കാനുള്ള അവസരമാണ് ധ്യാനം. ആ നിശ്ശബ്ദതയിലാണ് ദൈവസ്വരം കേള്‍ക്കാന്‍ കഴിയുന്നത്. നമ്മുടെ ഹൃദയങ്ങളോട് ദൈവം സംസാരിക്കുന്നതും അത്തരം നിമിഷങ്ങളിലാണ് കൂടുതല്‍ പ്രാര്‍ത്ഥിക്കാനും ആത്മീയതയ്ക്കാവശ്യമായ വായിക്കാനും കി്ട്ടുന്ന അവസരങ്ങള്‍ കൂടിയാണ് ഇവ.

4) വചനമായി പ്രണയത്തിലാകാനുള്ള വേളയാണ്

ജീവിതത്തിലെ നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ബൈബിള്‍ വചനങ്ങളില്‍ മറുപടിയുണ്ട്. എന്നാല്‍ അതിനുള്ള ഉത്തരം കണ്ടെത്താന്‍ നമുക്ക് പലപ്പോഴും കഴിയാറില്ല. കാരണം ബൈബിളുമായി നാം അത്രയധികം പ്രണയത്തിലായിട്ടില്ല എന്നര്‍ത്ഥം.വചനവുമായി പ്രണയത്തിലാകാനുള്ള അവസരമുണ്ട് ഓരോ ധ്യാനവേളകളിലും.