OVS - Latest NewsOVS-Kerala News

ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കണം

ആതുര സേവനരംഗം  കേന്ദ്രീക്യതവും കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലും ആകുന്നത് കടുത്ത ചൂഷണത്തിന് വഴി വെയ്ക്കുമെന്നും ദരിദ്രര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും പ്രാപ്യമായവിധം വികേന്ദ്രീക്യത സേവനം ലഭ്യമാക്കാന്‍ സര്‍ക്കാരും സഭകളും ശ്രമിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ശരീര ആത്മ മനസ്സുകളുടെ സമ്പൂര്‍ണ്ണവും സമഗ്രവുമായ ആരോഗ്യം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭ ആവിഷ്കരിക്കുന്ന സമഗ്ര സൗഖ്യ വര്‍ഷാചരണത്തിന്‍റെ സഭാതല ഉദ്ഘാടനം  നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ ബാവാ.
   സഭാംഗങ്ങളുടെ ഇന്‍റര്‍നെറ്റ് കൂട്ടായ്മയായ ഐക്കണ്‍ ചാരിറ്റീസ് സഭയുടെ മാനവശാക്തീകരണ വിഭാഗവും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ സമര്‍ത്ഥരും സാമ്പത്തിക ക്ലേശം അനുഭവിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്കായുളള ഐക്കണ്‍ എക്സലന്‍സ് അവാര്‍ഡ് പരിശുദ്ധ കാതോലിക്കാ ബാവാ വിതരണം ചെയ്തു. 513 വിദ്യാര്‍ത്ഥികള്‍ക്കായി 55 ലക്ഷം രൂപയുടെ സമ്മാനം നല്‍കി. ഡോ. മാത്യൂ പാറയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
 ഫാ. ഡോ. കെ.എം ജോര്‍ജിന്‍റെ അദ്ധ്യക്ഷതയില്‍ ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, ഫാ. പി.എ.ഫിലിപ്പ്, ഡോ. വര്‍ഗീസ് പുന്നൂസ്, ഉമ്മന്‍ കാപ്പില്‍,  പ്രൊഫ. പി.സി. ഏലിയാസ്, ഡോ. സിബി തരകന്‍ എന്നിവര്‍ പ്രസംഗിച്ചു. ആതുര സേവനരംഗത്ത് നല്‍കിയ സമഗ്ര സംഭാവനക്കായി ഡോ. എന്‍.എം. മത്തായി (കോഴിക്കോട് മെഡി.കോളേജ് പ്രഥമ ശിശുരോഗ വിഭാഗം അദ്ധ്യക്ഷന്‍), ഡോ. ജോര്‍ജ് ജേക്കബ് (കോട്ടയം മെഡി.കോളേജ് കാര്‍ഡിയോളജി വകുപ്പ് മുന്‍ മേധാവി), ഡോ. കെ.സി മാമ്മന്‍ (കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ പ്രഥമ ഡയറക്ടര്‍), ഡോ. എല്‍സി ഫിലിപ്പ് (തിരുവനന്തപുരം മെഡി.കോളേജ് മുന്‍ പ്രിന്‍സിപ്പല്‍), ഡോ. വി.കെ. അന്നമ്മ (മുന്‍ ഗൈനോക്കോളജി പ്രൊഫസര്‍), ഡോ. പി.കെ.അലക്സാണ്ടര്‍ (മുന്‍ പത്തനംതിട്ട ഡി.എം.ഒ), ഡോ. മാത്യൂ പാറയ്ക്കല്‍ എന്നീ മുതിര്‍ന്ന ഡോക്ടര്‍മാരെ കാതോലിക്കാ ബാവാ അവാര്‍ഡ് നല്‍കി ആദരിച്ചു.