OVS - ArticlesOVS - Latest News

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിലപാടുകൾ ഇല്ലാത്ത, ഇച്ഛാശക്തിയില്ലാത്ത ഒരു പ്രസ്ഥാനമായി മാറുന്നുവോ?

സത്യസന്ധമായ വിമർശനങ്ങൾ മുഖം നോക്കുന്ന കണ്ണാടി പോലെയാണ്. ക്രിയാത്മകമായ വിമർശനങ്ങൾ നല്ല രീതിയിൽ ഉൾക്കൊണ്ടാൽ ഏതൊരു വ്യക്തിക്കും, പ്രസ്ഥാനത്തിനും അതിന്‍റെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കാൻ സഹായിക്കും. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്‍റെ കേന്ദ്ര തലത്തിലും, ഭദ്രാസന തലത്തിലും ഒ.വി.എസ് നോട് വളരെ താൽപര്യവും, അഭിപ്രായ ഐക്യവും പുലര്‍ത്തുന്ന ധാരാളം സംഘടനാ ഭാരവാഹികൾ ഉണ്ട്. ഒ.വി.എസിന്റെ  പല പ്രവർത്തകരും നിലവിൽ യുവജനപ്രസ്ഥാനത്തിന്‍റെ ഭാരവാഹികളായോ, കമ്മിറ്റി അംഗങ്ങളായോ വിവിധ ഭദ്രാസനങ്ങളിലും, കേന്ദ്രത്തിലും നേതൃത്വത്തിനു വിധേയമായി പ്രവർത്തിക്കുന്നു. ഒ.സി.വൈ.എം, ഒ.വി.എസും ആരംഭിക്കുന്നത് “ഒ” യിലാണ് എങ്കിലും, മലങ്കര സഭയുടെ അഭിവൃദ്ധിയ്ക്കായി പ്രവർത്തിക്കേണ്ട ഈ സംഘടനകൾ തമ്മിൽ അംഗബലത്തിൽ, പ്രവർത്തന ശൈലിയിൽ, ലക്ഷ്യങ്ങളിൽ, നിലപാടുകളിൽ ഒക്കെ ഓയറുകളുടെ വ്യത്യാസമുണ്ട്. അത് കൊണ്ട് തന്നെ ഒ.വി.എസ് ഒരിക്കലും ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിനു എതിരല്ല, ബദലല്ല എന്ന് ആമുഖുമായി വ്യക്തമാക്കുന്നു. എങ്കിലും ഇത്തരം വ്യകതിബന്ധങ്ങളും, പരസ്പര സ്നേഹ സഹകരണങ്ങളും ഒന്നും ഓർത്തഡോൿസ് വിശ്വാസ സംരക്ഷകന്‌, മലങ്കരയിലെ ഏറ്റവും കരുത്തുള്ളതും, ബൃഹത്തായതുമായ ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിനെ വിമർശിക്കാൻ അശക്തരാക്കുന്നില്ല എന്ന് വിനയപൂർവ്വം ഓർമിപ്പിക്കുന്നു. മലങ്കര സഭയുടെ ജീവനാഡിയായ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിനു എതിരായുള്ള പൊതു വിമർശനമായി മലങ്കര സഭയിലെ പ്രിയ യുവജനങ്ങൾ ഇതിനെ കാണേണ്ടിതില്ല. ഇത് കൃത്യമായും സംഘടനയുടെ കേന്ദ്ര/ ഭദ്രാസന നേതൃനിരയുടെ തുടർച്ചയായുള്ള നിരുത്തരവാദിത്വപരമായ നിലപാടുകളുടെയും, നിലപാടയില്ലായ്‌മയുടെയും ഫലമായി മലങ്കര സഭാ വിശ്വാസികളിൽ നിന്നും വ്യാപകമായി ഉയര്‍ന്നു കേൾക്കുന്ന വിമർശനങ്ങളുടെ പ്രതിരൂപമാണ്.

ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ഇന്ന് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഈ സംഘടനയെ സൂക്ഷമായി നോക്കുന്ന ആർക്കും നല്ല ബോധ്യമുണ്ട്. മഴ കുഴിയെടുക്കാനും, മരം നടാനും, ആഗസ്റ്റ് 15 നു സ്നേഹസാഹോദര്യ ജാഥ നടത്താനും, പരുമല പദയാത്ര പോകാനും, വർഷാവർഷം ലക്ഷങ്ങൾ പൊടിച്ച നടത്തുന്നു അന്തർദേശിയ സമ്മേളനത്തിലെ വേദിയിൽ ഇടിച്ചു കയറി നിന്ന് ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനും വേണ്ടി മാത്രം ഇങ്ങനെയൊരു പ്രസ്ഥാനം മലങ്കര സഭയ്ക്ക് വേണമോ? ഭദ്രാസന തലം മുതൽ മുകളിലോട്ടു സർവ്വ കമ്മിറ്റികളിലും രാഷ്ട്രീയ പാർട്ടികളുടെ ഗ്രൂപ്പ് നോമിനികളായി കടന്നു കൂടി അവസരത്തിലും അനവസരത്തിലും മലങ്കര സഭയെയും, പരിശുദ്ധ പിതാവിനെയും, സഭയുടെ നീതിയുടെ പോരാട്ടങ്ങളെ പോലും ഇകഴ്തുന്ന ചില പ്രിതൃശൂന്യരായ ഇത്തിൾകണ്ണികളുടെ പ്രസ്ഥാനമായി ഇതിനെ നിങ്ങൾ മാറ്റിയില്ലേ? ഓർത്തഡോൿസ് യുവജനപ്രസ്ഥാനത്തിന്‍റെ നേതൃനിരയിൽ കടന്നു കൂടി തങ്ങളുടെ രാഷ്ട്രീയ ഭാവി കരുപിടിപ്പിക്കണം എന്ന്‌ താല്പര്യത്തോടെ കൂടെ വരുന്ന യൂത്തു നേതാക്കന്മാർ, അവരെ നയിക്കുന്ന വൈദികരായ പ്രസ്ഥാന ചുമതലക്കാർ ഒക്കെ മലങ്കര സഭയിലെ പ്രശ്നബാധിത മേഖലകളിലെ നീതിക്കായി പോരാടുന്ന യുവജനങ്ങളുടെ പോരാട്ടത്തിൽ ഒരിക്കൽ എങ്കിലും പങ്കു എടുത്തിട്ട് ഉണ്ടോ? അടച്ചിട്ട മുറിയിൽ ആൾകൂട്ടത്തിനു നടുവിൽ സുരക്ഷിതനായി ഇരുന്ന “ജയ് ജയ് ഒ. സി. വൈ. എം” വിളിക്കുന്ന അമൂൽ കുട്ടന്മാര്‍ ജീവിത്തിൽ ഒരിക്കിൽ എങ്കിലും മഴയത്തും, പൊരി വെയിലത്തും നിന്ന് മലങ്കര സഭയ്ക്ക് വേണ്ടി ഒരു വരി പറയാൻ മാത്രം നട്ടെല്ലിനു ഉറപ്പുണ്ടോ? മലങ്കര സഭയുടെ നീതിക്കായുള്ള പോരാട്ടങ്ങളിലും, കഷ്ടതകളിലും നിങ്ങൾക്ക് നാല് വരി “പ്രസ്താവനയിൽ” കൂടിയ ഒരു പ്രവർത്തന ശൈലി ഇന്നേവരെ ഉണ്ടോയിട്ടുണ്ടോ? മലങ്കര സഭയിലെ അഭിവന്ദ്യ മെത്രാന്മാർക്കു സോഷ്യൽ മീഡിയയിൽ പിറന്നാൾ ആശംസിക്കാൻ മത്സരിക്കുന്ന യുവതുർക്കികൾക്കു മലങ്കര സഭയെ നശിപ്പിക്കുന്ന ചില വൈദിക വേഷധാരികളുടെ മൂല്യച്യുതിയ്‌ക്ക്‌ എതിരെ ഒരു നിലപാട് കടലാസ്സിൽ എങ്കിലും എഴുതി പ്രസിദ്ധീകരിക്കാൻ ആർജ്ജവമുണ്ടോ? സംഘടന ഇലക്ഷന്റെ സമയമാകുമ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഇളിച്ചു പിടിച്ചു നിൽക്കുന്നു ഫോട്ടോയും, അതിന്‍റെ താഴെ രണ്ടു ജയ് ജയ് കാതോലിക്കോസും വിളിച്ചു സാധാരണ പ്രവർത്തകരെ മലങ്കരസഭയിൽ അമ്പിളിയമ്മാവനെ എത്തിക്കാം എന്നും പറഞ്ഞു വോട്ടു തെണ്ടി ജയിച്ചാൽ പിന്നെ ഒരിക്കൽ എങ്കിൽ വോട്ടു ഇരക്കാൻ പോയ ഇടവക യുവജനപ്രസ്ഥാനം ഒന്ന് സന്ദർശിക്കാൻ മനസ്സുള്ള നേതാക്കന്മാർ കൂട്ടത്തിൽ ഉണ്ടോ? മലങ്കര സഭയുടെ പകുതി ഇടവകൾ പോലും യൂണിറ്റ് രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ നിലവിലുള്ള, മത്സരിക്കാൻ  തുനിഞ്ഞു നിൽക്കുന്ന യൂത്തു നേതാക്കൻമാർ പ്രാദേശിക തലത്തിൽ പ്രസ്ഥാനത്തെ വളര്‍ത്താൻ ഇന്നേ വരെ എന്ത് നടപടി സ്വീകരിച്ചു? മലങ്കര സഭയുടെ വിശ്വാസങ്ങളും, ചരിത്ര നാൾ വഴികളും, നിലവിലുള്ള ഭദ്രാസനാധിപന്മാരുടെ മുഴുവൻ പേരും പോലും അറിയാത്ത നേതാക്കന്മാർ ഇതിനെ വെറും “ഊത്തു” പ്രസ്ഥാനമാക്കി മാറ്റിയില്ലേ?. ഇടവക തലത്തിൽ കാണുന്ന ഓണ പരിപാടികൾ, ക്രിസ്ത്മസ് കരോൾ, മെഡിക്കൽ ക്യാമ്പ്, പെരുന്നാൾ ക്രമീകരണങ്ങൾ എന്ന നിലവാരത്തിന് മുകളിൽ ഭദ്രാസന / കേന്ദ്ര യുവജനപ്രസ്ഥാന സംഘടനയ്ക്കു എടുത്തു കാണിക്കാൻ എന്ത് പ്രവർത്തനമാണ് ഉള്ളത്? മലങ്കര സഭയ്ക്കും, മാർത്തോമ്മൻ നസ്രാണികൾക്കും വേണ്ടി സജീവമായി പ്രവർത്തിക്കാൻ താല്പര്യവും, തന്റേടവം, കഴിവുമില്ലെങ്കിൽ വല്ല ബാലസമാജത്തിലേക്കോ മറ്റോ നിങ്ങളുടെ പ്രവർത്തന മേഖല മാറ്റി മലങ്കര സഭയ്ക്ക് മോക്ഷം കൊടുക്കണം. അഭിപ്രായൈക്യവും, ലക്ഷ്യബോധവും, പ്രവർത്തനശേഷിയും, സംഘടനാ പാടവും ഇല്ലാത്ത യുവജനപ്രസ്ഥാനത്തിന്‍റെ നേതാക്കന്മാർ, ക്ഷൗരം ചെയ്യാൻ രാമശ്ശേരത്തു പോയിരിക്കട്ടെ എന്ന്‌ ഒരു കമെന്റ് സോഷ്യൽ മീഡിയയിൽ ഒരു രസികൻ പറയുന്നത് കേട്ടപ്പോൾ അതിൽ ഒരു അല്പം സത്യമുണ്ട് എന്ന്‌ തോന്നിപോയി.

നിർജീവമായ കൊണ്ടിരിക്കുന്ന ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തെ തലപ്പത്തുള്ള ഒരുപറ്റം നിർഗുണർ വിഴുങ്ങിയോ എന്ന്‌ സംശയിക്കേണ്ടിരിക്കുന്നു. ഭദ്രാസന തലം മുതൽ കേന്ദ്ര തലം വരെ പ്രസ്ഥാനത്തെ സ്തുതിപാഠകരായ സ്വാർത്ഥമതികളുടെ ഒത്താശയോടെ ചില വൈദികരുടെ നേതൃത്വത്തിലുള്ള കോക്കസുകൾ വിഴുങ്ങുന്നു എന്ന്‌ പറയുന്നതിൽ ഒട്ടം മടിയില്ല. മലങ്കര സഭയുടെ ഗുരുതര പ്രതിസന്ധി ഘട്ടത്തിൽ ഒരു നിലപാട് എടുക്കവാനോ, ബഹു. കോടതിവിധികൾക്കു അനുസൃതമായി മലങ്കര സഭയ്ക്ക് ലഭിക്കുന്ന ഇടവകളിലെ നീതിക്കായുള്ള പോരാട്ടത്തിൽ സംഘടനാ ശേഷി ഒരു തരത്തിലും വിനിയോഗിക്കാതെ ഭീരുത്വത്തോടെ പിന്തിരിഞ്ഞു നിൽക്കുന്ന ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്‍റെ നിഷ്ക്രിയ നിലപാടിൽ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ ശക്തമായി പ്രതിഷേധിക്കുന്നു. തികഞ്ഞ തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകനോട് ഈർഷ്യയോട് കൂടെ പെരുമാറുന്ന ചില പ്രസ്ഥാന ഭാരവാഹികളോട് പറയുന്നത് ,ഞങ്ങളുടെ വിമർശനങ്ങൾ, ഇടപെടുലകൾ തികച്ചും സദുദ്ദേശപരവും കാലിക പ്രസ്ക്തവമാണ്”. മലങ്കര സഭയ്ക്ക് ദിശ സൂചികളായി പ്രവർത്തിക്കുന്ന നല്ല വഴി വിളക്കുകളാകാനാണ് ഞങ്ങളുടെ ശ്രമം. അത് കൊണ്ട് ഈ വിളക്കുകാലിൽ ചവിട്ടി അരിശം തീർക്കാം എന്ന്‌ കരുതിയാൽ, നഷ്ടം നിങ്ങളുടെ കാലുകൾക്കു മാത്രമാണ്, ഞങ്ങൾ പൂർവാധികം ശക്തിയോടെ ഞങ്ങളുടെ കർമ്മ വഴിയിൽ തീപോലെ കത്തി നിൽക്കും. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷമാണ് എങ്കിലും ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിനു ഒരു കേന്ദ്ര ഓഫീസ്‌ എന്ന്‌ സ്വപനം യാഥാർഥ്യമാക്കിയ യുവജനപ്രസ്ഥാനം പ്രസിഡന്റ് അഭി. ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനിയെയും, പ്രസ്ഥാന നേതൃത്വത്തെയും അഭിനദിക്കുന്നു. മലങ്കര സഭയിലെ ആത്മീയ – ഭരണ നേതൃത്വം, ആത്മീയ സംഘടനകൾ, അൽമായ പ്രസ്ഥാനങ്ങൾ ഒക്കെയും പരസ്പരം യോജിച്ചു, അവരവരുടെ സ്പേസ് നന്നായി തിരിച്ചറിഞ്ഞു മലങ്കര സഭയും, മാർത്തോമ്മൻ നസ്രാണി സമൂഹവും നമ്മിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനനുസൃതമായി ശക്തമായി പ്രവർത്തിക്കണം. ആകയാൽ സഹിഷ്ണുതയോടെ, സ്നേഹത്തോടെ, സഹവർത്തിതത്തോടെ  മുൻ വിധികളില്ലാതെ, പരസ്പരം ആരോഗ്യപരമായ വിമർശനങ്ങളെ ഉൾക്കൊണ്ട് മലങ്കര സഭയുടെ വളർച്ചയ്ക്കും, മഹത്വത്തിനുമായി ദൈവാശ്രയത്തിൽ ഒന്നിച്ചു മുന്നേറാം .

ആശംസകളോടെ, സ്നേഹത്തോടെ,
ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ

(വാൽകക്ഷണം : മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കും നിൽക്കുന്നു ആളുകൾക്കുള്ള സംവരണത്തിന് വേണ്ടി ജസ്റ്റിസ് എ .വി രാമകൃഷ്ണപിള്ള കമ്മീഷൻ ജൂലൈ 16 (കോട്ടയം ), ജൂലൈ 24 ( കൊച്ചി) , ജൂലൈ 31 (കോഴിക്കോട്) , ഓഗസ്റ്റ് 1 (കണ്ണൂർ ) തുടങ്ങിയ സ്ഥലങ്ങളിൽ നടത്തുന്ന തെളിവെടുപ്പിൽ മലങ്കര സഭയുടെ യുവജനപ്രസ്ഥാനം പങ്കെടുത്തു മലങ്കര സഭയുടെ നിലപാട് അറിയിക്കണം എന്ന്‌ താത്പര്യപ്പെടുന്നു )

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ മലങ്കര നസ്രാണി സമൂഹത്തിന്‍റെ ഒപ്പം മാത്രം.