OVS-Kerala News

മാർത്തോമ സഭയുടെ ഡോ. സഖറിയാസ് മാർ തെയോഫിലോസ് (78)സഫ്രഗൻ മെത്രാപ്പൊലീത്ത കാലംചെയ്തു

തിരുവനന്തപുരം:- കാരുണ്യവഴിയിലൂടെ വിശ്വാസി സമൂഹത്തിനു വഴികാട്ടിയായ മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ തെയോഫിലോസ് (78) കാലംചെയ്തു. മസ്‌കറ്റിലെ മാര്‍ത്തോമ്മാ പള്ളിയില്‍ ക്രിസ്മസ്ദിന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മടങ്ങുംവഴി വിമാനത്തില്‍വച്ച് മെത്രാപ്പോലീത്തയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന്, ശനിയാഴ്ചയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനാധിപനായി ചുമതല വഹിച്ചുവരികയായിരുന്നു. തലയ്ക്കുള്ളിലെ രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് തിരുവനന്തപുരത്ത് സ്വകാര്യ ആസ്​പത്രിയില്‍ ഞായറാഴ്ച വൈകിട്ട് 5.50 ഓടെയായിരുന്നു അന്ത്യം.

മെത്രാപ്പെ‍ാലീത്തയുടെ കബറടക്കം നാളെ തിരുവല്ലയിൽ നടക്കും. തിരുവല്ല എസ്‌സി കുന്നിലെ സെന്റ് തോമസ് പള്ളിയോടുചേർന്ന് തയാറാക്കുന്നിടത്താണ് കബറടക്കം. ഇന്നു രണ്ടിന് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പെ‍ാലീത്തയുടെ അധ്യക്ഷതയിൽ ചേരുന്ന സഭാ കൗൺസിൽ യോഗം കബറടക്കവും ക്രമീകരണങ്ങളും സംബന്ധിച്ചു തീരുമാനിക്കും. ഇന്നലെ ഉച്ചയോടെ മെത്രാപ്പൊലീത്ത അതീവ ഗുരുതരാവസ്ഥയിലായതറിഞ്ഞ് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത, ചെന്നൈ ഭദ്രാസനാധിപൻ ഡോ. ഐസക് മാർ പീലക്സിനോസ് മെത്രാപ്പൊലീത്ത എന്നിവർ സന്ദർശിച്ചു.

മാർത്തോമ്മ സഭ എപ്പിസ്കോപ്പമാരായ തോമസ് മാർ തിമോത്തിയോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, യൂയാക്കിം മാർ കൂറിലോസ് എന്നിവരുടെ നേതൃത്വത്തിൽ ഒന്നരയ്ക്ക് തൈലാഭിഷേകം നടത്തി. മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് , ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്,ഡപ്യൂട്ടി സ്പീക്കർ പാലോട് രവി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, എംഎൽഎമാരായ മാത്യു ടി. തോമസ്, കെ.എസ്. ശബരീനാഥൻ, ഡിജിപി: ടി.പി. സെൻകുമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തുടങ്ങിയവർ അനുശോചിച്ചു.

ഇന്നലെ രാത്രി ഏഴരയ്ക്ക് പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ ഒരുമണിക്കൂർ പൊതുദർശനത്തിനു വച്ച ഭൗതിക ശരീരത്തിൽ ആയിരക്കണക്കിനു വിശ്വാസികളും പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് ചെങ്ങന്നൂർ തിട്ടമേൽ പള്ളിയിൽ എത്തിച്ച ഭൗതികശരീരം ദർശിക്കാൻ വിശ്വാസി സമൂഹം ഒഴുകി.

തുടര്‍ന്ന് ചെങ്ങന്നൂരിലേക്ക് കൊണ്ടുവന്ന ഭൗതികശരീരം തിട്ടമേല്‍ ട്രിനിറ്റി മാര്‍ത്തോമ്മാ പള്ളിയിലും പൊതുദര്‍ശനത്തിനുവച്ചു. കബറടക്കം ചൊവ്വാഴ്ച തിരുവല്ല സഭാ ആസ്ഥാനത്തുള്ള സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നടക്കുമെന്ന് സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ് അറിയിച്ചു.

സഭാജനങ്ങളുടെ ആത്മീയ, ഭൗതിക ഉന്നതിക്കായി വൈവിധ്യമാർന്ന ഒട്ടേറെ പദ്ധതികൾ നടപ്പാക്കി ശ്രദ്ധേയനായ സഖറിയാസ് മാർ തെയോഫിലോസ് അടൂർ–മാവേലിക്കര, കോട്ടയം–റാന്നി, മദ്രാസ്–കുന്നംകുളം, മുംബൈ തെക്കൻമേഖല–ഡൽഹി, മലേഷ്യ–സിംഗപ്പുർ–ഓസ്ട്രേലിയ, കോട്ടയം–കൊച്ചി, നോർത്ത് അമേരിക്ക–യൂറോപ്പ്, ചെന്നൈ–കൊൽക്കത്ത, ചെന്നൈ–ബെംഗളൂരു എന്നീ ഭദ്രാസനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിരണം മട്ടയ്ക്കൽ വെൺപറമ്പിൽ റിട്ട. പോസ്‌റ്റ്‌മാസ്‌റ്റർ വി.കെ. ഉമ്മന്റെയും അധ്യാപികയായിരുന്ന പുത്തൻകാവ് ഐക്കരേത്ത് മറിയാമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായി 1938 ഓഗസ്റ്റ് 29 നായിരുന്നു ജനനം. സണ്ണി എന്നായിരുന്നു വിളിപ്പേര്. നിരണത്തു സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ആലുവ യുസി കോളജിൽനിന്നു ബിരുദം സ്വന്തമാക്കി. തിരുവല്ല ടൈറ്റസ് സെക്കൻഡ് കോളജിൽ നിന്നു ബിഎഡും നേടി. പിന്നീട് പെരുമ്പാവൂർ ആശ്രാമം ഹൈസ്കൂളിൽ അധ്യാപകനായി. 1966ൽ ജബൽപൂരിലെ തിയോളജിക്കൽ കോളജിൽ വൈദിക പഠനത്തിനായി പോയി. 1966 മേയ് ഏഴിനു ഡീക്കനായും ജൂലൈ ഒൻപതിനു കശീശയായും സ്ഥാനമേറ്റു.

1974ൽ അമേരിക്കയിലെ പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരിയിൽ നിന്നു ബിരുദാനന്തര ബിരുദവും 1976ൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റും നേടി. ബോസ്റ്റൺ, ഫിലാഡൽഫിയ, ന്യൂയോർക്ക്, വാഷിങ്ടൺ ഡിസി എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. മൈസുരു, കോഴഞ്ചേരി, മുംബൈ–സാന്തക്രൂസ് എന്നിവിടങ്ങളിലുൾപ്പെടെ വികാരിയായിരുന്നു. 1980 ഏപ്രിൽ 26നു റമ്പാനും മേയ് ഒന്നിന് എപ്പിസ്കോപ്പയുമായി.

2004 ജൂലൈ മൂന്നിനു സഫ്രഗൻ മെത്രാപ്പൊലീത്തയായി വാഴിക്കപ്പെട്ടു. 2005 മുതൽ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധിപ‍നാണ്. ആശ്രാമം ഹൈസ്കൂൾ, ആലുവ സെറ്റിൽമെന്റ് ഹൈസ്കൂൾ, മൈസുരു സെന്റ് തോമസ് ഹൈസ്കൂൾ, തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സാരഥ്യവും വഹിച്ചു. സഭകളുടെ ഐക്യപ്രസ്ഥാനത്തിനു നേതൃത്വം കൊടുക്കുന്ന ലോകകൗൺസിലിന്റെ കേന്ദ്രകമ്മിറ്റിയിലും നിർവാഹക സമിതിയിലും അംഗമായിരുന്നു. മാർത്തോമ്മാ യുവജനസഖ്യം, സൺഡേസ്കൂൾ സമാജം എന്നിവയുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്നു.