OVS - Latest NewsOVS-Kerala News

സംയുക്ത പെരുന്നാളിനു ദേവലോകം അരമനയില്‍ കൊടിയേറി

കോട്ടയം ∙ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പിതാക്കന്മാരായ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ, ബസേലിയോസ് ഔഗേൻ പ്രഥമൻ, ബസേലിയോസ് മാത്യൂസ് പ്രഥമൻ എന്നീ ബാവാമാരുടെ സംയുക്ത പെരുന്നാളിന് കൊടിയേറി. ജനറൽ കൺവീനർ ഫാ. ജോൺ ശങ്കരത്തിൽ കാർമികത്വം വഹിച്ചു. ജനുവരി മൂന്ന്, നാല് തീയതികളിലാണ് പെരുന്നാൾ.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരും പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. മൂന്നിന് രാവിലെ 7.30ന് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് കുർബാന അർപ്പിക്കും. വൈകിട്ട് 5.30ന് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ മാതൃ ഇടവകയായ കുറിച്ചി വലിയ പള്ളിയിൽനിന്നുള്ള തീർഥാടകർക്ക് നഗരസഭയുടെയും സഭാനേതാക്കളുടെയും നേതൃത്വത്തിൽ കോടിമതയിൽ സ്വീകരണം നൽകും.

പടിഞ്ഞാറേക്കര ഏജൻസീസ് ഓഫിസ് അങ്കണത്തിലെ സൽക്കാരത്തെ തുടർന്ന് തിരുനക്കര കെകെ റോഡുവഴി മാർ ഏലിയാ കത്തീഡ്രലിൽ എത്തി അവിടെനിന്നുള്ള റാസയുമായി ചേർന്ന് കലക്ടറേറ്റ്, കഞ്ഞിക്കുഴി വഴി എട്ടിന് ദേവലോകം അരമനയിൽ എത്തും. തുടർന്ന് പരിശുദ്ധ കാതോലിക്കാബാവായുടെ കാർമികത്വത്തിൽ ധൂപ പ്രാർഥന, ശ്ലൈഹിക വാഴ്‌വ്. പ്രധാന പെരുന്നാൾ ദിവസമായ നാലിന്  രാവിലെ 7 മണിക്ക് പ്രഭാതനമസ്ക്കാരം, 8-ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവയും നടക്കും. പെരുന്നാളിന് വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ സംബന്ധിക്കണമെന്ന് അരമന മാനേജര്‍ ഫാ. എം. കെ. കുര്യന്‍ അറിയിച്ചു.