OVS - Latest NewsOVS-Kerala News

വിശക്കുന്നവർ‍ക്കു മുന്നിൽ ദൈവമായി പത്താണ്ട് പിന്നിട്ട് ‘പ്രമോദം’ പദ്ധതി

കൊച്ചി ∙ വിശപ്പാറിയവന്റെ പ്രാർഥന സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി സാക്ഷ്യം പറയും. അപ്പോൾ, മാർ പക്കോമിയോസ് സൊസൈറ്റിക്കു വേണ്ടി സ്വർഗത്തിലുയരുന്നത് ആയിരങ്ങളുടെ സാക്ഷ്യമാവും. പത്തുവർഷം ആയിരങ്ങൾക്കു ഭക്ഷണം വിളമ്പിയ കൈകൾ വിശ്രമമില്ലാതെ ആ കടമ ഇന്നും തുടരുകയാണ്. മൂവാറ്റുപുഴയിലും പരിസരങ്ങളിലുമായി 14 സർക്കാർ ആശുപത്രികളിൽ മുടക്കമില്ലാതെ മാർ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാഹനമെത്തുന്നു.
അവിടെ വിളമ്പുന്ന ഭക്ഷണം കഴിച്ചു ദിവസവും ആയിരത്തിലധികം പേർ വിശപ്പുമാറ്റുന്നു. മലങ്കര ഓർത്തഡോൿസ്‌  സഭ കണ്ടനാട്   വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് തുടങ്ങിവച്ച ‘പ്രമോദം’ അന്നദാനം പദ്ധതി പത്തുവർഷം പിന്നിട്ടു. പ്രതിദിനം 100 കിലോയ്ക്കുമേൽ അരിയുടെ കഞ്ഞിയും കറികളും വിതരണം ചെയ്യുന്നുണ്ട്. ഇതിനായി ചെലവു വരുന്നതു 12,000 രൂപ.എന്നിട്ടും, ഒരു ദിവസംപോലും അന്നദാനത്തിനു മുടക്കം വന്നിട്ടില്ല.
 രാവിലെ ഒൻപതിനു കഞ്ഞിയും കറിയും അച്ചാറുമായി അന്നദാനം പദ്ധതിയുടെ വാഹനം ആശുപത്രിയിലെത്തും. 12 വരെ വിവിധ ആശുപത്രികളിലായി ഭക്ഷണവിതരണം. വടവുകോട് സർക്കാർ ആശുപത്രിയിലായിരുന്നു തുടക്കം. പിന്നീടു മൂവാറ്റുപുഴയിലേക്കു വ്യാപിപ്പിച്ചു. ഇപ്പോൾ പിറവം കൂത്താട്ടുകുളം, കടയിരുപ്പ്, വാളകം, രാമമംഗലം, തൊടുപുഴ, മുളന്തുരുത്തി, പണ്ടപ്പിള്ളി, മുളക്കുളംമണ്ണത്തൂർ, വാരപ്പെട്ടി, പാലക്കുഴ സർക്കാർ ആശുപത്രികളിലും ഭക്ഷണവിതരണമുണ്ട്.
കഞ്ഞിക്ക് ഒപ്പം ചെറുപയർ, വൻപയർ, കടല ഇവയിലേതെങ്കിലും കറി, അച്ചാർ എന്നിവയാണു വിതരണം. പുലർച്ചെ 4.30നു മാർ പക്കോമിയോസ് മൗണ്ട് അരമനയിലെ പാചകപ്പുരയിൽ പാചകം തുടങ്ങും. ഒൻപതിനു ഭക്ഷണവുമായി രണ്ടു വാഹനങ്ങൾ ഇരുദിശയിലേക്കു പുറപ്പെടും. ഹർത്താലിനും, എന്തിനേറെ ദുഃഖവെള്ളിയാഴ്ച പോലും ഇൗ വാഹനങ്ങൾ ഭക്ഷണവുമായി ആശുപത്രിയിലെത്തും. തിരുവോണത്തിനു നാലഞ്ചുതരം കറികളും ഉപ്പേരിയും പായസവും കൂട്ടിയുള്ള സദ്യയാണു വിളമ്പുക.
ഓരോ ആശുപത്രിയിൽ നിന്ന് ആവശ്യമുയർന്നതനുസരിച്ചാണു കൂടുതൽ സ്ഥലങ്ങളിലേക്കു ഭക്ഷണവിതരണം വ്യാപിപ്പിച്ചത്. കൂടുതൽ സ്ഥലങ്ങളിൽ നൽകാൻ തയാറാണെങ്കിലും ദൂരവും സമയവും പരിഗണിക്കേണ്ടിവരുമെന്നു മാനേജർ ഫാ. ഡോ. ഒ.പി. വർഗീസ് പറഞ്ഞു. ഭക്ഷണവിതരണം മാത്രമല്ല, സാധുജനസേവനം ചെയ്യുന്ന 13 സ്ഥാപനങ്ങൾ മാർ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന പ്രതീക്ഷ സെന്റർ, മരണാസന്നരും ശയ്യാവലംബികളുമായ രോഗികളെ പരിപാലിക്കുന്ന പ്രശാന്തിഭവൻ, മനോദൗർബല്യമുള്ള ആൺകുട്ടികൾക്കായി പിറമാടത്തു പ്രവർത്തിക്കുന്ന പ്രത്യാശാഭവൻ, നിർധന രോഗികൾക്കു ചികിൽസാസഹായം നൽകുന്ന പ്രദാനം സെന്റർ, നിരാലംബരായ മാനസിക രോഗികളെ പാർപ്പിച്ചിരിക്കുന്ന പ്രസന്നം സെന്റർ, നിരാലംബരായ അസംഘടിത തൊഴിലാളികൾക്കു പെൻഷൻ നൽകുന്ന പ്രപാലനം പദ്ധതി, പ്രശാന്തം പാലിയേറ്റീവ് സെന്റർ, പ്രഭാതം കംപ്യൂട്ടർ സെന്റർ, പ്രബോധനം റഫറൻസ് ലൈബ്രറി, ഭവന നിർമാണം, വിവാഹം എന്നിവയ്ക്കു ധനസഹായം നൽകുന്ന പ്രാപ്തി പദ്ധതി എന്നിവയാണു മാർ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിക്കു കീഴിലെ സംരംഭങ്ങൾ. പ്രതിഭ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പ്രതിഭ കറി പൗഡർ യൂണിറ്റും നിർധന രോഗികൾക്കു പ്രതിദിനം 5,000 രൂപയുടെ മ.രുന്നു വിതരണം ചെയ്യാൻ കോലഞ്ചേരിയിൽ പ്രയോജന മെഡിക്കൽ സ്റ്റോറും പ്രവർത്തിക്കുന്നു…

   റിപ്പോര്‍ട്ട് : മനോരമ പത്രം