Departed Spiritual Fathers

കൂനന്‍ കുരിശു സത്യത്തിനു ശേഷം മലങ്കര സഭയെ നയിച്ച പരി.പിതാക്കന്മാര്‍

മാര്‍ത്തോമാ ഒന്നാമന്‍  (1653-1670):-
   മലങ്കര സഭയുടെ തലവനായിരുന്ന ഗീവര്‍ഗീസ് അര്‍ക്കദിയാക്കോന്റെ പിന്‍ഗാമിയായി 1650 ല്‍ മലങ്കര സഭയുടെ തലവനായി അഭിഷേകം ചെയ്യപ്പെട്ടു. സഭയുടെ സ്വതന്ത്ര്യവും സത്യവിശ്വാസവും അരക്കിട്ടുറപ്പിച്ച കൂനന്‍ കുരിശു സത്യത്തിന്റെ കാലഘട്ടത്തില്‍ സഭയെ നയിച്ചത് അഭി.പിതാവാണ്. 1670 ഏപ്രില്‍ മാസത്തില്‍ കാലം ചെയ്തു. അങ്കമാലി മര്‍ത്തമറിയം പള്ളിയില്‍ കബറടങ്ങി.
രണ്ടാം മാര്‍ത്തോമാ (1670-1686) :-
   ഒന്നാം മാര്‍തോമായുടെ പിന്‍ഗാമിയായി മലങ്കര സഭയെ നയിച്ചു.. രണ്ടാം മാര്‍ത്തോമായുടെയും അഭി.ഗ്രീഗോറിയോസ് അബ്ദുള്‍ ജലീല്‍ ബാവായുടെയും കാര്‍മികത്വത്തില്‍ മലങ്കരയുടെ മെത്രാപോലീത്തായും മൂപ്പനുമായി അഭിഷേകം ചെയ്യപ്പെട്ടു.1686 ഏപ്രില്‍ മാസത്തില്‍ കാലം ചെയ്തു. നിരണം വലിയപള്ളിയില്‍ അദ്ദേഹത്തെ കബറടക്കി.
മൂന്നാം മാര്‍ത്തോമാ (1686-1688):-
   രണ്ടാം മാര്‍തോമായുടെ ആകസ്മിക നിര്യാണത്തെതുടര്‍ന്ന് 1686 ല്‍ മാര്‍ ഈവാനിയോസ് മെത്രാപോലീത്തായാല്‍ മലങ്കരയുടെ തലവനായി അഭിഷേകം ചെയ്യപ്പെട്ടു. 1688 ഏപ്രില്‍ മാസത്തില്‍ കാലം ചെയ്തു. കടമ്പനാട് മാര്‍ത്തോമ്മന്‍ പള്ളിയില്‍ കബറടങ്ങി.
നാലാം മാര്‍ത്തോമാ (1688-1728):-
മൂന്നാം മാര്‍ത്തോമ്മായുടെ പിന്‍ഗാമിയായി ദീര്‍ഘകാലം സഭയെ നയിച്ചു. അന്ത്യോഖ്യയുടെ മോര്‍ ഈവാനിയോസ് തിരുമേനിയാല്‍ മലങ്കരയുടെ തലവനായി അഭിഷേകം ചെയ്യപ്പെട്ടു. 1728 മാര്‍ച്ച് മാസത്തില്‍ കാലം ചെയ്തു. കണ്ടനാട് മര്‍ത്തമറിയം പള്ളിയില്‍ കബറടങ്ങി.

അഞ്ചാം മാര്‍ത്തോമാ(1728-1765):-
നാലാം മാര്‍ത്തോമാ അനാരോഗ്യത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് നാലാം മാര്‍തോമായുടെ പിന്‍ഗാമിയായി അഭിഷേകം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ സമയത്ത് വിദേശ മെത്രാന്മാര്‍ ആരും മലങ്കരയില്‍ ഇല്ലായിരുന്നു. ഇത് മറ്റൊരു വ്യവഹാരത്തിനു തുടക്കം കുറിക്കുകയായിരുന്നു.ഒന്നു മുതല്‍ നാലാം മാര്‍ത്തോമാ വരെയുള്ള മെത്രാന്മാരുടെ സ്ഥാനാരോഹണത്തിനു കാര്‍മികത്വം വഹിച്ചിട്ടും മലങ്കര സഭയെ അന്ത്യോഖ്യന്‍ പാത്രികീസിനു കീഴിലാക്കാന്‍ അന്ത്യോഖ്യന്‍ മെത്രാന്മാര്‍ക്കു കഴിഞ്ഞില്ല. അതിനാലാവണം മാര്‍ ഈവാനിയോസ് മെത്രാപോലീത്തായുടെ കാലശേഷം മലങ്കരയിലേക്ക് കുറേ കാലത്തേക്ക് മെത്രാന്മാരെ അയക്കാന്‍ അന്ത്യോഖ്യന്‍ പാത്രിയർക്കീസ് തയാറാകാതിരുന്നത്. പൗരസ്ത്യ മെത്രാന്മാരെ ലഭിക്കാന്‍ അഞ്ചാം മാര്‍തോമാ ഡച്ച് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുടെ സഹായം തേടി. പൗരസ്ത്യ മെത്രാന്മാരെ എത്തിക്കുന്നതിനുള്ള യാത്രാചെലവ് നല്‍കാമെന്നുള്ള കരാര്‍ വ്യവസ്ഥയുണ്ടായിരുന്നു. മലങ്കര സഭയെ തന്റെ വരുതിയില്‍ കൊണ്ടു വരാന്‍ തക്കം കാത്തിരുന്ന അന്ത്യോഖ്യന്‍ പാത്രിയർക്കീസ് മെത്രാന്‍മാരും റമ്പാനും വൈദീകരുമടങ്ങിയ ഒരു സംഘത്തെയാണ് മലങ്കരയിലേക്കയച്ചത്. ഒന്‍പതു പേരടങ്ങിയ ഈ സംഘത്തിന്റെ യാത്രാചെലവു നല്‍കാന്‍ അഞ്ചാം മാര്‍തോമാക്ക് സാധിച്ചില്ല കാരണം ഒന്നോ രണ്ടോ പേരെ മാത്രമേ അദ്ദേഹം പ്രതീക്ഷിച്ചിരുന്നുള്ളു. ഡച്ച് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിക്ക് പണമടക്കാത്തതിനാല്‍ അഞ്ചാം മാര്‍തോമാ തടവിലാക്കപ്പെട്ടു. മൂന്നു മാസത്തിനു ശേഷം മലങ്കരയിലെ എല്ലാപള്ളികളിലും നിന്നും പിരിച്ചെടുത്ത പണം നല്‍കി എല്ലാവരെയും മോചിപ്പിച്ചു. അന്ത്യോഖ്യന്‍ സംഘത്തിലെ മെത്രാന്മാര്‍ മാര്‍തോമാ അഞ്ചാമന്‍ വീണ്ടും പട്ടമേല്‍ക്കണമെന്നും ദീവന്നാസിയോസ് എന്ന നാമം സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഒന്നാം മാര്‍തോമാ മലങ്കര സഭയെ അന്ത്യോഖ്യക്ക് അടിയറ വെക്കാന്‍ തയാറായില്ല. 1765 ല്‍ അദ്ദേഹം കാലം ചെയ്തു നിരണം പള്ളിയില്‍ കബറടക്കി.
ആറാം മാര്‍തോമാ (1765-1808):-
മലങ്കര സഭ കൂടുതല്‍ നിര്‍ഭാഗ്യകരമായ സംഭവവികാസങ്ങളിലേക്ക് പോകുകയായിരുന്നു. അഞ്ചാം മാര്‍തോമായാല്‍ മെത്രാപോലീത്തായായി അഭിഷേകം ചെയ്യപ്പെട്ടു. അഞ്ചാം മാര്‍തോമായുടെ കാലശേഷം മലങ്കരയുടെ നേതൃത്വം ഏറ്റെടുത്തു. അന്ത്യോഖ്യന്‍ മെത്രാനില്‍ നിന്നും സ്ഥാനം സ്വീകരിച്ച് മലങ്കര സഭയെ അന്ത്യോഖ്യയില്‍ ഏല്‍പിക്കാതിരിക്കാന്‍ ആറാം മാര്‍തോമാ ആവും വിധം ശ്രമിച്ചു. 1772 ല്‍ മലങ്കര സഭയിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ അന്ത്യോഖ്യന്‍ സംഘത്തിനു സാധിച്ചതോടെ കാര്യങ്ങള്‍ ആ വഴിക്കു നീങ്ങുകയായിരുന്നു. കാട്ടുമങ്ങാട്ട് കൂറീലോസ് തിരുമേനിയെ ആറാം മാര്‍ത്തോമാക്ക് ബദലായി അന്ത്യോഖ്യന്‍ സംഘം വാഴിച്ചതോടെ മലങ്കരയില്‍ ഭിന്നതയുടെ സ്വരങ്ങള്‍ ഉയരുകയായിരുന്നു. സഭയെ ഒന്നിച്ചു കൊണ്ടു പോകാനുള്ള ഉത്തരവാദിത്തത്തില്‍ അന്ത്യോഖ്യന്‍ സംഘത്തിനു വഴങ്ങേണ്ടി വന്ന ആറാം മാര്‍തോമാ 1772 ല്‍ അന്ത്യോഖ്യന്‍ മെത്രാന്മാരുടെ കൈവപ്പും ദീവനാസിയോസ് എന്ന നാമവും സ്വീകരിക്കുകയായിരുന്നു. എന്നിരുന്നാലും അന്ത്യോഖ്യന്‍ സംഘത്തെ മലങ്കര സഭയുടെ ഭരണകാര്യത്തില്‍ ഇടപെടാന്‍ അനുവദിച്ചില്ല.അതിനിടയിൽ റോമാ സഭയുടെയും അവരുടെ പ്രമാണിയായ തച്ചിൽ മാത്തൂ തരകന്റെയും ഉപദ്രവങ്ങളും അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നു. 1808 ല്‍ അദ്ദേഹം കാലം ചെയ്തു. പുത്തന്‍കാവ് മര്‍ത്തമറിയം പള്ളിയില്‍ കബറടക്കി.

ഏഴാം മാര്‍തോമാ (1808-1809):-

ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളിയില്‍ വച്ച് അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. ദീവന്നാസിയോസ് എന്ന നാമം അദ്ദേഹവും സ്വീകരിച്ചില്ല. മലങ്കര സഭയുടെ ഭാവി കാര്യങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം വട്ടിപ്പണം നിക്ഷേപിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. അതാതു സമയത്തെ മലങ്കര മെത്രാപോലീത്താക്ക് വട്ടി അല്ലങ്കില്‍ പലിശ പിന്‍വലിക്കാമെന്ന വ്യവസ്ഥയിലാണ് പണം നിക്ഷേപിച്ചത്. മലങ്കര സഭയുടെ പിന്നീടുള്ള പല വ്യവഹാരങ്ങളിലും ഈ വ്യവസ്ഥ നിര്‍ണായകമായിട്ടുണ്ട്. 1809 ല്‍ അദ്ദേഹം കാലം ചെയ്തു. കോലഞ്ചേരി വലിയപള്ളിയില്‍ കബറടക്കി

എട്ടാം മാര്‍തോമാ (1809-1816):-
ഏഴാം മാര്‍തോമായാല്‍ ഇദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടു..ഇദ്ദേഹത്തിന്റെ കാലത്താണ് സുറിയാനി ക്രിസ്ത്യാനികളുടെ ആദ്യ വൈദിക പരിശീലന കേന്ദ്രം കോട്ടയം പഴയസെമിനാരി പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാന്‍ സ്ഥാപിക്കുന്നത്. 1816 ല്‍ കാലം ചെയ്തു.പുത്തന്‍കാവ് മര്‍ത്തമറിയം പള്ളിയില്‍ കബറടക്കി

ഒന്‍പതാം മാര്‍തോമാ  (1816-1817):-
എട്ടാം മാര്‍തോമായാല്‍ അഭിഷേകം ചെയ്യപ്പെട്ടു. ചുരുങ്ങിയ കാലം മലങ്കര സഭയെ നയിച്ചു. 1817 ല്‍ കാലം ചെയ്തു. കടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ കബറടക്കി.
പത്താം മാര്‍തോമാ (മലങ്കര സഭാ ജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് ‍ ദീവന്നാസിയോസ്) (1816):-
പകലോമറ്റം ഇതര കുടുംബത്തില്‍ നിന്നും ആദ്യമായി മലങ്കര സഭയുടെ തലപ്പത്തെത്തി ചരിത്രം കുറിച്ചു. തോഴിയൂര്‍ സഭയുടെ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് മെത്രാപോലീത്തായാണ് അദ്ദേഹത്തെ അഭിഷേകം ചെയ്തത്.മലങ്കര സഭയുടെ നവോത്ഥാന കാലഘട്ടത്തിനു തുടക്കം കുറിച്ചു.1816 നവംബര്‍ മാസത്തില്‍ കാലം ചെയ്തു അദ്ദേഹം തന്നെ സ്ഥാപിച്ച കോട്ടയം പഴയസെമിനാരിയില്‍ കബറടക്കി.

പതിനൊന്നാം മാര്‍തോമാ (1817-1825) (പുന്നത്ര മോര്‍ ദീവന്നാസിയോസ് ):-

തോഴിയൂര്‍ സഭയുടെ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് മെത്രാപോലീത്തായാല്‍ മലങ്കര മെത്രാപോലീത്തായായി അഭിഷേകം ചെയ്യപ്പെട്ടു.1825 ല്‍ കാലം ചെയ്തു. കോട്ടയം ചെറിയപള്ളിയില്‍ കബറടക്കി

പന്ത്രണ്ടാം മാര്‍തോമാ (1825-1852) (ചേപ്പാട്ട് പീലിപ്പോസ് മോർ ദീവന്നാസിയോസ് ):-
തോഴിയൂര്‍ സഭയുടെ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് മെത്രാപോലീത്തായാല്‍ മലങ്കര മെത്രാപോലീത്തായായി അഭിഷേകം ചെയ്യപ്പെട്ടു..ഇദ്ദേഹത്തിന്റെ കാലത്താണ് മലങ്കരയില്‍ നവീകരണ വ്യവഹാരങ്ങളുണ്ടാവുന്നത്.ആംഗ്ളിക്കന്‍ മിഷണറിമാരുടെ സ്വാധീനത്തില്‍ മലങ്കര സഭയെ പ്രൊട്ടസ്റ്റന്റ് ആശയങ്ങളിലേക്ക് തള്ളിവിടാന്‍ ശ്രമം തുടങ്ങി.പാലകുന്നത്ത് മാത്യു ശെമ്മാശന്‍ മലങ്കര പള്ളിയോഗത്തിന്റെ അനുവാദമില്ലാതെ അന്ത്യോഖ്യയില്‍ പോയി മലങ്കര മെത്രാപോലീത്തായായി അന്ത്യോഖ്യന്‍ പാത്രിയർക്കീസില്‍ നിന്ന് നേരിട്ടു പട്ടമേറ്റ് മടങ്ങി വന്നതോടെ മലങ്കര സഭയില്‍ പുതിയ കീഴ്വഴക്കങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. ചേപ്പാട് പീലിപ്പോസ് മോര്‍ ദീവന്നാസിയോസ് 1855 ല്‍ കാലം ചെയ്തു. ചേപ്പാട് പള്ളിയില്‍ കബറടക്കി

പാലക്കുന്നത്ത് മാത്യൂസ് മോര്‍ അത്താനാസിയോസ് (1852-1865):-
അന്ത്യോഖ്യയില്‍ നിന്നും പട്ടമേറ്റു വന്ന പാലക്കുന്നത്ത് മെത്രാന്‍ ചേപ്പാട്ട് മോർ ദീവന്നാസിയോസ്  മെത്രാപോലീത്തായെ മറികടന്ന് മലങ്കര മെത്രാപോലീത്താ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.അദ്ദേഹം മലങ്കര പള്ളിയോഗത്തിന്റെ അംഗീകാരമില്ലാതെ നവീകരണ ആശയങ്ങള്‍ പ്രചരിപ്പിച്ചു.അദ്ദേഹത്തിന്റെ കാലത്താണ് വട്ടിപ്പണം കേസ് ആരംഭിക്കുന്നത്. അന്ത്യോഖ്യന്‍ പാത്രിയർക്കീസയച്ച യൂയാക്കീം മോര്‍ കൂറീലോസ് എന്ന അന്ത്യോഖ്യന്‍ മെത്രാനും പാലക്കുന്നത്ത് മെത്രാനും തമ്മിലാണ് കേസു നടന്നത്. കേസില്‍ പാലക്കുന്നത്ത് മെത്രാനനുകൂലമായാണ് വിധി വന്നത്. 1877 ല്‍ അദ്ദേഹം കാലം ചെയ്തു. മാരാമണ്‍ പള്ളിയില്‍ കബറടക്കി.

പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനി (1865-1909):-
മലങ്കരസഭാ തേജസ് എന്നറിയപ്പെടുന്ന പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനി മലങ്കര സഭയുടെ നവോത്ഥാന നായകനാണ്. MD സെമിനാരിയും പരുമല സെമിനാരിയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു. പ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസ് അദ്ദേഹത്തിന്റെ കാലത്താണ് നടന്നത്. 1909 ല്‍ കാലം ചെയ്തു കോട്ടയം പഴയസെമിനാരിയില്‍ കബറടക്കി.

വട്ടശേരില്‍ ഗീവര്‍ഗീസ് മോര്‍ ദീവന്നാസിയോസ് (1909-1934):-
മലങ്കരസഭ ഭാസുരന്‍ എന്നറിയപ്പെടുന്ന വട്ടശേരില്‍ തിരുമേനി 1909 ല്‍ മലങ്കര മെത്രാപോലീത്തായായി അഭിഷേകം ചെയ്യപ്പെട്ടു.മലങ്കരയിലെ കാതോലികേറ്റ് പുന:സ്ഥാപനത്തിനു ചുക്കാന്‍ പിടിച്ചു.മലങ്കര സഭയുടെ ഭരണഘടന രചിച്ചു.1934 ല്‍ കാലം ചെയ്തു. കോട്ടയം പഴയ സെമിനാരിയില്‍ കബറടക്കി

ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ (1934-1964)
ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ (1964-1975)
ബസേലിയോസ് മാര്‍തോമാ മാത്യൂസ് പ്രഥമന്‍ (1975-1991)
ബസേലിയോസ് മാര്‍തോമാ മാത്യൂസ് ദ്വിതീയന്‍ (1991-2005)
ബസേലിയോസ് മാര്‍തോമാ ദിദിമോസ് പ്രഥമന്‍ (2005-2010)
ബസേലിയോസ് മാര്‍തോമാ പൗലോസ് ദ്വിതീയന്‍ (2010- )