OVS - ArticlesOVS - Latest News

പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളിലൂടെ

മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനി എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനി ക്രൈസ്തവ സഭകളിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളിലൂടെ

  •  1848 ജൂൺ 15/1023 മിഥുനം 3 : മുളന്തുരുത്തി ചാത്തുരുത്തി ഭവനത്തിൽ കൊച്ചുമത്തായി യുടെയും മറിയത്തിന്റെയും പുത്രനായി ജനിച്ചു. ബാല്യകാലനാമം— കൊച്ചയ്പോര.
  • 1857 സെപ്റ്റംബർ 26/1033 കന്നി 14 സ്ലീബാപെരുനാൾ : കരിങ്ങാചിറ  പള്ളിയിൽ വച്ച് മാത്യൂസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ (പാലക്കുന്നത്ത്) യിൽ നിന്ന് കോറുയോ പട്ടമേറ്റു. (കോതമംഗലം പള്ളിയിൽ വച്ചു ശെമ്മാശുപട്ടമേറ്റതായും കാണുന്നു, വർഷം 1858 എന്നും കാണുന്നുണ്ട്.)
  • 1864 ഒക്ടോബർ— നവംബർ/1040 തുലാം: യൂയാക്കിം മാർ കുറിലോസ് മെത്രാപ്പോലീത്താ യിൽ നിന്ന് ശംശോനോ പട്ടമേറ്റു. (പുനരായി ശെമ്മാശു പട്ടമേറ്റതാണെന്നും അഭിപ്രായമുണ്ട്. വർഷം 1865 (1041) എന്നും കാണുന്നു).
  • 1864 നവംബർ—ഡിസംബർ/1040 വൃശ്ചികം : യൂയാക്കീം മാർ കുറിലോസ് മെത്രാപ്പോലീത്തായിൽ നിന്ന് കശീശാപട്ടവും തുടർന്ന് കോർ എപ്പിസ്കോപ്പ സ്ഥാനവുമേറ്റു. (വർഷം 1865 (1041) എന്നും കാണുന്നുണ്ട്.
  • 1872 ഏപ്രിൽ 7/മീനം 26 (സു.ക)/1047 മീനം 27 ഞായറാഴ്ച: മുളന്തുരുത്തി പള്ളിയിൽവച്ച് മലങ്കരയുടെ ജോസഫ് മാർ ദിവന്നാസിയോസ് (പുലിക്കോട്ടിൽ രണ്ട് ) മെത്രാപ്പോലീത്താ റമ്പാൻ സ്ഥാനം നൽകി. വചനിപ്പു പെരുനാൾ (സുറിയാനി കണക്കിന് മീനം 25) എന്നും കാണുന്നുണ്ട്. അതു ശരിയാണെങ്കിൽ 1872 ഏപ്രിൽ 6 ശനിയാഴ്ച ആണ് വരേണ്ടത്.
  • 1876 ഡിസംബർ 10/വൃശ്ചികം 28 (സു.ക.)/1052 വൃശ്ചികം 27 ഞായറാഴ്ച: വടക്കൻ പറവൂർ മാർ തൊമ്മൻ പള്ളിയിൽ വച്ച് പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് രണ്ടാമന്‍ പാത്രിയർക്കീസ് ബാവയുടെ പ്രധാന കാർമികത്വത്തിൽ മാർ ഗ്രീഗോറിയോസ് എന്ന പേരിൽ നിരണത്തു ദൈവമാതാവിന്റെ പള്ളിയും അതിനു ചുറ്റുമുള്ള പള്ളികളും അടങ്ങുന്ന ഭദ്രാസനത്തിനുവേണ്ടി മെത്രാപ്പോലീത്തായായി വാഴിക്കപ്പെട്ടു. ഇതോടൊപ്പം അങ്കമാലി ഭദ്രാസനത്തിനുവേണ്ടി അമ്പാട്ട് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായായും വാഴിക്കപ്പെട്ടു. കോനാട്ട് ഗീവർഗീസ് മാർ യൂലിയോസ്, കടവിൽ പൗലോസ് മാർ അത്താനാസിയോസ് എന്നീ മെത്രാപ്പോലീത്തമാർ സഹകാർമികരായിരുന്നു.
  • 1877 മെയ് 5/നീസാൻ 23: നിരണം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായായി നിയമിച്ചുകൊണ്ടുള്ള സ്താത്തിക്കോൻ ലഭിച്ചു. അതനുസരിച്ച് നിരണം മർത്തമറിയം; ചെറുകോൽ;വീയപുരം; തലവടി; വേങ്ങൽ; എടത്വ; തിരുവല്ല കാവിൽ; കല്ലൂപ്പാറ; മല്ലപ്പള്ളി; തുരുത്തിക്കാട്; കാർത്തികപ്പള്ളി; ചെന്നിത്തല; പരുമല; മണ്ണംതോട്ടുവഴി; തലവടികുഴി;മേപ്രാൽ; കാരയ്ക്കൽ; വെണ്ണിക്കുളം; കവിയൂർ; കരുവാറ്റ എന്നീ 22 പള്ളികളുടെ ഭരണം ഏറ്റു. ക്നാനായ ഭദ്രാസന രൂപീകരണത്തോടെ (1910) തുരുത്തിക്കാട്ടു പള്ളി ആ ഭദ്രാസനത്തിൽ ചേർത്തു. ചേപ്പാട്, പള്ളിപ്പാട്, കാരിച്ചാൽ പള്ളികൾ ആദ്യം കൊല്ലം ഭദ്രാസനത്തിലും ഉമയാറ്റുകരപള്ളി തുമ്പമൺ ഭദ്രാസനത്തിലുമായിരുന്നു.
  • 1877 മെയ് 17/ഇടവം 5 വ്യാഴാഴ്ച — സ്വർഗാരോഹണ പെരുനാൾ : കുന്നംകുളം ചിറളയം പള്ളിയിൽ വച്ച് കരവട്ട് ശെമവൂൻ മാർ ദിവന്നാസിയോസ്, മുറിമറ്റത്ത് പൗലോസ് മാർ ഈവാനിയോസ് (പിന്നീട് കാതോലിക്കാ) എന്നീ മേല്പട്ടക്കാരുടെ സ്ഥാനാഭിഷേക ശുശ്രൂഷയിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവായോടൊപ്പം സഹകാർമികത്വം വഹിച്ചു.
  • 1889 ജൂലൈ 29 തിങ്കളാഴ്ച: കോട്ടയം പഴയ സെമിനാരിയിൽ വച്ച് അൽവാറീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ സ്ഥാനാഭിഷേക ശുശ്രൂഷയിൽ കടവിൽ പൗലോസ് മാർ അത്താനാസിയോസ് (പ്രധാന കാർമികൻ), മുറി മറ്റത്തു പൗലോസ് മാർ ഈവാനി യോസ് (സഹകാർമികൻ) എന്നീ മെത്രാപ്പോലീത്താമാരോടൊപ്പം സഹകാർമികത്വം വഹിച്ചു.
  • 1892 മെയ് 29 ഞായറാഴ്ച: കൊളംബോയിലെ സന്മരണ മാതാവിന്റെ പള്ളിയിൽ വച്ച് റിനിവിലാത്തി മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ സ്ഥാനാഭിഷേക ശുശ്രൂഷയിൽ കടവിൽ പൗലോസ് മാർ അത്താനാസിയോസ്, അൽവാറീസ് മാർ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാരോടൊപ്പം സഹകാർമികത്വം വഹിച്ചു.
  • 1895 ജനുവരി 27/മകരം 15 ഞായറാഴ്ച : പുലിക്കോട്ടിൽ തിരുമേനിയും ചേർന്ന് പരുമലപ്പള്ളി താത്കാലികമായി കൂദാശ ചെയ്തു. പിറ്റേന്ന് ഊർശ്ലേം യാത്ര ആരംഭിച്ചു.
  • 1902 നവംബർ 2/തുലാം 20 (സു.ക) 1078 തുലാം 17 ഞായറാഴ്ച: പരുമലപ്പള്ളിയിൽ വച്ച് രാത്രി (തിങ്കളാഴ്ച വെളുപ്പിന്) ഒരു മണിക്ക് കാലം ചെയ്തു. (കാലം ചെയ്ത സമയം പരിഗണിച്ചാൽ തീയതി 1902 നവംബർ മൂന്ന് ആണ് വരേണ്ടത്.) നവംബർ 4 ചൊവ്വാഴ്ച മുറിമറ്റത്തു പൗലോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ പരുമലപ്പള്ളിയിൽ കബറടക്കപ്പെട്ടു.
  • 1947 നവംബർ 2 : പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് രണ്ടാമന്‍  കാതോലിക്കാ ബാവായുടെ അധ്യക്ഷതയിലുള്ള സുന്നഹദോസ് വിശുദ്ധനായി പ്രഖ്യാപിച്ചു. ഇതോടൊപ്പം മാർ ബസേലിയോസ് യൽദോ മഫ്രിയാനാ (കോതമംഗലം ബാവാ)യെയും വിശുദ്ധനായി പ്രഖ്യാപിച്ചു.

(പരിശുദ്ധ പരുമല തിരുമേനി കോർ എപ്പിസ്കോപ്പ വരെയുള്ള സ്ഥാനങ്ങളേറ്റ കൃത്യമായ തീയതികൾ ലഭ്യമല്ല.)

(സൂചിക: വർഗീസ് ജോൺ തോട്ടപ്പുഴ തയാറാക്കിയ പരുമല തിരുമേനിയുടെ ജീവചരിത്ര ഫലകങ്ങളിൽ നിന്നും)