OVS - ArticlesOVS - Latest News

ബഥനിയുടെ ഉദയവും മെത്രാന്‍റെ അസ്തമനവും

സ്‌ഥാപകര്‍ വിഭാവനം ചെയ്തതുപോലെ വളര്‍ന്നിരുന്നു എങ്കില്‍ ഇന്ന് മലങ്കര സഭയുടെ സിരാകേന്ദ്രം (Nerve center) ആകേണ്ടിയിരുന്ന സ്‌ഥാപനമാണ് റാന്നി പെരുനാട് ബഥനി ആശ്രമം. പക്ഷേ ഉച്ചിയുറപ്പിച്ച കൈകള്‍ തന്നെ ഉദകക്രിയ നടത്തിയതോടെ ആ മോഹം പൊലിഞ്ഞു. പക്ഷേ മട്ടയ്ക്കല്‍ അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത എന്ന ജാത്യഭിമാനിയുടെ സമര്‍പ്പണവും, ഒരു പരിധിവരെ വാശിയും, ബഥനിയെ ഒരു ചാപിള്ള ആകാതെ നിലനിര്‍ത്തി. നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ബഥനിക്ക് സ്ഥാപനലക്ഷ്യത്തിലേയ്ക്കു മുന്നേറാന്‍ സാധിക്കാഞ്ഞതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ബഥനി ആശ്രമത്തിന്‍റെ ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ് ബഥനിയുടെ മെത്രാപ്പോലീത്താ ആയിരുന്ന പണിക്കരുവീട്ടീല്‍ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്‍റേത്. പ്രചണ്ഡമായ പ്രചരണ കോലാഹലത്തിന്‍റെ പിന്‍ബലത്തോടെ ബഥനിയുടെ ചരിത്രം അദ്ദേഹത്തിന്‍റെ ചരിത്രമായി ആണ് ഇന്ന് വരച്ചു കാട്ടപ്പെടുന്നത്. ബഥനിയുടെ സ്ഥാപകന്‍ പണിക്കരുവീട്ടീല്‍ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് ആണന്നും, അതിന്‍റെ പുറകിലെ ബുദ്ധിയും അദ്ധ്വാനവും സ്രോതസും അദ്ദേഹം മാത്രം ആണന്നുമാണ് ഇന്ന് പ്രചരിപ്പിക്കപ്പെടുന്നത്.

ഇതു തികച്ചും തെറ്റായ ഒരു ധാരണയാണ്. ബഥനി ആശ്രമം എന്നത് മാര്‍ ഈവാനിയോസിന്‍റെ സൃഷ്ടി പോയിട്ട് ആശയം പോലുമല്ല. യഥാര്‍ത്ഥത്തില്‍ ആധുനിക മലങ്കര സഭയ്ക്ക് ആത്മീയമായും ലൗകീകമായും ഉള്ള അടിത്തറയിട്ട പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ നേരിട്ട ഒരു ഭരണ പ്രതിസന്ധിയാണ് ബഥനി ആശ്രമത്തിന്‍റെ സ്ഥാപനത്തിനു വഴിതെളിച്ചത്. 1889-ലെ തിരുവിതാംകൂര്‍ റോയല്‍ കോടതി വിധിപ്രകാരം അദ്ദേഹത്തനു ഭരിക്കാന്‍ ലഭിച്ചത് പൂര്‍വ്വാര്‍ജ്ജിതമായ പഴയ സെമിനാരി, വട്ടിപ്പണ പലിശ എന്നീ പൊതുമുതലുകള്‍ മാത്രമാണ്. പക്ഷേ മലങ്കര സഭയുടെ ഭാവി മുമ്പില്‍കണ്ട് സെമിനാരികളും ദയറാകളും മുതല്‍ പത്രപ്രവര്‍ത്തനവും കായല്‍കൃഷിയും വരെ അദ്ദേഹത്തിലെ സംരംഭകന്‍ സമാരംഭിച്ചു. പക്ഷേ ഇവ മുമ്പോട്ടു കൊണ്ടുപോകുവാന്‍ ആവശ്യമായ മതിയായ മനുഷ്യ വിഭവശേഷി (manpower) ദാരിദ്യം അദ്ദേഹത്തെ ചെറുതായൊന്നുമല്ല വിഷമിപ്പിച്ചത്.

വൈദീകര്‍ ഇടവകകള്‍ക്കായി പട്ടം ഏല്‍ക്കുകയും അവിടെനിന്നും ലഭിക്കുന്ന ക്ലിപ്തമല്ലാത്ത വരുമാനം കൊണ്ട് ഉപജീവിക്കുകയും ചെയ്യുന്ന കാലമായിരുന്നു അന്ന്. അവരെ പൊതു സേവനത്തിലേയ്ക്ക് അടര്‍ത്തിയെടുക്കുക ഏതാണ്ട് അസാദ്ധ്യമായിരുന്നു. പുതിയ സംരംഭങ്ങള്‍ മാത്രമല്ല, തിരുവിതാംകോട്, തിരുവനന്തപുരം മുതലായ വിദൂര പള്ളികള്‍ നടത്തിക്കൊണ്ടുപോവുക കാര്യം തന്നെ അന്നു ദുഷ്ക്കരമായിരുന്നു. അഥവാ ആരെങ്കിലും അതിനു തയാറായാല്‍ അവര്‍ക്ക് മതിയായ പ്രതിഫലം പോയിട്ട് നിത്യവൃത്തിക്കുള്ള മാര്‍ഗ്ഗംപോലും നല്‍കാന്‍ അന്ന് സഭയുടെ കോശസ്ഥിതി അനുവദിച്ചിരുന്നില്ലതാനും. സഭാ ഭരണത്തില്‍ പരിമിതമായ പൊതു മനുഷ്യരെ വെച്ചുള്ള ഒരു ഞാണിന്മേൽ കളിയായിരുന്നു മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍റേത്. എങ്കിലും പൊതുസ്വത്തുക്കള്‍ സൃഷ്ടിച്ചു കൂട്ടുന്നതില്‍ അദ്ദേഹം ഒരു കുറവും വരുത്തിയില്ല.

1902-ല്‍ നിരണം, കൊല്ലം, തുമ്പമണ്‍ ഇടവകളുടെ മെത്രാപ്പോലീത്തായും അസിസ്റ്റന്‍റ് മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പ. പരുമല തിരുമേനി കാലം ചെയ്തു. കോട്ടയം, കൊല്ലം ഇടവകകളുടെ കടവില്‍ മാര്‍ അത്താനാസ്യോസ് രോഗിയുമായി. ഇതോടെ ഭരണ പ്രതിസന്ധി രൂക്ഷമായി. അന്ന് ആകെയുള്ള അപൂര്‍വം പൊതു മനുഷ്യരില്‍ കല്ലാച്ചേരില്‍ പുന്നൂസ് റമ്പാന്‍ പരുമലയിലും, കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ ആലുവാ തൃക്കുന്നത്ത് സെമിനാരിയിലും, കൊച്ചുപറമ്പില്‍ പൗലൂസ് റമ്പാന്‍ വെട്ടിക്കല്‍ ദയറായിലും തളയ്ക്കപ്പെട്ടു. മലങ്കര മല്പ്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാര്‍, ഇടവഴിക്കല്‍ ഇ. എം. ഫിലിപ്പ് എന്നിങ്ങനെ കേവലം കേവലം രണ്ട് വ്യക്തികള്‍ മാത്രമാണ് പൊതുസഭയുടെ പൂര്‍ണ്ണസമയ സേവനത്തിനായി പിന്നീട് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍റെ കൈവശമുണ്ടായിരുന്നത്.

ഈ സാഹചര്യത്തിലാണ് പൊതു സഭയുടെ കാര്യവിചാരകത്വത്തിന്‍റെ ഭാവിയെപ്പറ്റിയുള്ള തുറന്ന ചര്‍ച്ചകള്‍ ഉടലെടുത്തത്. പ. പരുമല തിരുമേനിയുടെ വിജാതീയ മിഷന്‍, അല്‍വാറീസ് മാര്‍ യൂലിയോസിന്‍റെ ലത്തീന്‍ റീത്ത് ഇവയുടെ നടത്തിപ്പും ഗൗരമായ ചിന്തയ്ക്കു ഹേതുവായി. ഈ സാഹചര്യത്തിലാണ് മലങ്കര സഭയുടെ ഔദ്യോഗിക മുഖപ്പത്രമായ ഇടവക പത്രികയില്‍ സഭയുടെ ഭാവി നടത്തിപ്പിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജിവമായത്. പ്രതിഫലമൊന്നും കൂടാതെ, കിട്ടുന്ന കഞ്ഞികൊണ്ടു തൃപ്തരാകുന്ന കുറെ അവധൂതന്മാരെ കണ്ടെത്താതെ സഭ മുമ്പോട്ടു പോകില്ല എന്ന ധാരണയാണ് പൊതുവെ ഉരുത്തിരിഞ്ഞത്. അനുസരണവും ദാരിദ്യവും വൃതവാഗ്ദാനമാക്കിയ ഒരു സന്യാസ സമൂഹത്തിന്‍റെ രൂപീകരണം എന്നതിലാണ് ഈ ചര്‍ച്ചകള്‍ ചെന്നുനിന്നത് എന്നു പറയാം.

ഇക്കാലത്ത് അതിദ്രുതമായി സംഭവിച്ചുകൊണ്ടിരുന്ന ഒരു സാമൂഹിക പരിവര്‍ത്തനത്തേക്കുറിച്ചും മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും പിന്‍ഗാമി വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമനും തികച്ചും ബോധവാന്മാരായിരുന്നു. പരമ്പരാഗത സ്ഥാനങ്ങളും പൂര്‍വ്വാര്‍ജ്ജിത സ്വത്തും നല്‍കുന്ന പ്രാമാണ്യത്തിന്‍റെ സ്ഥാനത്ത് സാങ്കേതിക-ഉന്നത വിദ്യാഭ്യാസവും അതു നല്‍കുന്ന സാമൂഹിക-ഔദ്യോഗിക സ്ഥാനവും ആഡ്യത്വമായി ഇടംപിടിച്ചു വരികയായിരുന്നു. ഈ പരിവര്‍ത്തനത്തെ ഉള്‍ക്കൊണ്ട് സഭയ്ക്ക് മുമ്പോട്ടു പോകണമെങ്കില്‍ ആ നവപ്രമാണിവര്‍ഗ്ഗത്തോട് കിടപിടിക്കുന്ന തരത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയ നേതൃത്വനിര വളര്‍ന്നു വരണമെന്ന് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മനസിലാക്കി. ഈ തിരിച്ചറിവിന്‍റെ ഫലമായാണ് പണിക്കരുവീട്ടില്‍ പി. റ്റി. ഗീവര്‍ഗീസ് കത്തനാര്‍, മട്ടയ്ക്കല്‍ ചാണ്ടി ശെമ്മാശന്‍ മുതലായവര്‍ കല്‍ക്കട്ടായില്‍ ഉപരിപഠനത്തിനു പോയത്.

1909-12 കാലത്ത് മലങ്കര സഭയിലെ ഭരണപ്രതിസന്ധി രൂക്ഷമായി. ഇക്കാലത്ത് മലങ്കര മല്പ്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാര്‍ മലങ്കര മെത്രാപ്പോലീത്തായും, കൊച്ചുപറമ്പില്‍ പൗലൂസ് റമ്പാന്‍, കല്ലാച്ചേരില്‍ പുന്നൂസ് റമ്പാന്‍, കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ എന്നിവര്‍ മേല്പട്ടക്കാരായും ഉയര്‍ത്തപ്പെടുകയും, ഇടവഴിക്കല്‍ ഇ. എം. ഫിലിപ്പ് റിട്ടയര്‍ ചെയ്യുകയും ചെയ്തു. അതേ കാലത്തുതന്നെ തിരുവിതാംകൂര്‍-കൊച്ചി എന്നീ നാട്ടുരാജ്യങ്ങളുടെ സീമ ഭേദിച്ച് നസ്രാണി കുടിയേറ്റങ്ങള്‍ക്ക് പ്രാരംഭം കുറിക്കുകയും ചെയ്തിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ഒരു സന്യാസ പ്രസ്ഥാനം ആരംഭിക്കുക എന്നത് അനിവാര്യമായി. ബഥനിയുടെ സ്ഥാപന പശ്ചാത്തലം ഇതാണ്.

ഇനി പണിക്കരുവീട്ടില്‍ പി. റ്റി. ഗീവര്‍ഗീസ് കത്തനാരുടെ മാത്രം ബുദ്ധിയും പണവുമാണ് ബഥനി സ്ഥാപനത്തിനു പിമ്പിലെന്ന വാദം പരിശോധിക്കാം. കുശാഗ്ര ബുദ്ധിയും കാനോന്‍ വിദഗ്ദനും പ. പരുമല തിരുമേനിയുടെ വല്‍സല ശിഷ്യനുമായ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമനായിരുന്നു അന്ന് മലങ്കര മെത്രാപ്പോലീത്താ. അദ്ദേഹത്തിന് ആലോചനക്കാരായി വൈദീകരും അവൈദീകരുമായ പ്രഗല്‍ഭരുടെ ഒരു വന്‍നിരതന്നെ അന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ അറിവും സമ്മതവും ആശീര്‍വാദവും കൂടാതെ അന്ന് മലങ്കരയില്‍ എന്തെങ്കിലും സംഭവിക്കുക എന്നത് അചിന്ത്യമായിരുന്നു. അദ്ദേഹത്തിന്‍റേയും അദ്ദേഹത്തിന്‍റെ കാര്യവിചാരകരുടേയും യാതൊരു ആലോചനയും നിര്‍ദ്ദേശങ്ങളും ബഥനി സ്ഥാപനത്തിനു പിന്നില്‍ ഇല്ലായിരുന്നു എന്ന് ചിന്തിക്കുക യുക്തിസഹമല്ല. ഇവയോടൊപ്പം പ്രഗല്‍ഭനും നസ്രാണികളുടെ ഇടയില്‍നിന്നും ആദ്യമായി എം. എ. പാസായ വ്യക്തിയുമായ പണിക്കരുവീട്ടില്‍ പി. റ്റി. ഗീവര്‍ഗീസ് കത്തനാരുടെ നിര്‍ദ്ദേശങ്ങളും തീര്‍ച്ചയായും പരിഗണിക്കപ്പെട്ടിരിക്കാം എന്നുമാത്രം. ബഥനി അംഗങ്ങളുടെ സന്യാസ വസ്ത്രംപോലും മലങ്കര മെത്രാപ്പോലീത്തയുടെ മുന്‍കൂര്‍ അനുവാദത്തോടെയാണ് നടപ്പക്കിയത് എന്നു അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ബഥനി ആശ്രമം സ്ഥാപിച്ച മുണ്ടന്‍മലയില്‍ ആദ്യമായി കാല്‍കുത്തിയതും താമസമാരംഭിച്ചതുംപോലും പണിക്കരുവീട്ടില്‍ ഗീവര്‍ഗീസ് കത്തനാരല്ല. മട്ടയ്ക്കല്‍ ശെമ്മാശനും ഉമ്മന്‍ മാസ്റ്ററും (പിന്നീട് ബര്‍സ്കീപ്പാ റമ്പാന്‍) ആണ് അവിടെ അവിടെ ആദ്യം വാസമുറപ്പിച്ചത്. ബഥനിക്കുവേണ്ടി ആദ്യം കത്തനാരുപട്ടം കൊടുത്തതും മട്ടയ്ക്കല്‍ ശെമ്മാശന് (പിന്നീട് ആബോ മാര്‍ അലക്സിയോസ് തേവോദോസ്യോസ് മെത്രാപ്പോലീത്താ) ആണ്. ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് പണിക്കരുവീട്ടില്‍ കത്തനാര്‍ മുണ്ടന്‍മലയില്‍ കാല്‍കുത്തുന്നത്. പിന്നീട് പ്രാരംഭ അംഗങ്ങളില്‍ സീനിയര്‍ എന്ന നിലയില്‍ അദ്ദേഹം ആദ്യ ആബോ ആയി നിയമിക്കപ്പെട്ടു എന്നുമാത്രം.

മലങ്കരസഭയ്ക്ക് കാര്യവിചാരകരെയും (administrative service) ബാഹ്യ കേരള മിഷന് സേവകരേയും പ്രാദാനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് മലങ്കര സഭ ബഥനി ആശ്രമം സ്ഥാപിച്ചത്. അല്ലാതെ മലങ്കര സഭയെ ഭരിക്കുവാന്‍ ആയിരുന്നില്ല. പണിക്കരുവീട്ടില്‍ കത്തനാരെ ഒരിക്കലും മലങ്കര സഭയിലെ ഒരു മെത്രാപ്പോലീത്താ ആയി അസോസിയേഷന്‍ തിരഞ്ഞെടുത്തില്ല എന്നതുതന്നെയാണ് ഇതിനു തെളിവ്. താന്‍ ഏറ്റവും സ്നേഹിച്ച, വിശ്വസം അര്‍പ്പിച്ച, വ്യക്തി ആയിട്ടും പ. വട്ടേശ്ശേരില്‍ തിരുമേനി ഇതിനു യാതൊരു താല്‍പ്പര്യവും കാണിച്ചില്ല. 1889-ലെ റോയല്‍ കോടതി വിധിമൂലം ജനത്തിന്‍റെ തിരഞ്ഞെടുപ്പു കൂടാതെ മലങ്കരയില്‍ ഒരു മെത്രാനും ഭരണം കിട്ടുകയില്ല. തുടര്‍ച്ചയായ വ്യവഹാരങ്ങളുടെ വിടവില്‍ അസോസിയേഷന്‍ കൂടാന്‍ സാധിക്കുമ്പോള്‍ മെത്രാന്‍ സ്ഥാനത്തേയ്ക്കു യോഗ്യരെ തിരഞ്ഞെടുക്കുക. പിന്നീട് ആവശ്യാനുസൃതം അവരില്‍ നിന്നും വാഴിക്കുക എന്ന പതിവ് നിലനില്‍ക്കുമ്പോഴാണ് ഒരിക്കല്‍പ്പോലും പണിക്കരുവീട്ടില്‍ കത്തനാര്‍ ആ സ്ഥാനത്തേയ്ക്കു പരാമര്‍ശിക്കപ്പെടാതെ പോയത് എന്നത് ഗൗരവമായിത്തന്ന പരിഗണിക്കണം. അവൈദീകരേയും ശെമ്മശന്മാരെയും ഇപ്രകാരം തിരഞ്ഞെടുത്തിട്ടുണ്ടെന്നതും, അവരില്‍ പലരും ഒരിക്കലും മേല്പട്ടസ്ഥാനം സ്വീകരിച്ചില്ലന്നതും ഇതിനോടു ചേര്‍ത്തു വായിക്കണം. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്, പണിക്കരുവീട്ടില്‍ കത്തനാരെ ബഥനിയുടെ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാനായി വാഴിച്ചെങ്കിലും അദ്ദേഹം മലങ്കര സഭ ഭരിക്കണമെന്ന് ഒരിക്കലും സഭയോ മലങ്കര മെത്രാപ്പോലീത്തായോ ആഗ്രഹിച്ചിരുന്നില്ല എന്നാണ്. മലങ്കര മെത്രാപ്പോലീത്തായുടെയും പൊതുസഭയുടെയും പൂര്‍ണ്ണസമയ സേവകരും മിഷിനറിമാരും മാത്രമായിരുന്നു ബഥനിയുടെ മെത്രാനും അംഗങ്ങളും.

ഇനി മാര്‍ ഈവാനിയോസിന്‍റെ പണം ഉപയോഗിച്ചാണ് ബഥനി ആശ്രമം സ്ഥാപിച്ചത് എന്ന വാദം പരിഗണിക്കാം. മലങ്കര സഭയുടെ ചിലവിലാണ് അദ്ദേഹം പൂര്‍ണ്ണമായും ഉന്നത വിദ്യാഭ്യാസം നടത്തിയത്. അതിനാല്‍ ആ വിദ്യാഭ്യാസത്തിന്‍റെ ഫലം ബഥനിയുടെ വളര്‍ച്ചയ്ക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിനെ സ്വന്ത സമ്പാദ്യം എന്നു വിശേഷിപ്പിക്കാനാവില്ല. മലങ്കര സഭയ്ക്ക് ഒരു ആശ്രമം സ്ഥാപിക്കാന്‍ ഇലഞ്ഞിക്കല്‍ ഇ. ജെ. ജോണ്‍ വക്കീല്‍ സംഭാവന നല്‍കിയ സ്ഥലമാണ് മുണ്ടന്‍മല. സമുദായം നല്‍കിയ കുറെ പണം ഒഴിവാക്കിയാല്‍, 1920-കളിലെ സാമ്പത്തിക മാന്ദ്യത്തില്‍നിന്നും കരകയറിയില്ലങ്കിലും മുണ്ടു മുറുക്കിയുടുത്ത് നസ്രാണി നല്‍കിയ പിടിയരിയും ചില്ലിക്കാശും, ആബോ അലക്സിയോസ് നാടുതെണ്ടി പിരിച്ചുണ്ടാക്കിയ പണവുമാണ് ബഥനി ആശ്രമത്തിനു രൂപം നല്‍കിയത്.

സാമ്പത്തിക കാര്യത്തില്‍ മാര്‍ ഈവാനിയോസ് ഒട്ടും വിശ്വസ്ഥനോ സുതാര്യത പുലര്‍ത്തുന്ന വ്യക്തിയോ ആയിരുന്നില്ല. ഈ വസ്തുത 1914-നു മുമ്പുതന്നെ ഇടവഴിക്കല്‍ ഇ. എം. ഫിലിപ്പ് സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് ആബോ അലക്സിയോസ് മലയായില്‍നിന്നും പിരിച്ചുകൊണ്ടുവന്ന പണവുമായി മറുകണ്ടം ചാടിയും, ബഥനിയിലെ ഇളകുന്ന വസ്തുക്കള്‍ മുഴുവന്‍ പൊതിഞ്ഞുകെട്ടി കൊല്ലത്തിനു കടത്തിയും, ബഥനി ആശ്രമവും സ്വത്തുക്കളും പിടിച്ചെടുക്കാന്‍ കോടതിവഴിയും ഗുണ്ടായിസം വഴിയും ശ്രമിച്ചും ഈ സൂചന ശരിയെന്നു അദ്ദേഹം പില്‍ക്കാലത്ത് തെളിയിച്ചു. താല്‍ക്കലികമായി കൈവശം ലഭിച്ച മലങ്കര സഭവക സ്കൂളുകളുടെ മാനേജര്‍ സ്ഥാനം ഉപയോഗിച്ച് അവയെ റോമന്‍ കത്തോലിക്കാ സഭയുടേതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കൊണ്ടെത്തിച്ച വ്യവഹാരങ്ങള്‍ അവസാനിച്ചത് അദ്ദേഹത്തിന്‍റെ കാലശേഷം 1960-കളിലാണ്. ഇത്തരമൊരു വ്യക്തി സാമ്പത്തിക ഇടപാടുകളെക്കുറിച്ചു നടത്തുന്ന അവകാശവാദങ്ങള്‍ ഒരിക്കലും മുഖവിലയ്ക്കെടുക്കാനാവില്ല.

മലങ്കര സഭയിലെ ആദ്യ എം. എ.-ക്കാരന്‍ കത്തനാര്‍ എന്ന താരപരിവേഷവും, സഭയും മലങ്കര മെത്രാപ്പോലീത്തായും തനിക്കും ബഥനി പ്രസ്ഥാനത്തിനും നല്‍കുന്ന അകമഴിഞ്ഞ പിന്തുണയും തന്‍റെ വ്യക്തിപ്രഭാവംകൊണ്ടു മാത്രമാണന്ന് മാര്‍ ഈവാനിയോസ് വിശ്വസിച്ചങ്കില്‍ അത്ഭുതമില്ല. സ്വാഭാവികമായും 1928-ല്‍ രണ്ടാമത്തെ കാതോലിക്കാ അപ്രതീക്ഷിതമായി കാലം ചെയ്തപ്പോള്‍ ആ സ്ഥാനം ലഭിക്കുവാന്‍ തന്നേക്കാള്‍ യോഗ്യന്‍ മറ്റാരുമില്ലന്നു അദ്ദേഹം ഭ്രമിച്ചുവശായി. പക്ഷേ പ്രശസ്തിയുടെ ഉച്ചകോടിയില്‍ നിന്ന മാര്‍ ഈവാനിയോസിനെ ഞെട്ടിച്ചുകൊണ്ട് അത്യുന്നത മഹാപുരോഹിത സ്ഥാനത്തേയ്ക്കു ഉയര്‍ത്തപ്പെട്ടത് അപ്രശസ്തനും തന്നേക്കാള്‍ അനേകപടി അയോഗ്യനുമായ കൊല്ലത്തിന്‍റെ കല്ലാശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായാണ്.

യഥാര്‍ത്ഥത്തില്‍ 1929-ല്‍ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയനെ വാഴിക്കുമ്പോള്‍ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരിക്കുന്ന സുന്നഹദോസ്-അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി- തീരുമാനിക്കുന്നതനുസരിച്ചു മേല്പട്ടക്കാരെ വാഴിക്കാനും വി. മൂറോന്‍ കൂദാശ ചെയ്യുവാനും അധികാരമുള്ള ഒരു നിയന്ത്രിത സ്ഥാനി മാത്രം ആയിരുന്നു. അന്ന് മലങ്കര സഭയുടെ യഥാര്‍ത്ഥ ഭരണം മലങ്കര മെത്രാപ്പോലീത്തായുടെ കൈകളിലായിരുന്നു. പക്ഷേ കാതോലിക്കാ സ്ഥാനം കരഗതമായാല്‍ കാലവിളംബമെന്യേ മലങ്കരസഭാഭരണം തന്‍റെ കൈകളില്‍ പൂര്‍ണ്ണമായി എത്തുമെന്ന് മാര്‍ ഈവാനിയോസിന് അറിവുണ്ടായിരുന്നു. ഇതിനു കാരണം ആസന്നമായ ഭരണഘടനാ നിര്‍മ്മാണമായിരുന്നു.

1876-ലെ മുളന്തുരുത്തി സുന്നഹദോസ് നിശ്ചയങ്ങളാല്‍ മാത്രം ഭരിക്കപ്പെടുന്ന മലങ്കര സഭയ്ക്ക് വ്യവസ്ഥാപിതമായ ഒരു ഭരണഘടന ഉണ്ടാകണമെന്ന താല്പര്യം 1920-ൽ തന്നെ മുളപൊട്ടിയിരുന്നു. അതിനുള്ള അണിയറ നീക്കങ്ങള്‍ സജീവമായിരുന്നെങ്കിലും തുടരുന്ന വ്യവഹാര പരമ്പരകള്‍ക്കിടയില്‍ അന്ന് അത് അസാദ്ധ്യമായിരുന്നു. 1932-ല്‍ മാര്‍ ദീവന്നാസ്യോസ് ആറാമന്‍ പ്രസിദ്ധീകരിച്ച മലങ്കരസഭാ ഭരണഘടനയുടെ നക്കലില്‍ നിന്നും മാര്‍ ഈവാനിയോസിന്‍റെ മോഹംഭംഗത്തിന്‍റെ കാരണം വ്യക്തമാണ്. താഴെ പറയുന്നവയാണ് കാതോലിക്കാ സ്ഥാനത്തേപ്പറ്റിയുള്ള പ. വട്ടശ്ശേരില്‍ തിരുമേനിയുടെ നിര്‍ദ്ദേശങ്ങള്‍:
1. മലങ്കരസഭയുടെ തലവന്‍ കാതോലിക്കായായിരിക്കണം.
2. മലങ്കര മെത്രാന്‍റെ അധികാരങ്ങള്‍ കാതോലിക്കായില്‍ ലയിപ്പിക്കണം.
3. നിയമതടസ്സമില്ലെങ്കില്‍ താന്‍ അധികാരമൊഴിയാന്‍ തയാറാണ്.
4. തനിക്കുശേഷം മലങ്കര മെത്രാന്മാരെ തിരഞ്ഞെടുക്കരുത്.
5. ഏതെങ്കിലും നിയമപ്രശ്നങ്ങള്‍ മൂലം മലങ്കരമെത്രാന്‍ സ്ഥാനം നിലനിര്‍ത്തേണ്ടിവരുന്നപക്ഷം കാതോലിക്കായെത്തന്നെ മലങ്കര മെത്രാനാക്കണം.

ഈ നിര്‍ദ്ദേശങ്ങള്‍ 1928-നു മുമ്പു രൂപപ്പെട്ടില്ലെന്നോ അതിനെക്കുറിച്ച് മാര്‍ ഈവാനിയോസിന് അറിവില്ലായിരുന്നു എന്നോ ചിന്തിക്കുന്നത് മൗഡ്യമായിരിക്കും. മാര്‍ ദീവന്നാസ്യോസ് ആറാമന്‍റെ ഗംഭീരമായ വ്യക്തിത്വം മൂലം ഇത് നടപ്പിലാകുമെന്ന് മാര്‍ ഈവാനിയോസിന് ഉറപ്പായിരുന്നു. ഇപ്പോള്‍ കാതോലിക്കാ ആയി വാഴിക്കപ്പെട്ടാല്‍ മാര്‍ ദീവന്നാസ്യോസ് ആറാമന്‍റെ കാലശേഷമെങ്കിലും മലങ്കര സഭ പൂര്‍ണ്ണമായും തന്‍റെ ഹസ്തതലത്തിലെത്തുമെന്ന് മാര്‍ ഈവാനിയോസ് കണക്കുകൂട്ടി എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. പ. വട്ടശ്ശേരില്‍ തിരുമേനി വൃദ്ധനും രോഗിയുമായതിനാല്‍ ഇതിന് അധികം കാത്തിരിക്കേണ്ടി വരികയുമില്ല. പക്ഷേ തന്‍റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് താരതമ്യേനെ ചെറുപ്പക്കാരനായ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ സ്ഥാനത്തെത്തുന്നത്. പിന്നീട് 1934-ല്‍ അദ്ദേഹം മലങ്കര മെത്രാപ്പോലീത്തായുമായി.

ബാഹ്യകേരള മിഷന്‍ എന്ന ബഥനിയുടെ അടിസ്ഥാന ലക്ഷ്യപ്രാപ്തിക്കായി ഒരു ചെറുവിരല്‍ പോലും അനക്കാതെ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയിട്ട് അനുസരണം, ദാരിദ്യം തുടങ്ങിയ വൃതവാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തി മാതൃസഭയെ വഞ്ചിച്ച് റോമാ സഭയുടെയും തിരുവനന്തപുരത്തിന്‍റെയും സുഖശീതളിമയില്‍ നിമജ്ഞനായ മാര്‍ ഈവാനിയോസിനു റോമാഭ്രമം മുമ്പുതന്നെ ഉണ്ടായിരുന്നെന്നും, മലങ്കര സഭയെ സര്‍വംസ്വഹയാക്കി അവിടേക്കു ചേക്കേറുവാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു എന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. അതു വാസ്തവമെങ്കില്‍ കാതോലിക്കാ സ്ഥാനം ലഭിക്കാതെ പോയത് തികച്ചും തലയ്ക്കേറ്റ അടിതന്നെയാണ്.

ഏതായാലും 1930 സെപ്റ്റംബര്‍ 20-ന് കൊല്ലത്തെത്തി കൊല്ലം ലത്തീന്‍ രൂപതയുടെ ബിഷപ്പ് ഡോ. മറിയാ ബന്‍സിഗറിന്‍റെ മുമ്പില്‍ പാപ്പായെ വഴങ്ങി മാര്‍ ഈവാനിയോസ് റോമാസഭയില്‍ ചേര്‍ന്നു. കൂടെ പോവാന്‍ ആത്മീകമായും ശാരീരികമായും ബന്ധിക്കപ്പെട്ടിരുന്ന ബഥനിയിലെ ഏതാനും കന്യാസ്ര്തീകളും ദുര്‍ബല മനസ്കനായ ബഥനിയുടെ എപ്പിസ്ക്കോപ്പാ യാക്കോബ് മാര്‍ തേയോഫീലോസുമാണ് ഉണ്ടായിരുന്നത്. (ഈ വിശ്വാസ വഞ്ചനയുടെ ഭാരം താങ്ങാനാവാതെ മാര്‍ തേയോഫീലോസ് ദുര്‍ബല മനസ്കനായിത്തന്നെയാണ് ശിഷ്ടജീവിതം നയിച്ചതും തിരുവല്ലാ രൂപത ഭരിച്ചതും.) “അച്ചനും ശെമ്മാശനും മാനേജരും വണ്ടിയില്‍ കയറിക്കൊള്ളുക; നമുക്കു കൊല്ലത്തിനു പോകാം” എന്ന മാര്‍ ഈവാനിയോസിന്‍റെ ബഥനിയിലെ അവസാന വാചകങ്ങള്‍ പ്രാര്‍ത്ഥനയും തീക്ഷ്ണതയുമല്ല, വൃതവാഗ്ദാനത്തിന്‍റെ നഗ്നമായ ദുരുപയോഗമാണ് ഈ പരിമിതാംഗങ്ങളേപ്പോലും റോമാ പാളയത്തിലെത്തിച്ചതെന്നു വ്യക്തമാക്കുന്നുണ്ട്.

തന്‍റെ ഗംഭീരമായ വ്യക്തിത്വത്തിലും വാചകചടുലതയിലും ഭ്രമിച്ച് വെള്ളത്തിലെ തിരതള്ളി വരുമ്പോലെ ലക്ഷം ലക്ഷം നസ്രാണികള്‍ – സാക്ഷാല്‍ സുറിയാനി ക്രിസ്ത്യാനികള്‍ – തന്‍റെ പിന്നാലെ റോമാ സഭയിലേയ്ക്ക് ഒഴുകുമെന്നാണ് 1930-ല്‍ റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നപ്പോള്‍ മാര്‍ ഈവാനിയോസ് വീമ്പിളക്കിയത്. എന്നാല്‍ (ലൗകികമായ) കടങ്ങളുടെ പരിഹാരത്തിനായി പറ്റിക്കൂടിയ ഏതാനും വൈദികരും അപൂര്‍വം മലങ്കര നസ്രാണികളുമല്ലാതെ പാപങ്ങളുടെ മോചനത്തിനായി പ്രതീക്ഷപോലെ ആയിരക്കണക്കിനു നസ്രാണികളൊന്നും മാര്‍ ഈവാനിയോസിനെ പിന്തുടര്‍ന്ന് റോമാസഭയില്‍ ചേക്കേറിയില്ല. തന്നോടല്ല, മലങ്കര സഭയോടാണ് നസ്രാണിക്ക് കൂറ് എന്ന് മാര്‍ ഈവാനിയോസിന് തിരിച്ചറിവുണ്ടായത് അപ്പോഴാണ്.

മലങ്കര സഭ ആവശ്യപ്പെട്ടിട്ടാണ് താന്‍ റോമാ സഭയുമായി ബന്ധപ്പെട്ടതെന്നും പിന്നീട് അതില്‍ നിന്നും പിന്മാറി മലങ്കര സഭയാണ് വഞ്ചിച്ചതെന്നും മാര്‍ ഈവാനിയോസ് അവകാശപ്പെടുന്നുണ്ട്. അതിലോരു സുപ്രധാന യോഗത്തില്‍ പ. ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ബാവാ പങ്കെടുത്തെന്നും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1892 മുതല്‍ 1928-ല്‍ താന്‍ കാലം ചെയ്യുന്നതിന് അഞ്ചു ദിവസം മുമ്പുവരെ സൂക്ഷ്മമായും കൃത്യമായും വിവരങ്ങള്‍ തന്‍റെ സഭാ ജീവിത നാള്‍വഴിയില്‍ രേഖപ്പെടുത്തിയ പ. വാകത്താനത്തു ബാവ, ഇത്തരമൊരു നീക്കത്തെക്കുറിച്ച് ഒരൊറ്റ അക്ഷരം പോലും സൂചിപ്പിച്ചിട്ടില്ല.

തനിക്ക് ലഭ്യമാകാതെ പോയ കാതോലിക്കാ സ്ഥാനം തുടര്‍ന്നും മാര്‍ ഈവാനിയോസിനെ മോഹിപ്പിച്ചിരുന്നു. അതിനാലാണ് റോമാ സഭയില്‍ ചേരുമ്പോള്‍ പല ബഹുമതികളും തനിക്ക് ആവശ്യപ്പെട്ട കൂട്ടത്തില്‍ കാതോലിക്കാ സ്ഥാനവും അദ്ദേഹം ആവശ്യപ്പെട്ടത്. അതു നിരസിച്ചുകൊണ്ട് 1929 ഓഗസ്റ്റ് 5-നു റോം കൊടുത്ത മറുപടി താഴെ പറയുന്നതാണ്.
…Thus for instance, if, as, above, one Bishop returns with a considerable part of his clergy and flock, the Holy See will be inclined to retain him under its own immediate jurisdiction. In further eventual organisation of hierarchy alone Catholic lines, their can, of course, be no question of a synodal form of episcopal government, nor can any hopes be entertained for the retention of a position or title like that of “Catholicos” which is not supported by a long-standing ecclesiastical tradition in Malabar. (AAT, A 8/1929)…

ആഗ്രഹിച്ച കാതോലിക്കാ സ്ഥാനം നിഷേധിച്ചെന്നു മാത്രമല്ല, രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് 1932 ഫെബ്രുവരി 13-ന് റോമാസഭ അദ്ദേഹത്തെ പാസിസ് എന്ന സ്ഥലത്തിന്‍റെ സ്ഥാനിക ആര്‍ച്ചുബിഷപ്പായി അംഗീകരിച്ചത്. നല്‍കിയ സ്ഥാനം മലങ്കര മെത്രാപ്പോലീത്ത അല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അതേവര്‍ഷം ജൂണ്‍ 11-ന് പയസ് പതിനൊന്നാമന്‍ മാര്‍പാപ്പാ ക്രിസ്റ്റോ പാസ്റ്ററം പ്രിന്‍സിപ്പി എന്ന ബൂളയിലൂടെ തിരുവനന്തപുരം അതിരൂപത സ്ഥാപിക്കുകയും മാര്‍ ഈവാനിയോസിനെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തി അതിന്‍റെ അദ്ധ്യക്ഷനായി നിയമിക്കുകയും ചെയ്തു. മലങ്കര സഭയുടെ ആസ്ഥാനമായ കോട്ടയത്തോ, നസ്രാണി ഹൃദയഭൂമിയായ തിരുവല്ല- മാവേലിക്കര- ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലോ അതിരൂപത അനുവദിക്കാതെ മരുന്നിനുമാത്രം നസ്രാണിയുള്ള തിരുവനന്തപുരത്ത് അദ്ദേഹത്തെ റോം കുടിയിരുത്തി എന്ന വസ്തുത മാര്‍ ഈവാനിയോസിന്‍റെ അനേകം അവകാശവാദങ്ങള്‍ പൊളിക്കുന്നതാണ്.

മാര്‍ ഈവാനിയോസിനെ പ്രകീര്‍ത്തിക്കുന്ന ചില സ്തുതിവചനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
1. റോമന്‍ കത്തോലിക്കാ സഭയിലെ മലങ്കര റീത്തിന്‍റെ സ്ഥാപകന്‍
2. പുനരൈക്യത്തിന്‍റെ ശില്പി
3. ഭാരത ന്യൂമാന്‍
4. വിശ്വ മാനവന്‍
അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ഇന്ന് സ്വയം എടുത്തണിയുന്ന വിശേഷണങ്ങള്‍ ഇവിടെ പരിഗണിക്കുന്നില്ല. പക്ഷേ മുകളില്‍ പറഞ്ഞ എല്ലാ അവകാശവാദങ്ങളും തെറ്റാണന്ന് ഒറ്റവാക്കില്‍ പറഞ്ഞിട്ട് അതിന്‍റെ വിശദാംശങ്ങളിലേയ്ക്കു കടക്കാം.

റോമന്‍ കത്തോലിക്കാ സഭയിലെ ഒരു പൗരസ്ത്യ റീത്ത് (rite) എന്നാല്‍, റോമന്‍ കത്തോലിക്കാ വിശ്വസമനുസരിച്ച് ഭേദപ്പെടുത്തിയ കുര്‍ബാന തക്സായും കൂദാശക്രമങ്ങളും വൈദിക വസ്ത്രങ്ങളും ഉപയോഗിക്കുവാനുള്ള അവകാശം മാത്രമാണ്. മറ്റ് സാമൂഹികാചാരങ്ങളും പാരമ്പര്യങ്ങളും റീത്ത് സ്ഥാപനത്തിന്‍റെ സമീപഭാവിയില്‍ത്തന്നെ ഇല്ലാതാക്കുമെന്നതിനാല്‍ അവ പരിഗണിക്കേണ്ട കാര്യമില്ല. മലങ്കര റീത്തുകാര്‍ക്ക് വൈദിക വിവാഹവും കമ്മീശും ഒറ്റ തലമുറകൊണ്ട് ഇല്ലായ്മചെയ്തതു ഇതിന് ഉദാഹരണമായി എടുത്താല്‍മതി. ഉപരിപ്ലവമായ ഈ വേഷപ്പകര്‍ച്ച അജമോഷണത്തിന് (proselytism) മദ്ധ്യകാലം മുതല്‍ റോമന്‍ കത്തോലിക്കാ സഭ ഉപയോഗിക്കുന്ന തന്ത്രമാണ്.

പതിനെട്ടാം നൂറ്റാണ്ടിന്‍റെ അന്ത്യം മുതല്‍ മലങ്കര സഭ ഉപയോഗിക്കുന്നത് അന്ത്യോഖ്യന്‍ കൂദാശാ ക്രമങ്ങളും വസ്ത്രങ്ങളുമാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രാരംഭം മുതല്‍ ആരാധനാ ഭാഷ പാശ്ചാത്യ സുറിയാനിയില്‍നിന്നും മലയാളത്തിലേയ്ക്കു പരിവര്‍ത്തനപ്പെട്ടു തുടങ്ങി. ഇത് റോമന്‍ കത്തോലിക്കാ സഭയില്‍ പ്രത്യേകമായി നിലനിര്‍ത്തുവാനുള്ള അംഗീകാരം റോം നല്‍കിയതിന്‍റെ ബഹുമതി മാര്‍ ഈവാനിയോസിന് അവകാശപ്പെട്ടതല്ല. അതിനുത്തരവാദി ക്നാനായ കത്തോലിക്കരുടെ മെത്രാന്‍ മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലാണ്. ക്നാനായ സുറിയാനിക്കാരെ റോമന്‍ കത്തോലിക്കാ സഭയിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ മലങ്കര റീത്ത് നല്ല ഒരു ആയുധമായിരിക്കുമെന്ന കഴ്ചപ്പാടില്‍ അദ്ദേഹം റോമിലേയ്ക്ക് അതിനായി അപേക്ഷ അയച്ചു. അതനുസരിച്ച് 1921 ജൂലൈ 5-ന് മലങ്കര റീത്ത് അനുവദിച്ചു. അക്കാലത്ത് റോമാ സഭയില്‍ ചേര്‍ന്ന ക്നാനായക്കാര്‍ ഇന്നും മലങ്കര ഫൊറോനാ എന്ന പേരില്‍ പ്രത്യേക വിഭാഗമായും വ്യത്യസ്ഥ പള്ളികളായും കോട്ടയം ക്നാനായ അതിരൂപതയില്‍ നില്‍ക്കുകയും, ഭേദപ്പെടുത്തിയ പാശ്ചാത്യ സുറിയാനിക്രമം ഉപയോഗിക്കുകയും ചെയ്യുന്നു.

അന്ന് ക്നാനായ സമൂദായത്തില്‍നിന്നും റോമന്‍ കത്തോലിക്കാ സഭയില്‍ചേര്‍ന്ന ഒറ്റത്തൈയ്ക്കല്‍ തോമ്മാ കത്തനാര്‍ പിന്നീട് മടങ്ങിയെത്തി മാര്‍ ദീയസ്ക്കോറോസ് എന്ന പേരില്‍ ക്നാനായ ഭദ്രാസനത്തിന്‍റെ ദ്വിതീയ മെത്രാപ്പോലീത്തായായി. പിന്നീട് വീണ്ടും റോമാ സഭയില്‍ ചേര്‍ന്ന അദ്ദേഹത്തെയും പുനരൈക്യത്തിന്‍റെ പുത്രന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്! മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലിന്‍റെ പിന്‍ഗാമി, സീറോ-മലബാര്‍ റീത്തുകാരനായ മാര്‍ തോമസ് തറയില്‍ അന്ത്യോഖ്യന്‍ കാപ്പ ധരിച്ച് മലങ്കര റീത്തില്‍ കുര്‍ബാന അര്‍പ്പിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ പതിനൊന്നു വര്‍ഷം മുമ്പ് ക്നാനായക്കാര്‍ക്ക് അനുവദിച്ചുകിട്ടിയ മലങ്കര റീത്ത് ഉപയോഗിക്കാന്‍ റോം ദയാപൂര്‍വം മാര്‍ ഈവാനിയോസിനെ അനുവദിക്കുക മാത്രമാണ് 1932-ല്‍ ചെയ്തത്. 1930 സെപ്റ്റംബര്‍ മുതല്‍ 1932 വരെ അദ്ദേഹം ഏതു ക്രമം ഉപയോഗിച്ചു എന്ന വസ്തുതയും ചിന്തനീയമാണ്.

ഇനി നസ്രാണികളെ റോമാ സഭയ്ക്ക് ആദായപ്പെടുത്താന്‍ ആരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തിന്‍റെ ശില്പി എന്ന വിശേഷണം പരിഗണിക്കാം. പൗരസ്ത്യ സഭകളില്‍ നിന്നും റോമന്‍ കത്തോലിക്കാ സഭയിലേയ്ക്കു അജമോഷണം നടത്തുന്നതിന് കേരളത്തില്‍ സൃഷ്ടിച്ച നാമമാണ് പുനരൈക്യം. റോമന്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പദകോശത്തില്‍ പുനരൈക്യം (reunion) എന്നൊരു പദമില്ല. പൗരസ്ത്യ സഭകളില്‍ നിന്നും റോമന്‍ കത്തോലിക്കാ സഭയില്‍ ചേരുന്നവര്‍ക്ക് വെറും വരത്തര്‍ അഥവാ Uniates (= ചേര്‍ന്നവര്‍ ) എന്നു മാത്രമാണ് യഥാര്‍ത്ഥ പദപ്രയോഗം. പുനരൈക്യം ആയാലും ചേര്‍ന്നവര്‍ ആയാലും അതിന്‍റെ സ്ഥാപകന്‍ എന്ന ബഹുമതി മാര്‍ ഈവാനിയോസിന് അര്‍ഹതപ്പെട്ടതല്ല. അത് അദ്ദേഹത്തെ റോമാ വഴക്കിയ കൊല്ലം രൂപതയുടെ ബിഷപ്പ് ഡോ. മറിയാ ബന്‍സിഗറിന് അവകാശപ്പെട്ടതാണ്. 1914-ല്‍ അദ്ദേഹം കറ്റാനത്ത് ആരംഭിച്ച മിഷന്‍ വഴിയും പുനലൂര്‍ കേന്ദമാക്കിയും കൊല്ലം രൂപത നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലം മലങ്കര സഭയിലെ ഏതാനും വൈദീകരും കുറച്ച് കുടുംബങ്ങളും റോമാ സഭയില്‍ ചേര്‍ന്നു. 1955-ല്‍ ഇത്തരം ഒന്‍പത് വൈദീകരും പതിനായിരത്തോളം ജനങ്ങളും കൊല്ലം രൂപതയില്‍ ഉണ്ടായിരുന്നു. മാര്‍ ഈവാനിയോസ് പോലും ഈ മിഷന്‍റെ സൃഷ്ടിയാണന്ന് ആരെങ്കിലും വാദിച്ചാല്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

1955 ഏപ്രില്‍ 29-ന് റോമാ പാപ്പായുടെ മുള്‍ട്ടാറും ഫിഡിലിയും… എന്ന ബൂളാ വഴി കോട്ടയം ഒഴികെ ഇതര കത്തോലിക്കാ രൂപതകളില്‍ ചേര്‍ന്ന മലങ്കര സഭാംഗങ്ങളെ തിരുവനന്തപുരം അതിരൂപതയ്ക്ക് വിട്ടുകൊടുത്തു. ഇന്ന് തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള പരിമിത സുറിയാനി ക്രിസ്ത്യാനി അംഗങ്ങളില്‍ ഭൂരിപക്ഷവും താന്‍ റോമാ വഴങ്ങി കാല്‍ നൂറ്റാണ്ടിനു ശേഷം ഇപ്രകാരം റോം ദയാപൂര്‍വം ദാനം ചെയ്തവരാണ്. അത്തരം പശ്ചാത്തലമുള്ള ഒരു പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ എന്ന് എങ്ങിനെ മാര്‍ ഈവാനിയോസിനെ വിശേഷിപ്പിക്കും?

റോമാ സഭയില്‍ ചേക്കേറിയ മാര്‍ ഈവാനിയോസിനെ തിരുവനന്തപുരത്തു കുടിയിരുത്തിയതിനു പിമ്പിലും പരോക്ഷമായെങ്കിലും ബിഷപ്പ് ഡോ. മറിയാ ബന്‍സിഗറിന് പങ്കുണ്ട്. 19-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യം മുതല്‍ റോമന്‍ കത്തോലിക്കാ സഭ ഇന്നത്തെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളില്‍ ഫലപ്രദമായ സുവിശേഷ പ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. ഡോ. മറിയാ ബന്‍സിഗര്‍ കൊല്ലം ബിഷപ്പായിരുന്ന കാലത്ത് ഈ പ്രവര്‍ത്തനം ഉച്ചകോടിയിലെത്തി. മുഖ്യമായും സ്പാനീഷ് മിഷനറിമാരുടെ പ്രവര്‍ത്തനം മൂലം ഈ ജില്ലകളിലെ നാടാര്‍, പരവര്‍, പുലയര്‍ തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ട ആയിരക്കണക്കിനാളുകളാണ് അന്ന് റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നുകൊണ്ടിരുന്നത്. വിവിധ മിഷനറി സമൂഹങ്ങള്‍ നടത്തിവന്ന ഈ പ്രവര്‍ത്തനത്തിലൂടെ ക്രൈസ്തവരായവരെ കൊല്ലം രൂപതയിലാണ് ചേര്‍ത്തിരുന്നത്.

ഈ സുവിശേഷീകരണം കൊല്ലം രൂപതയ്ക്കു വഹിയ്ക്കാവുന്നതിലധികമായി. അതിനെത്തുടര്‍ന്ന് കൊല്ലം രൂപതയെ വിഭജിച്ച് കൊല്ലം, തിരുവനന്തപുരം, കോട്ടാര്‍ എന്നിങ്ങനെ മൂന്നു രൂപതകളാക്കണമെന്ന് ഡോ. ബന്‍സിഗര്‍ ശുപാര്‍ശ ചെയ്തു. ഇവയില്‍ കോട്ടാര്‍ രൂപത 1930-ല്‍ നിലവില്‍ വന്നു. എന്നാല്‍ 1932-ല്‍ ബിഷപ്പ് ഡോ. ബന്‍സിഗറിനെ, കൊല്ലം രൂപതയുടെ ചരിത്രപ്രകാരം, അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട്, പ്രധാനസ്ഥലമായ തിരുവനന്തപുരത്ത് സീറോ-മലങ്കര അതിരൂപതയാണ് റോം അനുവദിച്ചത്. ചരിത്രകാരനായ ഗിബ്ബണിന്‍റെ വാക്കുകളില്‍ … Mar Ivanios’s rejoicements were a little dampened by hearing Bishop Benziger give expression in the pulpit to the Carmelites’ disappointment. In erecting this Archiepiscopal and Metrapolitan See in Trivandrum, he said, “His Holiness seems to have been conscious that some elder children who were not consulted might feel tempted to complain of preference.” … എന്നായിരുന്നു ഡോ. ബന്‍സിഗറിന്‍റെ പ്രതികരണം. ഏതായാലും അദ്ദേഹത്തിന്‍റെ പ്രതിഷേധം ഫലിച്ചു. ഒരേ നഗര നാമത്തില്‍ രണ്ടു രൂപത പാടില്ല എന്ന റോമാ സഭയുടെ പാരമ്പര്യം ലംഘിച്ചുകൊണ്ട് 1937-ല്‍ തിരുവനന്തപുരത്ത് ലത്തീന്‍ രൂപത കൂടി അനുവദിക്കാന്‍ റോം നിര്‍ബന്ധിതമായി.

രണ്ടു വര്‍ഷം കാത്തിരുന്നിട്ടും ഒറ്റാലില്‍ ഊപ്പ കയറുന്നില്ലന്നുള്ള യാഥാര്‍ത്ഥ്യം അറിയാന്‍ അന്നും റോമിന് മികച്ച സംവിധാനമുണ്ടായിരുന്നു. കയറാന്‍ നസ്രാണിക്ക് ഉദ്ദേശമില്ലന്നും ബോദ്ധ്യമായി. അതിനാല്‍ വന്നുകയറിയ മാര്‍ ഈവാനിയോസിനെ ഡോ. ബന്‍സിഗര്‍ ശുപാര്‍ശ ചെയ്ത തിരുവനന്തപുരം രൂപതയ്ക്കു പകരം ഒരു അതിരൂപത സൃഷ്ടിച്ച് അവിടെ കുടിയിരുത്തി എന്ന് ആരെങ്കിലും വാദിച്ചാല്‍ എതിര്‍വാദം വിഷമകരമാണ്. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളില്‍ അക്കാലത്ത് റോമന്‍ കത്തോലിക്കാ മിഷനറിമാര്‍ നടത്തിയ പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ തീവ്രത മനസിലാക്കാന്‍ പരമ്പരാഗത നസ്രാണി ആവാസഭൂമി അവസാനിക്കുന്ന ആയൂരിന് (കൊട്ടാരക്കര) തെക്കുള്ള സീറോ – മലങ്കര ദേവാലയങ്ങളുടെ എണ്ണം മാത്രമെടുത്താല്‍ മതി. 1996-ല്‍ തിരുവനന്തപുരം സീറോ-മലങ്കര അതിരൂപത വിഭജിച്ച് മാര്‍ത്താണ്ഡം രൂപത സ്ഥാപിച്ചു. 1960-ല്‍ ഈ പ്രദേശത്ത് മിഷനറി പ്രവര്‍ത്തനം ആരംഭിച്ച സീറോ – മലബാര്‍ സഭയ്ക്ക് 1996-ല്‍ തക്കല കേന്ദ്രമാക്കി പുതിയൊരു രൂപതയും നിലവില്‍ വന്നു. വിശദീകരണം ആവിശ്യമില്ലാത്ത ഈ വസ്തുതകള്‍ കൂടി ഇവിടെ പരിഗണിക്കണം .

1980-ൽ മാർ ഇവാനിയോസിന്റെ റോമാ പ്രവേശനത്തിന്‍റെ കനക ജൂബിലി ആഘോഷിച്ചപ്പോൾ അദ്ദേഹത്തിനു ചാർത്തിക്കൊടുത്ത ഒരു വിശേഷണമാണ് ഭാരത ന്യൂമാൻ . ഇംഗ്ലണ്ടിലെ പ്രശസ്തനായ കർദ്ദിനാൾ ജോൺ ഹെൻറി ന്യൂമാന് (1801 -90) സമനാണ് മാർ ഇവാനിയോസ് എന്നാണ് അർത്ഥമാക്കിയത്. പക്ഷേ കർദ്ദിനാൾ ന്യൂമാന്റെ ജീവചരിത്രം പരിശോധിച്ചാൽ മാർ ഇവാനിയോസിനെ യാതൊരു വിധത്തിലും അദ്ദേഹവുമായി താരതമ്യം ചെയ്യാനാവില്ല എന്ന യാഥാർത്ഥ്യം ബോദ്ധ്യപ്പെടും.

ഓക്സ്ഫോർഡ് പണ്ഡിതനും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പട്ടക്കാരനും ആയിരുന്ന റവ. ന്യൂമാൻ റോമൻ കത്തോലിക്കാ വിശ്വാസത്തിൽ ആകൃഷ്ടനായി 1845 – ൽ റോമാ സഭയിൽ ചേർന്നു. റോമൻ കത്തോലിക്കാ സഭ അദ്ദേഹത്തിന് മെത്രാൻ സ്ഥാനവും തുടർന്ന് കർദ്ദിനാൾ പദവിയും നൽകി. 2010 ൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു എന്നോഴികെ കര്‍ദിനാള്‍ ന്യൂമാനും മാര്‍ ഇവാനിയോസും തമ്മില്‍ താരതമ്യങ്ങലില്ല. റോമന്‍ കത്തോലിക്കാ സഭയില്‍ ചേരാന്‍ നിശ്ചയിച്ച അദ്ദേഹം 1843- ല്‍ ആംഗ്ലിക്കന്‍ സഭയിലേതടക്കം എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും രാജി വെച്ച് പൊതു ജീവിതത്തില്‍നിന്നും പിന്‍വാങ്ങി രണ്ടുവര്ഷം ചിലവഴിച്ച ശേഷമാണ് മതംമാറ്റം നടത്തിയത്. ആംഗ്ലിക്കന്‍ സഭയുടെയോ, ഓക്സ്ഫോര്‍ഡ് മൂവ്‌മെന്റിന്‍റെയൊ ഏതെങ്കിലും സ്വത്തോ സമ്പാദ്യമോ അദ്ദേഹം കൂടെ കൊണ്ടുപോയില്ല. അവയുടെ മേല്‍ അന്നോ പില്‍ക്കലത്തോ ഏതെങ്കിലും അവകാശം ഉന്നയിച്ചിട്ടുമില്ല. കൈയേറാന്‍ ശ്രമിച്ചതുമില്ല. ആരെയും തന്നോടൊപ്പം മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചില്ല. തന്നോടൊപ്പം ആളുകൂട്ടാന്‍ തരംതാണ പാല്‍പ്പൊടി സുവിശേഷം പ്രയോഗിച്ചുമില്ല. ഏതെങ്കിലും സ്ഥാനത്തിനായി റോമുമായി അദ്ദേഹം വിലപേശിയില്ല. മാര്‍ ഇവാനിയോസിനെ അത്തരത്തിലുള്ള കര്‍ദിനാള്‍ ന്യൂമാനോട് എങ്ങനെ താരതമ്യപ്പെടുത്തും?

സമീപ കാലത്ത് മാർ ഈവാനിയോസിനെ വിശ്വമാനവൻ എന്നു വിശേഷിപ്പിച്ചു കണ്ടു. ഇതിനെ കുറിച്ച് കൂടുതൽ വിശദീകരണത്തിനു മുതിരുന്നില്ല. ആ പദത്തിന്‍റെ നിഘണ്ടുവിലുള്ള അർത്ഥമാണോ പ്രയോഗാർത്ഥമാണോ ഉപയോഗിക്കുന്നത് എന്നൊരു സംശയം ഉദിക്കുന്നു. രണ്ടായാലും മഹാത്മാ ഗാന്ധി,  മാർട്ടിൻ ലൂതർ കിംഗ് ഇവരൊക്കെ പിന്നീട് എന്തു ചെയ്യും?

അസാമാന്യ ബുദ്ധിശക്തിയുള്ള ഒരു വ്യക്തിയായിരുന്നു ബഥനിയുടെ ഗീവർഗീസ് മാർ ഈവാനിയോസ് എന്നതിൽ സംശയമില്ല. പക്ഷേ അദ്ദേഹത്തിനു രണ്ടു പ്രധാന തെറ്റുകൾ പറ്റി. ഒന്നാമത്, ബഥനിയിൽ നസ്രാണികൾ നൽകിയ പിന്തുണ തന്‍റെ വ്യക്തിപ്രഭാവം കൊണ്ടാണെന്നു തെറ്റിധരിച്ചു. അതിനാൽ മലങ്കരയുടെ സമ്പൂർണ്ണ നിയന്ത്രണം കൈപ്പിടിയിലൊതുക്കി റോമാ സഭയുടെ സുഖശീതളിമയിൽ ചേക്കേറുവാൻ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തത്. രണ്ടാമതായി, നസ്രാണികൾ തന്നെപ്പോലെ മാതൃസഭയെ വിറ്റു തിന്നുന്നവരാണെന്ന് കണക്കു കൂട്ടിയത്. ഇതു രണ്ടും തെറ്റി. ഒന്നുമാകാതെ വഞ്ചനയുടെ പാപഭാരവും പേറി മാർ ഈവാനിയോസ് ഈ ലോകത്തിൽ നിന്നും കടന്നു പോയി.

താന്‍ മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് തന്നെ കാണാനെത്തിയ പൂര്‍വകാല സുഹൃത്തും മലങ്കര സഭയിലെ കോട്ടയത്തിന്റെ സഹായ മെത്രാനുമായിരുന്ന പാറേട്ട് മാര്‍ ഈവാനിയോസിന്‍റെ കൈ നിര്‍ബന്ധപൂര്‍വം സ്വശിരസില്‍ വെച്ച് ഓര്‍ത്തഡോക്‍സ്‌ സഭയുടെ പാപമോചന പ്രാര്‍ത്ഥന മാര്‍ ഈവാനിയോസ് സ്വയം ചൊല്ലി. അപ്പോള്‍ കബളിപ്പിക്കാന്‍ ശ്രമിച്ചത്‌ സഭയെയോ അതോ അത്യുന്നത ന്യായാധിപനായ ദൈവത്തെയോ ?

ഡോ. എം. കുര്യന്‍ തോമസ്