OVS - Latest NewsOVS-Kerala News

സെന്‍റ് തോമസ് പള്ളിയില്‍ വിശ്വാസ സമർപ്പണം

അമയന്നൂർ∙  സെന്‍റ് തോമസ് ദിനത്തിൽ വടക്കൻമണ്ണൂർ  സെന്‍റ്  തോമസ് ഓർ‌ത്തഡോക്സ് പള്ളിയിൽ ഇടവകയുടെ സമർപ്പണമായി എത്തിയത് 1000 കിലോ അവൽ. ഇതു റമസാൻ ദിനത്തിൽ ജില്ലയിലെ മുഴുവൻ അനാഥാലയങ്ങൾക്കും മറ്റു സന്നദ്ധ സംഘടനകൾക്കും പുനഃസമർപ്പണം ചെയ്യുമെന്നു വികാരി ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ പറഞ്ഞു. പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ചാണ് ഇടവക ഒന്നാകെ അവൽ സമർപ്പണം നടത്തിയത്. മൈലപ്ര മാർ‌ കുര്യാക്കോസ് ആശ്രമം സുപ്പീരിയർ നഥാനിയേൽ റമ്പാൻ, ഫാ. കുര്യാക്കോസ് ജോർജ്, ഫാ. തോമസ് മാത്യു തിണ്ടിയത്തിൽ എന്നിവർ‌ മൂന്നിന്മേൽ കുർബാനയ്ക്കു കാർമികത്വം വഹിച്ചു. 700 ഇടവകാംഗങ്ങൾ മാർത്തോമ്മ സ്മൃതി ദിന സമർപ്പണമായി ദേവാലയത്തിലേക്ക് അവൽ സമർപ്പിച്ചു. തുടർന്നു പ്രത്യേക സമർപ്പണ ശുശ്രൂഷ നടത്തി. സ്ഥലം മാറുന്ന ഫാ. തോമസ് മാത്യു തിണ്ടിയത്തിലിനു യാത്രയയപ്പ്, ഉയർ‌ന്ന മാർക്കു വാങ്ങി വിജയിച്ച എസ്എസ്എൽസി പ്ലസ് ടു വിദ്യാർഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകളുടെ വിതരണം റാസ, പാച്ചോർ നേർച്ച എന്നിവ നടന്നു. വികാരി ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ട്രസ്റ്റി ജോർജുകുട്ടി താഴത്തേടത്ത്, സെക്രട്ടറി കെ.കെ.കോര കല്ലക്കടമ്പിൽ എന്നിവർ നേതൃത്വം നൽകി.