OVS - Latest NewsOVS-Pravasi News

ചിക്കഗോ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ദേവാലയകൂദാശ ജൂലൈ 1,2,3 തീയതികളിൽ

ചിക്കഗോ:-ചിക്കഗോ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ദേവാലയകൂദാശ ജൂലൈ 1,2,3 തീയതികളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പൊലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടക്കും. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.മാത്യൂസ്‌ മാർ സേവേറിയോസ്, സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അലക്സിയോസ് മാർ യൂസേബിയോസ് എന്നിവർ സഹകാർമ്മികത്വം വഹിക്കും.

ജൂൺ 29-നു ചിക്കഗോയിൽ എത്തുന്ന മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് ചിക്കഗോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈദീകരും, മാനേജിംങ് കമ്മിറ്റി അംഗങ്ങളും, വിശ്വാസികളും ചേര്‍ന്ന് സ്വീകരണം നൽകും.ജൂലൈ 1 വെള്ളിയാഴ്ച നാലിന് പരിശുദ്ധ ബാവായെയും തിരുമേനിമാരെയും, വിശിഷ്ട അതിഥികളെയും പുതിയ ദേവാലയ കവാടത്തിൽ സ്വീകരിക്കും, 5.30നു സന്ധ്യാനമസ്കാരം, തുടർന്നു ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടം നിർവഹിക്കും. ജൂലൈ 2 ശനിയാഴ്ച 6.30നു പ്രഭാത പ്രാർഥനയ്ക്കുശേഷം കൂദാശയുടെ രണ്ടാം ഘട്ടം നടക്കും. തുടർന്നു വി.മൂന്നിൻമേൽ കുർബാന, ശ്ലൈഹിക വാഴ്വ്, ശിലാഫലക അനാച്ഛാദനം, സ്നേഹവിരുന്ന്. എന്നിവയും നടക്കും .

മലങ്കര ഓർത്തഡോക്സ് സഭയുടെ ചിക്കഗോയിലെ പ്രഥമ ദൈവാലയമായ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ഇടവകക്ക് ഇന്ന് സ്വപ്‌നസാഫല്യത്തിന്റെ സുദിനം. ചിക്കഗോ നഗര ഹൃദയത്തിൽ നോർവുഡ്‌ പാർക്കിന് സമീപം വാങ്ങിയ പുതിയ ദൈവാലയം സ്വന്തമാക്കിയതോടുകൂടി നാലര പതിറ്റാണ്ട്‌ പിന്നിടുന്ന ചിക്കഗോ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ദൈവാലയത്തിൻറെ ചരിത്രനാഴികകല്ലില്‍ പുതിയൊരു അധ്യായംകൂടി എഴുതിചേര്‍ക്കപ്പെടുകയായി.

1971 ഫെബ്രുവരിയിൽ കേവലം 14 ഇടവക അംഗങ്ങളുമായി ആരംഭിച്ച ഈ ഓർത്തഡോക്സ് സമൂഹം അനന്തമായ ദൈവകൃപയിലൂടെ വളര്‍ന്ന്‌, ഇന്ന്‌ എഴുപതില്‍പ്പരം കടുംബങ്ങളുള്ള ഇടവകയായി മാറിക്കഴിഞ്ഞു. ഈ ദേവാലയത്തിന്റെ ആദ്യ വികാരി വെരി.റെവ.കുര്യാക്കോസ് തോട്ടുപുറം കോർ എപ്പിസ്കൊപ്പ ആണ്. വെരി.റെവ. എം.ഇ ഇടുക്കുള കോർ എപ്പിസ്കൊപ്പ, വെരി.റെവ.കോശി വി. പൂവത്തൂർ കോർ എപ്പിസ്കൊപ്പ, റെവ.ഫാ. ശ്ലൊമോ ഐസക് ജോർജ്ജ്, റെവ.ഫാ.ഹാം ജോസഫ്, റെവ.ഡീക്കൺ ജോർജ്ജ് പൂവത്തൂർ എന്നിവരുടെ സ്‌തുത്യര്‍ഹമായ സേവനവും, നേതൃപാടവവും ഈ ദൈവാലയത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ആക്കംകൂട്ടി.

സൗകര്യങ്ങളുടെ അപര്യാപ്‌തതയാണ്‌ പുതിയ ദൈവാലയം എന്ന ചിന്തയിലേക്ക്‌ ഇടവക അംഗങ്ങളെ ആനയിച്ചത്‌. അംഗങ്ങളുടെ കൂട്ടായ്‌മയുടേയും, കഠിനാധ്വാനത്തിന്റേയും, നിരന്തരമായ പ്രാര്‍ത്ഥനയുടേയും ഫലമായിട്ടാണ് പുതിയ ദൈവാലയം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് .ഇടവക വികാരി ഫാ. ഫാ.ഹാം ജോസഫിന്റെ നേതൃത്വത്തില്‍ ദൈവാലയ കമ്മിറ്റിയും, ഇടവക മാനേജിഗ് കമ്മറ്റിയും, വിവിധ ആദ്ധ്യാത്മിക സംഘടനകളും, യുവജനസമൂഹവും ഒത്തൊരുമിച്ച്‌ നടത്തിയ നിരന്തര പ്രയത്‌നങ്ങളാണ്‌ ഇതിനു കരുത്തേകിയത്‌. ഇടവകയുടെ കാവൽപിതാവായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടേയും, പരിശുദ്ധ പരുമല തിരുമേനിയുടേയും മാധ്യസ്ഥതയും, പ്രാർഥനയും തുണയായി.നാനൂറില്‍പ്പരം വിശ്വാസികൾക്ക് ഒരുമിച്ച്‌ ആരാധനയിൽ പങ്കെടുക്കുവാൻ സൗകര്യമുള്ള പുതിയ ദൈവാലയവും, വിശാലമായ ഹാളും, കിച്ചൺ, സണ്ടേസ്കൂൾ ക്ലാസുകള്‍ നടത്താന്‍ പര്യാപ്തമായ നിരവധി മുറികളും ഉള്‍പ്പെടുന്നതാണ്‌ പുതിയ കെട്ടിട സമുച്ചയം. നൂറില്‍പ്പരം കാറുകള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാവുന്ന സൗകര്യവും ഇതോടനുബന്ധിച്ചുണ്ട്‌.

സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞുനില്‍ക്കുന്ന ദൈവമഹത്വത്തിന്റെ മനുഷ്യരുടെ ഇടയിലുള്ള ദൃശ്യമായ അടയാളമാണ്‌ ദൈവാലയം. അത്‌ പുതിയ നിയമജനതയായ സഭാ വിശ്വാസികളുടെ ഇടയില്‍ ദൈവത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്ന സംഗമകൂടാരമാണ്‌ (പുറ 33:7-11). പഴയ നിയമത്തില്‍ സമാഗമനകൂടാരത്തില്‍ ഇസ്രായേല്‍ ജനതയോടൊപ്പം ഇറങ്ങിവസിച്ച ദൈവം പുതിയ നിയമത്തില്‍ ദൈവാലയമാകുന്ന സമാഗമനകൂടാരത്തില്‍ സഭാ മക്കളോടൊത്ത്‌ വസിക്കുന്നു എന്നതാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസം. വിശ്വാസജീവിതത്തിലും സ്വഭാവരൂപീകരണത്തിലും കൂട്ടായ്‌മയുടെ വളര്‍ച്ചയിലും ഇടവക ദൈവാലയത്തിന്റെ പ്രസക്തിയും, പ്രാധാന്യവും തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ മലങ്കര ഓർത്തഡോക്സ് ദൈവാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ബഹുമാനപ്പെട്ട വൈദീകരുടെ നേതൃത്വത്തില്‍ വർഷ-വർഷാന്തരങ്ങളായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപാർത്ത അത്മായ സഹോദരങ്ങള്‍ മുന്നിട്ടിറങ്ങുന്നത്‌. നാം മക്കള്‍ക്കായി പലതും കരുതിവെയ്‌ക്കുന്നതുപോലെ വരുംതലമുറയ്‌ക്കായി ഒരു വിശ്വാസി സമൂഹം കരുതിവെയ്‌ക്കുന്ന അതിശ്രേഷ്‌ഠമായ നിധിയാണ് പരിശുദ്ധ ദൈവാലയം. ഇത്‌ സാധ്യമാക്കാന്‍ സഹകരിച്ച എല്ലാ ഇടവകാംഗങ്ങള്‍ക്കും, സാമ്പത്തികമായും മറ്റു രീതികളിലും സഹായിച്ച മറ്റെല്ലാ ഇടവക സമൂഹത്തിനും, ഇതിനു നേതൃത്വം കൊടുത്ത ദൈവാലയ ബില്‍ഡിംഗ്‌ കമ്മിറ്റിഅംഗങ്ങള്‍ക്കും നന്ദിയും പ്രാര്‍ത്ഥനാമംഗളങ്ങളും ആശംസിക്കാം.

Page1
13393373_1244212078952476_929595604_n

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
Vicar: Rev. Fr. Ham Joseph 847-594-5790 (H) 708-856-7490 (C) frhamjoseph@gmail.com

Rev. Dn. George Poovathur 773-561-5738 (C)

Trustee: Shajan Varghese 847-675-2149 (C)

Secretary: Koshy George 847-983-0433 (C)

അഡ്രസ്‌ :

St. Thomas Orthodox Church Chicago – IL

6099 N Northcott Avenue Chicago, IL 60631

വെബ്‌: http://www.stocc.org