OVS - Latest NewsOVS-Pravasi News

മാഞ്ചസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം ഇനി ഇംഗ്ലണ്ടിലെ പുതുപ്പളളി

മാഞ്ചസ്റ്റർ∙ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് മാഞ്ചസ്റ്ററിൽ സ്വന്തമായി ഒരു ദേവാലയം കൂദാശ ചെയ്യപ്പെട്ടു. ഇംഗ്ലണ്ടിന്‍റെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലാണ് ദേവാലയം സ്ഥാപിച്ചിരിക്കുന്നത്.

ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. മേയ് 27-ന് വൈകിട്ട് ഏഴ് മണിക്ക് വിശുദ്ധ കൂദാശയുടെ ഒന്നാം ഭാഗവും മേയ് 28-ന് രാവിലെ വിശുദ്ധ കൂദാശയുടെ രണ്ടാം ഭാഗവും അതിനെ തുടർന്ന് വിശുദ്ധ കുർബാനയും നടത്തി. റവ. മാർക്ക് ഡേവിസ് (ബോൾട്ടൻ) ശുശ്രൂഷ മദ്ധ്യേ വചന പ്രഘോഷണം നടത്തുകയുണ്ടായി.

കൂദാശയ്ക്കുശേഷം നടന്ന പൊതു സമ്മേളനത്തിൽ ബോൾട്ടൻ മേയർ ലിൻണ്ട ബൈറൻ മുഖ്യാതിഥിയായിരുന്നു. സഹോദര സഭകളിലേയും സമീപ ഇടവകകളിലേയും അനേകം വൈദികരും ഇടവക ജനങ്ങളും ചടങ്ങുകളിൽ സംബന്ധിച്ചു. 29-താം  തീയതി ഞായറാഴ്ച പുതിയ ദേവാലയത്തിൽ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ കൊണ്ടാടി. റാസ, നേർച്ച വിളമ്പ് എന്നിവയോടുകൂടി പെരുന്നാൾ സമാപിച്ചു.

ഇടവക വികാരി റവ. ഫാ. വർഗീസ് മാത്യു, ട്രസ്റ്റി ഏബ്രഹാം ജോസഫ് സെക്രട്ടറി റോയി സാമുവൽ എന്നിവർ ശുശ്രൂഷകളിൽ പങ്കെടുത്ത എല്ലാ വിശ്വാസികളോടും ഉളള നന്ദിയും സ്നേഹവും അറിയിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ തനത് ശൈലിയിൽ മാഞ്ചസ്റ്ററിൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ദേവാലയം  ശുശ്രൂഷകളിൽ പങ്കെടുത്ത എല്ലാവർക്കും ഒരു പുതിയ അനുഭവം ആയിരുന്നു. ഇടവക അംഗങ്ങളുടെ ഒരു ചിരകാല സ്വപ്നം ഇതോടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്.

manchester2