Ancient ParishesOVS - Articles

ക്ഷേത്രം പള്ളിയായപ്പോള്‍ – അന്തിമഹാളന്‍ കാവും ശക്തന്‍ തമ്പുരാനും

രസകരവും അനന്യദര്‍ശ്യവുമായ ഒരു ചരിത്രമുണ്ട് കുന്നംകുളം തെക്കെ ആങ്ങാടിയിലുള്ള അന്തമഹാളന്‍ കാവ് മാര്‍ കുറിയാക്കോസ് സഹദാ ചാപ്പലിന്. പേരു സൂചിപ്പിക്കുന്നതുപോലെ തന്ന ക്ഷേത്രം പരിവര്‍ത്തനം ചെയ്തതാണ് മാര്‍ മത്യാസ് ശ്ലീഹാ പള്ളിയുടെ പടിഞ്ഞാറുവശത്തു സ്ഥിതി ചെയ്യുന്ന ഈ ദേവാലയം. ഐതീഹ്യപ്പെരുമകളല്ല ഈ ചാപ്പലിന്‍റെ ഭൂതകാലം. മറിച്ച് വ്യക്തമായ ഒരു രാജകീയ ദാനമാണ്. ദാനം ചെയ്തതാകട്ടെ നിര്‍ദ്ദയന്‍, ക്രൂരന്‍, മതഭ്രാന്തന്‍ എന്നിങ്ങനെയൊക്കെയുള്ള വിശേഷണങ്ങള്‍ പാശ്ചാത്യാഭിമുഖ്യമുള്ള ചരിത്രകാരന്മാര്‍ ചാര്‍ത്തിക്കൊടുത്ത വലിയ കറുത്ത തമ്പുരാന്‍ എന്ന് അറിയപ്പെട്ടിരുന്ന കൊച്ചിയിലെ രാമവര്‍മ്മ ശക്തന്‍ തമ്പുരാന്‍ (1751 – 1806). പള്ളിയാക്കി എന്ന ചരിത്രം സാക്ഷിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് അന്തമഹാളന്‍ കാവ് മാര്‍ കുറിയാക്കോസ് സഹദാ ചാപ്പല്‍.

മതസഹാര്‍ദ്ദത്തിന്‍റെ പ്രതീകമായി പലരും ഈ ദാനത്തെ വ്യാഖ്യാനിക്കാറുണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്‍റെ രാജ്യ വികസനതന്ത്രത്തിന്‍റെ ഭാഗമാണ് അന്തിമഹാളന്‍കാവിന്‍റെ ദാനം. പലരും ആരോപിക്കുന്നതു പോലെ ഒരു മതഭ്രാന്തന്‍ ഒന്നും ആയിരുന്നില്ല ശക്തന്‍ തമ്പുരാന്‍. കൊച്ചി രാജ പാരമ്പര്യത്തിനു വിരുദ്ധമായ വിശ്വാസസംഹിത പ്രചരിപ്പിക്കാന്‍ ശ്രമിച്ച മാധ്വ ആചാര്യനായ സന്യാസിയെ അവര്‍ക്കു നിഷിദ്ധമായ ഭസ്മാഭിഷേകം നടത്തിക്കാന്‍ മടിക്കാത്ത വ്യക്തിയാണ് ശക്തന്‍ തമ്പുരാന്‍. അക്കാലത്ത് കൊളോണിയല്‍ കൊച്ചിയിലും പരിസരത്തും അധിവസിച്ചിരുന്ന ലത്തീന്‍ ക്രിസ്ത്യാനികള്‍ കൊച്ചി രാജാവിനെ തരിമ്പും വകവെച്ചിരുന്നില്ല. അധിനിവേശ ശക്തികളുടെ നേരിട്ടുള്ള ഭരണത്തിലുള്ള ഈ പ്രദേശത്ത് കൊച്ചി രാജശക്തിക്ക് യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. അധിനിവേശ ശക്തികളുടെ ഉല്‍പ്പന്നമായ ഇവര്‍ തങ്ങളുടെ സ്വന്തം സംരക്ഷയിലാണ് എന്നായിരുന്നു മാറിമാറിവന്ന കൊളോണിയല്‍ ശക്തികളുടെ അവകാശവാദം. ഈ ബലത്തില്‍ ലത്തീന്‍ ക്രിസ്ത്യാനികള്‍ കൊച്ചി നിയമവാഴ്ചയെ നിരന്തരം ധിക്കരിച്ചുവന്നു. ഇതു വകവെച്ചുകൊടുക്കാന്‍ ശക്തന്‍ തമ്പുരാന്‍ തയാറായില്ല. അവര്‍ക്കെതിരെ എടുത്ത ശക്തമായ നടപടികളാണ് അദ്ദേഹത്തെ ക്രിസ്ത്യന്‍ വിരുദ്ധനും വര്‍ഗ്ഗീയവാദിയുമായി മുദ്രകുത്താന്‍ പാശ്ചാത്യ ശക്തികള്‍ക്ക് അവസരമൊരുക്കിയത്.

ശക്തന്‍ തമ്പുരാന്‍റെ ഈ ദാനത്തിനു പിന്നിലെ ചേതോവികാരം മനസിലാക്കണമെങ്കില്‍ അന്നത്തെ കൊച്ചിയുടെ രാഷ്ട്രീയ- സാമ്പത്തിക സ്ഥിതി മനസിലാക്കണം. പതിനെട്ടാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അങ്കമാലി വരെയുള്ള ചെറു നാട്ടുരാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് വേണാട്ടിലെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവിതാംകൂര്‍ സ്ഥാപിച്ചു. ചെറുനാടുവാഴികളെ അമര്‍ച്ച ചെയ്തും അവരുടെ ഈടുവെയ്പ്പുകള്‍ പിടിച്ചെടുത്ത് പദ്മാനാഭസ്വാമിക്ഷേത്രത്തില്‍ സൂക്ഷിച്ചും അന്തഃഛിദ്രങ്ങള്‍ ഉണ്ടാവില്ല എന്ന് ഉറപ്പു വരുത്തി. പക്ഷേ കൊച്ചിയുടെ സ്ഥിതി മറിച്ചായിരുന്നു. കൊളോണിയല്‍ കാലത്തിനു മുമ്പുതന്നെ അംഗബലം കൂടുതലുള്ള കൊച്ചി രാജകുടുംബത്തില്‍ ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായിരുന്നു. ഇത് ആദ്യം സാമൂതിരിയുടേയും പിന്നീട് യൂറോപ്യന്‍ അധിനിവേശ ശക്തികളുടേയും ഇടപെടലിനു വഴിയൊരുക്കി. നാടുവാഴികള്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന വളരെ അയഞ്ഞ ഒരു ഭരണ സംവിധാനമാണ് അതിനാല്‍ കൊച്ചിയില്‍ നിലവിലുണ്ടായിരുന്നത്. നൂറ്റാണ്ടുകളോളം അമുഖരായ രാജാക്കന്മാര്‍ ഭരിച്ച രാജ്യമാണ് കൊച്ചി. മാര്‍ത്താണ്ഡവര്‍മ്മയുടെ ദയാവായ്പുകൊണ്ടു മാത്രമാണ് കൊച്ചി തിരുവിതാംകൂറില്‍ ലയിക്കാതെ പോയത് എന്നു ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കുത്തഴിഞ്ഞ സംവിധാനത്തിലേയ്ക്കാണ് തികച്ചു വ്യത്യസ്ഥനായ ശക്തന്‍ തമ്പുരാന്‍ കടന്നുവരുന്നത്.

അംഗങ്ങള്‍ ഏറെയുണ്ടെങ്കിലും കൊച്ചി രാജകുടുംബത്തിന് സ്വത്തും വരുമാനവും കമ്മിയായിരുന്നു. അതിനാല്‍ രാജശക്തി ഉറപ്പാക്കുന്നതോടൊപ്പം രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ഉറപ്പാക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വ്യാപാര വികസനമാണ് അതിനുള്ള മാര്‍ഗ്ഗമായി അദ്ദേഹം കണ്ടത്. തന്നെ വകവെക്കാത്ത ലത്തീന്‍ ക്രിസ്ത്യാനികളോടു വെറുപ്പായിരുന്നു എങ്കിലും തന്‍റെ വിശ്വസ്ഥ പ്രജകളായ നസ്രാണികളോട് ശക്തന്‍ തമ്പുരാന്‍ സൗഹാര്‍ദ്ദത്തിലാണ് കഴിഞ്ഞത്. ജാതിവ്യവസ്ഥയിലെ പരമ്പരാഗത വൈശ്യന്മാരായ നസ്രാണുകളെ വ്യാപാര വികസനത്തിനുള്ള മാര്‍ഗ്ഗമായി ആദ്ദേഹം കണ്ടു. കൊരട്ടി, ചാലക്കുടി, തൃപ്പുണിത്തുറ തുടങ്ങിയ സ്ഥലങ്ങളില്‍ അങ്ങാടികള്‍ ആരംഭിച്ച് പ്രതിവാര വ്യാപാരം ഉറപ്പുവരുത്താന്‍ അവയുടെ നടത്തിപ്പ് അതത് പള്ളികളെ ഏല്പിച്ചത് സാമ്പത്തിക വികസനം മുമ്പില്‍കണ്ടാണ്.

അദ്ദേഹത്തിന്‍റെ ഇത്തരം വ്യാപാരാഭിവൃദ്ധി പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് തൃശൂരും തൃശൂര്‍പൂരവും. ഒരു മഹാക്ഷേത്രത്തിന്‍റെ ആസ്ഥാനമാണങ്കിലും, വാണിജ്യപരമായി തന്ത്രപ്രധാനമെങ്കിലും വികസനം എത്തിനോക്കാത്ത ഒരു സ്ഥലമായിരുന്നു തൃശൂര്‍. അവിടം ഒരു വ്യാപാരകേന്ദ്രമാക്കുക എന്ന ഉദ്ദേശത്തോടെ വിവിധ സ്ഥലങ്ങളില്‍നിന്ന് നസ്രാണികളെ ക്ഷണിച്ചുവരുത്തി വീടും അങ്ങാടിയും സ്ഥാപിക്കുന്നതിനും പള്ളിവെക്കുന്നതിനും ക്ഷേത്രസങ്കേതത്തിനുള്ളില്‍ത്തന്നെ സൗജന്യമായി അദ്ദേഹം സ്ഥലം നല്‍കി പുത്തന്‍പേട്ട സ്ഥാപിച്ചു. അതേപോലെ തുണിക്കച്ചവടത്തിന് പാണ്ടിപ്പട്ടന്മാര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. തൃശൂരേയ്ക്ക് ജനത്തെ ആകര്‍ഷിക്കുവാന്‍ വടക്കുന്നാഥക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് വെട്ടിത്തെളിച്ച് തൃശൂര്‍പൂരവും ഏര്‍പ്പെടുത്തി. കാടുവെട്ടുന്നതിനു തടസ്സംനിന്ന പാറമേക്കാവ് വെളിച്ചപ്പാടിനെ സ്വന്തം ഉടവാളുകൊണ്ട് പിളര്‍ന്നിടുവാനും ശക്തന്‍ തമ്പുരാന്‍ മടിച്ചില്ല.

ഈ വ്യപാര വികസന പദ്ധതിയുടെ ഭാഗമായായി വേണംആര്‍ത്താറ്റ് പള്ളിയിലെ അന്തഃഛിദ്രം അവസാനിപ്പിക്കാന്‍ ശക്തന്‍ തമ്പുരാന്‍ ഇടപെട്ടതിനെ പരിഗണിക്കാന്‍. ഉച്ചക്കു മുമ്പ് ഉരിപ്പണം വിളയുന്ന കുന്നംകുളം അങ്ങാടി കൊച്ചിയുടെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ബ്രിട്ടീഷ് മലബാറിന്‍റെ അതൃത്തിയോട് ചെര്‍ന്നു കിടക്കുന്നു എന്നൊരു നേട്ടവും അതിനുണ്ടായിരുന്നു. അവിടുത്തെ നസ്രാണികള്‍ 1663-ല്‍ പറമ്പില്‍ ചാണ്ടിയുടെ ചതി മുതല്‍ പിളര്‍ന്ന് രണ്ടു വിഭാഗമായി പള്ളി കൂട്ടു കൈവശത്തില്‍ ഉപയോഗിച്ചു വന്നിരുന്നു. ടിപ്പുവിന്‍റെ മലബാര്‍ ആക്രമണകാലത്ത് തീവച്ചു നശിപ്പിക്കപ്പെട്ട ആര്‍ത്താറ്റ് പള്ളി വിഭാഗീയത കാരണം പുനര്‍നിര്‍മ്മാണം നടത്താതെ ജീര്‍ണ്ണാവസ്ഥയിലായിരുന്നു. കുന്നങ്കുളം അങ്ങാടിയുടെ പുനര്‍ ശാക്തീകരണം ശക്തന്‍ തമ്പുരാന്‍റെ വാണിജ്യ താല്പര്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം നേരിട്ട് എഴുന്നള്ളിയിരുന്ന് നറുക്കിട്ട് ഭാഗിച്ച് ആര്‍ത്താറ്റ് പള്ളിവഴക്ക് അവസാനിപ്പിച്ചത്. അതനുസരിച്ച് ആര്‍ത്താറ്റ് പള്ളിയും പാതിസ്വത്തും നസ്രാണികള്‍ക്കും, കുരിശും പാതി സ്വത്തും റോമാ-സുറിയാനിക്കാര്‍ക്കും ലഭിച്ചു.

ഈ എഴുന്നള്ളത്തിനോട് അനുബന്ധിച്ചാണ് കുന്നംകുളം അങ്ങാടിയുടെ ഒരു ഭാഗം കൊച്ചി പണ്ടാരവകയാക്കിയത്. നടുപ്പന്തി എന്ന ഈ ഭാഗം അതോടെ കൊച്ചി രാജവംശത്തിന്‍റെ നേരിട്ടുള്ള ഭരണത്തിലായി. പണ്ടാരവക ജന്മം ഭൂമിയിലെ നിവാസികള്‍ സ്വാഭാവികമായും നാടുവാഴികള്‍ക്കു പകരം കൊച്ചി രാജാവിന്‍റെ പണ്ടാരവക പ്രജകളായി. അവര്‍ മുഴുവനും നസ്രാണികളായിരുന്നു. പക്ഷേ അവരുടെ പള്ളി അപ്പോഴും മണക്കുളം ജന്മത്തില്‍ത്തന്നെ തുടര്‍ന്നു. കൊച്ചിയിലെ അയഞ്ഞ ഭരണവ്യവസ്ഥയില്‍ – പ്രത്യേകിച്ചും നികുതി – ഈ ഇരട്ടപൗരത്വം ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു അദ്ദേഹം മനസിലാക്കി. അത് ഒഴിവാക്കാന്‍ ശക്തന്‍ തമ്പുരാന്‍ തെക്കെ അങ്ങാടിയിലെ അന്തിമഹാളന്‍കാവ് നസ്രാണികള്‍ക്ക് ഒരു പള്ളിയാക്കാന്‍ ദാനം ചെയ്തു. രൂപഭേദം വരുത്താതെ അത് അന്തിമഹാളന്‍കാവ് മാര്‍ കുറിയാക്കോസ് സഹദാ പള്ളി എന്ന പേരില്‍ ഒരു ചാപ്പലായി ഇന്നും നിലനില്‍ക്കുന്നു.

വാണിജ്യപരമായ ഒരു വശംകൂടി ഈ ദാനത്തിനു പിന്നിലുണ്ട്. അന്തിമഹാളന്‍ – അന്ത്യാളന്‍ നമ്പൂതിരി മാര്‍ഗ്ഗത്തിലെ ഒരു ദേവതയല്ല, ദ്രാവിഡ പാരമ്പര്യത്തിലെ ഒരു ഗ്രാമദേവതയാണ്. വ്യാപാരം വികസിപ്പിക്കാന്‍ – അതുവഴി രാജ്യവരുമാന വര്‍ദ്ധനയ്ക്കും – താന്‍ സ്വന്തമാക്കിയ അങ്ങാടിമദ്ധ്യത്തില്‍ അസ്പര്‍ശ്യ വിഭാഗക്കാരുടെ ഒരു ദേവസ്ഥാനത്തിന്‍റെ സാന്നിദ്ധ്യം ചാതുര്‍വര്‍ണ്യ വിഭാഗങ്ങളില്‍പ്പെട്ടവരുടെ സ്വതന്ത്ര പെരുമാറ്റത്തെ പ്രതികൂലമായി ബാധിക്കും. അതുവഴി വ്യാപാരവ്യാപ്തിയിലും കുറവുണ്ടാകും. അത്തരമൊരു സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യംകുടി ഈ ദാനത്തിന് പിമ്പില്‍ ഉണ്ടാവണം.

ഒരിക്കല്‍ ആര്‍ത്താറ്റ് പള്ളിയുടെ കുരിശുപള്ളി ആയിരുന്ന മാര്‍ കുറിയാക്കോസ് സഹദായുടെ നാമത്തലുള്ള പാലയൂര്‍ പള്ളിയുടെ അന്യ കൈവശമാകാം പുതുതായി ലഭിച്ച പള്ളി അതേ പേരുതന്നെ നല്‍കാന്‍ കുന്നംകുളം നസ്രാണികളെ പ്രേരിപ്പിച്ചത്. അന്തിമഹാളന്‍കാവിനു രൂപമാറ്റം വരുത്താതെ ത്രോണോസ് പണിത് വി. കുര്‍ബാന അര്‍പ്പിച്ചുതുടങ്ങി. പിന്നീട് അതിന്‍റെ പിമ്പില്‍ സെന്‍റ് മത്യാസ് പള്ളി പണികഴിച്ചെങ്കിലും അന്തമഹാളന്‍ കാവ് മാര്‍ കുറിയാക്കോസ് സഹദാ ചാപ്പലിനു രൂപഭേദം വരുത്താതെ ഇന്നും സംരക്ഷിക്കപ്പെടുന്നു. അവിടെ പ്രതിമാസ കുര്‍ബാനയും ഉണ്ട്.

ഈ ചാപ്പല്‍ ശക്തന്‍ തമ്പുരാന്‍റെ ദീര്‍ഘദൃഷ്ടിയുടെ ദൃഷ്ടാന്തമാണ്. ഇത് മതസൗഹാര്‍ദ്ദതയുടെ പ്രതീകമല്ലങ്കിലും നസ്രാണികളുടെ രാജ്യസ്നേഹത്തിന്‍റെയും വിശ്വസ്ഥതയുടേയും സാക്ഷ്യമാണ്. ഒരു ക്ഷേത്രം രൂപഭേദം കൂടാതെ പള്ളിയാക്കി ഉപയോഗിക്കാന്‍ സാധിച്ചു എന്നത്, നസ്രാണിത്വത്തിന്‍റെ ദേശീയത പ്രകടമാക്കുന്ന ഒരു വസ്തുതയാണ്.

ഡോ. എം. കുര്യന്‍ തോമസ്