OVS-Kerala News

വിശ്വാസത്തിന്റെ പൊൻപ്രഭയിൽ പുതുപ്പള്ളി

പുതുപ്പള്ളി :- വിശ്വാസികളുടെ ഹൃദയങ്ങളിൽ അനുഗ്രഹത്തിന്റെ സുവർണ പ്രഭ ചൊരിഞ്ഞു പുതുപ്പള്ളി പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചു പുറത്തെടുത്ത പൊന്നിൻകുരിശ് സ്ഥാപിച്ചു. വിശുദ്ധ ഗീവർഗീസ് സഹദായുടെ ശക്തിയും ചൈതന്യവും ആവാഹിച്ചിട്ടുള്ളതെന്നു വിശ്വസിക്കുന്ന പൊന്നിൻകുരിശ് ദർശിച്ച് അനുഗ്രഹം തേടാൻ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ. വലിയപെരുന്നാൾ ദിനമായ ഇന്നു ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് നേർച്ചസദ്യ നടക്കും. ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന അഞ്ചിന്മേൽ കുർബാനയ്ക്കു ശേഷം പ്രാർഥനാനിർഭരമായ ചടങ്ങുകളോടെയാണ് പെരുന്നാൾ ദിനങ്ങളിൽ മാത്രം സ്ഥാപിക്കുന്ന പൊന്നിൻകുരിശ് പുറത്തെടുത്തത്.

401 പവൻ തൂക്കം വരുന്ന പൊന്നിൻകുരിശുമായി തുടർന്നു പള്ളിക്കു ചുറ്റും പ്രദക്ഷിണം നടത്തി. മദ്ബഹായിൽ കുരിശു സ്ഥാപിച്ചു. പെരുന്നാൾ ആഘോഷത്തിമർപ്പിലായിരുന്നു പുതുപ്പള്ളിയിലെ കാഴ്ചകൾ. ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിനുള്ള വിറകിടീൽ ചടങ്ങ് പുതുപ്പള്ളി, ഏറികാട് കരക്കാർ ജാതിമതഭേദമന്യേ ഏറ്റെടുക്കുകയായിരുന്നു. വള്ളപ്പാട്ടിന്റെ ഈരടികളും വാദ്യമേളങ്ങളുമായി വെച്ചൂട്ടിനു വിറക് കരകളിൽനിന്നു പാരമ്പര്യത്തിന്റെ പകിട്ടു വിളിച്ചോതി എത്തിച്ചു. ആർപ്പുവിളിയോടും വാദ്യമേളങ്ങളോടും കൂടി പന്തിരുനാഴി ആഘോഷപൂർവം പുറത്തെടുത്തു. പെരുന്നാൾ പ്രദക്ഷിണത്തിൽ നാനാദേശങ്ങളിൽനിന്നുള്ള തീർഥാടക സമൂഹം പങ്കെടുത്തു.

വിശുദ്ധ ഗീവർഗീസ് സഹദായോടുള്ള പ്രാർഥനകളുമായി വിശ്വാസസമൂഹം പ്രദക്ഷിണത്തിൽ നടന്നുനീങ്ങി. പ്രദക്ഷിണം പള്ളിയിലെത്തിയ ശേഷം ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പുങ്കൽ അഖണ്ഡപ്രാർഥന ആരംഭിച്ചു. വെച്ചൂട്ടിനുള്ള അരിയിടീൽ കർമം പ്രാർഥനാപൂർവമാണ് പുലർച്ചെ നടന്നത്. പള്ളിയിലെ കെടാവിളക്കിൽനിന്നു വൈദികർ പകർന്നുകൊടുത്ത തിരിനാളമാണ് അടുപ്പിൽ ജ്വലിപ്പിച്ചത്. പെരുന്നാൾ സമാപന ദിനമായ ഇന്നു ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണു പതിനായിരക്കണക്കിനു വിശ്വാസികൾ. 11.30ന് വെച്ചൂട്ട് ആരംഭിക്കും.

പുതുപ്പള്ളി പെരുന്നാൾ ഇന്ന്∙ പ്രഭാതനമസ്കാരം – 8.00 ഒൻപതിന്മേൽ കുർബാന–പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ – 9.00 ശ്ലൈഹീക വാഴ്‌വ് – 11.00 വെച്ചൂട്ട്–നേർച്ചസദ്യ – 11.30 പ്രദക്ഷിണം – 2.00 നേർച്ച‌വിളമ്പ് – അപ്പവും കോഴിയിറച്ചിയും – 4.00.