OVS-Kerala News

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി പെരുന്നാളിനു കൊടിയേറി

കോട്ടയം :- പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി പെരുന്നാളിനു കൊടിയേറി. മേയ് അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് പ്രധാന പെരുന്നാൾ. ഡോ. ഏബ്രഹാം മാർ സെറാഫീമിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. പുതുപ്പള്ളി, എറികാട് കരകളിൽനിന്നു കൊടിമര ഘോഷയാത്ര ആരംഭിച്ചു. പരമ്പരാഗതമായ ആചാരങ്ങളായ കൊടിമരമിടീൽ, വിറകിടീൽ, പന്തിരുനാഴി പുറത്തെടുക്കൽ, അരിയിടീൽ, വെടിക്കെട്ടും ലക്ഷദീപവും, വെച്ചൂട്ട്, കുട്ടികൾക്കു ചോറൂട്ട്, കോഴിനേർച്ച, പ്രദക്ഷിണം തുടങ്ങി പുതുപ്പള്ളി പെരുന്നാളിനു പ്രത്യേകതകളേറെയാണ്. ഇന്ന് ഏഴിനു പ്രഭാത നമസ്കാരം, 7.30നു കുർബാന – ഫാ. ജയ് സഖറിയ മൂലക്കാട്ട്, 10നു ധ്യാനം – ഫാ. വിനോദ് ജോർജ് ആറാട്ടുപുഴ, ഒന്നിനു സ്നേഹവിരുന്ന്.

നാളെ രാവിലെ ഒൻപതിനു യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ടിറ്റോ സ്മൃതി ‘നിറച്ചാർത്ത്’ അഖില കേരള ചിത്രരചനാ മത്സരം നടക്കും. മേയ് ഒന്നിനു രാവിലെ കുർബാനയ്ക്കുശേഷം മാങ്ങ അരിയൽ ചടങ്ങും നടക്കും. പെരുന്നാളിന്റെ സവിശേഷതകളിൽ ഏറെ പ്രാധാന്യം വെച്ചൂട്ടിനുണ്ട്. വലിയ പെരുന്നാൾ ദിനമായ മേയ് ഏഴാം തീയതി ഒൻപതിന്മേൽ കുർബാനയ്‌ക്കുശേഷമാണ് ഭക്‌തിനിർഭരമായ ഈ ചടങ്ങ്. വികാരി ഫാ. മാത്യു വർഗീസ് വലിയപീടികയിൽ, സഹവികാരിമാരായ ഫാ. മർക്കോസ് ജോൺ പാറയിൽ, ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കൽ, കൈക്കാരന്മാരായ ജോർജ് ജോസഫ് കൊച്ചക്കാലയിൽ, പി.എം.ചാക്കോ പാലാക്കുന്നേൽ, സെക്രട്ടറി ജീവൻ കുര്യൻ നടുവത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പെരുന്നാളിനു നേതൃത്വം നൽകുന്നത്. തീർഥാടകരുടെ സൗകര്യാർഥം 24 മണിക്കൂറും ദേവാലയം പ്രാർഥനയ്ക്കായി തുറന്നിടുമെന്നു ഭാരവാഹികൾ അറിയിച്ചു.

പുതുപ്പള്ളി വിശേഷം പുതുപ്പള്ളി പള്ളി: സാംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകം പുതുപ്പള്ളി പള്ളിയുടെ തനതു സവിശേഷതകളിൽ മുഖ്യമാണു പള്ളിയുടെ മുൻഭാഗത്തുള്ള കുരിശിൻതൊട്ടിയും പള്ളിയിലേക്കു പ്രവേശിക്കുന്നതിനുള്ള പതിനെട്ടുപടികളും. പുതുപ്പള്ളിയുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകങ്ങൾ കൂടിയാണിവ. പള്ളിയുടെ മുൻഭാഗത്തുകൂടി ഒഴുകുന്ന കൊടൂരാറ്റിൽ ദേഹശുദ്ധി വരുത്തി കുരിശിൻതൊട്ടിയിൽ ചുറ്റുവിളക്കു തെളിച്ചു പ്രാർഥിച്ചാൽ ഉദ്ദിഷ്‌ടകാര്യസിദ്ധിയുണ്ടാകുമെന്നാണു വിശ്വാസം. പുതുപ്പള്ളിയുടെ ഗതകാല മഹത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ പൊന്നിൻകുരിശ്, അപൂർവ മാതൃകയായ പുതുപ്പള്ളിക്കുരിശ്, മണിമാളികകൾ, ക്രൈസ്‌തവ പ്രതീകങ്ങളായ ചിത്രപ്പണികളാൽ അലംകൃതമായ മദ്‌ബഹാ, ബസ്‌കുദിശാ അങ്ങനെ ഒട്ടേറെ പ്രത്യേകതകൾ പുതുപ്പള്ളി പള്ളിക്കുണ്ട്. ഇവയുടെയെല്ലാം പ്രാധാന്യം ഉൾക്കൊണ്ടാണ് പെരുന്നാൾ ദിനങ്ങളിൽ ഭക്തർ പുതുപ്പള്ളി പള്ളിയിലെത്തുക.

MORE PHOTOS @ Dukhrono of St George at Puthupally Pally