OVS - Latest NewsOVS-Kerala News

അഴിമതിക്കെതിരെ വെല്ലുവിളി ഉയർത്താൻ ക്രിസ്തീയ സമൂഹത്തിനാകണം: ഡോ. തോമസ് മാർ അത്തനാസിയോസ്

കൊച്ചി :- രാഷ്ട്രീയത്തിലും മതത്തിലും സമൂഹത്തിലും അഴിമതിയുണ്ടെന്നും അതിന്റെ പങ്കു പറ്റാതെ അവയ്ക്കെതിരെ വെല്ലുവിളി ഉയർത്താൻ ക്രിസ്തീയ സമൂഹത്തിനാകണമെന്നും ഓർത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ     ഡോ. തോമസ് മാർ അത്തനാസിയോസ്. പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ലപിള്ള ചമയുകയും അംഗീകാരം നേടുകയുമല്ല, സമൂഹത്തെ പ്രകോപിപ്പിക്കുകയാണ് ക്രിസ്തീയ സമൂഹം ചെയ്യേണ്ടത്. ചുറ്റുപാടുകളോടു സന്ധി ചെയ്തും പൊരുത്തപ്പെട്ടും ഇത്രയും കാലം കഴിഞ്ഞു.

ജീർണിച്ച ഇന്നത്തെ ജീവിത സാഹചര്യത്തിൽ പല ധർമങ്ങളും ചെയ്യാനുണ്ട്. അവ പ്രകോപനപരമാകുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ ഉയർത്താൻ കഴിയുന്ന മതവിശ്വാസമാണു വേണ്ടതെന്നും സ്വന്തം സമുദായത്തിന്റെ കാര്യം മാത്രം നോക്കുന്നവൻ ക്രിസ്ത്യാനിയാണെന്നു താൻ വിചാരിക്കുന്നില്ലെന്നും അധ്യക്ഷത വഹിച്ച കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയസ് പറഞ്ഞു. സർവരെയും അന്ധകാരം മൂടിക്കിടക്കുന്ന ഇക്കാലത്ത്, ഊരും പേരുമറിയാത്ത രണ്ടുപേരെ രക്ഷിക്കാൻ ആൾനൂഴിയിലിറങ്ങി സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ കോഴിക്കോട്ടെ നൗഷാദിനെപ്പോലെ ചില വെളിച്ചങ്ങൾ സമൂഹത്തിലുണ്ട്. അത്തരം ദീപങ്ങളെ ഊതി വലുതാക്കണം.

സമൂഹത്തിനു ഗുണകരമായ കാര്യങ്ങൾ ചെയ്തു കൊച്ചി നഗരത്തിന്റെ തേജസ്സായി മാറാൻ നഗരത്തിലെ ഓർത്തഡോക്സ് പ്രസ്ഥാനങ്ങൾക്കാകണമെന്നും അദ്ദേഹം പറഞ്ഞു. ഭവനദാന പദ്ധതി ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രഭാഷണവും വിവാഹ സഹായനിധി ഉദ്ഘാടനവും അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് നിർവഹിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗം ജസ്റ്റിസ് സിറിയക് ജോസഫ്, ഇടവക വികാരി ഫാ. ജയിംസ് വർഗീസ്, കൈസ്ഥാനി ജേക്കബ് ഡാനിയൽ, ജൂബിലി ആഘോഷപരിപാടി ജനറൽ കൺവീനർ ബാബു സി.ജോർജ്, സഹവികാരി ഫാ. തോമസ് കെ.ഏലിയാസ്, നഗരസഭാ കൗൺസിലർ വി.കെ.മിനിമോൾ,

കൊച്ചി ഭദ്രാസന സെക്രട്ടറി ഫാ. പി.ഐ.വർഗീസ്, ഡി.വർഗീസ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി ജൂബിലി വിളംബര ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. നടനും ഇടവകാംഗവുമായ ക്യാപ്റ്റൻ രാജുവിന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി കൂനൻ കുരിശ് ദേവാലയത്തിൽനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം നഗരത്തിലെ ഓർത്തഡോക്സ് ദേവാലയങ്ങളുടെ ആശീർവാദം സ്വീകരിച്ചാണു പാലാരിവട്ടം പള്ളിയിലെത്തിയത്.