OVS - Latest NewsTrue Faith

പുറംതള്ളപ്പെട്ടവരെ ചേർത്തു പിടിക്കാം

ധ്യാന വീഥി : ലക്കം 4

ചൂഷണങ്ങളുടെയും, അവഗണനകളുടെയും ലോകത്താണ് നാം ജീവിക്കുന്നത്. ഞാന്‍ ശരി എന്ന ചിന്ത അല്പം കൂടെ പടികടന്നു ഞാന്‍ മാത്രമാണ് ശരികളിലേക്ക് നാം ഒക്കെയും മാറ്റപ്പട്ടിട്ടുണ്ട്. ഇങ്ങനെയുള്ള സ്വാര്‍ത്ഥ ചിന്തകളും സമീപനങ്ങളും ഒക്കെ മാറ്റിവെച്ചു ദൈവ സന്നിധിയില്‍ കുറെ കൂടെ അടുത്തു ചെല്ലേണ്ട സമയം കൂടിയാണ് വിശുദ്ധ നോമ്പ് കാലം. ഇന്ന് വിശുദ്ധ ഏവൻഗേലിയോൺ ഭാഗമായി പരിശുദ്ധ പിതാക്കന്മാർ വേര്‍തിരിച്ചിരിക്കുന്നത്. വിശുദ്ധ മത്തായി 15: 21-31 വരെയുള്ള ഭാഗങ്ങളാണ്. യഹൂദമതത്തിന്‍റെ ആചാരങ്ങളും അനുഷ്ടാനങ്ങളും മാത്രം രക്ഷയ്ക്ക് നിദാനമായി കാണുകയും മറ്റുള്ളവരെ അവഗണിക്കപ്പെട്ടവരായി, ശപിക്കപ്പെട്ടവരായ നായയെ പോലെ കണ്ടിരുന്ന ഒരു ചുറ്റുപാടിലാണ് ഒരു അമ്മ തന്‍റെ മകളുടെ രോഗം മൂലം, താന്‍ അനുഭവിക്കുന്ന വേദനയെ തമ്പുരാന്റെ രക്ഷാകര മനുഷ്യാവതാരത്തിലേക്കു തുന്നി ചേര്‍ക്കുന്നത്.

തിരഞ്ഞെടുക്കപ്പെടിരിക്കുന്ന തീര്‍ഥാടക ജനമായ നാം ഓരോരുത്തരും ഓര്‍മ്മകളായി ജീവിതത്തില്‍ സൂക്ഷിക്കേണ്ടുന്ന അനുകരണീയമായ ഒരു ജീവിതമാണ് കാനനായക്കാരിയായ ഈ ‘അമ്മ നമ്മൾക്ക് സമ്മാനിക്കുന്നത്. ഒപ്പം സങ്കുചിത മത കാഴ്ചപ്പാടുകളെ ക്രിസ്തു ഈ വേദ ഭാഗത്ത്‌ ഒന്ന് ഉടച്ചു വാർക്കുന്നതുമുണ്ട്. മനുഷ്യന്‍റെ അതിരുകള്‍ക്കും, ശുദ്ധ – അശുദ്ധി, ജാതീയ ചിന്തകള്‍ക്ക് അപ്പുറമാണ് ദൈവം എന്ന് നാം ഈ വേദ ഭാഗത്ത്‌ നിന്നും പഠിക്കേണ്ടിയിരിക്കുന്നു. പ്രധാനമായും രണ്ടു ചിന്തകൾ നമ്മൾക്ക് ഈ വേദഭാഗം നല്കുന്നു.

1) ക്രിസ്തുവിന്റെ രക്ഷാകര പദ്ധതിയും സാര്‍വത്രികതയും.

മശിഹ എന്നാ വീണ്ടെടുപ്പക്കാരൻ യഹൂദ ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷയാണ്. തങ്ങളുടെ പ്രയാസങ്ങള്‍ക്കും, റോമ ഭരണം നടത്തികൊണ്ടിരിക്കുന്ന അമർച്ചകൾക്കും നീക്കി തങ്ങളെ വിടുവിപ്പാന്‍ വരുന്ന മശിഹ തങ്ങളെ മാത്രം രക്ഷിക്കുന്ന ഒന്നായിട്ടാണ് അവര്‍ കണ്ടിരുന്നത്. ഈയൊരു സങ്കുചിത മതബോധം വെച്ചുപുലര്‍ത്തിയിരുന്ന സമൂഹത്തിൻ്റെ ഇടയിലേക്കാണ് ഈ അമ്മ കടന്നുചെലുന്നത്. അവിടെ കൂടി നിന്നിരുന്ന പുരുഷാരം, ഈ അമ്മയുടെ ആവശ്യം കേട്ടപ്പോള്‍ യഹൂദർ മറ്റുള്ളവരെ സംബോധന ചെയ്യുന്ന പദമാണ്‌ ഈ അമ്മയും കേള്‍ക്കെണ്ടി വന്നത്. എന്നാല്‍ കണ്ണുനീരിനും നിലവിളക്കും അപ്പുറമല്ല ദൈവത്തിന്റെ രക്ഷയെന്നും അത് സർവ്വ ലോകത്തിനുമുള്ള രക്ഷയാണന്നുമുള്ള സന്ദേശമാണ് ക്രിസ്തു ഇവിടെ നല്‍കുന്നത്. ഇന്ന് നാം ഓരോരുത്തരും പുതിയവര്‍ എന്നും, ഇന്നലെ വന്നവര്‍ എന്നും ഒക്കെയുള്ള വിശേഷണം നല്‍കി സഭയുടെ ചുറ്റുപാടില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്ന ആളുകളുണ്ട്. നാം സമൂഹത്തിലും, സഭയിലും സങ്കുചിത ഭാവത്തോടെ പെരുമാറുമ്പോള്‍ ഓര്‍ക്കുക, ദൈവത്തിൻറെ സന്നിധിയിലേക്ക് മറ്റുള്ളവരെ അടുപ്പിക്കാനുള്ള ഉത്തരവാദിത്തം നമ്മൾക്കുണ്ട്. അവരുടെ അന്യത ബോധം മാറ്റി ക്രിസ്തു ബന്ധത്തിൽ ഒന്നെന്നും, അവിടെ മാറ്റി നിർത്തുന്നതോ, ഉയര്‍ന്ന ജാതി ചിന്ത ഭരിക്കുന്ന നാമ മാത്ര രക്തശുദ്ധിക്കോ പ്രസ്കതിയില്ല, എല്ലാവരയും ഉൾകൊള്ളുന്ന ദൈവിക സ്നേഹത്തിനുമാത്രമേ ഇടം ഉണ്ടാകു.

2) തന്‍റെ വേദനയെ ക്രിസ്തുവിൻറെ രക്ഷാകര ജീവിതത്തിലേക്ക് തുന്നിച്ചേര്‍ത്ത ക്നനായക്കാരിയായ അമ്മ.

എല്ല് നുറുങ്ങുന്ന വേദന അനുഭവിച്ചു ജന്മം നല്‍കിയ മകളുടെ വേദന ഈ അമ്മയെ സംബന്ധിച്ചു തന്‍റെ ജിവിത്തതിലെ ഏറ്റവും വലിയ നോവായിരുന്നു. അതുകൊണ്ട് ആ വേദന ക്രിസ്തുവിനു മുന്നിലേക്ക് വെയ്ക്കുമ്പോൾ, ചുറ്റുപാടിലെ സാമൂഹിക അന്തരീകഷമോ, മത കാഴ്ചപ്പാടുകളോ, ആരവങ്ങളോ ഒന്നും ഈ അമ്മയെ തെല്ലും പിന്തിരിപ്പിക്കുന്നില്ല. നായ എന്ന് കേട്ടിട്ടും അവിടെയും തൻ്റെ സകല വ്യഥയ്ക്കും പരിഹാരമുണ്ടാക്കാൻ പ്രാപ്തനാണ് മിശിഹാ എന്ന വിശ്വാസത്തോടെ, രക്ഷകനോട് ചേര്‍ന്ന് നില്‍ക്കുവാനും അമ്മയ്ക്ക് കഴിയുന്നുണ്ട്. എന്നാല്‍ വിശ്വാസത്തിൻറെ പാരമ്യത്തില്‍ ക്രിസ്തു, ഈ അമ്മയെ മറ്റുള്ളവര്‍ക് മാതൃകയാക്കി കൊടുക്കുന്നതും ഒപ്പം തന്‍റെ വേദനയായ മകളുടെ സൗഭാഗ്യത്തിന് അത് കാരണമാക്കുകേയുമാണ്. നമ്മുടെ ജീവിതത്തിലും ഉണ്ടാകേണ്ട ഒരു നല്ല മൂല്യമാണ് വേദനയും, അവഗണനയും, ഒറ്റപെടുലുകളും ഒക്കെ സംഭവിക്കുമ്പോള്‍ എല്ലാം അറിയുന്ന തമ്പുരാന്റെ സ്ന്നിധിയോടു ചേര്‍ന്ന് വിശ്വാസത്തോടെ നില്‍ക്കുവാന്‍ കഴിയുക എന്നത്. മരണത്തിനു മുന്‍പില്‍ പോലും പതറാതെ, “എനിക്ക് ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നത് ലാഭവുമാണെന്ന്” പറയാണെമെങ്കിൽ, നമ്മുടെ വിശ്വാസത്തിൻറെ ആഴം അല്പം കൂടെയൊക്കെ വളരണം. അതിനു ഈ വിശുദ്ധ നോമ്പുകാലം ഇടയാക്കട്ടെ.

പ്രാര്‍ത്ഥന: ഞങ്ങളെ സ്നേഹിക്കുന്ന ദൈവമേ, കനനായ സ്ത്രീയായ അമ്മയുടെ വിശ്വാസംപോലെ ഞങ്ങളുടെ വിശ്വാസവും ആഴമേറിയതാവാനും, കഠിനമേറിയ പ്രയാസത്തിൻ്റെ നടുവിലും ഇതൊക്കെ കുപ്പയന്നു എണ്ണി അചഞ്ചലമായ ദൈവിക വിശ്വാസത്തിൽ നിന്നോട് ചേരുവാനും ഞങ്ങളെ ഇടയാക്കണമേ , ആമേൻ.

ജെ.എൻ

കിടക്കയെയെയും ചുമന്ന കാലുകളെയും മറക്കാത്തവരാകാം