OVS - Latest NewsOVS-Kerala News

പാത്രിയര്‍ക്കീസ് വിഭാഗം വ്യാജ ആരോപണങ്ങള്‍ നടത്തുന്നു – ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത

ഇടുക്കി ജില്ലയില്‍ അങ്കമാലി ഭദ്രാസനത്തില്‍പെട്ട മുള്ളരിങ്ങാട് സെന്റ് മേരീസ് ഗത്‌സീമോന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വിധി നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളാണ് പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്നത് എന്ന് മലങ്കര ഓര്‍ത്തഡോക്‌സ സഭാ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. പള്ളി 1934-ലെ സഭാ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നുള്ള ഹൈക്കോടതി വിധി നടപ്പാക്കുവാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവാണ് കഴിഞ്ഞയാഴ്ച ജില്ലാ കളക്റ്ററുടെയും പോലീസ് അധികാരികളുടെയും സഹകരണത്തോടെ പൂര്‍ത്തീകരിച്ചത്. എന്നാല്‍ വിധിനടത്തിപ്പ് പ്രക്രിയയ്ക്കിടയില്‍ കൊറോണ രോഗം പരത്തുവാന്‍ ജില്ലാ ഭരണകൂടവും ഓര്‍ത്തഡോക്‌സ് സഭയും കാരണക്കാരായി എന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ആരോപണം സത്യവിരുദ്ധമാണ്.

കോവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടംകൂടിയത് പാത്രിയര്‍ക്കീസ് വിഭാഗമാണ്. അന്യമതത്തില്‍ പെട്ടവരെപ്പോലും പ്രതിഷേധത്തില്‍ പങ്കുചേര്‍ത്ത്, കൂട്ടംകൂടുവാന്‍ പ്രേരിപ്പിച്ച് നൂറില്‍ അധികം പേര്‍ ഒത്തുവന്നതിനാലാണ് രോഗവ്യാപനമുണ്ടായത്. അതിന് അവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്നിലധികം പ്രാവശ്യം മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടം കൂടിയ പാത്രിയര്‍ക്കീസ് വിഭാഗമാണ് കോവിഡ് വ്യാപനത്തിന് കാരണക്കാരായത്. കോവിഡ് 19 മാനദണ്ഡങ്ങള്‍ പ്രകാരം ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ 5 പേര്‍ മാത്രമാണ് പളളിയിലെത്തിയത്.

പലവട്ടം ചര്‍ച്ചചെയ്ത്, കോടതിവിധി സമാധാനപരമായി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടിരുന്നതാണ്. ജൂണ്‍ 30ന് അകം പള്ളിയുടെ താക്കോല്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് തങ്ങള്‍ നല്‍കിക്കൊള്ളാം എന്ന് പറഞ്ഞിരുന്നതുമാണ് എങ്കിലും പാലിച്ചില്ല. ഈ മാസം 15ന് അകം വിധിനടപ്പാക്കിയിരിക്കണം എന്ന കോടതിയുടെ ശക്തമായ നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് ജില്ലാഭരണകൂടം ചെയ്തത്. ഈ വസ്തുത മറച്ചുവച്ചുകൊണ്ടാണ്, ധീരമായ നിലപാടെടുത്ത് കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ച ഇടുക്കി ജില്ലാ കളക്ടര്‍ക്കും, പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരേ, പ്രക്ഷോഭണം അഴിച്ചുവിട്ടിരിക്കുന്നത്. മുള്ളരിങ്ങാട് പ്രദേശത്തുണ്ടായ കോവിഡ് വ്യാപനം, ഓര്‍ത്തഡോക്‌സ് സഭയെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുവാനായി നടത്തിയ ഗൂഡാലോചനയുടെ ഫലമാണോ എന്ന് പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.