OVS - Latest NewsSAINTS

മഗ്ദലന മറിയം: അനുതാപത്തിൻ്റെ മാതൃക

മഗ്ദലന മറിയം തിരബെര്യോസിനുത്തുള്ള മഗ്ദല എന്ന ചെറു പട്ടണത്തിൽ ഭൂജാതയായി. ഗലീല കടലിൻ്റെ പടിഞ്ഞാറെ കരയിലാണ് ഈ ചെറു പട്ടണം സ്ഥിതി ചെയ്യുന്നത്. മഗ്ദലിൻ എന്ന വാക്കിന് അഥവാ പദത്തിന് “അനുതാപ വിവശയായി കരയുന്നവൾ” എന്ന അർത്ഥമുണ്ട്. വിശുദ്ധ വേദപുസ്തകത്തിലെ പുതിയനിയമ പുസ്തകങ്ങളുടെ പശ്ചാത്തലങ്ങൾ പരിശോധിക്കുമ്പോൾ മറിയം എന്ന നാമം പലർക്കും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മഗ്ദലനക്കാരി മറിയാം എന്ന വിശേഷണമില്ലാതെ മറിയാം എന്ന് അഭിസംബോധന ചെയ്തിരിക്കുന്ന പല സംഭവങ്ങളും മഗ്ദലക്കാരി മറിയവുമായി ബന്ധപ്പെടുത്തി പല ക്രൈസ്തവ ചരിത്രകാരൻമാരും എഴുത്തുകാരും വ്യാഖ്യാനിച്ചിരിക്കുന്നു.

മാര്‍ത്തായുടേയും, ലാസറിൻ്റെയും സഹോദരിയായിരുന്ന ബെഥാനിയയിലെ മറിയത്തില്‍ നിന്നും ഭിന്നയായ മറ്റൊരു സ്ത്രീയായിട്ടാണ് മഗ്ദലന മറിയത്തെ പറ്റി ഗ്രീക്ക് സഭാപിതാക്കന്‍മാര്‍ ചിത്രീകരിച്ചിരിക്കുന്നത്. ഐതീഹ്യങ്ങളില്‍ പലപ്പോഴും മഗ്ദലന മറിയത്തെ വിശുദ്ധ ലൂക്കോസിൻ്റെ സുവിശേഷത്തില്‍ 7:36-50-ല്‍ പറഞ്ഞിട്ടുള്ള യേശുവിൻ്റെ പാദം കഴുകി തുടച്ച പാപിനിയായ സ്ത്രീയായിട്ടും യോഹന്നാൻ്റെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്ന മാര്‍ത്തായുടേയും, ലാസറിൻ്റെയും സഹോദരിയായിരുന്ന ബഥാനിയയിലെ മറിയവുമായിട്ടാണ് പരാമര്‍ശിച്ചിട്ടുള്ളത്‌. എന്നാൽ ഒറിഗൻ പോലുള്ള വ്യാഖ്യതാക്കൾ മഗ്ദലനക്കാരി മറിയം, യേശു തമ്പുരാൻ്റെ കാലിൽ സുഗന്ധതൈലം പൂശിയ ബഥനിയിലെ മറിയാമോ (യോഹന്നാൻ 12: 3) ശീമോൻ്റെ ഭവനത്തിൽ ഭക്ഷണത്തിനിരുന്നപ്പോൾ യേശു തമ്പുരാൻ്റെ പാദങ്ങൾ കണ്ണുനീരുകൾ കൊണ്ട് കഴുകി തലമുടി കൊണ്ട് തുവർത്തി സുഗന്ധതൈലം പൂശിയ പാപിനിയായ സ്ത്രീയോ അല്ല എന്ന അഭിപ്രായപ്പെടുന്നു. പല ആധുനിക പണ്ഡിതൻമാരും എഴുത്തുകാരും ഈ മൂന്നു പേരെയും മുന്ന് വ്യക്തിത്വങ്ങളായിട്ടാണ് പരിഗണിച്ചിരിക്കുന്നത്.

എ.ഡി. ആറാം നൂറ്റാണ്ടിലെ മഹാനായ ഗ്രിഗറിയുടെ അഭിപ്രായത്തില്‍ വിശുദ്ധ ലിഖിതങ്ങളില്‍ കാണുന്ന ഈ രണ്ട് സ്ത്രീകളും ഒരാള്‍ തന്നെയാണ്. അതായത്, ബഥാനിയായില്‍ നിന്നും വരികയും പാപ പങ്കിലമായ ജീവിതം നയിച്ചതിനു ശേഷം യേശുവിൻ്റെ ശിഷ്യയുമായി തീര്‍ന്ന മഗ്ദലന മറിയം ഒന്ന് തന്നെയാണെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. വേശ്യവ്യത്തിയിൽ പിടിക്കപ്പെട്ട സ്ത്രീ (യോഹന്നാൻ 8:11), ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗദ്ലക്കാരി മറിയാം (മർക്കോസ് 16:9, ലൂക്കോസ് 8:2) എന്നീ പരമാർശങ്ങൾ മഗ്ദലക്കാരി മറിയാമിനെ സംബന്ധിച്ചുള്ള വ്യക്തമായ തെളിവുകൾ വിശുദ്ധ വേദപുസ്തകത്തിലെ പുതിയനിയമ ഗ്രന്ഥങ്ങളിൽ പറയപ്പെടുന്നുണ്ട്. പാപ പങ്കിലമായ ജീവിതം നയിച്ചതിനു ശേഷം യേശുവിൻ്റെ ശിഷ്യയുമായി തീര്‍ന്ന മഗ്ദലന മറിയം ഒന്ന് തന്നെയാണെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. ഈ ഐതിഹ്യം തലമുറകളായി മഗ്ദലന മറിയത്തെ “അനുതാപത്തിൻ്റെ മാതൃക” യായി ആദരിക്കുന്നതെന്ന കാര്യം വിശദീകരിക്കുന്നു.

ക്രിസ്തു യേശുവിൻ്റെ കുരിശുമരണത്തിനും മഗ്ദലന മറിയം സാക്ഷിയായിരുന്നുവെന്ന് വിശുദ്ധ വേദപുസ്തക സുവിശേഷങ്ങള്‍ (മത്തായി 27:55, മര്‍ക്കോസ് 15:41, ലൂക്കാ 23:55) പറയപ്പെടുന്നു.. യേശുവിൻ്റെ തമ്പുരാൻ്റെ ദാരൂണ്യമായ മരണം വിവരിച്ച ശേഷം മത്തായി ഇങ്ങനെ എഴുതിയിരിക്കുന്നു. ”ഗലീലിയാ മുതല്‍ യേശുവിനെ പിന്തുടര്‍ന്നു ശുശ്രൂഷിച്ചുകൊണ്ടിരുന്ന ഒട്ടേറെ സ്ത്രീകള്‍ ഇവയെല്ലാം നോക്കിക്കൊണ്ട് അകലെ മാറി നിന്നിരുന്നു. അവരില്‍ മഗ്ദലന മറിയവും യാക്കോബിൻ്റെയും യൗസേപ്പിൻ്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.”

യേശു ഉയിര്‍ത്തെഴുന്നേറ്റ സന്ദർഭങ്ങളിലും മഗ്ദലന മറിയം അവിടെ ഉണ്ടായിരുന്നു എന്ന് വിശുദ്ധ വേദപുസ്തകം സാക്ഷികരിക്കുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷം 28-ാം അധ്യായത്തില്‍ മഗ്ദലക്കാരി മറിയത്തിൻ്റെ സാന്നിധ്യത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു: ”ശാബത്തിനു ശേഷം ആഴ്ചയുടെ ഒന്നാം ദിവസം പുലര്‍ച്ചയില്‍ മഗ്ദലന മറിയവും മറ്റേ മറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു. ഇതാ, ഒരു വലിയ ഭൂകമ്പമുണ്ടായി. കര്‍ത്താവിൻ്റെ ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന് കല്ല് ഉരുട്ടിമാറ്റി അതില്‍ ഇരുന്നു. അദ്ദേഹത്തിൻ്റെ രൂപം മിന്നല്‍പ്പിണര്‍പോലുള്ളതും വസ്ത്രം പൊടിമഞ്ഞു പോലെ വെണ്മയുള്ളതുമായിരുന്നു. ദൂതന്‍ സ്ത്രീകളോട് പറഞ്ഞു: ‘‘ഭയപ്പെടേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവിടുന്ന് ഇവിടെയില്ല; അരുള്‍ചെയ്തിരുന്നതു പോലെ അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റു.”

വിശുദ്ധ മർക്കോസിൻ്റെ സുവിശേഷത്തിൽ (മര്‍ക്കോസ് 16:9) ഉത്ഥിതനായ ക്രിസ്തു യേശു ആദ്യം പ്രത്യക്ഷപ്പെടുന്നതും മഗ്ദലന മറിയത്തിനാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ‘ആഴ്ചയുടെ ഒന്നാം ദിവസം ഉഷസ്സില്‍ യേശു ഉയിര്‍ത്തെഴുന്നേറ്റ്, അവിടുന്ന് ആരില്‍ നിന്ന് ഏഴു പിശാചുക്കളെ പുറത്താക്കിയിരുന്നുവോ ആ മഗ്ദലന മറിയത്തിന് ആദ്യമേ പ്രത്യക്ഷപ്പെട്ടു.’ യേശുവിനോട് മറിയത്തിനുണ്ടായിരുന്ന സ്‌നേഹവും അവളുടെ വേദനയും ഏറ്റവും അധികം തീവ്രമായി വിവരിക്കുന്നത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്. ‘മറിയം ശവക്കല്ലറയിലെത്തിയപ്പോള്‍ അത് തുറന്നുകിടക്കുന്നതായി കണ്ടു. അവള്‍ ഈ വിവരം ശിഷ്യന്‍മാരെ അറിയിച്ചു. അവര്‍ വന്നു നോക്കിയെങ്കിലും യേശുവിൻ്റെ മൃതദേഹം കാണാതെ മടങ്ങിപ്പോയി.’

ഈ സംഭവം വിവരിച്ച ശേഷം യോഹന്നാന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു (യോഹന്നാന്‍ 20: 11-18) : എന്നാല്‍, മഗ്ദലന മറിയം ശവകുടീരത്തിനു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. അവള്‍ കല്ലറയ്ക്കുള്ളിലേക്ക് കുനിഞ്ഞുനോക്കി. യേശുവിൻ്റെ ശവകുടീരം വച്ചിരുന്ന സ്ഥലത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൈവദൂതന്‍മാര്‍, ഒരാള്‍ അവിടുത്തെ തലയ്ക്കലും മറ്റേയാള്‍ കാല്‍ക്കലുമായി ഇരിക്കുന്നത് അവള്‍ കണ്ടു. അവര്‍ അവളോട് ചോദിച്ചു. ”സ്ത്രീയേ നീ എന്തിനാണ് കരയുന്നത്?” അവള്‍ അവരോട് പറഞ്ഞു: ”അവര്‍ എൻ്റെ കര്‍ത്താവിനെ എടുത്തുകൊണ്ടുപോയി. അവിടുത്തെ എവിടെവച്ചുവെന്ന് എനിക്കറിഞ്ഞുകൂടാ.” ഇതു പറഞ്ഞിട്ട് തിരിഞ്ഞു നോക്കുമ്പോള്‍ യേശുവിനെ അവള്‍ കണ്ടു. എന്നാലത് യേശുവാണെന്നു അവള്‍ക്കു മനസിലായില്ല. യേശു അവളോട് ചോദിച്ചു: ”സ്ത്രീയെ എന്തിനാണ് നീ കരയുന്നത്?’‘. അത് തോട്ടക്കാരനാണെന്നു കരുതി അവള്‍ പറഞ്ഞു. “യജമാനനെ, അങ്ങ് അവിടുത്തെ എടുത്തുകൊണ്ടുപോയെങ്കില്‍ എവിടെവച്ചുവെന്ന് എന്നോട് പറയുക. ഞാന്‍ അവിടുത്തെ എടുത്തു കൊണ്ടുപൊയ്‌ക്കോളാം.” യേശു അവളെ വിളിച്ചു: ”മറിയം”. അവള്‍ തിരിഞ്ഞ് നിന്ന് ഗുരു എന്നര്‍ഥമുള്ള ”റബ്ബൂ നീ” എന്നു വിളിച്ചു.

മഗ്ദലന മറിയത്തിൻ്റെ ജീവിതത്തെ സംബന്ധിച്ച് പല കഥകളും പിന്നീട് ചരിത്രകാരൻമാരുടെയും എഴുത്തുകാരുടെയും ഭാവനകളിലും എഴുതുകയുണ്ടായി. മഗ്ദലന മറിയാം പെന്തിക്കോസ്തി പെരുന്നാളിനുശേഷം വിശുദ്ധ കന്യക മറിയാമിൻ്റെയും വിശുദ്ധ യോഹന്നാൻ്റെയും കൂടെ എഥേസൂസിലേക്ക് പോകുകയും അവിടെ വച്ച് മരിച്ച് കബറടക്കപ്പെട്ടു എന്ന് ചരിത്രങ്ങൾ പറയപ്പെടുന്നു. ജൂലൈ ഇരുപത്തിരണ്ടാം തീയതി വിശുദ്ധ മഗ്ദലന മറിയത്തിൻ്റെ ഓർമ്മ പരിശുദ്ധ സഭ ഭക്തി ആദരവോടെ കൊണ്ടാടപ്പെടുന്നു.

സമാഹരിച്ചത്: വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ
varghesepaul103@gmail.com

അവലംബം:
1.സൂസൻ ഹാസ്കിൻസ്, മേരി മഗ്ദലന: ദ എസൽഷ്യൻ ഹിസ്റ്ററി, പുറം 96
2.വി.മത്തായി എഴുതിയ സുവിശേഷം| 28:9; വി.യോഹന്നാൻ 20:11-18.
3.Williams, Mary Alice. “Mary Magdalene.” PBS: Religion and Ethics